ഏറെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു സുജാത ദേവി. വർഷങ്ങൾക്കു മുമ്പ് ദേവി എന്ന പേരിൽ സുജാത ‘മാതൃഭൂമി’യിൽ സ്ഥിരം കവിതകളെഴുതുമായിരുന്നു. വായിക്കാൻ ഏറെയിഷ്ടമുള്ള കവിതകളായിരുന്നു അത്. നിഷ്കളങ്കതയും കുട്ടിത്തവും നിറഞ്ഞ ഏറെ ലളിതമായ ആ കവിതകൾ കാണുമ്പോൾ ഏതോ ഒരു ചെറിയ കുട്ടിയാണ് എഴുതുന്നതെന്നായിരുന്നു എെൻറ ധാരണ. കൃഷ്ണനെപറ്റിയും മറ്റും ഏറെ സുന്ദരമായി അവർ എഴുതിയിരുന്നു. വീണ്ടും വീണ്ടും കവിതകൾ മനസ്സിൽ കയറിയപ്പോൾ എഴുതിയ ആളെ അറിയണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് പത്രാധിപരുമായി ബന്ധപ്പെട്ട് സുജാത ദേവിയുടെ വിലാസം സംഘടിപ്പിച്ചത്. കുട്ടിയുടെ കവിതകൾ നന്നാവുന്നുണ്ടെന്നു പറഞ്ഞ് ഞാനവർക്കൊരു കത്തെഴുതി. ‘അയ്യോ, ഞാൻ ചെറിയ കുട്ടിയൊന്നുമല്ല, പേര് സുജാത ദേവി എന്നാണ്. നിങ്ങളുടെ അത്രതന്നെ പ്രായമുണ്ടാകും’ എന്നൊക്കെ പറഞ്ഞ് അവർ മറുപടി കത്തയച്ചു.
പട്ടാമ്പി ഗവ. കോളജിൽ അധ്യാപികയായിരുന്നു സുജാതയന്ന്. ആ കത്തിലൂടെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. സുജാതയുടെ ഉള്ളിലുള്ള നിഷ്കളങ്കതയാണ് അവരുടെ കവിതകളിൽ പ്രതിഫലിച്ചിരുന്നത്. എെൻറ ഉള്ളിലും അതുപോലൊരു മനസ്സുള്ളതുകൊണ്ടായിരിക്കാം ആ കവിതകളോടും കവിതകളെഴുതിയ ആളോടും ഒരു ഹൃദയബന്ധം തോന്നിയത്. എട്ടു വയസ്സുള്ളപ്പോൾ ഞാനെഴുതിയ ‘താമരപ്പൂക്കൾ’ എന്ന കവിതസമാഹാരം തെൻറ വീട്ടിലുണ്ടെന്നും വായിച്ചിട്ടുണ്ടെന്നും അന്ന് പറഞ്ഞപ്പോൾ എനിക്കേറെ ആനന്ദം തോന്നി. സുഗതകുമാരിയാണ് അന്ന് സുജാതയെന്ന ചെറിയ കുട്ടിക്ക് എെൻറ കവിതാപുസ്തകം നൽകിയത്.
പിന്നീട് ഞാൻ കോഴിക്കോട് മെഡിക്കൽ കോളജിലായിരിക്കുമ്പോൾ അവിടത്തെ ക്വാർട്ടേഴ്സിലേക്ക് ഇടക്ക് വരുമായിരുന്നു. ആദ്യകാഴ്ചയിൽ തന്നെ സുജാതയോട് ഏറെ ഇഷ്ടം തോന്നി. ബൗദ്ധികസൗന്ദര്യവും ബാഹ്യസൗന്ദര്യവുമുള്ള ഒരു എഴുത്തുകാരി. എെൻറ കൈയിലുള്ള പുസ്തകങ്ങൾ വായിക്കാൻ കൊണ്ടുപോവുമായിരുന്നു. താന്ത്രികവിധികൾ വിശദീകരിക്കുന്ന ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് രചിച്ച ‘തന്ത്രസമുച്ചയം’ ഉൾെപ്പടെയുള്ള പുസ്തകങ്ങൾ ഇത്തരത്തിൽ സുജാത എൻറടുക്കൽനിന്ന് വാങ്ങി വായിച്ചിട്ടുണ്ട്. ദാർശനിക വിഷയങ്ങളിൽ ഞങ്ങൾ കുറെയേറെ ചർച്ചകളും സംവാദവും നടത്തുമായിരുന്നു. കോഴിക്കോട്ട് കുടുംബമായി താമസിക്കുമ്പോൾ എന്നെ സന്ദർശിക്കാറുള്ള അപൂർവം ആളുകളിലൊരാളായിരുന്നു സുജാത. ഞാനന്നും ഇന്നും അധികമൊന്നും പുറത്തിറങ്ങാറില്ല.
അവർ രാവിലെ വന്നാൽ ഏറെ നേരം സംസാരിച്ച് വൈകുന്നേരമാണ് മടക്കം. അവർ പട്ടാമ്പിയിൽ നിന്നും പോയതിനുശേഷം കൂടിക്കാഴ്ചകൾ ഉണ്ടായിട്ടില്ല. ദേവിയെന്ന പേരിലെഴുതിയ കവിതകളെക്കൂടാതെ അധികമൊന്നും ഞാൻ അവരെ വായിച്ചിട്ടില്ല. എന്നാൽ ‘കാളി’യെന്ന കവിത വായിച്ചപ്പോൾ സുഗതകുമാരിയിൽ നിന്ന് നമ്പർ വാങ്ങി സുജാതയെ ഒരിക്കൽ കൂടി വിളിച്ചു. അപ്പോഴാണ് മകൻ ഗോവിന്ദൻ നഷ്ടപ്പെട്ടതിലുള്ള ദുഃഖത്തിൽനിന്നെഴുതിയതാണ് ആ കവിതയെന്ന് അവർ പറഞ്ഞത്.
ശനിയാഴ്ച ഫേസ്ബുക്കിൽ നിന്നാണ് സുജാതയുടെ വേർപാടിനെക്കുറിച്ചറിഞ്ഞത്. ആശയങ്ങളും ബൗദ്ധിക ദർശനങ്ങളും പങ്കുവെക്കുന്ന ഞങ്ങളുടെ കണ്ടുമുട്ടലുകൾ ഏറെ ആസ്വാദ്യകരമായിരുന്നു. സുജാതയുടെ സന്ദർശനം എപ്പോഴും സന്തോഷമാണ് നൽകിയിരുന്നത്. നിഷ്കളങ്കതയും പക്വതയും സമ്മേളിക്കുന്ന സ്വഭാവഗുണത്തിനുടമയായിരുന്നു അവർ. വളരെ കുറച്ചുപേരോട് മാത്രമാണ് എനിക്ക് ആത്മബന്ധം തോന്നിയിട്ടുള്ളത്, അതിലൊരാളായിരുന്നു സുജാതയും. ഞങ്ങൾ അന്ന് പരസ്പരം അയച്ചിരുന്ന കത്തുകൾ ഇന്നും ഞാൻ പ്രിയപ്പെട്ടതായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. സുജാതയുടെ ദീപ്തസ്മരണക്കുമുന്നിൽ പ്രണാമമർപ്പിക്കുന്നു.
തയാറാക്കിയത്: നഹീമ പൂന്തോട്ടത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.