യോഗിവര്യന്‍

ആള്‍ദൈവങ്ങള്‍ക്കും യോഗികള്‍ക്കുമൊക്കെ നല്ല കാലമാണ്. ശതകോടികളുടെ ആത്മീയ ബിസിനസ് തഴച്ചുവളരാന്‍ പറ്റിയ അന്തരീക്ഷം. മോദിക്ക് വോട്ടുപിടിച്ച് നടന്ന ബാബ രാംദേവിന് ചില്ലറ ഗുണമൊന്നുമല്ല ഉണ്ടായത്. ഭരണകൂടത്തിന്‍െറ അകമഴിഞ്ഞ പിന്തുണ കിട്ടിയതോടെ പതഞ്ജലിയുടെ വ്യാപാരം കുത്തനെ ഉയര്‍ന്നു. മോദിയുടെ നയങ്ങളെല്ലാം നല്ലതിന് എന്ന് ഇടക്കിടെ പ്രഖ്യാപിക്കുന്നതുകൊണ്ട് ശ്രീ ശ്രീ രവിശങ്കറിനുമുണ്ടായി ചില ഗുണങ്ങള്‍. യമുന നദീതടത്തിന് കനത്ത പാരിസ്ഥിതികാഘാതം വരുത്തുന്ന പരിപാടിക്ക് ഭരണകൂടത്തിന്‍െറ എല്ലാ പിന്തുണയും കിട്ടി. നാലേ മുക്കാല്‍ കോടിയുടെ പിഴയാണ് അന്ന് ഹരിത ട്രൈബ്യൂനല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന് വിധിച്ചത്. 

യോഗ ഗുരു ജഗ്ഗി വാസുദേവ് ഇക്കൂട്ടത്തില്‍ കുറച്ച് വ്യത്യസ്തനാണ്. പുസ്തകങ്ങളെഴുതും. സംവാദങ്ങളില്‍ ക്ഷമയോടെ പങ്കെടുക്കും. ആലങ്കാരികമായ ആംഗലേയത്തില്‍ ഒഴുക്കോടെ സംസാരിക്കും. അതുകൊണ്ടുതന്നെ അനുയായിവൃന്ദം വളരുകയാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മഹാശിവരാത്രി ദിവസം മോദിയെ തന്‍െറ യോഗകേന്ദ്രത്തിലത്തെിക്കാന്‍ സദ്ഗുരുവിന് കഴിഞ്ഞു. ആദിയോഗി പരമശിവനാണെന്നാണല്ളോ പുരാണം. കോയമ്പത്തൂരിലെ ഇഷ യോഗകേന്ദ്രത്തില്‍ നിര്‍മിച്ച 112 അടി ഉയരമുള്ള ശിവപ്രതിമ അനാച്ഛാദനം ചെയ്യാനാണ് മോദി വന്നത്. ധ്യാനലിംഗത്തില്‍ ദീപാരാധന നടത്തുകയും ചെയ്തു. എല്ലാം നല്ലതിന്. ജനം

 യോഗ പരിശീലിക്കട്ടെ. അതുകൊണ്ട് അവര്‍ക്ക് മന:സമാധാനം കിട്ടുന്നുണ്ടെങ്കില്‍ കിട്ടട്ടെ. പക്ഷേ, അവിടത്തെ ആദിവാസികളും പരിസ്ഥിതി സംഘടനകളും ഉയര്‍ത്തിയ പ്രതിഷേധം വകവെക്കാതെയാണ് പ്രധാനമന്ത്രി വന്നുപോയത്. സദ്ഗുരു സദുദ്ദേശ്യത്തോടെയല്ല പ്രവര്‍ത്തിക്കുന്നത് എന്ന് അവര്‍ പറയുന്നു.
ആഗോള ആസ്ഥാനം കോയമ്പത്തൂരിലാണ്. അവിടത്തെ പശ്ചിമഘട്ട താഴ്വരകള്‍ക്ക് കനത്ത പാരിസ്ഥിതിക ആഘാതമേല്‍പിച്ചിരിക്കുകയാണ് സദ്ഗുരുവിന്‍െറ ഇഷ ഫൗണ്ടേഷന്‍െറ നിര്‍മിതികളെന്ന് പരിസ്ഥിതി വിദഗ്ധര്‍. മതിയായ അംഗീകാരം കൂടാതെ 2012ല്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതോടെയാണ് ആസ്ഥാനം വിവാദത്തിലായത്. ആദിയോഗിയുടെ പ്രതിമ നിര്‍മിച്ചതിനുമില്ല അനുമതി. ഹില്‍ ഏരിയ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് അവിടത്തെ എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും നടന്നത്. 60 കെട്ടിടങ്ങള്‍ അനുമതിയില്ലാതെ നിര്‍മിച്ചത് 2012ല്‍ തന്നെ കണ്ടത്തെിയിരുന്നു. ആ സമയത്ത് 34 കെട്ടിടങ്ങള്‍ നിര്‍മാണത്തിലായിരുന്നു. നവംബര്‍ അഞ്ചിന് എല്ലാ നിര്‍മാണങ്ങളും നിര്‍ത്തിവെക്കാന്‍ അതോറിറ്റി നോട്ടീസ് അയച്ചു. അടുത്തമാസം അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ ആവശ്യപ്പെട്ടു. ഈ ഉത്തരവ് പാലിക്കപ്പെട്ടില്ല. നിര്‍മാണത്തിനെതിരെ മദ്രാസ് ഹൈകോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലും കേസുകള്‍ നടക്കുന്നുണ്ട്.

13 ലക്ഷം ചതുരശ്ര അടിയിലെ നിര്‍മാണങ്ങള്‍ വന്യജീവികളുടെ നാശത്തിലേക്കു നയിക്കുമെന്ന് പരിസ്ഥിതിസ്നേഹികളുടെ മുന്നറിയിപ്പ്. പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത് വെള്ളിയന്‍ഗിരി ഹില്‍ ട്രൈബല്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി. റവന്യൂ അധികൃതരില്‍നിന്നും വനംവകുപ്പില്‍നിന്നും അനുമതി നേടിയിട്ടില്ളെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. അനുമതിയില്ലാതെ കഴിഞ്ഞ മൂന്നു കൊല്ലത്തിനിടയില്‍ പൂര്‍ത്തിയായത് നൂറോളം കെട്ടിടങ്ങള്‍. തങ്ങള്‍ ലക്ഷക്കണക്കിന് തൈകള്‍ നടാറുണ്ട് എന്നാണ് ഇഷ ഫൗണ്ടേഷന്‍െറ വിശദീകരണം. സി.പി.എം സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണന്‍, കമ്യൂണിസ്റ്റ് നേതാവ് നല്ലകണ്ണ് എന്നിവര്‍ പരിസ്ഥിതിവാദികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കുകയും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ നിലകൊള്ളുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്. കോയമ്പത്തൂരിന് വെള്ളം നല്‍കുന്ന നൊയ്യാല്‍ നദിയില്‍നിന്ന് വെള്ളമെടുക്കുകയും നീന്തല്‍ക്കുളം പണിയുകയും ചെയ്തിട്ടുണ്ട് ഫൗണ്ടേഷന്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എതിര്‍സത്യവാങ്മൂലങ്ങള്‍ കൊടുത്തിട്ടും ഹൈകോടതി കഴിഞ്ഞ മൂന്നുകൊല്ലമായി ഒരു തീരുമാനവും എടുത്തിട്ടില്ളെന്ന് കുറ്റപ്പെടുത്തിയത് മദ്രാസ് ഹൈകോടതിയിലെ റിട്ട.ജഡ്ജി ഹരിപരന്തമന്‍. ആള്‍ദൈവത്തിന്‍െറ ആഡംബരചടങ്ങിനായുള്ള സന്ദര്‍ശനം റദ്ദാക്കണമെന്ന് ജഡ്ജി മോദിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. സന്ദര്‍ശനം നിയമലംഘനത്തെ നിയമാനുസൃതമാക്കി അംഗീകരിക്കുന്നതിനു തുല്യമാണ് എന്ന് പ്രക്ഷോഭകര്‍ പറഞ്ഞിട്ടും മോദി വന്നുപോയത് സദ്ഗുരുവിന്‍െറ വിജയം.മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ചടങ്ങില്‍ പങ്കെടുത്തതോടെ കാര്യങ്ങള്‍ പൂര്‍ണമായി.

അഭിമുഖം ചെയ്യുന്നത് സെലിബ്രിറ്റിയായിരിക്കണം. അതു നിര്‍ബന്ധമാണ്. അതുകൊണ്ടാണ് മഞ്ജു വാര്യരും ജൂഹി ചൗളയും മനീഷ കൊയ്രാളയുമൊക്കെ സദ്ഗുരുവിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ കോര്‍പറേറ്റ് ബ്രാന്‍ഡഡ് ഗുരുവെന്ന് സദ്ഗുരുവിനെ മുന്നിലിരുത്തി വിമര്‍ശിച്ചു. കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിനു മുന്നില്‍ താന്‍ വണങ്ങുന്നുവെന്ന് സദ്ഗുരു ശശികുമാറിനോട് തുറന്നുപറഞ്ഞു. വെറുതെയല്ല കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ കൊടുത്തത്. 

പൂര്‍വാശ്രമത്തിലെ പേര് ജഗദീഷ്. 1957 സെപ്റ്റംബര്‍ മൂന്നിന് മൈസൂരില്‍ ജനനം. പിതാവ് ഡോ. വാസുദേവ് നേത്രരോഗവിദഗ്ധന്‍. മാതാവ് സുശീല. മൈസൂര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദം. പിന്നീട് കോഴിവളര്‍ത്തലും ഇഷ്ടികപ്പണിയും നിര്‍മാണ ബിസിനസുമൊക്കെയായി നടന്നു. 25ാം വയസ്സില്‍ ചാമുണ്ഡി മലയുടെ മുകളിലിരുന്ന് ധ്യാനിച്ചപ്പോള്‍ ആത്മീയാനുഭൂതി ലഭിച്ചു. അതോടെ മറ്റു ബിസിനസുകളൊക്കെ നിര്‍ത്തി ആത്മീയ ബിസിനസിലേക്കു തിരിഞ്ഞു. 1983ല്‍ ആദ്യ യോഗ ക്ലാസ്​ തുടങ്ങി. 1999ല്‍ ധ്യാനലിംഗ എന്ന യോഗിക്ഷേത്രം നിര്‍മിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. വെള്ളിയന്‍ഗിരി താഴ്വരയില്‍ മുഖ്യ ആശ്രമം സ്ഥാപിച്ച് ‘ഞാനിനി നിങ്ങളുടെ ജഗ്ഗിയല്ല, സദ്ഗുരുവാണ്’ എന്ന് പ്രഖ്യാപിച്ചു.

1984ല്‍ വിവാഹം. ഭാര്യ വിജി ബാങ്ക് ജീവനക്കാരി.  1997 ജനുവരി 23ല്‍ വിജി മരിച്ചു. ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് വിജിയുടെ അച്ഛന്‍ ഗംഗണ്ണ പൊലീസില്‍ പരാതിപ്പെട്ടു. ശ്വാസം മുട്ടിച്ചോ വിഷം കൊടുത്തോ അവളെ കൊന്നുവെന്നും തങ്ങള്‍ ബംഗളൂരുവില്‍ എത്തുന്നതിനു മുമ്പ് മൃതദേഹം സംസ്കരിച്ചുവെന്നുമായിരുന്നു പരാതി. അവള്‍ മഹാസമാധിയടയുകയായിരുന്നുവെന്നാണ് ജഗ്ഗി വാസുദേവിന്‍െറ വിശദീകരണം. കോയമ്പത്തൂര്‍ റൂറല്‍ പൊലീസ് ജഗ്ഗി വാസുദേവിന് എതിരെ കൊലക്കുറ്റത്തിനും തെളിവു നശിപ്പിക്കലിനുമെതിരെ കേസെടുത്തു. എഫ്.ഐ.ആറോ അറസ്റ്റോ ചോദ്യം ചെയ്യലോ ഉണ്ടായില്ല.സവാരിക്ക് പണ്ടേ പ്രിയം മോട്ടോര്‍ സൈക്കിള്‍. പക്ഷേ, ഇപ്പോള്‍ ഉപയോഗിക്കുന്നത് എസ്.യു.വികളും ഹെലികോപ്ടറും. മാരുതി 800 ഒരുകൊല്ലത്തിനുള്ളില്‍ 1.35 ലക്ഷം കിലോമീറ്റര്‍ ദൂരം ഓടിച്ചയാളാണ്. ഇപ്പോള്‍ ലാന്‍റ് ക്രൂസറില്‍ കറക്കം. 

Tags:    
News Summary - article about sadguru mahadev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.