ഇന്ന് ഏപ്രില്‍ ഒന്ന്. ലോകവിഡ്ഢിദിനം. ഇൗ ദിവസം എന്തും ചെയ്യാമെന്ന് ആളുകള്‍  കരുതിയിരുന്നു ഒരു കാലത്ത്. റഫീക്​ അഹമ്മദി​​​​െൻറ ‘അഴുക്കില്ല’ത്തില്‍ അത്തരം ഒരു കഥാപാത്രമുണ്ട്. കാലപ്പകര്‍ച്ചകള്‍ക്ക് ദേശഭേദമില്ലല്ലോ. ഒരുമിച്ചാണ് അത് ബാധിക്കുക. എന്‍റെ കൗമാരകാലത്ത് ആയിരുന്നു  ഏപ്രില്‍  ഒന്നിന്‍റെ ഈ ജനകീയാഘോഷങ്ങള്‍...

അങ്ങനെ എന്‍റെ പ്രീ ഡിഗ്രി  കാലം. റിവിഷൻ ഹോളിഡേയ്സ് ആണ് അന്ന് ഏപ്രിലുകൾ. രാത്രി വളരെ വൈകിയിരുന്ന് പഠിച്ച്​, രാവിലെ വൈകി  മാത്രമേ ഞാന്‍ എണീക്കാറുള്ളൂ.. ആറേമുക്കാലിന്‍റെ വിസിലിന് എണീറ്റു.. (ഞങ്ങള്‍ ആമ്പല്ലൂര്‍ക്കാരുടെ ഊണും ഉറക്കവും പ്രണയംപോലും നിശ്ചയിച്ചിരുന്നത് ഈ വിസിലുകള്‍ ആയിരുന്നു ) കണിയായി ഗേറ്റിനടുത്ത് ഒരു കുഞ്ഞു വാഴത്തൈയും ഒരു ബോര്‍ഡും... കരിക്കട്ടയാല്‍ ഒരു കാര്‍ട്ടണ്‍ പീസില്‍ ‘For sale Camel’ എന്ന് അതിലെഴുതിയിരിക്കുന്നു.

ആവശ്യത്തിലധികം ഉയരവും മെലിഞ്ഞുമിരുന്ന എന്നെ കളിയാക്കി വെച്ചതാണത്​. അന്നെന്‍റെ മനസ്സ് തകര്‍ന്നിരുന്നു. എനിക്കു ചുറ്റും അന്നെല്ലാവരും സുന്ദരിമാരായിരുന്നു. ആരാധകരും ഉണ്ടായിരുന്നു. എന്നോട് ആരും ഇഷ്ടം  പറഞ്ഞിട്ടുമില്ല. ആ കൗമാരകാലത്താണ് തനിക്കൊരു ഉടലും മുഖവും ഉണ്ടെന്ന് ചിന്തിച്ചത്. അതുവരെ അതൊന്നും എന്നെ അലട്ടിയിട്ടേയില്ല. അന്ന് ഒരു പെണ്‍കുപ്പായത്തിനും കീശയുണ്ടായിരുന്നില്ല. അവള്‍ ഗോട്ടികളോ തീപ്പെട്ടിപ്പടങ്ങളോ കരുതാറില്ല. പുസ്തകങ്ങള്‍ക്കിടയിലെ മയില്‍പ്പീലിയാണ് ഏറ്റവും  വലിയ  സമ്പാദ്യം. ചിലപ്പോള്‍ കുറച്ച് മഞ്ചാടിമണികളും. പക്ഷേ, ഒരു സ്വപ്നഭാണ്ഡം എന്‍റെയൊപ്പം ഉണ്ടായിരുന്നു. അതിനകത്ത്  നക്ഷത്രങ്ങളും നിലാവും മിന്നാമിനുങ്ങുകളും അപ്പൂപ്പന്‍ താടികളും മഴക്കാറിന്‍റെ ഇരുളിച്ചയും പാലയുടെ മണവും ഒക്കെയായിരുന്നു. അത് ആരേയും കാണിക്കാതെ കൊണ്ടുനടന്നു.

അന്നൊന്നും ആരാവണം എന്താവണം എന്ന ബോധമേയില്ല. ആരും എന്നോട് ചോദിച്ചിട്ടുമില്ല. ആരെങ്കിലും  എന്തെങ്കിലും ആയിക്കോളും. നമ്മളീ കുപ്പായത്തിലല്ല എന്ന മട്ട്. പാടത്തും പറമ്പിലും മഴയത്തും പുഴയത്തും തെണ്ടിത്തിരിഞ്ഞുനടന്നു. കാലുകളിലെ കൊലുസ് എപ്പോഴും കളഞ്ഞുപോവും. തിരിച്ചുകിട്ടുക എന്നത് സംഭവിക്കാറേയില്ല. കാടും മേടും ഊടും തപ്പിയാല്‍ കിട്ടുമോ കളഞ്ഞുപോയ കിലുക്കങ്ങള്‍? മൈലാഞ്ചി  അരച്ച് കൊലുസ് വരയ്ക്കും. അത് ചുവക്കുംവരെ ഇരിക്കാനൊന്നും ക്ഷമയില്ല. ഒരുമാതിരി ഓറഞ്ച് നിറമായാല്‍ കഴുകി ഓടും. അടുത്ത കിനാവിന്‍റെ പിറകേ. ജയിക്കുമെന്നോ, തോല്‍ക്കുമെന്നോ ആകുലതയില്ലായിരുന്നു. അദ്ഭുതം തോന്നുന്നുണ്ട് അതാലോചിക്കുമ്പോള്‍. തുളസിടീച്ചറുടെ അടി പേടിച്ച് സ്​ലേറ്റില്‍ രണ്ടുവശവും പാഠം എഴുതി. വിക്കി വിക്കി പദ്യം ചൊല്ലി. തെറ്റിച്ച് കണക്കുകള്‍ ചെയ്തു. കനകമണിയോടൊപ്പം ജാതിയ്ക്ക പെറുക്കാന്‍ പോയി ചില ഉച്ചകളില്‍. ചില രുചികള്‍, മണങ്ങള്‍, കാഴ്ചകള്‍. അത്രേള്ളൂ ലോകം. സുറായിപ്പറമ്പിലെ സെമിത്തേരിയില്‍ എത്തിനോക്കാനും ചില വെയിലുകള്‍. അതെല്ലാം  കളഞ്ഞ് വളര്‍ന്നേറിയപ്പോഴാണ് പലതും കണ്ടത്. പലരെയും. അപകര്‍ഷത എന്നോടൊപ്പം വളര്‍ന്നു. ഒതുങ്ങാന്‍ ശ്രമിച്ചു. പെണ്‍കുട്ടികള്‍  ഭംഗിയുള്ളവരും ആവണം എന്ന ബോധം വന്നു. തന്നെത്തന്നെ  ഒളിപ്പിച്ച്, ഏറെ വായിച്ച് ഇരുന്നു. കൂടെയുള്ളവരോടൊപ്പം എത്തില്ല എന്ന ചിന്തയും ഉറച്ചു. അങ്ങനെ എന്നെത്തന്നെ പേജുകളില്‍ ഒളിച്ച്  ജീവിക്കുമ്പോഴാണ് ഏപ്രിലിന്‍റെ ഇൗ കൊടും തമാശ.

ലേഖികയുടെ പ്രീഡിഗ്രി കാലം
 

എന്‍റെ നാട്ടിലെ കൂട്ടുകാര്‍ അതിനെ നിസ്സാരവത്​കരിച്ചു വിട്ടു. അതിനുശേഷമാണ് ഞാന്‍ കേരളവർമയില്‍  ബി.എ മലയാളം  വേണമെന്നാശിച്ച് ചേര്‍ന്നത്. അവിടെ അഴകളവുകള്‍ക്കും ഉടലിനും അപ്പുറത്ത് ഒരു ഞാന്‍ ഉണ്ടെന്നറിഞ്ഞു. അപ്പോഴും അഴകെന്നാല്‍ ഞാനല്ലാത്ത, എന്‍റേതല്ലാത്ത ഒന്ന് എന്നേ ബോധമുണ്ടായിരുന്നുള്ളൂ. അതിനെ മറികടക്കാനെന്നവണ്ണം ഞാന്‍ ഒരുങ്ങി. പക്ഷേ, ജീവിതത്തിന്‍റെ  ഏതോ വഴിയില്‍  ഞാനത് മറന്നു. ഞാനും സുന്ദരി എന്ന് ചിന്തിച്ചുതുടങ്ങി. വൈരമുത്തുവിന്‍റെയാണെന്നു തോന്നുന്നു ഒരു പാട്ടില്‍  പറയുന്നു. പെണ്ണുടമ്പില്‍ കാതല്‍ ‘ആണ്‍ തൊടാത ഭാഗം തന്നിലുള്ളത്’ എന്ന് അര്‍ത്ഥം  വരുന്നത്. പ്രത്യക്ഷത്തില്‍ ഉടലില്‍ അങ്ങനെ ഒരു ഭാഗം ഉണ്ടാവില്ല. ഉയിരില്‍ ഉണ്ട്. അഴകളവുകളല്ലാതെ ഒരു പെണ്ണ് നിറയുന്നിടം. ആ ഇടം കണ്ടറിഞ്ഞ് അത് തൊടുന്നവനേ പെണ്ണുടലിന്‍റെ സുഗന്ധം അറിയാനാവൂ എന്നെന്‍റെ തോന്നല്‍  ചിതറിയ ചിന്തകള്‍...

ഇന്ന് ബസ്സിറങ്ങി നടക്കുമ്പോഴോ, തൃശ്ശൂര്‍  നഗരത്തില്‍  പായുമ്പോഴോ എന്‍റെ നാട്ടുകാരനൊരാള്‍ ‘താന്‍ എവിടെയോടോ? വീട്ടിലേയ്ക്ക്  വരവധികമില്ലേ..’  എന്നോ മറ്റോ കുശലം ചോദിക്കുമ്പോള്‍ ചിലനേരങ്ങളില്‍  ഓര്‍ക്കും.. ഇവനാവുമോ അന്ന് ആ ബോര്‍ഡ് വെച്ചത്? ഇന്നെന്‍റെ മുന്നില്‍ സ്നേഹത്തില്‍  ചിരിക്കുന്നവന്‍...ആ ചിരി ഉള്ളിലും പടരും...നടക്കും

അപ്പൂപ്പന്‍ താടി പോലെ ഞാന്‍ കളഞ്ഞുപോയ ഓര്‍മ്മക്കിലുക്കം തേടി ആ വഴി മുഴുവന്‍  അലയും. മഴയുടെ  ഇരുണ്ടതാളത്തില്‍, വേനലിന്‍റെ വാകച്ചുവപ്പില്‍ ഒക്കെയലഞ്ഞ് വീണ്ടും ആ ഭാണ്ഡം  മുറുകെയടച്ച് നടക്കും...

Tags:    
News Summary - An April Fool Memmory of a woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.