വെറുപ്പിന്‍റെ വൈറസ് മിനിസോട മുതൽ മലപ്പുറം വരെ

ലോകമാകെ പടർന്നുപിടിച്ച കൊറോണ വൈറസിനെതിരെ മാനവരാശി ഒറ്റക്കെട്ടായി ശാരീരികമായി അകന്നും മാനസികമായി ചേർന്നും പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. ജാതി, മതം, നിറം, വംശം തുടങ്ങിയ ഭിന്നിപ്പുകളൊക്കെ മാറി, ഞങ്ങൾ മനുഷ്യർ എന്ന ഉന്നതബോധം കൂടുതൽ ശക്തമായി ഉയർന്നുവരേണ്ട ഘട്ടമാണിത്. പക്ഷേ, തങ്ങളുള്ളിടത്തോളം അതനുവദിക്കില്ല എന്ന് മാനവികതയുടെ ശത്രുക്കൾ ഈ മരണകാലത്തും പ്രഖ്യാപിക്കുന്ന അനുഭവങ്ങൾ ലോകത്തെമ്പാടുമുണ്ട്. ഒരു ലക്ഷത്തിലധികം പേർ മരിച്ച അമേരിക്കയാണ് കോവിഡ്​ കെടുതികൾ ഏറ്റവുമധികം ഏറ്റുവാങ്ങിയത്. സാമ്രാജ്യത്വ രാഷ്​ട്രം സാമ്പത്തിക സാമൂഹിക അസമത്വങ്ങളുടെ പേരിൽ നാണം കെട്ടു. ജോർജ് ഫ്ലോയ്​ഡ് എന്ന നാൽപത്തഞ്ചുകാര​​െൻറ  കഴുത്തിൽ ഡേവിഡ് ചൗവിൻ എന്ന പൊലീസുകാരൻ എട്ടു മിനിറ്റും പതിനഞ്ച് സെക്കൻഡും മുട്ടുകാൽ അമർത്തിപ്പിടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യം അമേരിക്കയെ അക്ഷരാർഥത്തിൽ ഇളക്കിമറിച്ചു. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന ജോർജ് ഫ്ലോയ്​ഡി​​െൻറ അന്തിമ നിലവിളി അമേരിക്കൻ ജനത ഏറ്റെടുത്തു. അമേരിക്കയുടെ പ്രസിഡൻറ്​ ലക്ഷണം തികഞ്ഞ തീവ്ര വലതുപക്ഷ വാദിയുടെ പതിവ് തെറ്റിച്ചില്ല. ജോർജ് ഫ്ലോയ്​ഡിനെ അദ്ദേഹം കേട്ടില്ല. പിതാവിനെ നഷ്​ടമായ ആറു വയസ്സുകാരി ജിയാനയെ കണ്ടില്ല. അമേരിക്കയുടെ തെരുവുകളിൽ വന്നുനിറഞ്ഞ സമരപോരാളികളെ ട്രംപ്,​ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന രാജ്യദ്രോഹികളെന്നു വിളിച്ചു. സ്വന്തം ജനതക്കെതിരെ ആയുധം കൊടുത്ത് സൈന്യത്തെ പറഞ്ഞയച്ചു. പക്ഷേ, 20ലധികം പേർ മരിച്ചുവീണിട്ടും സമരം ഇതുവരെ കെട്ടടങ്ങിയില്ല. ലോകത്തിനു മുന്നിൽ മഹത്തരമായ രാജ്യത്തെ നാണം കെടുത്തിയ ട്രംപിനെ പാഠം പഠിപ്പിക്കാനുള്ള ഇച്ഛാശക്തി തങ്ങൾക്കുണ്ട് എന്ന് തെളിയിക്കുന്നതാണ് ആ സമരം.

വംശീയ വൈറസ് ഇന്ത്യയിലും
ഇന്ത്യയിൽ കോവിഡെത്തിയ ആദ്യ ആഴ്​ചയിൽതന്നെ വൈറസിനു മതമുണ്ടായി. ഡൽഹി നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തെ കൊറോണ ജിഹാദ് ക്യാമ്പാക്കി മാറ്റി ദേശീയ മാധ്യമങ്ങൾ. അരവയറുമായി തെരുവിൽ നടക്കുന്ന തൊഴിലാളികൾ, പട്ടിണി കിടക്കുന്ന ദരിദ്രകർഷകർ, ജീവിതവും വരുമാനവും വഴിമുട്ടി ഇനിയെന്ത് എന്ന് ചിന്തിച്ച് വേവലാതിപ്പെടുന്ന കോടിക്കണക്കിന് സാധാരണക്കാർ എന്നിവർക്കു വേണ്ടിയുള്ള പാക്കേജി​​െൻറ മറവിൽ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യ മുതലാളിമാർക്ക് തീറെഴുതുന്നു. ഇതെല്ലാം മറച്ചുപിടിക്കാൻ ബി.ജെ.പി നേതാക്കൾ വർഗീയവൈറസ് പടർത്തുന്നു. മുസ്​ലിം വിരുദ്ധത ആളിക്കത്തിക്കുന്നു. പൗരത്വ സമരത്തിനു നേതൃത്വം നൽകിയ വിദ്യാർഥിനേതാക്കളെയും ആക്​ടിവിസ്​റ്റുകളെയും വേട്ടയാടി കരിനിയമം ചുമത്തി ജയിലിലടക്കുന്നു. ഡൽഹി വംശഹത്യയുടെ ആസൂത്രകരെ രക്ഷപ്പെടുത്താനും ഇരകളെ പ്രതിക്കൂട്ടിലാക്കാനും ശ്രമിക്കുന്നു. മുസ്​ലിം, ദലിത്, തൊഴിലാളി വിരുദ്ധത, കോർപറേറ്റ് പ്രീണനം, നുണപ്രചാരണം എന്നിവയി​െലാക്കെ കോവിഡ്കാലത്തെ ഇന്ത്യ മുമ്പത്തെപ്പോലെ തന്നെയാണ്. 

പാലക്കാട് ജില്ലയിൽ ആന കൊല്ലപ്പെട്ടതിൽ മേനക ഗാന്ധി നടത്തിയ വിദ്വേഷ പ്രചാരണം ഇതിൽ അവസാനത്തേതാണ്. സത്യം തെളിഞ്ഞിട്ടും മലപ്പുറത്തിനെതിരായി പെരുംനുണകൾ പറഞ്ഞ് വിദ്വേഷ പ്രചാരണത്തിന് അവർ തുനിഞ്ഞത് ഇത്തരം നുണകളുടെ രാഷ്​​ട്രീയവിപണന സാധ്യത തിരിച്ചറിഞ്ഞുതന്നെ. ഈ സംഭവം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ദിവസങ്ങളിലാണ് ഡൽഹി  പട്യാല ഹൗസ് കോടതി ജാമിഅ മില്ലിയ്യയിലെ ഗവേഷക സഫൂറ സർഗാറി​​െൻറ ജാമ്യാപേക്ഷ തള്ളിയ വാർത്തയും വന്നത്. ഈ കരിനിയമം ചുമത്താൻ മാത്രം എന്തു കുറ്റമാണ് സഫൂറ ചെയ്തതെന്ന് ഡൽഹി പൊലീസ് പ്രത്യേക അന്വേഷണസംഘത്തിന് ഇപ്പോഴും വിശദീകരിക്കാനാവുന്നില്ല. 21 ആഴ്ച ഗർഭിണിയായ ആ 27കാരിക്ക് ഗർഭഛിദ്രത സാധ്യത അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മാനുഷിക പരിഗണന ഉണ്ടാകണമെന്നും അഭിഭാഷകർ അഭ്യർഥിച്ചതിന്​, ‘തീകൊണ്ട് കളിക്കുമ്പോൾ കനൽ ദേഹത്തു വീണതിന് കാറ്റിനെ കുറ്റം പറയരുത്’ എന്നു പറഞ്ഞ് കോടതി ജാമ്യം നിഷേധിച്ചു. ഇന്ത്യയുടെ ഭരണഘടനയുടെ അടിത്തറ ഇളക്കുന്ന ഒരു നിയമത്തിനെതിരെ ജനാധിപത്യപരമായി സമരം ചെയ്തതാണ് കോടതി കണ്ട തീക്കളി. മറുഭാഗത്ത്​ ലോകം മുഴുവൻ കേട്ടുകൊണ്ടിരിക്കെ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്ത കപിൽ മിശ്ര സ്വതന്ത്രനായി വിഹരിക്കുന്നു. 

ലഡാക്കിൽ ചൈനീസ് സൈനികർ ഇന്ത്യൻമണ്ണിലേക്ക് കയറിയിട്ടും അവർ തീവ്രദേശീയത ആളിക്കത്തിച്ചില്ല. കാരണം അത് ഇന്ത്യയിൽ ജീവിക്കുന്ന മുസ്​ലിംകൾക്കെതിരെ ഉപയോഗിക്കാനാവാത്തതുകൊണ്ടുതന്നെ. ദേശസ്നേഹമായാലും മൃഗസ്നേഹമായാലും മുസ്​ലിം വിരുദ്ധത സാധ്യതകൾ ഉണ്ടെങ്കിൽ മാത്രം ആഘോഷിക്കപ്പെടും. പൊതുസമൂഹത്തിൽ ഇസ്​ലാമോഫോബിയ പടർത്താൻ ഉപകരിക്കാത്തതൊക്കെ കുഴിച്ചുമൂടും. ഹിമാചൽ പ്രദേശിൽ ഗർഭിണിയായ പശു ഭക്ഷണവസ്തുവിൽ സ്ഫോടകവസ്തു നിറച്ചതു കഴിച്ച്​ തല തകർന്ന് കൊല്ലപ്പെട്ടതി​​െൻറ പേരിൽ വിദ്വേഷപ്രചാരണം ഉണ്ടായില്ല.

മുസ്​ലിം വിരുദ്ധത ഒന്നു മാത്രം 
പാലക്കാട് നടന്ന സംഭവത്തി​​െൻറ പേരിൽ മലപ്പുറത്തിനെതിരെ പ്രചണ്ഡമായ നുണപ്രചാരണം നടത്തുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തി​​െൻറ ഉത്തരം മുസ്​ലിംവിരുദ്ധത എന്നു മാത്രമാണ്. മലബാർ വിപ്ലവത്തി​​െൻറ, വാഗൺട്രാജഡിയുടെ, മലപ്പുറത്തുനടന്ന എണ്ണമറ്റ പോരാട്ടങ്ങളുടെ കഥ സംഘ്പരിവാറിനോടു പറഞ്ഞിട്ടു കാര്യമില്ല. വാരിയൻ കുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയുടെയും ആലി മുസ്​ലിയാരുടെയും നേതൃത്വത്തിൽ നടന്ന സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റത്തിൽ ധീരോദാത്തമായി പൊരുതിയ ഹൈന്ദവരു​ടെ പേരുപറഞ്ഞിട്ടും കാര്യമില്ല. മതത്തി​​െൻറ പേരിൽ ഒരിറ്റു ചോര ചിന്താതെ മനുഷ്യനെ മനുഷ്യനായി മാത്രംകണ്ട നാടിനെ അവരിനിയും നുണകളിലൂടെ ലക്ഷ്യം​െവക്കും. അത്​ അവരുടെ രാഷ്​ട്രീയത്തി​​െൻറ പ്രത്യേകതയാണ്. അതി​​െൻറ നാവുനിറയെ നുണകളാണ്. എന്നാൽ, അവരെത്ര നുണ പറഞ്ഞാലും വെറുപ്പി​​െൻറ ലോകത്തിനുമുന്നിൽ സ്നേഹത്തി​​െൻറ പാഠശാല പോലെ മലപ്പുറത്തി​​െൻറ ചരിത്രവും വർത്തമാനവും തലയുയർത്തി നിൽക്കുകതന്നെ ചെയ്യും.

അമേരിക്കയിലായാലും ഇന്ത്യയിലായാലും തീവ്ര വലതുപക്ഷത്തി​​െൻറ വൈറസ് വ്യാപനശക്തി ബോധ്യമാകാൻ ഇതൊരു അവസരമാണ്. കൂടുതൽ അധികാരം ഈ രോഗത്തി​​െൻറ മറവിൽ അവർ നേടിയെടുത്തിരിക്കുന്നു. കോവിഡാനന്തരം അവരത് തിരിച്ചേൽപിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. ലോകത്തെവിടെയും ഭരണകൂടങ്ങൾക്ക് കൂടുതൽ ഏകാധിപത്യ പ്രവണത കൈവരുന്നുണ്ട്. നിറം, മതം, വംശം... കാരണങ്ങളേ മാറുന്നുള്ളൂ. അപാരമായ സാമ്യവും ​െഎക്യവുമുണ്ട് വേട്ടക്കാർ തമ്മിൽ. ഇരകൾ തമ്മിലുമുണ്ട്​ സാമ്യത. അവർക്കിടയിൽ ഇല്ലാതായിപ്പോകുന്നത് ഐക്യമാണ്. ഇരകൾക്ക് എത്ര ഐക്യപ്പെടാൻ കഴിയും എന്നതി​​െൻറ ഉത്തരമായി മാറിയതായിരുന്നു ​പൗരത്വ പ്രക്ഷോഭം. ആ ഐതിഹാസിക സമരത്തിന് അർധവിരാമമിട്ടാണ് കോവിഡ് കടന്നുവന്നത്. മഹാമാരിയുടെ മറവിൽ അതിനെ എന്നന്നേക്കുമായി ഇല്ലാതാക്കാനാണ് ഭരണകൂട ശ്രമം. ഇന്ത്യൻ ജനാധിപത്യത്തി​​െൻറ ഉൾക്കരുത്ത് ലോകത്തെ ബോധ്യപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്ത്​ പ്രാണവായുവിനെക്കാൾ സ്വാതന്ത്ര്യത്തെ സ്നേഹിച്ച പൂർവികപാത പിന്തുടർന്ന്​ ഈ നാടിനെ വീണ്ടെടുക്കുമെന്ന് നമുക്ക് ശുഭ പ്രതിജ്ഞ ചെയ്യാം. ഇരകളുടെ നവ രാഷ്​​ട്രീയസമരങ്ങളായിരിക്കും ഭാവിലോകത്തെ നിർവചിക്കുക എന്നുറപ്പാണ്. 

(മുസ്​ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയാണ്​ ലേഖകൻ)

Tags:    
News Summary - anti Malappuram Hate Virus Georg Floyd -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.