അദാനിയുടെ വീഴ്ചയും ഷാരൂഖിന്റെ വാഴ്ചയും

വിജയത്തിന്റെ സന്തോഷം പങ്കിടാൻ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് നിന്ന് ഷാരൂഖ് പറഞ്ഞു: സംസ്കാരവും ജീവിത വീക്ഷണവുമേതാകട്ടെ, നിങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാണ് ഞങ്ങൾ സിനിമയുണ്ടാക്കുന്നത്. ഞങ്ങൾക്ക് സ്നേഹം തരൂ. സ്നേഹത്തിന്വി ശന്നിരിക്കുകയാണ് ഞങ്ങൾ'.

പൗരത്വസമരവും കർഷകസമരവും ചൂടു പകർന്നുപോയ വർഷങ്ങളിലെ ശൈത്യത്തിൽ നിന്ന് വ്യത്യസ്തമായി ഭരണകൂടത്തിന് ഒരു അല്ലലും അലട്ടലുമുണ്ടാക്കാതെ കടന്നുപോകേണ്ടതായിരുന്നു ഈ കൊടും ശൈത്യം. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയം വിതച്ച വിദ്വേഷത്തിന്റെ കനലുകൾ താണ്ടിയ ഒരു യാത്ര അതിന്റെ വിജയകരമായ പരിസമാപ്തിയിലെത്തിയതും, ഹിന്ദുത്വ വിദ്വേഷ പ്രചാരണങ്ങളും ഭീഷണികളും തള്ളിക്കളഞ്ഞ് ഒരു ബോളിവുഡ് സിനിമയെ ഇന്ത്യൻ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതും, ഹിന്ദുത്വത്തെ രാഷ്ട്രീയത്തെ താങ്ങി നിർത്താൻ വേണ്ടുവോളം പണമൊഴുക്കുന്ന ഒരു ചങ്ങാത്ത മുതലാളി വിപണിയിൽ അമ്പേ തകർന്നടിഞ്ഞതും കണ്ടാണ് പോയവാരം കടന്നുപോയത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആത്മവീര്യം ഇത്രകണ്ട് ചോർന്നുപോയ ഒരു വാരവും ഇതുപോലെ കടന്നുപോയിട്ടുണ്ടാവില്ല.

പ്രേക്ഷകന് വേണ്ട ചേരുവകളെല്ലാം വിളമ്പിയ ഒരു ബോളിവുഡ് കച്ചവട സിനിമയിൽ കവിഞ്ഞൊന്നുമല്ല ഷാരൂഖ് ഖാൻ പ്രധാന വേഷംചെയ്ത‘പഠാൻ’. ഒരു ഹിന്ദി സിനിമ വൻ ഹിറ്റാവുന്നതിൽപരമൊരു പ്രാധാന്യവും ഉണ്ടാവുമായിരുന്നില്ല അതിന്റെ വിജയത്തിനും. ഇതിന് മുമ്പിറങ്ങിയ ഹിന്ദി സിനിമകളിൽ പലതിലും കണ്ടിട്ടുള്ളതുപോലെ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് അതിന്റെ പ്രമേയവും. എന്നിട്ടും അതിനുമപ്പുറത്തുള്ള മാനങ്ങൾ ‘പഠാൻ’ സിനിമക്ക് കൈവന്നു. ‘നാണമില്ലാത്ത നിറം’ (ബേശരം രംഗ്) എന്ന ശിൽപ റാവുവിന്റെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ദീപിക പദുകോൺ ധരിച്ചിരുന്ന ബിക്കിനിയുടെ നിറം കാവിയായതായിരുന്നില്ല സിനിമക്കെതിരായ ഹിന്ദുത്വ രോഷത്തിന്റെ യഥാർഥ കാരണം.

ഹിന്ദി സിനിമയിലെ ‘ഖാൻ’ കാഴ്ചക്ക് അറുതി വരുത്തുകയും തീവ്രഹിന്ദുത്വത്തിനുള്ള വിദ്വേഷ പ്രചാരണ ആയുധങ്ങളായി ‘ഖാൻ’സിനിമകളെ ഉപയോഗിക്കുകയുമായിരുന്നു ലക്ഷ്യം. ഷാരൂഖിനൊപ്പം സിനിമയെടുത്തതായിരുന്നു ദീപിക പദുകോൺ ചെയ്ത തെറ്റ്. അസം മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശർമ ഷാരൂഖ് ഖാനോ, അതാര്? എന്ന് ചോദിക്കുന്നിടത്തോളമെത്തി പഠാനോടുള്ള അസഹനീയ അസഹിഷ്ണുത.

തന്നെ അറിയില്ലെന്ന് പറഞ്ഞ അതേ അസം മുഖ്യമന്ത്രിയെ തന്റെ സിനിമക്ക് വേണ്ടി പുലർച്ചെ രണ്ടര മണിക്ക് വിളിച്ചു സംസാരിക്കേണ്ടിവന്നു ഷാരൂഖ് ഖാന്.

നാണമില്ലാതായ വിദ്വേഷ വണിക്കുകൾ

തീവ്ര ഹിന്ദുത്വ വാദികളുടെ വിദ്വേഷ പ്രചാരണവും ബഹിഷ്കരണ ആഹ്വാനവും ആക്രമണ ഭീഷണിയും തള്ളിക്കളഞ്ഞ സിനിമ പ്രേക്ഷകർ തള്ളിക്കയറിയതോടെ ഇന്ത്യയുടെ സിനിമ ചരിത്രത്തിലെ എല്ലാ റെക്കോഡുകളും ഭേദിച്ച ചിത്രമായി ‘പഠാൻ’ പണം വാരി. ബഹിഷ്‍കരണാഹ്വാനങ്ങളിൽ തുടങ്ങിയ പ്രതിഷേധം സിനിമ പോസ്റ്ററുകളും ഫ്ലക്സുകളും കത്തിക്കുന്നതിലും തിയറ്റർ ആക്രമിക്കുന്നതിലും ഉടമകളെ ഭീഷണിപ്പെടുത്തുന്നതിലും എത്തിയ ശേഷമായിരുന്നു ഇത്.

അപ്രതീക്ഷിത വിജയത്തിന്റെ സന്തോഷം പങ്കിടാൻ ദീപികക്കും ജോണിനുമൊപ്പം മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് നിന്ന് ഷാരൂഖ് പറഞ്ഞു: ‘ഇത് ദീപിക പദുകോൺ...അവർ അമർ, ഞാൻ ഷാരൂഖ് ഖാൻ...അക്ബർ, ഇത് ജോൺ എബ്രഹാം...അദ്ദേഹം അന്തോണി. അമർ അക്ബർ അന്തോണി ഇതാണ് സിനിമയെ സൃഷ്ടിക്കുന്നത്. സംസ്കാരവും ജീവിത വീക്ഷണവുമേതാകട്ടെ, നിങ്ങളെ സ്നേഹിക്കുന്നത് കൊണ്ടാണ് ഞങ്ങൾ സിനിമയുണ്ടാക്കുന്നത്. ഞങ്ങൾക്ക് സ്നേഹം തരൂ. സ്നേഹത്തിന് വിശന്നിരിക്കുകയാണ് ഞങ്ങൾ’.

സ്നേഹയാത്രയുടെ വിജയ പരിസമാപ്തി

ദീപിക പദുകോണിനെയും ജോൺ എബ്രഹാമിനെയും അരികെ നിർത്തി ഷാരൂഖ് ചോദിച്ച ആ സ്നേഹത്തിന്റെ കട തുറക്കാനായി മാസങ്ങൾക്ക് മുമ്പ് രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് കാൽനടയായി യാത്ര തിരിച്ച ഒരു മനുഷ്യൻ എല്ലാവരെയും അതിശയിപ്പിച്ച് ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ലക്ഷ്യസ്ഥാനത്തെത്തി ചരിത്രം കുറിച്ചതും പോയവാരത്തിലായിരുന്നു.

ഗ്രനേഡുകൾ എറിയുമെന്നു പറഞ്ഞ് തന്നെ പേടിപ്പിച്ചത് ഏത് ജനതയെ കുറിച്ചാണോ അതേ മനുഷ്യർ ഗ്രനേഡുകൾക്ക് പകരം സ്നേഹമാണ് തനിക്ക് നൽകിയതെന്ന് പറഞ്ഞതിനെ സാക്ഷ്യപ്പെടുത്തുകയായിരുന്നു യാത്രയിൽ പങ്കാളികളായ കശ്മീരി നേതാക്കൾ. ആരുടെയും ആഹ്വാനമില്ലാതെ രാഹുൽ ഗാന്ധിയെ അഭിവാദ്യം ചെയ്യാൻ കൂട്ടത്തോടെ വീടുവിട്ടിറങ്ങിയ ജനങ്ങൾ കൂടെ നടന്നും വാരിപ്പുണർന്നും കണ്ട് അത്ഭുതപ്പെട്ടത് മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയാണ്. ഡൽഹിയുടെ പ്രതിനിധിയായല്ല, മറിച്ച് അവരുടെ വികാരത്തിന്റെ ഒരു പ്രതിനിധിയായാണ് ജമ്മു-കശ്മീരിലെ ജനങ്ങൾ രാഹുലിനെ വരവേറ്റതെന്ന് മറ്റൊരു മുൻ മുഖ്യമന്ത്രിയും ഫാറൂഖിന്റെ മകനുമായ ഉമർ അബ്ദുല്ല പറഞ്ഞു. ഫാറൂഖിനെയും ഉമറിനെയും പോലെ മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയും രാഹുലിനൊപ്പം നടന്ന് 370 റദ്ദാക്കിയ ശേഷമുള്ള ജമ്മു-കശ്മീരിൽ രാഷ്ട്രീയ ഓളങ്ങളുണ്ടാക്കി. ഈ യാത്രയുടെ സമാധാനപൂർണമായ സമാപ്തി ഹിന്ദുത്വക്യാമ്പിൽ വല്ലാത്ത സമാധാനക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്.

ചങ്ങാതി മുതലാളിക്ക്  അടിതെറ്റിയപ്പോൾ

ഇന്ത്യക്ക് കിട്ടിയ ജി20 അധ്യക്ഷസ്ഥാനം പ്രധാനമന്ത്രിയുടെ അന്തർദേശീയമായും ആഭ്യന്തരമായും മുതൽക്കൂട്ടാക്കുകയാണ് കേന്ദ്ര സർക്കാർ. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തങ്ങളായ അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചും വലിയ പ്രചാരണങ്ങൾ നടത്തിയും വൻതോതിൽ ജി20 പ്രചാരണവുമായി കേന്ദ്ര സർക്കാറും ബി.ജെ.പിയും മുന്നോട്ടുപോകുന്നതിനിടെയാണ് മോദിയുടെ ‘ചങ്ങാത്ത മുതലാളി’ എന്ന ആക്ഷേപം നേരിടുന്ന ഗുജറാത്ത് വ്യവസായി ഓഹരി വിപണിയിൽ അടിതെറ്റി താഴോട്ടു പതിച്ചത്. ആ പതനം ഹിന്ദുത്വ രാഷ്ട്രീയത്തിനേൽപിച്ച ആഘാതം കൊണ്ടാണ് ബി.ജെ.പി ഇത്രയും ദിവസമായി മൗനം പാലിച്ചിരിക്കുന്നത്.

അടുത്ത പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് വളരെ കരുതലോടെയുള്ള അർഥഗർഭമായ ഈ മൗനം. തനിക്കെതിരായ റിപ്പോർട്ട് ഇന്ത്യക്കെതിരായ നീക്കമാണെന്ന അദാനിയുടെ പ്രകോപനത്തിനുപോലും ബി.ജെ.പി, സംഘ് പരിവാർ കേന്ദ്രങ്ങളിൽ നിന്ന് കാര്യമായ പിന്തുണ കിട്ടിയില്ല. തങ്ങൾ ആക്രമിക്കപ്പെടുന്ന ഒരു വിവാദത്തിൽ രണ്ടാം നിര നേതാക്കളെ ഇറക്കിയെങ്കിലും പ്രതിരോധം തീർക്കാറുള്ള ബി.ജെ.പി അദാനി വിഷയത്തിലും മൗനംപാലിച്ചു.

മാധ്യമപ്രവർത്തകനായ എം.കെ. വേണു പറഞ്ഞതുപോലെ വിപണിയിൽ നിന്ന് ഓഹരികൾ വാങ്ങി ലോകത്തെ ശതകോടീശ്വരന്മാർ ആരെങ്കിലും അദാനിയുടെ രക്ഷക്കെത്തുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

Tags:    
News Summary - Adani's fall and Shah Rukh's reign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.