പ്രതി രാഹുലോ ഗുലാംനബിയോ‍?

കോൺഗ്രസ് വിട്ട ഗുലാംനബി ആസാദാണോ അധ്യക്ഷപദവി വീണ്ടും ഏറ്റെടുക്കാത്ത രാഹുൽ ഗാന്ധിയാണോ ശരി? രണ്ടുപേരും കുറ്റക്കാരാണ് എന്നതാവും കൂടുതൽ ശരി. അവർ കോൺഗ്രസിനോടു ചെയ്യുന്നത് പാതകമാണെന്ന് വിശ്വസിക്കുന്നവരാണ് പാർട്ടിക്കാരിൽ ബഹുഭൂരിപക്ഷം. കോൺഗ്രസിന് ചരമഗീതം എഴുതാറായി എന്ന തോന്നലിന് ആക്കം കൂട്ടുകയാണ് രണ്ടുപേരും. ഇന്ത്യൻ ജനാധിപത്യ ആശയഗതികളുടെ തനിമ തിരിച്ചുപിടിക്കാൻ ബി.ജെ.പിയെ ഒറ്റപ്പെടുത്തി തോൽപിക്കണമെന്ന് താൽപര്യപ്പെടുന്നത് ആരൊക്കെയാണോ അവരുടെ നിരാശയും അതിനൊത്ത് വർധിക്കുകയാണ്. യഥാർഥത്തിൽ ഗുലാംനബി ചെയ്തതിനേക്കാൾ വലിയ അപരാധമാണ് രാഹുലും അനുചരന്മാരും കോൺഗ്രസിനോട് ചെയ്തു കൊണ്ടിരിക്കുന്നത് എന്നുകാണുന്നവർ ഒരുപാടുണ്ട്.

ഗുലാംനബിയുടെ പോക്ക് കശ്മീരിനു പുറത്തെ കോൺഗ്രസുകാർക്കിടയിൽ ചലനമൊന്നും ഉണ്ടാക്കില്ല. അദ്ദേഹം പുതിയ പാർട്ടി ഉണ്ടാക്കും. ആ പാർട്ടിയിൽ ആശ്രിതരായ അവിടത്തെ കുറെ കോൺഗ്രസുകാർ ചേരും. ജമ്മു-കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് എന്നെങ്കിലും നടക്കുമ്പോൾ സാഹചര്യങ്ങൾക്കൊത്ത് ബി.ജെ.പി വിരുദ്ധരോടോ വേണ്ടിവന്നാൽ ബി.ജെ.പിയോടുതന്നെയോ ചങ്ങാത്തം സ്ഥാപിച്ച് പ്രാമാണ്യം നേടാൻ ആ പാർട്ടി ശ്രമിക്കും.

ബി.ജെ.പിക്കാണെങ്കിൽ, സഖ്യംപിരിഞ്ഞ പി.ഡി.പിയേക്കാൾ എന്തുകൊണ്ടും ഗുലാംനബിയെ കൂടുതൽ വിശ്വസിക്കാം. അദ്ദേഹത്തെയോർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ മുൻകൂറായി പൂങ്കണ്ണീർ പൊഴിച്ചതിന്റെ പൊരുളും മറ്റൊന്നല്ല. ഇതിനിടയിൽ മറ്റൊന്നു സംഭവിക്കും. ജമ്മു-കശ്മീരിൽ കോൺഗ്രസിന്റെ സ്ഥാനം നാഷനൽ കോൺഫറൻസ്, പി.ഡി.പി, ബി.ജെ.പി, ഗുലാംനബിയുടെ പാർട്ടി എന്നിവക്കും താഴെയാവും. ഇന്ത്യയുടെ ഭൂപടത്തിൽ കോൺഗ്രസിന്റെ സ്വാധീനം നേർത്തുപോയ മറ്റൊരു നാടായി ജമ്മു-കശ്മീർ മാറും. ജമ്മു-കശ്മീരിൽനിന്ന് കണ്ടെടുത്ത് ദേശീയ നേതാവായി വളർത്തിയ ന്യൂനപക്ഷ നേതൃമുഖവും കോൺഗ്രസിന് നഷ്ടമാകും.

അദ്ദേഹത്തിന്റെ പാർട്ടി ജമ്മു-കശ്മീരിൽ ബി.ജെ.പിവിരുദ്ധരുമായാണ് കൈകോർക്കുന്നതെങ്കിൽ, ദേശീയ തലത്തിൽ കോൺഗ്രസ് മറ്റൊരു പ്രയാസംകൂടി അനുഭവിക്കും. വിവിധ പ്രാദേശിക പാർട്ടികളെ ഒരു കുടക്കീഴിൽ നിർത്തി ബി.ജെ.പിയെ നേരിടുന്ന ദൗത്യത്തിന്റെ പ്രധാനികളിലൊരാളായി ഗുലാംനബി മാറിയെന്നുവരും. കോൺഗ്രസിനോടു തെറ്റിയ കോൺഗ്രസുകാർ നയിക്കുന്ന പാർട്ടികളുടെ കുറുമുന്നണിക്ക് ശ്രമിച്ചെന്നിരിക്കും. കോൺഗ്രസിന്റെ നേതൃത്വം അംഗീകരിക്കാത്ത പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ശക്തിപ്പെടുത്തും. ലോക്സഭ തെരഞ്ഞെടുപ്പിൽ അവർ മുന്നിലും കോൺഗ്രസ് പിന്നിലും എന്ന സ്ഥിതി വരും. ഫലത്തിൽ ബി.ജെ.പി പാളയത്തിലും കോൺഗ്രസിതര പ്രാദേശിക പാർട്ടികൾക്കിടയിലും ഒരേപോലെ സാധ്യതയുള്ള അവസരവാദ ഭാവി രാഷ്ട്രീയത്തിലേക്കാണ് ഗുലാംനബി വാതിൽ തുറന്നിരിക്കുന്നത്.

അഞ്ചു പതിറ്റാണ്ട് പാലൂട്ടി വളർത്തിയ കൈയിൽ കൊത്തി ഗുലാംനബി പടിയിറങ്ങിയത് യഥാർഥത്തിൽ, സ്ഥാനമാനങ്ങളെ ചൊല്ലി കലഹിച്ചാണ്; പാർട്ടിയിൽ തന്റെ പ്രാമാണ്യം ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ്. കോൺഗ്രസിന്റെ എല്ലാ ദീനങ്ങളും അഞ്ചു പതിറ്റാണ്ട് ചുമക്കുകയും ചുമപ്പിക്കുകയും ചെയ്തതിനൊടുവിൽ, അടിമുടി തിരുത്തൽ ആവശ്യപ്പെട്ടതിൽ മുല്ലപ്പൂ വിപ്ലവമൊന്നുമായിരുന്നില്ല ലക്ഷ്യം. രാജ്യസഭ സീറ്റ് വീണ്ടും കിട്ടിയിരുന്നെങ്കിൽ ഗുലാംനബി കോൺഗ്രസ് വിടുമായിരുന്നില്ല. ജി-23 സംഘത്തിലെ ഒന്നോ ഒറ്റയോ പേരൊഴിച്ചാൽ എല്ലാവരുടെയും പ്രശ്നം അതുതന്നെയാണ്.

അധികാര ശീതളഛായ ആസ്വദിച്ചു പോന്ന അവർക്കെല്ലാം വേണ്ടത് ആജീവനാന്തം പദവികളാണ്. അത് കൈമോശം വരുന്നുവെന്നായപ്പോൾ, ഏതു കോൺഗ്രസുകാരന്റെയും മാനസിക പിന്തുണ കിട്ടുന്ന പാർട്ടി വിഷയങ്ങൾ അവർ ഉയർത്തിക്കാട്ടി. അതുകൊണ്ടുതന്നെ, അവർ പറയുന്നതിലെ കാമ്പും കഴമ്പും എല്ലാവരും ശരിവെച്ചു. പക്ഷേ, വെടി ലക്ഷ്യത്തിൽ കൊണ്ടില്ല. ഉദ്ദേശിച്ച പദവികൾ കിട്ടിയില്ല; പാർട്ടിയിൽ പൊളിച്ചെഴുത്തുമില്ല.

പദവി വ്യക്തികളുടെ സ്വകാര്യ ദുഃഖം. കോൺഗ്രസിന്റെ പടവലങ്ങ വളർച്ചക്ക് നിലവിൽ ഒന്നാംപ്രതി രാഹുൽ ഗാന്ധിയാണ്. രാഹുലിന്റെ ആത്മാർഥത സംശയിക്കപ്പെടേണ്ടതല്ല. എന്നാൽ, അദ്ദേഹത്തിന്റെ അന്തർമുഖത്വം കോൺഗ്രസിന് ആപൽക്കരമാണ്. അതുകൊണ്ടാണ് നെഹ്റുകുടുംബത്തിലെ മറ്റൊരു നേതാവിനും നേരിടേണ്ടിവന്നിട്ടില്ലാത്ത അമർഷം പാർട്ടിക്കാരിൽനിന്ന് രാഹുലിനുനേരെ ഉയരുന്നത്. എട്ടും പൊട്ടും തിരിയാതെ രാഷ്ട്രീയത്തിൽ വന്ന സോണിയ ഗാന്ധിക്ക് കഴിഞ്ഞത് രാഹുൽ ഗാന്ധിക്ക് കഴിയാതെ പോകുന്നു.

രാഷ്ട്രീയത്തിലിറങ്ങി രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും നേതാവിന്റെ മെയ്‍വഴക്കം നേടാൻ കഴിയാത്ത രാഹുലിനെ മുന്നിൽനിർത്തി വീണ്ടുമൊരു ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഒരു ദുരന്തമായിരിക്കുമെന്ന് കോൺഗ്രസുകാർ അടക്കംപറയുന്നു. അതേസമയംതന്നെ, വീണ്ടും അധ്യക്ഷപദവി ഏറ്റെടുക്കില്ലെന്ന വാശി ഒരു വശത്തും പിൻസീറ്റ് ഡ്രൈവിങ് മറുവശത്തുമായി രാഹുൽ കോൺഗ്രസ് രാഷ്ട്രീയം നിയന്ത്രിക്കുന്നു. നേതൃഭാരമൊഴിഞ്ഞയാൾ പാർട്ടിയുടെ ഭാരതപര്യടനം നയിക്കുന്നത് അനുബന്ധ വൈചിത്ര്യം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ഓടിയലഞ്ഞതിന്റെ അമർഷമാണ് അധ്യക്ഷ പദവി ഇട്ടെറിയാൻ രാഹുലിനെ പ്രേരിപ്പിച്ചത്. നേതൃഗണം മുഴുവൻ വിയർപ്പു പൊടിയാതെ ദേഹരക്ഷ നടത്തുകയായിരുന്നു. ആ രോഷം പുകയുമ്പോൾ തന്നെ, രോഗം അലട്ടുന്ന സോണിയക്കു വേണ്ടിയും നെഹ്റുകുടുംബത്തിന്റെ പൊതുതാൽപര്യത്തിനു വേണ്ടിയും 'കുരിശ്' ചുമക്കാതെ രാഹുലിന് കഴിയില്ലതന്നെ. കേന്ദ്ര ഏജൻസികൾ കോൺഗ്രസിന്റെ ഒന്നാം നമ്പർ കുടുംബത്തിനുപിന്നാലെ കൂടിയിരിക്കുന്ന സന്ദർഭം കൂടി പരിഗണിച്ചാൽ, നേതൃചുമതല പുറത്തേക്ക് വിട്ടുകൊടുക്കുന്നതിൽ അപകടങ്ങളുണ്ട്.

പീഡന മുറകൾ ഒറ്റക്ക് അനുഭവിക്കേണ്ടി വരും. പാർട്ടിക്കാർ ഇന്നു കാണിക്കുന്ന ഐക്യദാർഢ്യത്തിന്റെ തോത് കുറയും. അതുകൊണ്ടെല്ലാം പ്രസിഡന്റ് സ്ഥാനം മറ്റാരെയെങ്കിലും ഏൽപിക്കാൻ നെഹ്റുകുടുംബത്തിന് മടിയുണ്ട്. ബഹുഭൂരിപക്ഷം കോൺഗ്രസുകാരാകട്ടെ, കോൺഗ്രസിലെ ഐക്യത്തിന് നെഹ്റുകുടുംബംതന്നെ അമരത്ത് വേണമെന്ന് കരുതുന്നവരാണ്. അവർക്ക് നയിക്കാൻ കഴിയാതെ പോകുമ്പോഴത്തെ നിവൃത്തികേടാണ് കോൺഗ്രസുകാരെ അലട്ടുന്നത്.

നേതാവിന് കരുത്തു പകരുന്നത് ഉറ്റ സഹായികളാണ്. രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയാത്ത കാലത്തുനിന്ന് സോണിയയെ നേതാവാക്കി വളർത്തിയെടുത്തത് അവരാണ്. സോണിയ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നപ്പോൾ കൈത്താങ്ങായിനിന്ന് പദവികൾ പങ്കിട്ടനുഭവിച്ച കോക്കസിൽ നല്ല പങ്കും കാലം ചെന്നപ്പോൾ 'കടൽക്കിഴവന്മാരു'ടെ ഗണത്തിലായി. രാഹുലിന്റെ സ്ഥാനാരോഹണത്തിനൊപ്പം കോക്കസിന്റെ പുതിയ തലമുറ രൂപം കൊണ്ടെങ്കിലും കടൽക്കിഴവന്മാരിൽനിന്ന് യുവതുർക്കികളിലേക്ക് അധികാരമാറ്റം എളുപ്പമായില്ല.

ഒന്നും വിട്ടുകൊടുക്കാൻ തയാറാകാത്തവരിൽനിന്ന് പാർട്ടിയുടെ അധികാരങ്ങളും സൗകര്യങ്ങളും പിടിച്ചടക്കാനുള്ള അമിത വ്യഗ്രതയിലാണ് രാഹുൽ ഗാന്ധിക്കു ചുറ്റുമുള്ള കോക്കസ്. ഇവർ തമ്മിലുള്ള വടംവലിയാണ് മുന്നോട്ടു നടക്കേണ്ട കോൺഗ്രസിനെ പിന്നോട്ടുവലിക്കുന്നത്. പാർട്ടി യാന്ത്രികമായി ചലിക്കുന്നു. മുതിർന്നവരുടെ തഴക്കവും യുവതുർക്കികളുടെ ഊർജവും കോൺഗ്രസിന് ആവശ്യമുണ്ട്. എന്നാൽ സന്തുലിതമായ നിലപാട് സ്വീകരിച്ച് വടംവലി അതിജീവിക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും രാഹുൽ ഗാന്ധിക്ക് കഴിയുന്നില്ല.

ഫലത്തിൽ പഴയകാല ഉപജാപകരുടെ ബുദ്ധിവൈഭവം കൈമോശം വന്നു; തന്ത്രവും തഴക്കവും ജനപിന്തുണയുമില്ലാത്ത പുതിയ ഉപജാപകരാകട്ടെ, ആരെയും അടുപ്പിക്കാതെ രാഹുൽ ഗാന്ധിക്ക് വട്ടമിട്ടിരുന്ന് ഒരു പ്രസ്ഥാനം മൃതപ്രായമാക്കുന്നു.ഒരു തിരിച്ചുവരവ് സാധ്യമാണോ എന്ന വലിയ ചോദ്യത്തിനു മുന്നിലാണ് കോൺഗ്രസ് എത്തിനിൽക്കുന്നത്. കോൺഗ്രസ് എന്ന ആശയത്തിനുള്ള ദേശവ്യാപക സ്വീകാര്യതക്കല്ല, അതിനെ നയിക്കുന്നവരുടെ വിശ്വാസ്യതക്കാണ് ഇടിവ്. അതുവഴി കോൺഗ്രസിന്റെ ഇടം പലരായി കൈയടക്കുന്നു.

ബി.ജെ.പിയുടെ രാഷ്ട്രീയത്തെ ഫലപ്രദമായി നേരിടാൻ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾക്കും അരാഷ്ട്രീയക്കാരായി തുടക്കത്തിൽ വിശേഷിപ്പിക്കപ്പെട്ട ആം ആദ്മി പാർട്ടിക്കുമൊക്കെ കഴിയുമ്പോൾതന്നെയാണ് ഈ സ്ഥിതി. ഒരു നേതാവ് കൊഴിയുമ്പോൾ ഒരു സംസ്ഥാനംതന്നെ കൈവിട്ടുപോകുന്ന ദുരന്തം ഏറ്റുവാങ്ങുകയാണ് കോൺഗ്രസ്. മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ചെറു കഷണങ്ങളായി രൂപാന്തരപ്പെടുകയാണോ കോൺഗ്രസ്? ശൈഥില്യത്തിന് ആക്കം കൂട്ടാനല്ലാതെ, വീണ്ടെടുപ്പിന് നേതൃത്വത്തിന് കഴിയുന്നില്ലെന്നത് പച്ച പരമാർഥം.

Tags:    
News Summary - Accused Rahul or Ghulam Nabi?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.