സ്നേഹത്തിനൊരു ജീവിതം

സ്നേഹിതയും സഖിയുമായ ഖദീജയുടെ വിയോഗം നടന്ന് വർഷങ്ങൾ കഴിഞ്ഞും അവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുഹമ്മദ് നബി സമ്മാനങ്ങൾ കൊടുത്തയച്ചു. പാരിതോഷികങ്ങളും വിശേഷപ്പെട്ട ഭക്ഷണങ്ങളും ലഭിച്ചാൽ നബി ഖദീജയെ ഓർക്കും. നമുക്കിത് ഇന്നയാൾക്കു കൊടുത്താലോ, അവർ ഖദീജയുടെ ചങ്ങാതിയായിരുന്നല്ലോ എന്നു പറയും. ഖദീജ സ്നേഹിച്ചവരുടെയും ഖദീജയെ സ്നേഹിച്ചവരുടെയും വീടുകളെയും നബി പരിഗണിച്ചു. അതുകണ്ട് കൂടെയുള്ളവർ അസൂയപ്പെട്ട സന്ദർഭങ്ങളുണ്ടായി.

പ്രവാചകൻ ഒരു പുതിയ സ്നേഹം പഠിപ്പിച്ചുതരുകയായിരുന്നു. പ്രിയപ്പെട്ടവർ ജീവിതകാലത്ത് സ്നേഹിച്ചവരെ സ്നേഹിച്ചു അവർ സാക്ഷാത്കരിച്ച സ്നേഹത്തെ ജീവനോടെ നിലനിർത്തുന്ന പാഠം. അവരുടെ സ്ഥാനത്ത് മറ്റൊരാളെ വെക്കുകയല്ല. കൂടെയില്ലാത്ത ആ പ്രിയപ്പെട്ടയാൾ ഇപ്പോഴും നമുക്കൊപ്പമുള്ളതുപോലുള്ള പെരുമാറ്റമാണത്. അപ്പോൾ സ്നേഹത്തിനൊരു ജീവിതമുണ്ടാവുന്നു, സ്നേഹം സദാ ജീവിച്ചിരിക്കുന്നു.

ബന്ധുത്വത്തെക്കുറിച്ച ഒരു പ്രവാചകഭാവന അത് കൂടുകെട്ടിയിരിക്കുന്നത് ദൈവത്തിന്‍റെ സിംഹാസനത്തിനരികെയാണെന്നാണ്. അത് ഇടക്കു വിളിച്ചുപറയുന്നു: ''എന്നെ മുറിച്ചുകളഞ്ഞവൻ പടച്ചവനെ മുറിച്ചുകളഞ്ഞു, എന്നെ ചേർത്തുപിടിച്ചവർ പടച്ചവനെയാണു ചേർത്തുപിടിച്ചത്''. നമുക്കു വിചിത്രമെന്ന് തോന്നുന്ന ഭാവനകളുടെ കൂടി വസതിയാണ് മതം. ജീവിതം പുലരുന്നതും പൂക്കുന്നതും ഭാവനകൊണ്ടുകൂടിയാണ് എന്നതുതന്നെ കാരണം.

മനുഷ്യരെയും ജീവജാലങ്ങളെയും ചരാചരങ്ങളെയുംപോലെ സ്നേഹത്തെയും സൗന്ദര്യത്തെയും പടച്ചവൻ വേറെത്തന്നെ പടച്ചതായാണു നബി പറയാറ്.മരിച്ചുപോയ മാതാപിതാക്കളോടുള്ള നമ്മുടെ സ്നേഹം തുടരാൻ മാതാപിതാക്കളുടെ സുഹൃത്തുക്കളോട് സ്നേഹാദരവുകൾ പുലർത്തുക വഴി സാധിക്കുമെന്ന് സ്നേഹത്തിന്റെ മേല്പറഞ്ഞ വഴിയിലേക്ക് മറ്റൊരിക്കൽ നബി വിരൽചൂണ്ടി. സ്നേഹം അറ്റുപോകാതിരിക്കാൻ അതിന്റെ ജീവനുള്ള ഓർമയെ ഉള്ളിൽ സൂക്ഷിക്കുകയാണ് മനുഷ്യരായ നമ്മൾ ചെയ്യേണ്ടതെന്ന് ആ ദൈവദാസൻ അറിഞ്ഞു, ആ മനുഷ്യഹൃദയം അതനുഭവി(പ്പി)ക്കുകയും ചെയ്തു.

സ്നേഹം ഒരിക്കൽ ഉയിരെടുത്താൽ അതിനൊരു പിന്നീടില്ല. നമുക്കു തിരികെയെത്താൻ പാകത്തിൽ അതവിടെയുണ്ട്. മുമ്പു പോയിരുന്ന വഴിയിലേക്കു താണുനിന്ന പിന്നീട്‌ മുറിച്ചുമാറ്റപ്പെട്ട ഒരു ചില്ലയുടെ നിഴലിലേക്ക് നമുക്ക് ഇപ്പോഴും നീങ്ങിനിൽക്കാനാവുന്നതുപോലെ.

Tags:    
News Summary - A life for love

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.