സ്വപ്നാടകന്‍

വിമോചനസമരത്തില്‍ പങ്കെടുക്കുകയും കേരള കോണ്‍ഗ്രസിന്‍െറ രൂപവത്കരണത്തിന് കൈയയച്ചു സഹായിക്കുകയുംചെയ്ത കുളത്തുങ്കല്‍ പോത്തന്‍ തിരുവല്ലയിലെ വലിയ മുതലാളിയായി വിലസിയിരുന്ന കാലം. പോത്തന്‍ മുതലാളിയുടെ ലോറിക്കും ബസിനുമൊക്കെ ബോഡി പെയിന്‍റ് ചെയ്തുകൊടുക്കുന്ന അച്ചായന്‍െറ കല കണ്ടുപഠിച്ച ഒരു കുട്ടി തിരുവല്ലയിലുണ്ടായിരുന്നു. കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്ന് പേര്. അച്ചായനില്‍നിന്നു പഠിച്ച ബാലപാഠങ്ങളും പലനിറമുള്ള പെയിന്‍റുമായി വലിയ സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ എഴുതിക്കൊടുക്കാന്‍ തുനിഞ്ഞിറങ്ങിയ ജോര്‍ജിന് അക്ഷരമെഴുത്തില്‍ കൊള്ളാവുന്നവന്‍ എന്ന പേരു കിട്ടാന്‍ അധികനാളൊന്നും വേണ്ടിവന്നില്ല. അങ്ങനെ പണിയെടുത്ത് ഉണ്ടാക്കിയ കാശു മുഴുവന്‍ ചെലവഴിച്ചത് സിനിമ കാണാനാണ്. സിനിമ സ്വപ്നംകണ്ടുനടന്ന അവന്‍ പിന്നീട് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പഠിച്ചിറങ്ങിയപ്പോള്‍ ചെയ്ത സിനിമയുടെ പേര് ‘സ്വപ്നാടനം.’ സിനിമക്കാരെ ‘ഡ്രീം മര്‍ച്ചന്‍റ്സ്’ അഥവാ സ്വപ്നവില്‍പനക്കാര്‍ എന്നാണല്ളോ പൊതുവെ വിശേഷിപ്പിക്കുന്നത്. മായികമായ സ്വപ്നസ്വര്‍ഗങ്ങളിലേക്ക് കാണികളെ കൈപിടിച്ചുകയറ്റുന്ന സിനിമക്കാരുടെ കൂട്ടത്തിലായിരുന്നിട്ടും അവരെ സാമൂഹികയാഥാര്‍ഥ്യങ്ങളിലേക്ക് തിരിച്ചിറക്കാനാണ് ജോര്‍ജ് ശ്രമിച്ചത്. മലയാളിയുടെ ജീവിതത്തിലേക്ക് അയാള്‍ തന്‍െറ കാമറയുടെ മൂന്നാംകണ്ണു തിരിച്ചുവെച്ചു. മൂന്നു പതിറ്റാണ്ടു നീളുന്ന ചലച്ചിത്രസപര്യയില്‍ കാലാതിവര്‍ത്തിയായ ദൃശ്യശില്‍പങ്ങള്‍ നമുക്കു സമ്മാനിച്ച ആ മഹാപ്രതിഭക്ക് അര്‍ഹിക്കുന്ന അംഗീകാരമായി കേരള സര്‍ക്കാറിന്‍െറ പരമോന്നത ചലച്ചിത്രപുരസ്കാരമായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ്.

എഴുപതുകളുടെ മധ്യത്തില്‍ മലയാള സിനിമയിലേക്കു വന്നപ്പോള്‍ അടൂരും അരവിന്ദനും എം.ടിയും പി.എന്‍. മേനോനുമൊക്കെ നല്ല സിനിമയുടെ വഴി വെട്ടിത്തെളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ പാതയിലേക്കാണ് ഉറച്ച കാല്‍വെപ്പുകളുമായി ജോര്‍ജ് നടന്നുകയറുന്നത്. മലയാള സിനിമയെ പ്രമേയപരമായും പരിചരണപരമായും നവീകരിക്കുക എന്ന സര്‍ഗാത്മക ദൗത്യം ജോര്‍ജ് ഏറ്റെടുത്തു. സാമാന്യപ്രേക്ഷകന്‍കൂടി കാണുന്ന നല്ല സിനിമ സാധ്യമാണ് എന്ന് ജോര്‍ജ് സംശയലേശമന്യേ തെളിയിച്ചു. വിസ്മയകരമാംവിധം വ്യത്യസ്തത പുലര്‍ത്തിയ സൃഷ്ടികളായിരുന്നു ജോര്‍ജിന്‍െറ സിനിമകളെല്ലാം. മലയാളത്തിലെ ആദ്യത്തെ സൈക്കളോജിക്കല്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ‘സ്വപ്നാടന’ത്തിലാണ് (1976) തുടക്കം. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി അരങ്ങേറ്റം ഗംഭീരമാക്കി. യുവത്വത്തിന്‍െറ വിഹ്വലതകളെ പ്രതിഫലിപ്പിച്ച മലയാളത്തിലെ ആദ്യ കാമ്പസ് സിനിമ ‘ഉള്‍ക്കടല്‍’ (1979) കേരളം നെഞ്ചിലേറ്റി. സര്‍ക്കസിലെ പൊക്കംകുറഞ്ഞ ജോക്കറിനെ മുഴുനീള കഥാപാത്രമാക്കി ഒരുക്കിയ ‘മേള’ (1980) മുഖ്യധാരയിലെ നായകസങ്കല്‍പങ്ങളോടുള്ള കലാപമായിരുന്നു. മമ്മൂട്ടി എന്ന നടന് ഉയരാന്‍ ഒരു കൈത്താങ്ങും നല്‍കി ആ ചിത്രത്തിലൂടെ. മലയാളത്തിലെ നാളിതുവരെയുള്ള ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ‘യവനിക’ (1982) വന്‍ പ്രദര്‍ശന വിജയം നേടി.

താന്‍ നില്‍ക്കുന്ന ചലച്ചിത്രരംഗത്തിന്‍െറ ഇരുണ്ട മറുപുറങ്ങളിലേക്കാണ് പിന്നീട് ജോര്‍ജ് തന്‍െറ കാമറ തിരിച്ചുവെച്ചത്. കേരളത്തിന്‍െറ നാട്ടിന്‍പുറങ്ങളില്‍നിന്ന് സിനിമ എന്ന മായികലോകത്തിലേക്ക് പറക്കാന്‍ ചിറകടിച്ചുയര്‍ന്ന് അതിന്‍െറ വെള്ളിവെളിച്ചത്തില്‍ ചിറകു കരിഞ്ഞുവീണ ഈയാംപാറ്റകളെപ്പോലെ ജീവിതം നഷ്ടപ്പെട്ട കുറെ പെണ്‍കുട്ടികളുണ്ടായിരുന്നു അക്കാലത്ത്. മദഗന്ധമുറയുന്ന കോടമ്പാക്കംതെരുവില്‍ ജീവിതം ഹോമിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള സ്മരണാഞ്ജലിയായിരുന്നു, ‘ലേഖയുടെ മരണം; ഒരു ഫ്ളാഷ്ബാക്ക്’ (1983). എണ്ണമറ്റ പേരറിയാ പെണ്‍കുട്ടികളുടെ കണ്ണീരു വീണു നനഞ്ഞ തിരശ്ശീലയില്‍ കേരളം ആ സിനിമ കണ്ടു. ശോഭ എന്ന നടിയുടെ ആത്മഹത്യയായിരുന്നു ജോര്‍ജിന് പ്രചോദനമായത്. അതേ വര്‍ഷംതന്നെ പുറത്തിറങ്ങിയ ‘ആദാമിന്‍െറ വാരിയെല്ല്’ സ്ത്രീപക്ഷ സിനിമക്ക് ഉത്തമമാതൃകയായി. സമൂഹത്തിന്‍െറ മൂന്നു തലങ്ങളിലുള്ള സ്ത്രീകളുടെ ദുരന്തമാണ് ജോര്‍ജ് കാമറയില്‍ പകര്‍ത്തിയത്. റെസ്ക്യൂ ഹോം വിട്ടിറങ്ങി ഓടിപ്പോവുന്ന വേലക്കാരിയായ കീഴാളപെണ്‍കുട്ടി കെ.ജി. ജോര്‍ജിനെയും കാമറയെയും തട്ടിമാറ്റുന്നതാണ് അവസാനഫ്രെയിമില്‍.

സ്ത്രീശാക്തീകരണത്തിന് പുരുഷന്‍െറ രക്ഷാകര്‍തൃത്വം ആവശ്യമില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ സീന്‍ ഒരു ദൃശ്യകലാപംതന്നെയായി വ്യാഖ്യാനിക്കപ്പെട്ടു. രാഷ്ട്രീയരംഗത്തെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍െറയും പുഴുക്കുത്തുകള്‍ ആക്ഷേപഹാസ്യരൂപത്തില്‍ ചിത്രീകരിച്ച ‘പഞ്ചവടിപ്പാലം’ (1984) മലയാളത്തിലെ ഏറ്റവും മികച്ച സറ്റയര്‍ ആണ്. ഒരു മധ്യതിരുവിതാംകൂര്‍ ക്രിസ്ത്യന്‍ കുടുംബത്തിലെ ദുര മൂത്ത ജീവിതങ്ങളുടെ കഥപറയുന്ന ‘ഇരകള്‍’ (1985) ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രമായി. മികച്ച കഥാകൃത്തിനുള്ള പുരസ്കാരവും ജോര്‍ജ് നേടി. ദാമ്പത്യം, കുടുംബസദാചാരം എന്നിവയെ ചര്‍ച്ചക്കെടുക്കുന്ന ‘മറ്റൊരാള്‍’ (1988), ‘ഈ കണ്ണികൂടി’ (1990) എന്നിവക്കു ശേഷം 1998ല്‍ ‘ഇലവങ്കോടു ദേശം’ എന്ന സിനിമയോടെ ജോര്‍ജ് സംവിധാനം അവസാനിപ്പിച്ചു.

‘സ്വപ്നാടന’ത്തിനും ‘മേള’ക്കുമിടയിലെ വര്‍ഷങ്ങളില്‍ ചെയ്യരുതാത്ത സിനിമകള്‍ ചെയ്തു എന്ന് പിന്നീട് സമ്മതിച്ചിട്ടുണ്ട്. വ്യഗ്രത കൊണ്ടും നോട്ടക്കുറവുകൊണ്ടും സംഭവിച്ച പിഴവുകള്‍ എന്ന് ഏറ്റു പറഞ്ഞു. അവസാന ചിത്രമായ ‘ഇലവങ്കോടു ദേശ’ത്തെപ്പറ്റിയും അതുതന്നെ പറഞ്ഞു. ചിത്രീകരണം തുടങ്ങിയപ്പോള്‍തന്നെ ഇലവങ്കോടു ദേശം പരാജയപ്പെട്ടുതുടങ്ങിയിരുന്നു. സത്യസന്ധമായി സിനിമ ചെയ്യാനാവില്ളെന്ന് ആ ചിത്രം ബോധ്യപ്പെടുത്തി. ഇനി സിനിമയില്‍ നില്‍ക്കാന്‍ പറ്റില്ളെന്ന തോന്നല്‍ വന്നത് അങ്ങനെയാണ്. ഒന്നു രണ്ടു കോളജുകളില്‍ പഠിപ്പിക്കാന്‍ പോയി. പിന്നീട് ബ്ളോഗുകള്‍ സജീവമായ കാലത്ത് അതേക്കുറിച്ച് ഒരു സിനിമയെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. തിരക്കഥയെഴുതിയെങ്കിലും അത് പൂര്‍ത്തിയാക്കാനായില്ല. ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ രൂപവത്കരണത്തില്‍ സജീവപങ്കാളിത്തം വഹിച്ചു.

പിന്നീടാണ് ശരീരത്തെ പക്ഷാഘാതം കീഴ്പ്പെടുത്തുന്നത്. രണ്ടുതവണ സ്ട്രോക് വന്നു. ശരീരം തീരെ ചലിക്കാത്ത അവസ്ഥ. വര്‍ഷങ്ങള്‍ എടുത്തുള്ള വലിയ ചികിത്സകള്‍. അതോടെ  ബുദ്ധിമുട്ടിയാല്‍ ചലിക്കാമെന്നായി. പതിയെ സംസാരിക്കാം. ഒരുപാടു വായിക്കുന്ന ആളായിരുന്നു. ഇപ്പോള്‍ അതിനു കഴിയുന്നില്ല. അങ്ങേയറ്റം വൈകാരികമായും സത്യസന്ധമായും ചെയ്യുന്ന ഒരേയൊരു പ്രവൃത്തി സിനിമ കാണുക എന്നതായിരുന്നു. ഇപ്പോള്‍ അതിനും കഴിയുന്നില്ളെന്ന് വേദനയോടെ തുറന്നുപറഞ്ഞിട്ടുണ്ട്. ഭാര്യ പപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സല്‍മ. അരുണ്‍, താര എന്നീ രണ്ടു മക്കള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.