?????? ????????? ???????? ????????

അംബാനിയുടെ പരസ്യ മോഡല്‍

മുകേഷ് അംബാനി നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയത്തെന്നെ പരസ്യ മോഡലാക്കി. അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍െറ ജിയോ-4ജി മൊബൈല്‍ ഡാറ്റ സര്‍വിസ് എന്ന പുതിയ ഉല്‍പന്നത്തിന് നരേന്ദ്ര മോദി പ്രചാരകനായതില്‍ യഥാര്‍ഥത്തില്‍ അമ്പരക്കേണ്ടതില്ല. വ്യവസായികളെ മോദിയാണോ ഉപയോഗപ്പെടുത്തുന്നത്, മോദിയെ വ്യവസായികളാണോ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യത്തിലേ ശങ്ക വേണ്ടൂ. അദ്ദേഹം പല വ്യവസായികളുടെയും സ്വന്തമാണ്. സ്വന്തം പക്ഷത്തേക്ക് ചാഞ്ഞു നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ മടിയുമില്ല. പരസ്യത്തില്‍ മോദിയുടെ ചിത്രം റിലയന്‍സ് ഉപയോഗിച്ചത് അദ്ദേഹം അറിയാതെയാകാനും തരമില്ല.

തങ്കനൂല്‍ കൊണ്ട് നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന് തുന്നിച്ചേര്‍ത്ത കോട്ട് സൂറത്തിലെ വ്യവസായി നിര്‍മിച്ചു കൊടുത്തതും, അത് ധരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി ചര്‍ച്ചക്ക് ചെന്നതുമൊന്നും അബദ്ധം പിണഞ്ഞതല്ല. ഗൗതം അദാനിയുമായി ആസ്ട്രേലിയയിലും മറ്റ് പലേടത്തും പോയത്, വിമാനയാത്രയില്‍ കൂട്ടിനൊരാള്‍ ഇരിക്കട്ടെ എന്ന ചിന്ത കൊണ്ടല്ല. പ്രധാനമന്ത്രിക്കൊപ്പം നടത്തിയ ആസ്ട്രേലിയന്‍ യാത്രയിലാണ് അദാനി അവിടെ കല്‍ക്കരി ഖനനത്തിനും മറ്റും അനുമതി തരപ്പെടുത്തിയത്. വ്യവസായികള്‍ക്കും പ്രധാനമന്ത്രിക്കുമിടയില്‍ അങ്ങോട്ടുമിങ്ങോട്ടും അനായാസം നടക്കാവുന്ന ഒരു പാലമുണ്ട്. അതിനെ വേണമെങ്കില്‍ ‘മേക് ഇന്‍ ഇന്ത്യ’യെന്നു വിളിക്കാം. അതുകൊണ്ട് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പച്ചക്കൊടിയെന്ന വെണ്ടക്ക വാര്‍ത്ത വായിച്ചവര്‍ കാതുകൂര്‍പ്പിക്കുക കൂടി ചെയ്യേണ്ട അവസരമാണിത്. വിഴിഞ്ഞത്തിന് കേന്ദ്രത്തില്‍നിന്ന് കിട്ടിയതൊക്കെ കുറുപ്പിന്‍െറ ഉറപ്പായി മാറിയെന്നു വരും. കൊള്ളാവുന്ന കച്ചവടം കുളച്ചലിലാണോ വിഴിഞ്ഞത്താണോ എന്നു നോക്കി ഗൗതം അദാനി തുറമുഖം മാറ്റും. കേന്ദ്രത്തിലുള്ളവര്‍ക്ക് വിഴിഞ്ഞമല്ല, അദാനിയാണ് മുഖ്യം.

ജിയോ കമ്പനിയുടെ പരസ്യം കാണുന്നവര്‍ക്ക് അമ്പരപ്പ് ഉണ്ടായിപ്പോകുന്നത്, രാജ്യത്തെ പ്രധാന ഭരണകര്‍ത്താവിന്‍െറ മുഖം സ്വകാര്യ കമ്പനി സ്വന്തം കച്ചവടം പൊടിപൂരമാക്കാന്‍ ദുരുപയോഗിക്കുന്ന പതിവില്ലാത്തതു കൊണ്ടാണ്. ‘ഇന്ത്യക്കും 120 കോടി ഇന്ത്യക്കാര്‍ക്കുമായി ജിയോ ഡിജിറ്റല്‍ ലൈഫ് സമര്‍പ്പിക്കുന്നു’വെന്ന തലവാചകത്തിനു കീഴില്‍ നരേന്ദ്ര മോദിയുടെ വലിയ ചിത്രമുള്ള പരസ്യമാണ് പുതിയ മൊബൈല്‍ 4ജി ഡാറ്റ കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് റിലയന്‍സ് വിവിധ പത്രങ്ങള്‍ക്ക് നല്‍കിയത്. ‘വരൂ, ജിയോ മുന്നേറ്റത്തില്‍ പങ്കാളിയാവൂ’ എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്ന മട്ടിലായിരുന്നു മുഴുപ്പേജ് പരസ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെ ഭരണകൂടത്തിന്‍െറ മുഖങ്ങളാണ്. അതുകൊണ്ട് സ്വകാര്യ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി കച്ചവട താല്‍പര്യത്തിന് നിന്നുകൊടുക്കാന്‍ പാടില്ളെന്നാണ് ചട്ടം. അങ്ങനെ ചെയ്യുന്നത് പക്ഷപാതമാണ്; അനുചിതവും നിയമവിരുദ്ധവുമാണ്. ചിഹ്നങ്ങളും പേരുകളും അനുചിതമായി ഉപയോഗിക്കുന്നത് തടയാന്‍ നിയമമുണ്ട്. മുമ്പ് ഒരു പ്രധാനമന്ത്രിമാരുടെയും ചിത്രങ്ങള്‍ സ്വകാര്യ കമ്പനി ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ല. 2010ല്‍ മഹാത്മഗാന്ധിയുടെ ചിത്രമുള്ള പേനകള്‍ ഇറക്കിയ അന്താരാഷ്ട്ര കമ്പനിയായ മോണ്ട് ബ്ളാങ്കിന് ഇന്ത്യന്‍ വിപണിയില്‍നിന്ന് അത് പിന്‍വലിക്കേണ്ടിവന്നിരുന്നു.

അതെല്ലാം മുന്‍നിര്‍ത്തിയാണ്, ബി.എസ്.എന്‍.എല്ലിനെ രക്ഷിക്കാന്‍ വേണ്ടി മോദി ഇത്തരത്തില്‍ ഒരു പരസ്യത്തിന് നിന്നുകൊടുത്തിട്ടുണ്ടോ എന്ന് എന്‍.ഡി.എയിലെ അടിച്ചമര്‍ത്തപ്പെട്ട സഖ്യകക്ഷി ശിവസേന ചോദിക്കുന്നത്. മോദി അംബാനിയുടെ പോക്കറ്റിലാണ് എന്നതിന് കൂടുതല്‍ തെളിവു വേണമോ എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദിക്കുന്നത്. പക്ഷേ, പ്രധാനമന്ത്രിയുടെ വലിയ ചിത്രത്തോടെ മുകേഷ് അംബാനി പരസ്യം നല്‍കിയതിനെക്കുറിച്ച് സര്‍ക്കാറും നിയമസംവിധാനങ്ങളും പ്രതികരിച്ചിട്ടില്ല; പ്രതികരിക്കുകയുമില്ല. മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലായ നെറ്റ്വര്‍ക് 18 ടി.വി ചാനല്‍ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച സംപ്രേഷണം ചെയ്തതും ഇതിനിടയില്‍ ശ്രദ്ധേയം.

റിലയന്‍സ് ജിയോ-4ജി ഇക്കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഒരു ജിഗാ ബൈറ്റ് ഡാറ്റക്ക് ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ നിരക്കായ 50 രൂപയാണ് ഈടാക്കുന്നതെന്ന് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ‘കാലത്തിന്‍െറ യാത്രയില്‍, ജീവിതം തന്നെ മാറ്റിമറിക്കുന്ന അപൂര്‍വം നിമിഷങ്ങള്‍ വരും. നമ്മുടെ പ്രധാനമന്ത്രിയുടെ പ്രചോദനാത്മകമായ ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാട് അത്തരത്തിലൊരു മുന്നേറ്റമാണ്. പ്രധാനമന്ത്രിയുടെ ദര്‍ശനം സാക്ഷാത്കരിക്കുന്നതിന് 120 കോടി ഇന്ത്യക്കാര്‍ക്ക് ജിയോ സമര്‍പ്പിക്കുന്നു. ഡാറ്റയുടെ ശക്തി ഓരോ ഇന്ത്യക്കാരനും നല്‍കുകയാണ് ജിയോ ഡിജിറ്റല്‍ ലൈഫ് ചെയ്യുന്നത്’ -അംബാനിയുടെ ഈ വാക്കുകള്‍ പത്രപരസ്യത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ സ്വപ്നത്തിലേക്കുള്ള സംഭാവനയാണിതെന്നും അംബാനി കൂട്ടിച്ചേര്‍ക്കുന്നു. സംഭാവന ഏതുമാകട്ടെ, സര്‍ക്കാറിലെ സ്വാധീനവും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാങ്കേതിക സജ്ജീകരണ ശൃംഖലയും പിന്‍പറ്റി വളരുന്നതാണ് റിലയന്‍സിന്‍െറ ശീലമെന്നു കാണാന്‍ പ്രയാസമില്ല.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍ എന്നിവക്കുവേണ്ടി ഖജനാവില്‍നിന്ന് എത്രയോ കോടികള്‍ ചെലവിട്ട് സജ്ജീകരിച്ച സാങ്കേതിക സംവിധാനങ്ങളുണ്ട്. അതില്‍ മികവുറ്റതിന്‍െറ പ്രയോജനം പലതും സ്വകാര്യ കമ്പനികള്‍ കൈയടക്കി. ടെലിഫോണ്‍ വിളി പലവട്ടം മുറിയുകയോ കേള്‍ക്കാത്ത അവസ്ഥയിലത്തെുകയോ ചെയ്യുന്ന ദുര്‍ബലരായി ബി.എസ്.എന്‍.എല്ലും മറ്റും ഇന്ന് മാറിപ്പോയിരിക്കുന്നു എന്നതും യാഥാര്‍ഥ്യം മാത്രം. ഇതിനെല്ലാമിടയില്‍, ഇപ്പോള്‍ റിലയന്‍സ് അവതരിപ്പിക്കുന്ന ഡാറ്റാ സേവനം വിപ്ളവാത്മകമെന്നു പറയാന്‍ പറ്റുകയില്ല. ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരെക്കാള്‍ ചാറ്റ് ചെയ്യുന്നവര്‍ക്കാണ് പുതിയ സംവിധാനം കൂടുതല്‍ പ്രയോജനപ്പെടുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫലത്തില്‍ ഡിജിറ്റല്‍ ഇന്ത്യക്കല്ല, അനലോഗ് ഇന്ത്യക്കാണ് പ്രയോജനം. 4,999 രൂപയുടെ പ്രതിമാസ പാക്കേജ് വാങ്ങുന്നവര്‍ക്കാണ് ജിയോയുടെ ഡാറ്റ ചാര്‍ജ് ഒരു ജി.ബിക്ക് 50 രൂപ നിരക്കില്‍ നല്‍കുന്നത്. 499 രൂപയുടെ സാധാരണ പാക്കില്‍ നാല് ജി.ബി മാത്രമാണ് കിട്ടുക-അതായത് ഒരു ജി.ബിക്ക് 100 രൂപ. മറ്റ് പാക്കേജുകള്‍ പരിശോധിച്ചാലും ഡാറ്റ വിപ്ളവത്തിലെ ഇത്തരം ചൂഷണം ബോധ്യമാവും.

ജിയോയുടെ വരവ് ടെലികോം വിപണിയെ താല്‍ക്കാലികമായെങ്കിലും ഒന്ന് ഉലക്കുമെന്നത് നേര്. വോയ്സ് കോളുകള്‍, രാജ്യത്തിനകത്തെ റോമിങ് എന്നിവ 4ജിയില്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് റിലയന്‍സ് ജിയോയില്‍ ചെയ്തിരിക്കുന്നത്. ഇതുവഴി ഉപയോക്താക്കളല്ല, ഈ മേഖലയിലുള്ള മറ്റ് കമ്പനികളാണ് പ്രശ്നത്തിലായത്. കമ്പനികള്‍ മത്സരിക്കുന്നത് ഉപയോക്താക്കള്‍ക്ക് നല്ലതാണ്. നിരക്ക് കുറയും; മെച്ചപ്പെട്ട സേവനം കിട്ടിയെന്നിരിക്കും. കുത്തകയായി നേടിക്കഴിയുമ്പോള്‍ തനിസ്വഭാവം പുറത്തെടുക്കുമെന്നുകൂടി പറയേണ്ടതുണ്ട്. ജിയോയുടെ വരവ് മറ്റു കമ്പനിക്കാരെ എത്രത്തോളം പ്രശ്നത്തിലാക്കുന്നുവെന്നത് വിപണിയിലെ ചലനങ്ങളില്‍ പ്രകടമാണ്. അതുകൊണ്ടാണ് പുതിയ ഉല്‍പന്നം വിപണിയിലിറങ്ങിയപ്പോള്‍ എയര്‍ടെല്‍ പോലുള്ള പ്രതിയോഗികളുടെ ഓഹരി വിലയും ഉല്‍പന്നപ്രിയവുമൊക്കെ ഇടിഞ്ഞത്. ശതകോടികളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിരക്കുകള്‍ കുറച്ചും ഗുണമേന്മ മെച്ചപ്പെടുത്തിയും മത്സരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാണ്.

100 കോടി കവിഞ്ഞ ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളില്‍ നല്ല പങ്കും മൊബൈല്‍ ഇന്‍റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്നുവെന്നാണ് കണക്ക്. കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്‍റര്‍നെറ്റ് ലഭിക്കാന്‍ അവര്‍ തീര്‍ച്ചയായും ശ്രമിക്കും. മീനും പച്ചക്കറി-പലവ്യഞ്ജനങ്ങളും മുതല്‍ തുണിയലക്കു വരെ ഓണ്‍ലൈനില്‍ വീട്ടിലേക്ക് എത്തുന്ന കാലമാണ്. ഓണ്‍ലൈന്‍ സാങ്കേതികവിദ്യ കൂടുതല്‍ പകിട്ടോടെ അവതരിപ്പിക്കാന്‍ കമ്പനികളും സ്വന്തം മൊബൈലില്‍ ലഭ്യമാക്കാന്‍ ഉപയോക്താക്കളും മത്സരിക്കുന്ന കാലം. ഈ സാഹചര്യത്തിലാണ് 4ജിയിലൂടെ മെച്ചപ്പെട്ട ഡാറ്റ ഗുണമേന്മ കുറഞ്ഞ നിരക്കില്‍ റിലയന്‍സ് വാഗ്ദാനം ചെയ്യുന്നത്. റിലയന്‍സിന്‍െറ 4ജി സേവനം എത്രകണ്ട് ആശ്രയിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ പക്ഷേ, വ്യക്തമല്ല. അവരുടെ ഉല്‍പന്ന വിശ്വാസ്യത, പരസ്യത്തിന്‍െറ കൊഴുപ്പിനോട് ഒത്തുനില്‍ക്കുന്നതല്ല. താല്‍ക്കാലികമായ ഇടിവ് മറ്റു കമ്പനികള്‍ക്ക് ഉണ്ടാകാമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്ത്യയിലെ വിപുലമായ വിപണിയില്‍ മറ്റു കമ്പനികളുടെ പുതിയ ഉല്‍പന്നങ്ങള്‍ക്കും സ്വന്തമായ ഇടം ലഭിക്കും. പ്രവര്‍ത്തന ചെലവു കുറച്ച് ജിയോ സംരംഭം ലാഭകരമാക്കാന്‍ അംബാനിക്കും പ്രയത്നിക്കേണ്ടിയും വരും. വര്‍ഷങ്ങള്‍ക്കു മുമ്പ് മൊബൈല്‍ ഫോണ്‍ മിക്കവാറും ഫ്രീ നല്‍കിയാണ് റിലയന്‍സ് രംഗപ്രവേശം ചെയ്തത്. പക്ഷേ, ടെലികോം രംഗം അടക്കിവാഴുന്ന ഒന്നാമനാകാന്‍ റിലയന്‍സിന് ഇന്നും കഴിഞ്ഞിട്ടില്ല. മോദിയല്ല ആരുതന്നെ പരസ്യമോഡലായി നിന്നാലും, അല്‍പം വൈകിപ്പോയേക്കാമെങ്കില്‍ക്കൂടി, ഗുണദോഷങ്ങള്‍ ഉപയോക്താക്കള്‍ വേര്‍തിരിച്ചെടുക്കും എന്നര്‍ഥം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.