രാജീവ് ഗാന്ധി വധത്തിന്‍െറ രാഷ്ട്രീയ മാനങ്ങള്‍

രാജീവ് വധത്തിന് കാല്‍നൂറ്റാണ്ടിനുശേഷവും അതിന്‍െറ രാഷ്ട്രീയ വിവക്ഷകളെഅഭിസംബോധന ചെയ്യാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് കഴിഞ്ഞിട്ടില്ല.
മരണം തേടിയുള്ള ഒരു യാത്രപോലെയായിരുന്നു അത്. 1991 മേയ് 21ന് രാത്രി എട്ടോടെ വിശാഖപട്ടണത്തില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാജീവ് ഗാന്ധി നേരെ പോയത് 40 കി. മീറ്റര്‍ അകലെയുള്ള ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുക്കാനായിരുന്നു. രാജീവിന്‍െറ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകള്‍ നിലനിന്നിരുന്നുവെങ്കിലും അതിലൊന്നും പതറാതെയായിരുന്നു യാത്ര. പൊലീസുകാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അടക്കം ഒരു ഡസനോളം വാഹനങ്ങള്‍ അകമ്പടിയുണ്ടായിരുന്നു. പ്രത്യേകം സജ്ജമാക്കിയ അംബാസഡര്‍ കാറില്‍ ശ്രീപെരുംപുത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന മരഗതം ചന്ദ്രശേഖറോടൊപ്പമായിരുന്നു യാത്ര. മുന്‍സീറ്റില്‍ ഇരുന്ന് വഴിനീളെ ജനങ്ങളുടെ അഭിവാദ്യം സ്വീകരിച്ചുകൊണ്ടായിരുന്നു രാജീവ് മുന്നോട്ടുനീങ്ങിയത്. പിന്‍സീറ്റില്‍ മരഗതത്തിനൊപ്പം ഉണ്ടായിരുന്ന ‘ന്യൂയോര്‍ക് ടൈംസ്’ ലേഖിക ബര്‍ബാറ ക്രോസെറ്റ് ആപത്കരമായ ആ യാത്രയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. കാറിന്‍െറ ഗ്ളാസ് വിന്‍ഡോകള്‍ തുറന്നിട്ടിരുന്നു. ഡാഷ്ബോര്‍ഡിലെ ബള്‍ബില്‍നിന്നുള്ള കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തില്‍ രാജീവിനെ പുറത്തുനിന്ന് വ്യക്തമായി കാണാമായിരുന്നു. വഴിയരികില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടങ്ങളോട് സംസാരിച്ചും അവരില്‍നിന്ന് ഹാരങ്ങള്‍ സ്വീകരിച്ചും പലര്‍ക്കും ഹസ്തദാനം ചെയ്തും നീങ്ങിയ ആ യാത്രക്കിടയില്‍ എപ്പോള്‍ വേണമെങ്കിലും ഒരു കൊലയാളിക്ക് നുഴഞ്ഞുകയറി രാജീവിനെ വധിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, വിധി മനുഷ്യ ബോംബിന്‍െറ രൂപത്തില്‍ അദ്ദേഹത്തെ കാത്തുനിന്നത് ശ്രീപെരുംപുത്തൂരില്‍ ആയിരുന്നു. രാത്രി പത്തോടെ ശ്രീപെരുംപുത്തൂരിലെ സമ്മേളന സ്ഥലത്തത്തെിയ രാജീവ് വേദിയിലേക്ക് നടന്നുനീങ്ങവേ ഹാരമണിയിക്കാനെന്ന പേരില്‍ രാജീവിനെ സമീപിച്ച കൊലയാളി തനുവിനെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഓഫിസര്‍ അനസൂയ തടഞ്ഞുനിര്‍ത്തിയപ്പോള്‍ രാജീവ് ഇടപെട്ടു: ‘എല്ലാവര്‍ക്കും അവരുടെ അവസരം ലഭിക്കട്ടെ. നിങ്ങള്‍ ആശങ്കപ്പെടേണ്ട.’ അത് രാജീവിന്‍െറ അവസാനവാക്കുകളായി. സെക്കന്‍ഡുകള്‍ക്കകം ആ മുന്‍ പ്രധാനമന്ത്രിയുടെ ശരീരം മാംസത്തുണ്ടുകളായി ചിതറിത്തെറിച്ചു.

രാജീവ്വധത്തിന്‍െറ വാര്‍ത്തയറിഞ്ഞ രാത്രിയില്‍  ചെന്നൈയില്‍ ഉണ്ടായിരുന്ന ഞാന്‍ ആദ്യം ആലോചിച്ചത് അത് നഗരത്തിലും തമിഴ്നാട്ടിലാകമാനവും എന്ത് വൈകാരികപ്രതികരണം ഉണ്ടാക്കും എന്നതിനെക്കുറിച്ചാണ്. നേതാക്കളുടെ ആകസ്മിക വിയോഗങ്ങളോട് തമിഴ് ജനതയുടെ ഭ്രാന്തമായ പ്രതികരണം ഏറെ കണ്ടതും കേട്ടതുമാണ്. ഞാന്‍ പെട്ടെന്ന് ഓര്‍ത്തുപോയത് ഇന്ദിരഗാന്ധിയുടെ വധത്തെക്കുറിച്ചാണ്. 1984 ഒക്ടോബര്‍ 31ന് ഇന്ദിര ഗാന്ധി വധിക്കപ്പെട്ട ദിവസവും ഞാന്‍ ചെന്നൈയില്‍ ഉണ്ടായിരുന്നു. രാവിലെ ഒരു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് വാര്‍ത്ത എത്തുന്നത്. വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ഞങ്ങള്‍ പുറത്തിറങ്ങുമ്പോഴേക്കും നഗരം പ്രക്ഷുബ്ധമായിക്കഴിഞ്ഞിരുന്നു. പലയിടത്തും അക്രമസംഭവങ്ങള്‍ അരങ്ങേറി.സിഖുകാരുടെ ചില കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. വാഹനങ്ങള്‍ ഓടുന്നില്ല. കച്ചവടസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഏഴ് കിലോമീറ്റര്‍ അകലെയുള്ള താമസസ്ഥലത്തേക്ക് നടന്നുപോകേണ്ടിവന്നു. തമിഴ്നാട്ടില്‍ എല്ലായിടത്തും സമാനമായ അവസ്ഥ. 14 പേരാണ് ഇന്ദിര വധത്തില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ ആത്മാഹുതിചെയ്തത്.
എന്നാല്‍, രാജീവ് വധത്തോടുള്ള പ്രതികരണം വ്യത്യസ്തമായിരുന്നു. അതിവൈകാരികതയോടെയുള്ള പ്രതികരണമില്ല. എങ്ങും പ്രകടമായത് ഒരു അമ്പരപ്പായിരുന്നു. അതിന് ഒരു കാരണം പ്രതിസ്ഥാനത്ത് എല്‍.ടി.ടി.ഇ ആണെന്നതായിരുന്നു. മാത്രവുമല്ല, വധം നടന്നയുടന്‍ അക്കാര്യം അസന്ദിഗ്ധമായി ബോധ്യപ്പെട്ടുകഴിഞ്ഞിരുന്നുമില്ല. രാജീവ് വധത്തിന്‍െറ ആദ്യത്തെ പ്രത്യാഘാതം പ്രകടമായത് അന്നത്തെ കരുണാനിധി സര്‍ക്കാറിന്‍െറ പിരിച്ചുവിടലിലാണ്. എല്‍.ടി.ടി.ഇ പോലുള്ള സംഘടനകളെ തമിഴ് നാട്ടില്‍ സൈ്വരവിഹാരം നടത്താന്‍ അനുവദിക്കുകയും രാജീവ്വധം പോലുള്ള ഒരു കൃത്യം ചെയ്യാനുള്ള സാഹചര്യം ഉണ്ടാകുന്നതില്‍ പരോക്ഷമായെങ്കിലും  പങ്കുവഹിക്കുകയും ചെയ്തു എന്ന ആരോപണം പല കേന്ദ്രങ്ങളും അന്നത്തെ ഡി.എം.കെ സര്‍ക്കാറിനെതിരെ ഉയര്‍ത്തിയിരുന്നു. ഈ ആരോപണം ഭാഗികമായി ശരിയാകാം. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ പിരിച്ചുവിടാന്‍ തക്കവിധം തെളിവുകളുടെ അടിസ്ഥാനം ഈ ആരോപണത്തിന് ഉണ്ടായിരുന്നുവോ? കോണ്‍ഗ്രസ് അങ്ങനെയൊരു ആരോപണം ഉന്നയിച്ചിരുന്നില്ളെങ്കിലും ആ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ സഖ്യകക്ഷിയായിരുന്ന അവര്‍ ഇക്കാര്യത്തില്‍ മൗനം അവലംബിച്ചു. കേന്ദ്രത്തിലെ ചന്ദ്രശേഖര്‍സര്‍ക്കാറാകട്ടെ, ഗവര്‍ണറുടെ റിപ്പോര്‍ട്ട് പോലും തേടാതെ റോയുടെയും (റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ്) ഐ.ബിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കരുണാനിധി സര്‍ക്കാറിനെ പിരിച്ചുവിട്ടു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അപക്വവും അനുചിതവും അനഭിലഷണീയവുമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കാന്‍ മാത്രം ഉതകുന്നതായിരുന്നു ആ തീരുമാനമെന്ന് ബോധ്യമാകും. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു മാത്രമാണ് അന്ന് ആ കേന്ദ്ര നടപടിയെ ശക്തമായി എതിര്‍ത്തത്.

‘ജനകീയനായിത്തീരാന്‍’ ഉള്ള വ്യഗ്രതയായിരുന്നുവോ രാജീവിനെ ദുരന്തത്തിലേക്ക് തള്ളിവിട്ട ഒരു കാരണം? അവസാനത്തെ ആ ചെന്നൈ സന്ദര്‍ശനത്തില്‍ ആ വ്യഗ്രത പ്രകടമായിരുന്നു. 1984ല്‍ ഇന്ദിരയുടെ വധത്തിനുശേഷം അവിചാരിതമായി പ്രധാനമന്ത്രി പദത്തിലത്തെിയ രാജീവ് ഇന്ത്യന്‍രാഷ്ട്രീയത്തിലെ ‘ലക്ഷണയുക്തനായ’ ഒരു ജനകീയ നേതാവായിരുന്നില്ല. ഇന്ദിരാ വധത്തിനുശേഷം രാജീവ് അധികാരത്തിലത്തെിയ ഉടന്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സഹതാപതരംഗത്തിന്‍െറ വേലിയേറ്റത്തില്‍ കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയെങ്കിലും 1991ലെ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം തികച്ചില്ല. തുടര്‍ന്ന് അധികാരത്തില്‍വന്ന വി.പി. സിങ് സര്‍ക്കാറിന് അധികം ആയുസ്സുണ്ടായില്ല. ആ സര്‍ക്കാര്‍ വീണപ്പോഴാണ് കോണ്‍ഗ്രസിന്‍െറ പിന്തുണയോടെ ചന്ദ്രശേഖര്‍ സര്‍ക്കാര്‍ അധികാരമേറ്റത്. അധികം താമസിയാതെ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കുകയും ആ സര്‍ക്കാര്‍ നിലംപറ്റുകയും ചെയ്തു.

ചന്ദ്രശേഖര്‍ സര്‍ക്കാര്‍ കാവല്‍സര്‍ക്കാര്‍ ആയി തുടരവെയായിരുന്നു 1991ലെ തെരഞ്ഞെടുപ്പ്. 1989ലെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ രാജീവ് ജനങ്ങളില്‍നിന്ന് അകലം പാലിക്കുന്നു എന്ന തോന്നലുണ്ടായതായി ചിലര്‍ പരാതിപ്പെട്ടത് പരിഹരിക്കാനായിരുന്നു ഈ തെരഞ്ഞെടുപ്പില്‍ രാജീവിന്‍െറ ശ്രമം. സുരക്ഷാവിലക്കുകള്‍പോലും ലംഘിച്ച് ജനകീയനാകാനുള്ള ആ ശ്രമവും രാജീവ് വധിക്കപ്പെടുന്നതിന് ഒരു കാരണമായിട്ടുണ്ടാകാം.
എന്നാല്‍, രാജീവ് ശ്രീപെരുംപുത്തൂരില്‍ വധിക്കപ്പെട്ടില്ലായിരുന്നുവെങ്കിലോ? 1991ലെ തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടം രാജീവ്വധത്തിനു മുമ്പ് നടന്നുകഴിഞ്ഞിരുന്നു. ആ ഘട്ട തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍െറ പ്രകടനം ശോചനീയമായിരുന്നു. എന്നാല്‍, രാജീവ്വധത്തിനുശേഷം നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അക്ഷരാര്‍ഥത്തില്‍ത്തന്നെ തൂത്തുവാരുകയുംചെയ്തു. അതാണ് വീണ്ടും അധികാരത്തിലേറാന്‍ കോണ്‍ഗ്രസിനെ സഹായിച്ചത്. ഒരു നേതാവിന്‍െറ മരണം ജനാധിപത്യ പ്രക്രിയയെ ഈവിധം സ്വാധീനിക്കുന്നത് അഭിലഷണീയമാണോ? നമ്മുടെ ജനാധിപത്യവ്യവസ്ഥ ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.

ഒരു രാഷ്ട്രീയനേതാവെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും രാജീവ് രാജ്യത്തിനു നല്‍കിയ സംഭാവന എന്ത്? അറിഞ്ഞോ അറിയാതെയോ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദ്ദേഹം പുത്തനുണര്‍വ് നല്‍കി. പാര്‍ട്ടിയില്‍ വൃദ്ധനേതൃത്വം പിടിമുറുക്കിയിരുന്നുവെങ്കിലും യുവാക്കളുടെ ഒരു പുതിയ നിര ഉയര്‍ന്നുവരാന്‍ തുടങ്ങി. അതുവരെ കോണ്‍ഗ്രസ് നേതൃത്വം, ഇന്ദിര ഗാന്ധിയടക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെക്കുറിച്ചാണ് വേവലാതി പൂണ്ടത്. രാജീവ് ആദ്യമായി 21ാം   നൂറ്റാണ്ടിനെക്കുറിച്ച് സംസാരിച്ചു. ഭൂതകാലത്തില്‍ അടയിരിക്കാതെ ഭാവിയിലെ ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്‍െറ സാക്ഷികളും പങ്കാളികളുമാകാന്‍ അദ്ദേഹം യുവാക്കളെ ആഹ്വാനംചെയ്തു. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ നവ സാങ്കേതികവിദ്യയെക്കുറിച്ചും ഐ.ടി വ്യവസായവളര്‍ച്ചയുടെ അനുപേക്ഷണീയതയെക്കുറിച്ചുമൊക്കെ സംസാരിച്ചുതുടങ്ങിയത് അതിനുശേഷമാണ്.

എന്നാല്‍, ഒരു രാഷ്ട്രീയനേതാവും ഭരണാധികാരിയും പ്രകടിപ്പിക്കേണ്ട നയതന്ത്രജ്ഞത രാജീവിന് അന്യമായിരുന്നു. ഇന്ദിരക്കുശേഷം പാര്‍ട്ടിയില്‍ ഒരു ഉപജാപകവൃന്ദം വീണ്ടും രൂപപ്പെട്ടുവരുകയും അവര്‍ രാജീവിനെ വഴിതെറ്റിക്കുകയും ചെയ്തു. ധിറുതിപിടിച്ച് ചന്ദ്രശേഖര്‍ മന്ത്രിസഭയെ അട്ടിമറിച്ചത് പക്വതയില്ലായ്മയുടെ ഏറ്റവും നല്ല ഉദാഹരണമാണ്. വിദേശനയത്തിലാണെങ്കില്‍ ശ്രീലങ്കയിലെ ഇടപെടല്‍ ഈ പക്വതയില്ലായ്മയുടെ മറ്റൊരു ഉദാഹരണമാണ്. ഇതിനെല്ലാം ഉപരി ഇന്നും നിഗൂഢവും ദുരൂഹവുമായി തുടരുന്ന ബോഫോഴ്സ് അഴിമതിയുടെ കരിനിഴല്‍ രാജീവിന്‍െറ യശസ്സിന് ഒരു തീരാകളങ്കമായി തുടരുന്നു.

ചെന്നൈയില്‍ ഇന്ന് രാജീവ്ഗാന്ധിയെ ഓര്‍ക്കുമ്പോള്‍ ഇതുകൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്:  ഇത്തവണ രാജീവ് ചരമവാര്‍ഷികവും ജയലളിതയുടെ തെരഞ്ഞെടുപ്പു വിജയവും ഒന്നുചേര്‍ന്നത് യാദൃച്ഛികമാകാം. എന്നാല്‍, നവസാങ്കേതികതയെക്കുറിച്ചുള്ള രാജീവിന്‍െറ കാഴ്ചപ്പാട് അന്നുതന്നെ പങ്കുവെച്ച മുഖ്യമന്ത്രിയായിരുന്നു ജയലളിത. അതിനെ അടിസ്ഥാനമാക്കി 1990കളില്‍ ജയലളിത കൈക്കൊണ്ട നടപടികളാണ് ഇന്ന് തമിഴ്നാടിനെ ഐ.ടി വ്യവസായമേഖലയില്‍ മുന്നിലത്തെിച്ചത്. അതേസമയം, രാജീവിനെയെന്നപോലെ അഴിമതിയാരോപണങ്ങള്‍ ജയലളിതയെയും ഒഴിയാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ മാസം ഒടുവില്‍ ജയയുടെ കേസ് സുപ്രീംകോടതിയുടെ പരിഗണനക്കുവരും. തെരഞ്ഞെടുപ്പിന്‍െറ ജയാരവങ്ങള്‍ ഒടുങ്ങുമ്പോള്‍ ജയയെ കാത്തിരിക്കുന്ന ആ വിധി എന്തായിരിക്കും?

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.