മൂന്നാംമുന്നണിയും മോദിയുടെ കാടിളക്കലും

‘പ്രസംഗങ്ങളാണ് എക്കാലവും വാക്കുകളെക്കാള്‍ ജനഹൃദയങ്ങള്‍ കീഴടക്കിയിട്ടുള്ളതെന്ന് എനിക്കറിയാം. ഏതൊരു മഹാപ്രസ്ഥാനവും അതിന്‍െറ വളര്‍ച്ചക്ക് കടപ്പെട്ടിരിക്കുന്നത് മഹാന്മാരായ പ്രസംഗകരോടാണ്; എഴുത്തുകാരോടല്ല’  -അഡോള്‍ഫ് ഹിറ്റ്ലറുടെ ഈ നിരീക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി പലവുരു വായിച്ചിട്ടുണ്ടാവണം. പ്രസംഗത്തിന്‍െറ മാസ്മരികത കൊണ്ട് പ്രധാനമന്ത്രിപദത്തിലേറിയ മോദി ആ കലയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തി കേരളത്തില്‍ കുളംകലക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതിന്‍െറ കുതൂഹലങ്ങളാണ് ഈ കേള്‍ക്കുന്നതൊക്കെ. ഇതാദ്യമായിരിക്കാം ഒരു പ്രധാനമന്ത്രി മൂന്നുതവണ സംസ്ഥാനത്ത് പറന്നുവന്ന് വോട്ട് പിടിക്കാന്‍ മെനക്കെടുന്നത്. പാലക്കാട്ടും കാസര്‍കോട്ടും തിരുവനന്തപുരത്തുമൊക്കെ പ്രസംഗിച്ച മോദി ഇരിക്കുന്ന കസേരയുടെ മഹത്ത്വം മറന്നാണ് പക്കാ രാഷ്ട്രീയക്കാരന്‍െറ ഭാഷയിലും ശൈലിയിലും വോട്ടര്‍മാരെ വശീകരിക്കാന്‍ ശ്രമിച്ചത്. ഹിന്ദുത്വരാഷ്ട്രീയം ഇക്കുറി കേരളത്തെ കാവിയണിയിക്കുമോ എന്ന  ആകാംക്ഷ ചൂടു പിടിപ്പിച്ചുനിര്‍ത്തുന്നതില്‍ അദ്ദേഹവും മന്ത്രിപരിവാരവും നടത്തുന്ന ഊരുചുറ്റല്‍ വിജയിച്ചുവെന്ന് വേണമെങ്കില്‍ പറയാം. ഇരുമുന്നണികളെയും കടിച്ചുകീറി എന്‍.ഡി.എ മുന്നോട്ടുവെക്കുന്ന ബദല്‍ രാഷ്ട്രീയത്തിലൂടെ ‘കേരളത്തെ ഗുജറാത്താക്കി മാറ്റും’ എന്ന വാഗ്ദാനമാണ് അദ്ദേഹം മലയാളികള്‍ക്ക് നല്‍കിയത്. അത്തരമൊരു വാഗ്ദാനത്തിലടങ്ങിയ അപകടം മണത്തറിഞ്ഞാണ് കേരളത്തെ ഇക്കാണുന്ന മട്ടില്‍ ജീവിക്കാന്‍ അനുവദിക്കണമെന്നും മറ്റൊരു ഗുജറാത്താക്കി സമാധാനം കെടുത്തരുതെന്നും എ.കെ. ആന്‍റണി പ്രതികരിച്ചത്.

എല്‍.ഡി.എഫും യു.ഡി.എഫും സംസ്ഥാനം മാറിമാറി ഭരിക്കുന്നതിനെ പരിഹസിച്ച് മോദി നടത്തിയ അഭിപ്രായപ്രകടനങ്ങളെല്ലാം കേരളീയരെ മൊത്തം നാണംകെടുത്തുന്നതാണ്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സൂചിപ്പിച്ചതുപോലെ കേരളത്തിന്‍െറ രാഷ്ട്രീയപ്രബുദ്ധതയെയാണ് മോദി ചോദ്യം ചെയ്തിരിക്കുന്നത്. ഗുജറാത്തടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം എല്ലാ തുറകളിലും പിന്നാക്കമാണെന്നും ഇന്നാട്ടിന്‍െറ മുരടിപ്പ് മാറ്റാന്‍ തങ്ങള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നൊക്കെയുള്ള വാചകക്കസര്‍ത്ത് കേട്ട്  കൈയടിച്ചവര്‍ ഗുട്ടന്‍സ് മനസ്സിലാക്കിയിട്ടില്ളെന്ന് തോന്നുന്നു. പെരുമ്പാവൂരില്‍ നിഷ്ഠുരമായി കൊല ചെയ്യപ്പെട്ട ജിഷ എന്ന ദലിത് യുവതിയുടെ പേരില്‍ പ്രധാനമന്ത്രി ഒരുപാട് അശ്രുപൊഴിച്ചത് കണ്ടു. കേരളത്തില്‍ ദലിതുകള്‍ക്ക് രക്ഷയില്ല എന്നാണ് അദ്ദേഹം പറയാന്‍ ശ്രമിച്ചത്. എന്നാല്‍, അദ്ദേഹം ഒരു കാര്യം മറന്നു: നരേന്ദ്ര മോദി ഗുജറാത്ത് ഭരിച്ചിരുന്ന കാലത്ത് എത്രയെത്ര  സ്ത്രീകളാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്? അതും മതത്തിന്‍െറ പേരില്‍. ഗര്‍ഭിണികളുടെ വയറ്റില്‍നിന്ന് മുപ്പല്ലി കൊണ്ട് ഭ്രൂണം കുത്തിയെടുത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച ഭീകരസംഭവങ്ങള്‍ മോദി ഇത്ര പെട്ടെന്ന് വിസ്മരിച്ചുപോയോ? രോഹിത് വെമുല എന്ന ദലിത് യുവാവ് , തന്‍െറ ആജ്ഞാനുവര്‍ത്തിയായ സ്മൃതി ഇറാനി എന്ന മന്ത്രിയുടെ ഇംഗിതങ്ങള്‍ നടപ്പാക്കിയ യൂനിവേഴ്സിറ്റി അധികൃതരുടെ പീഡനം സഹിക്കവയ്യാതെ ആത്മാഹുതി ചെയ്യേണ്ടിവന്ന സാഹചര്യം മോദിക്ക് അത്ര പെട്ടെന്ന് മറക്കാനാവുമോ? രാജ്യത്തിന്‍െറ നാനാഭാഗങ്ങളില്‍, വിശിഷ്യ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദലിതര്‍ ഒറ്റക്കും കൂട്ടായും ചുട്ടുക്കൊല്ലപ്പെടുന്ന എണ്ണമറ്റ സംഭവങ്ങള്‍ സമീപകാലത്തുണ്ടായപ്പോള്‍ മൗനം ദീക്ഷിച്ച മോദി എന്ന ‘പ്രചാരകിനു’ ഇപ്പോള്‍ എവിടന്ന് കിട്ടി അനുതാപാര്‍ദ്രമായ മനസ്സ്?

താമര വിരിയാന്‍മാത്രം കേരളത്തിന്‍െറ രാഷ്ട്രീയഭൂമിക ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനു പാകമായിക്കഴിഞ്ഞുവെന്ന് നരേന്ദ്രമോദി അടക്കമുള്ളവര്‍ വാദിക്കുന്നത്  യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കിയല്ല, വ്യാമോഹത്തിന്‍െറ പുറത്താണ്. മുന്‍കാലങ്ങളിലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പി നേതാക്കള്‍ ഇമ്മട്ടിലുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്. ബി.ജെ.പി നേതൃത്വം വേണ്ടവിധം മനസ്സിലാക്കാത്ത ഒരുകാര്യം, ഇരുമുന്നണികളോടും ഇവിടുത്തെ ജനങ്ങള്‍ക്ക്് വ്യത്യസ്തതോതില്‍ അനുഭാവവും എതിര്‍പ്പും ഉണ്ടെങ്കിലും വര്‍ഗീയരാഷ്ട്രീയത്തെ പുല്‍കാന്‍ ഇപ്പോഴും കേരളമനസ്സ് പൂര്‍ണമായും സജ്ജമായിട്ടില്ല എന്നതാണ്.  മുന്‍കാലങ്ങളില്‍നിന്ന് ഈ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്ന  ഘടകം മൂന്നാം മുന്നണിയുടെ പേരിലുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്‍െറ കാടിളക്കിയുള്ള വരവ് ഇരുമുന്നണികളുടെയും മുന്നില്‍ ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നു എന്നതാണ്. അതിനര്‍ഥം ബി.ജെ.പി ഇവിടെ വാഴുമെന്നോ മോദിയുടെ ഇന്ദ്രജാലപ്രകടനം കൊണ്ട് സീറ്റുകള്‍ വാരിക്കൂട്ടുമെന്നോ അല്ല. ശതകോടികള്‍ വാരിവലിച്ചെറിഞ്ഞ പ്രചാരണവും ആര്‍.എസ്.എസ് നേതൃത്വം കൊടുക്കുന്ന അടിത്തട്ടിലുള്ള വോട്ടുപിടിത്തവും യു.ഡി.എഫ്-എല്‍.ഡി.എഫ് സന്തുലിത്വം തെറ്റിച്ചേക്കാം. ലാഭചേതങ്ങള്‍ പങ്കുവെക്കാന്‍ പോകുന്നത് ഇരുമുന്നണികളുമാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ സാന്നിധ്യം കൊണ്ട് ചിലേടങ്ങളില്‍ യു.ഡി.എഫിനു സീറ്റ് നഷ്ടപ്പെട്ടേക്കാം; മറ്റിടങ്ങളില്‍ എല്‍.ഡി.എഫിനും. അല്ലാതെ, ബി.ജെ.പിയോ ബി.ഡി.ജെ.എസോ അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ല.

കേരളത്തെ മാറ്റിയെടുക്കാന്‍ ഇതുവരെ കാവിരാഷ്ട്രീയത്തിനു സാധിച്ചിട്ടില്ല എന്ന് മാത്രമല്ല അതിനുള്ള അര്‍ഥപൂര്‍ണമായ ശ്രമം പോലും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. യു.പിയിലോ മധ്യപ്രദേശിലോ രാജസ്ഥാനിലോ സാധ്യമായ ഹിന്ദുത്വവത്കരണം എളുപ്പത്തില്‍ സാധ്യമാകുന്ന സാമൂഹിക പശ്ചാത്തലമല്ല കേരളത്തിലേത്. സിനിമാ നടന്‍ സുരേഷ് ഗോപിയോ ക്രിക്കറ്റ്താരം ശ്രീശാന്തോ ഗോത്രമഹാസഭ നേതാവ് സി.കെ. ജാനുവോ എസ്.എന്‍.ഡി.പി തലവന്‍ വെള്ളാപ്പള്ളി നടേശനോ ബി.ജെ.പി പക്ഷത്തേക്ക് പച്ചപ്പ് തേടി പോയിട്ടുണ്ടെങ്കില്‍ അതിനര്‍ഥം കേരളം മാറിച്ചിന്തിക്കുന്നുവെന്നല്ല. മുഖ്യധാരാ പാര്‍ട്ടികളുടെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്ന ഒരു നേതാവോ സാമൂഹിക-സാംസ്കാരിക രംഗത്തെ സര്‍വാദരണീയനായ ഒരു വ്യക്തിത്വമോ ഇതുവരെ കാവിരാഷ്ട്രീയക്കാര്‍ വിരിച്ച വലയില്‍ ചെന്നുചാടിയിട്ടില്ല. വ്യക്തി അജണ്ടകളുള്ള ഏതാനും പേര്‍ അവസരം വന്നപ്പോള്‍ രണ്ടും കല്‍പിച്ച് ഭാഗ്യപരീക്ഷണത്തിനു തുനിഞ്ഞുവെന്നുമാത്രം. എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലേതുപോലെ, ദ്രുതഗതിയില്‍ അടിസ്ഥാനപരമായ രാഷ്ട്രീയമാറ്റം കേരളത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ നിരാശപ്പെടേണ്ടിവരും. കാരണം, കേരളത്തിന്‍െറ സാമൂഹിക, സാംസ്കാരിക പശ്ചാത്തലം അതിലോലവും അങ്ങേയറ്റം സെന്‍സിറ്റീവുമാണ്.  54 ശതമാനം ഹിന്ദുക്കളും 46 ശതമാനം ന്യൂനപക്ഷങ്ങളും ഒത്തൊരുമിച്ച് ജീവിക്കുന്ന ഒരു സംസ്ഥാനത്ത് വര്‍ഗീയചിന്താഗതിക്കു വേരോട്ടം പ്രത്യക്ഷമായി എളുപ്പമാണെങ്കിലും പോയകാലത്തെ സഹവര്‍ത്തിത്വത്തിന്‍െറയും പാരസ്പര്യത്തിന്‍െറയും സുകൃതം എല്ലാതരം വര്‍ഗീയതകളെയും വലിയൊരളവോളം ചെറുത്തുനില്‍ക്കുന്നുണ്ട്. പുരോഗമന, നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച മണ്ണില്‍, മതമൈത്രിയുടെ സംസ്കാരം ആഴത്തില്‍ വേരൂന്നിയ ഭൂമികയില്‍ ആരെത്ര ശ്രമിച്ചാലും പ്രതിലോമ ചിന്തകളുടെ കടന്നുകയറ്റത്തിനു പരിമിതികളുണ്ട്. ആര്‍.എസ്.എസ് 1930കളില്‍തന്നെ കര്‍മപഥം തേടിയ മണ്ണാണ് കേരളത്തിലേത്. പക്ഷേ, സമീപകാലം വരെ ബി.ജെ.പിക്ക് ഏഴുശതമാനത്തിനപ്പുറം വോട്ട് നേടാനായിട്ടില്ല. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 6.4 ശതമാനമായിരുന്ന ബി.ജെ.പി വിഹിതം 2014ല്‍ 10.83 ആയി ഉയര്‍ന്നു. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 14 ശതമാനമായിരുന്നു ഹിന്ദുത്വക്ക് കിട്ടിയത്.  മുമ്പ് ബി.ജെ.പി മുന്നണി കേന്ദ്രം ഭരിച്ചപ്പോഴും കേരളീയചക്രവാളത്തില്‍ മാറ്റത്തിന്‍െറ നിറഭേദങ്ങളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.

നായര്‍, ഈഴവ വിഭാഗങ്ങള്‍ കൈകോര്‍ത്തുകൊണ്ടുള്ള ഹിന്ദുഐക്യമായിരുന്നു എക്കാലത്തും ആര്‍.എസ്.എസിന്‍െറ സ്വപ്നത്തിലുണ്ടായിരുന്നത്. പക്ഷേ, ഈ ദിശയിലുള്ള എല്ലാ പരിശ്രമങ്ങളും പ്രതിബന്ധങ്ങളില്‍ തട്ടി ചിന്നിച്ചിതറിയ അനുഭവമാണ് ഇത$പര്യന്തമുള്ളത്.  ‘വിശാല ഹിന്ദുഐക്യം’ എന്ന ആശയത്തില്‍ അഭിരമിച്ച് ആര്‍.എസ്.എസും വിശ്വഹിന്ദുപരിഷത്തും ക്ഷേത്രസംരക്ഷണ സമിതിയുമൊക്കെ ഇടക്കിടെ ‘മന്നം, ശങ്കര്‍ പാരമ്പര്യം’ എടുത്തുപറയാറുണ്ടെങ്കിലും ഒരിക്കലും എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും ഒരേ തുരുത്തില്‍ സംഗമിക്കാറില്ല. അവരുടെ ചിന്താഗതിയും താല്‍പര്യങ്ങളും വിഭിന്നമാണ്. എല്ലാറ്റിനുമൊടുവില്‍ വെള്ളാപ്പള്ളിയും പുത്രനും വഴി ഈഴവസമൂഹത്തിലേക്ക് അധിനിവേശം നടത്താന്‍ എസ്.എന്‍.ഡി.പിക്ക് കീഴില്‍ ഭാരത് ധര്‍മജനസേന (ബി.ഡി.ജെ.എസ്്) രൂപവത്കരിച്ച് എന്‍.ഡി.എയുടെ ഘടകക്ഷിയാക്കിയെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു പിന്നില്‍ അണിനിരന്ന രാഷ്ട്രീയ ഈഴവരെ തങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ സാധിച്ചില്ല എന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് സമര്‍ഥിച്ചത്. ഈഴവരിലെ സമ്പന്നരും ക്രീമിലെയറും മാത്രമാണ് വെള്ളാപ്പള്ളിയെ ആരാധ്യനായി കാണുന്നത്. 

എന്‍.എസ്.എസ് ആവട്ടെ സമദൂരസിദ്ധാന്തത്തില്‍നിന്ന് മാറിച്ചിന്തിക്കാനോ ആര്‍.എസ്.എസ് പദ്ധതിയില്‍ പരസ്യമായി അംഗത്വമെടുക്കാനോ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ താമര വിരിയിക്കാന്‍ സാധിക്കുമോ ഇല്ളേ  എന്നതിനപ്പുറം കാവിരാഷ്ട്രത്തിന്‍െറ ഭാവി വളര്‍ച്ചക്കുവേണ്ടിയുള്ള നിലമുഴുതുമറിക്കലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും എന്‍.ഡി.എക്ക് കിട്ടണമെന്നില്ല. മഞ്ചേശ്വരത്തും കാസര്‍കോട്ടും പാലക്കാട്ടും നേമത്തും വട്ടിയൂര്‍കാവിലുമൊക്കെ പതിനെട്ടടവും പയറ്റിയാലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ല എന്ന് പലരും പ്രവചിക്കുന്നത് എല്ലാതരം രഹസ്യ അജണ്ടകളെയും അതിജീവിക്കുന്ന ബലതന്ത്രങ്ങള്‍ കേരളരാഷ്ട്രീയത്തില്‍ എക്കാലവും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന ഉത്തമബോധ്യത്തിലാണ്. ന്യൂനപക്ഷ വോട്ടിന്‍െറ ഏകീകരണം ഭയന്ന് കാസര്‍കോട്ടാവട്ടെ, നേമത്താവട്ടെ ബി.ജെ.പി  അതീവ രഹസ്യവും ശാന്തവുമായ പ്രചാരണതന്ത്രമാണ് പയറ്റുന്നതെങ്കിലും ന്യൂനപക്ഷങ്ങള്‍ അത് മണത്തറിഞ്ഞ് ചില നിശ്ചയങ്ങളിലത്തെിയിട്ടുണ്ട് എന്നുതന്നെയാണ് കരുതേണ്ടത്. മോദിയുടെയും പരിവാരത്തിന്‍െറയും കൊട്ടിഘോഷിച്ച പര്യടനങ്ങളും ആക്രോശങ്ങളും വാസ്തവത്തില്‍ ന്യൂനപക്ഷങ്ങളെ ഇടതുമുന്നണിയോട് കുടുതല്‍ അടുപ്പിക്കാനാണ് സാധ്യത. ഹിന്ദുത്വശക്തികളെ ചെറുത്തുതോല്‍പിക്കുന്ന വിഷയത്തില്‍ ആര്‍ക്കാണ് ആത്മാര്‍ഥതയെന്ന് മുസ്ലിം വോട്ടര്‍മാര്‍ക്ക് നല്ല ധാരണയുണ്ട്. മോദിയുടെ കേരളസന്ദര്‍ശനവും ആക്രമണോല്‍സുകമായ പ്രസംഗങ്ങളും അന്തരീക്ഷം ചൂടുപിടിപ്പിക്കാനും ഇരുമുന്നണിനേതാക്കളെയും നിസ്സംഗതയില്‍നിന്ന് തട്ടിയുണര്‍ത്താനും സഹായിച്ചിട്ടുണ്ട്. അപ്പോഴും കാണാമറയത്ത് ചില അവിഹിതബന്ധങ്ങള്‍ മൂര്‍ത്തരൂപം പ്രാപിക്കുന്നില്ളേ എന്ന സംശയം ബാക്കിനില്‍ക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.