കടപുഴകുമോ അഴിമതിയുടെ ഗോപുരം?

അധികാര ദുര്‍വിനിയോഗം നടത്തി രാഷ്ട്രീയ, ഉദ്യോഗസ്ഥ, സൈനിക പ്രമുഖര്‍ പൊതുസ്വത്ത്  വാരിക്കൂട്ടുന്നതിന്‍െറ പ്രതീകമായി മാറിയിരിക്കുകയാണ് രാജ്യത്തിന്‍െറ സാമ്പത്തിക തലസ്ഥാനത്ത് പണിതുയര്‍ത്തിയ വിവാദ ആദര്‍ശ്  കെട്ടിടം. സ്വാര്‍ഥതാല്‍പര്യത്തിന് നിയമങ്ങളും വകുപ്പുകളും വളച്ചൊടിച്ച് ദക്ഷിണ മുംബൈയിലെ കൊളാബയില്‍ തീരപ്രദേശത്തോട് ചേര്‍ന്ന് കെട്ടിപ്പൊക്കിയ ആ 31 നില കെട്ടിടം പൊളിക്കാനാണ്  ബോംബെ ഹൈകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. അധികാര ദുര്‍വിനിയോഗം നടത്തിയ പ്രമുഖര്‍ക്കെതിരെ അന്വേഷണങ്ങള്‍ നടത്തി പ്രോസിക്യൂട്ട് ചെയ്യാനും കോടതി നിര്‍ദേശിച്ചു. നിയമം മറികടന്ന് ആദര്‍ശുമായി ബന്ധപ്പെട്ട രേഖകളില്‍ കൈവെച്ച ഉദ്യോഗസ്ഥരും മന്ത്രിമാരും പ്രതിഫലമായി ബന്ധുക്കളുടെയൊ മക്കളുടെയൊ ഡ്രൈവര്‍മാരുടെയൊ പേരില്‍ ഫ്ളാറ്റുകള്‍ സ്വന്തമാക്കിയെന്നാണ് അന്വേഷണം നടത്തിയ സി.ബി.ഐയും ജുഡീഷ്യല്‍ കമീഷനും കണ്ടത്തെിയത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കള്‍ വിലാസ് റാവ് ദേശ്മുഖ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍ എന്നിവര്‍ക്കുനേരെ ആരോപണമുയര്‍ന്നു. ഭാര്യാബന്ധുക്കളുടെ പേരില്‍ ഫ്ളാറ്റുകളുണ്ടെന്ന് കണ്ടത്തെിയതോടെ അശോക് ചവാന് 2010ല്‍ മുഖ്യമന്ത്രിപദം നഷ്ടപ്പെടുകയും സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 13 പ്രതികളില്‍ ഒരാളാവുകയും ചെയ്തു.

അശോക് ചവാന്‍െറ ഭാര്യാബന്ധുക്കളുടെ പേരില്‍ മൂന്ന് ഫ്ളാറ്റുകളുണ്ടെന്ന് വെളിച്ചത്തായതോടെ 2010ലാണ് ആദര്‍ശ് കുംഭകോണം ജനശ്രദ്ധ നേടിയത്. നിലവില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായ സുരേഷ് പ്രഭുവിനും ബിനാമിയുടെ പേരില്‍ ഫ്ളാറ്റുകളുണ്ടെന്നാണ് കണ്ടത്തെല്‍. വാജ്പേയി സര്‍ക്കാറില്‍ പരിസ്ഥിതി വകുപ്പ് മന്ത്രിയായിരിക്കെ (1998-2004) തീരദേശ മേഖലയില്‍ പണിത ആദര്‍ശ് കെട്ടിടത്തിന് ഒത്താശചെയ്തതിനുള്ള പ്രതിഫലമായാണ് സുരേഷ് പ്രഭുവിന് ഫ്ളാറ്റ് നല്‍കിയതെന്നാണ് ആരോപണം. ബി.ജെ.പി നേതാവും വ്യവസായിയുമായ അജയ് സഞ്ചേതി, എന്‍.സി.പി നേതാവ് ജിതേന്ദ്ര അവാദ്, കോണ്‍ഗ്രസ് നേതാക്കളായ കനയ്യലാല്‍ ഗിദ്വാനി, ബാബാസാഹെബ് കുപെകര്‍ തുടങ്ങിയവര്‍ക്കും ബിനാമി ഫ്ളാറ്റുകളുണ്ടെന്നാണ് കണ്ടത്തെല്‍. നാവിക സേനാ മുന്‍ മേധാവി അഡ്മിറല്‍ മാധവേന്ദ്ര സിങ്, കരസേനാ മുന്‍ മേധാവികളായ നിര്‍മല്‍ ചന്ദ്ര വിജ്, ദീപക് കപൂര്‍ എന്നിവര്‍ വിവാദമായതോടെ സ്വന്തമാക്കിയ ഫ്ളാറ്റുകള്‍ തിരിച്ചുനല്‍കുകയാണ് ചെയ്തത്.

അശോക് ചവാനടക്കം 13 പേര്‍ക്കെതിരെയാണ് സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബോംബെ ഹൈകോടതിയുടെ നിരീക്ഷണത്തിലായിരുന്നു കരുത്തര്‍ പ്രതികളായ കേസില്‍ സി.ബി.ഐയുടെ അന്വേഷണം. ഹൈകോടതിയുടെ രോഷത്തെ തുടര്‍ന്നാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതും 13 പ്രതികളില്‍ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതും. റിട്ട മേജര്‍മാരായ ടി.കെ കൗള്‍, എ.ആര്‍ കുമാര്‍, റിട്ട. ബ്രിഗേഡിയര്‍ എം.എം വാഞ്ചു, റിട്ട. ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് കനയ്യലാല്‍ കിദ്വായ്, ഐ.എ.എസ് ഉദ്യോഗസ്ഥരായ പ്രദീപ് വ്യാസ്, ജയരാജ് പദക് തുടങ്ങിയവരെയാണ് കോടതിയുടെ രോഷമടക്കാനായി സി.ബി.ഐ അറസ്റ്റ് ചെയ്തത്. അശോക് ചവാനെതിരെ പ്രോസിക്യൂഷന് അന്നത്തെ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ അനുമതി നിഷേധിച്ചെങ്കിലും നിലവിലെ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഈയിടെ അനുമതി നല്‍കിയിട്ടുണ്ട്.

അശോക് ചവാന്‍ മഹാരാഷ്ട്ര റവന്യൂ മന്ത്രിയായ 2002 മുതല്‍ ആദര്‍ശ് കെട്ടിടത്തിന് ഒത്താശ ചെയ്തുപോന്നു. 99ലെ കാര്‍ഗില്‍ യോദ്ധാക്കളുടെ പേരില്‍ ആറു നില കെട്ടിടം പണിയാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായ സൈനികരുടെ വിധവകള്‍ക്കും പരിക്കേറ്റവര്‍ക്കും ഫ്ളാറ്റുകള്‍ നല്‍കാനെന്ന പേരിലായിരുന്നു തുടക്കം. കൊളാബയിലെ നാവിക കേന്ദ്രത്തിന് ഏതാനും വാര അകലെയാണ് കെട്ടിട നിര്‍മിതിക്ക് കണ്ടത്തെിയ ഭൂമി. ഭൂമി സര്‍ക്കാറിന്‍െറതാണെന്ന് സര്‍ക്കാരും അല്ല തങ്ങളുടേതാണെന്ന് പ്രതിരോധ വകുപ്പും തര്‍ക്കത്തിലാണ്. സുരക്ഷാ കാരണങ്ങളാല്‍ സൈനിക കേന്ദ്രത്തിന് 200 വാര ചുറ്റളവില്‍ മറ്റ് കെട്ടിടങ്ങള്‍ പാടില്ളെന്നാണ് ചട്ടം. എന്നാല്‍, സൈനികരുടെ പേരില്‍ നിര്‍മിച്ചു തുടങ്ങിയ കെട്ടിടം എല്ലാ ചട്ടങ്ങളും ലംഘിച്ച് മാനംമുട്ടെ വളരുകയായിരുന്നു. ആറു നില കെട്ടിടം 31 നിലയിലായി ഉയര്‍ന്നു. 40 ശതമാനം സിവിലിയന്മാര്‍ക്കും കെട്ടിടത്തില്‍ ഫ്ളാറ്റുകള്‍ നല്‍കാമെന്നാക്കിമാറ്റി. കാര്‍ഗില്‍ യോദ്ധാക്കളുടെ പേരില്‍ പൊന്തിയ കെട്ടിടം ധനികരുടെ ആര്‍ഭാട കെട്ടിടമായി രൂപാന്തരപ്പെടുകയാണ് ചെയ്തത്. തുച്ഛമായ നിരക്കിലാണ് ഫ്ളാറ്റിന്‍െറ വില നിശ്ചയിച്ചതെന്നതും ശ്രദ്ധേയമാണ്. പ്രത്യേക തീരദേശ മേഖലയില്‍പ്പെട്ട കെട്ടിടത്തിന് പരിസ്ഥിതി വകുപ്പില്‍നിന്ന് പ്രത്യേക അനുമതി വേണ്ടതുണ്ട്. ആവശ്യമായ അനുമതികള്‍ ലഭിച്ചെന്ന് നുണപറഞ്ഞും ചട്ടങ്ങള്‍ മറികടന്ന് നേടിയുമാണ് ആദര്‍ശ് പ്രമോട്ടര്‍മാര്‍ കെട്ടിടം സ്വന്തമാക്കാന്‍ ശ്രമിച്ചത്. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകളില്‍ കൈവെച്ച എല്ലാ ഐ.എ.എസുകാര്‍ക്കും മന്ത്രിക്കസേരയില്‍ ഇരുന്ന രാഷ്ട്രീയക്കാര്‍ക്കും ഫ്ളാറ്റുകള്‍ ലഭിച്ചു.

സ്വാര്‍ഥതാല്‍പര്യത്തിന് പൊതുസ്വത്ത് കൈക്കലാക്കാന്‍ സുപ്രധാന പദവികളില്‍ ഇരുന്നവര്‍ ചട്ടങ്ങള്‍ ആവും വിധമെല്ലാം വളച്ചൊടിച്ചതാണ്  ആദര്‍ശ് ഹൗസിങ് സൊസൈറ്റിയില്‍ തെളിയുന്നതെന്നാണ് കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി.എ.ജി ) ആദര്‍ശ് കുംഭകോണത്തെ വിശേഷിപ്പിച്ചത്. 2003ല്‍ ആദര്‍ശ് അഴിമതി ആരോപണം ഉയര്‍ന്നുവന്നെങ്കിലും വിവാദമാകുകയോ ജനശ്രദ്ധ നേടുകയോ ചെയ്തിരുന്നില്ല. 2010ല്‍ വിവരാവകാശ പ്രവര്‍ത്തകര്‍ മുഖേന ബിനാമി ഫ്ളാറ്റുടമകളുടെ പട്ടിക പുറത്തുവരുകയും അശോക് ചവാന്‍െറ ഭാര്യാ മാതാവിന്‍െറയും മറ്റ് ഭാര്യാ ബന്ധുക്കളുടെയും പേരില്‍ മൂന്ന് ഫ്ളാറ്റുകളുണ്ടെന്ന് കണ്ടത്തെുകയും ചെയ്തതോടെയാണ് ആദര്‍ശ് കുംഭകോണ വിവാദത്തിന് തീപിടിച്ചത്. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിലവില്‍ ജനകീയനായ അശോക് ചവാന് അന്ന് മുഖ്യമന്ത്രിപദത്തില്‍ രാജിവെച്ച് രാഷ്ട്രീയ വനവാസത്തിനിറങ്ങേണ്ടിവന്നു.

വിവരാവകാശ പ്രവര്‍ത്തകരായ മുന്‍ ക്രൈം റിപ്പോര്‍ട്ടര്‍ കേതന്‍ തിരോധ്കര്‍, സംപ്രീത് സിങ്, മഹേന്ദ്ര സിങ് എന്നിവര്‍ വിവിധ ഹരജികളുമായി ബോംബെ ഹൈകോടതിയെ സമീപിച്ചതോടെ വലിയ കെണിയാണ് ഒരുങ്ങിയത്. സി.ബി.ഐ, ജുഡീഷ്യല്‍ കമീഷന്‍, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് തുടങ്ങിയവര്‍ അന്വേഷണത്തിനിറങ്ങി. അതോടെ, മഹാരാഷ്ട്ര നഗര വികസന വകുപ്പില്‍നിന്നും പ്രതിരോധ വകുപ്പിന്‍െറ എസ്റ്റേറ്റ് മഹാരാഷ്ട്ര കാര്യാലയത്തില്‍ നിന്നും ആദര്‍ശ് കെട്ടിടവുമായി ബന്ധപ്പെട്ട രേഖകള്‍ കാണാതാവുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. കുറ്റപത്രം സമര്‍പ്പിക്കാനും അറസ്റ്റിനും അമാന്തിച്ച സി.ബി.ഐയെയും പണമിടപാട് അന്വേഷിക്കാതെ നോക്കുകുത്തിയായിനിന്ന എന്‍ഫോഴ്സ്മെന്‍റിനെയും ബോംബെ ഹൈകോടതി കണക്കിന് വിമര്‍ശിക്കുകയും അവരെ സജീവമാക്കുകയും ചെയ്തു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറെ കോടതിയില്‍ വിളിച്ചുവരുത്തിയാണ് കോടതി രോഷമറിയിച്ചത്.

റിട്ട. ബോംബെ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ജെ.എ പാട്ടീലിന്‍െറ നേതൃത്വത്തിലുള്ള രണ്ടംഗ കമീഷനാണ് ആദര്‍ശ് കുംഭകോണം അന്വേഷിച്ചത്. മുന്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി പി. സുബ്രഹ്മണ്യനായിരുന്നു രണ്ടാമത്തെ അംഗം. പൃഥ്വീരാജ് ചവാന്‍റ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യ സര്‍ക്കാറാണ് 2011ല്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ആദര്‍ശ് കെട്ടിടത്തിന് അനുമതി നല്‍കിയത്, കെട്ടിടത്തിന് അനുവദിച്ച ഭൂമിയുടെ യഥാര്‍ഥ ഉടമസ്ഥാവകാശം എന്നിവയായിരുന്നു ജുഡീഷ്യല്‍ കമീഷന്‍െറ പ്രധാന അന്വേഷണ മേഖല. ഭൂമി സൈന്യത്തിന്‍െറതല്ല, സര്‍ക്കാറിന്‍െറതാണെന്നാണ് കമീഷന്‍െറ കണ്ടത്തെല്‍. എന്നാല്‍, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ വിലാസ് റാവ് ദേശ്മുഖ്, സുശീല്‍ കുമാര്‍ ഷിന്‍ഡെ, ശിവാജി റാവു നിലങ്കേക്കര്‍, അശോക് ചവാന്‍ എന്നിവരുടെയും നഗരവികസന മന്ത്രിമാരായിരുന്ന രാജേഷ് തോപ്പെ, സുനില്‍ തദ്കരെ എന്നിവരുടെയും ഒത്താശയിലും തണലിലുമാണ് ചട്ട വിരുദ്ധമായി ആദര്‍ശ് കെട്ടിടം കെട്ടിപ്പൊക്കിയതെന്നാണ് കമീഷന്‍െറ കണ്ടത്തെല്‍. ആദര്‍ശ് സൊസൈറ്റി അംഗങ്ങളായ 102 പേരില്‍ 22 പേര്‍ അയോഗ്യരാണെന്നും കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2013ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അന്നത്തെ കോണ്‍ഗ്രസ്-എന്‍.സി.പി സര്‍ക്കാര്‍ തള്ളുകയാണ് ചെയ്തത്. കോണ്‍ഗ്രസ് ഹൈകമാന്‍ഡിന്‍െറ രോഷം പിടിച്ചുപറ്റിയ സംഭവമായിരുന്നു ഇത്. അമേരിക്കയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ആയിരിക്കെ വിവാദ നായികയായ ദേവയാനി ഖൊബ്രഗഡെയുടെ പേരിലും ചട്ടവിരുദ്ധമായി ഫ്ളാറ്റുണ്ട്.

2013ല്‍ കേന്ദ്ര പരിസ്ഥിതി വകുപ്പും പ്രതിരോധ വകുപ്പും കെട്ടിടം പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു. നാവിക കേന്ദ്രത്തിന്‍െറ പരിസരത്തുള്ള കെട്ടിടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു എന്നായിരുന്നു പ്രതിരോധ വകുപ്പിന്‍െറ ആശങ്ക. കെട്ടിടം പൊളിക്കാന്‍ ഉത്തരവിടുമ്പോള്‍ ജയറാം രമേശ് ആയിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി. മന്ത്രാലയങ്ങളുടെ ഉത്തരവിനെതിരെ ആദര്‍ശ് സൊസൈറ്റി ബോംബെ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൊസൈറ്റിയുടെ വാദങ്ങള്‍ തള്ളി ബോംബെ ഹൈകോടതി ആദര്‍ശ് കെട്ടിടം പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്. സുപ്രീം കോടതിയില്‍ അപ്പീലിനു പോകാന്‍ സൊസൈറ്റിക്ക് കോടതി മൂന്നുമാസത്തെ സമയം നല്‍കിയിട്ടുണ്ട്. കെട്ടിടം പൊളിച്ചുനീക്കാതെ സര്‍ക്കാര്‍ കാര്യാലയമായി ഉപയോഗിക്കണമെന്നാണ് നിലവിലെ ബി.ജെ.പി സര്‍ക്കാറില്‍ ഭാഗമായ ശിവസേന ആവശ്യപ്പെടുന്നത്. കോടികള്‍ ചിലവിട്ടും നിരവധി നിര്‍മാണ വസ്തുക്കളും വെള്ളവും മനുഷ്യശേഷിയും ഉപയോഗിച്ചും പണിതുയര്‍ത്തിയ കെട്ടിടം പൊളിക്കുന്നത് ഗുണകരമാകില്ളെന്നാണ് സേനയുടെ പക്ഷം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.