അപകടത്തിലാവുന്നത് മാധ്യമ സ്വാതന്ത്ര്യമല്ല; പൗരസ്വാതന്ത്ര്യം

2016 ഫെബ്രുവരി 13ന് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകനായ കരുണ്‍ ശര്‍മ ബൈക്കിലത്തെിയ മൂന്നുപേരുടെ വെടിയേറ്റ് മരിച്ചു. ഹിന്ദി പത്രമായ ‘ജന്‍സന്ദേശ് ടൈംസി’ന്‍െറ അംബേദ്കര്‍ നഗര്‍ ബ്യൂറോ ചീഫായിരുന്നു ശര്‍മ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. ചോദ്യംചെയ്യലില്‍ വ്യക്തമായത്, സ്ഥലത്തെ രണ്ട് മൈനിങ് കോണ്‍ട്രാക്ടര്‍മാര്‍ ലക്ഷം രൂപ പ്രതിഫലം നല്‍കി ശര്‍മയെ കൊലപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടവരാണ് പ്രതികളെന്നാണ്. രാഹുല്‍ സിങ്, പവന്‍ സിങ് എന്നീ കോണ്‍ട്രാക്ടര്‍മാര്‍ നടത്തുന്ന അനധികൃത ഖനനത്തിനെതിരെ ശര്‍മ നിരന്തരം വാര്‍ത്തകള്‍ എഴുതിയിരുന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കിയത്. മന്ത്രിക്കെതിരെ ഫേസ്ബുക് പരാമര്‍ശം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ ജോഗേന്ദ്ര സിങ്ങിനെ കൊലപ്പെടുത്തിയതും മറ്റൊരു മാധ്യമപ്രവര്‍ത്തകനായ സന്ദീപ് കൊത്താരിയെ തീകൊളുത്തി കൊന്നതും ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ വര്‍ഷം നടന്ന സംഭവങ്ങളാണ്.
*    *     *     *
ഛത്തിസ്ഗഢിലെ ബസ്തര്‍ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകനായ പ്രതാപ് സിങ്ങിനെ ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് പൊലീസ് അറസ്റ്റുചെയ്തത്. വാട്ട്സ്ആപ് വഴി പൊലീസ് നടപടികളെ വിമര്‍ശിച്ചുകൊണ്ടുള്ള സന്ദേശം പ്രചരിപ്പിച്ചതിനാണ് അറസ്റ്റ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ 67, 67എ വകുപ്പുകള്‍ പ്രകാരം ‘ഇലക്ട്രോണിക് രൂപത്തില്‍ അശ്ളീലം പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെ’ന്നാണ് കുറ്റം. കൂടാതെ, അറസ്റ്റിന് വഴങ്ങാതെ കൃത്യനിര്‍വഹണത്തില്‍ പൊലീസിന് തടസ്സം സൃഷ്ടിച്ചുവെന്ന കുറ്റം വേറെയും. എഫ്.ഐ.ആറില്ലാതെ ഒരു ദിവസം പൊലീസ് കസ്റ്റഡിയില്‍ പാര്‍പ്പിച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. മാവോയിസ്റ്റുകളെ സഹായിക്കുന്നുവെന്നാരോപിച്ച് പൊലീസില്‍നിന്നും പൊലീസിനെ സഹായിക്കുന്നുവെന്നാരോപിച്ച് മാവോയിസ്റ്റുകളില്‍നിന്നും മാധ്യമപ്രവര്‍ത്തകര്‍ ഭീഷണി നേരിടുന്ന അവസ്ഥയാണ് ഛത്തിസ്ഗഢിലുള്ളത്. 2011ന് ശേഷം ഛത്തിസ്ഗഢില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ ദുരൂഹ സാഹചര്യങ്ങളിലും മാവോയിസ്റ്റുകളുടെ നേരിട്ടുള്ള ആക്രമണത്തിലും കൊല്ലപ്പെട്ടിട്ടുണ്ട്്. ചില മാധ്യമപ്രവര്‍ത്തകര്‍ അഴികള്‍ക്കകത്തുമാണ്.

മാധ്യമപ്രവര്‍ത്തകര്‍ ആഗോളതലത്തില്‍ തന്നെ വലിയ തോതില്‍ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ആശങ്കജനകമാംവിധം അതിന്‍െറ അളവ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്‍െറ കാര്യത്തില്‍ 180 രാജ്യങ്ങളുടെ പട്ടികയില്‍ 133ാം സ്ഥാനമാണ് ഇന്ത്യക്കെന്ന് ‘റിപ്പോര്‍ട്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ്’ എന്ന മാധ്യമ നിരീക്ഷണ ഏജന്‍സി ഈയിടെ പുറത്തുവിട്ട ‘വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സ്’ വെളിപ്പെടുത്തുന്നു. 2015ലെ കണക്കനുസരിച്ച് ഓരോ മാസവും ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇന്ത്യയില്‍ ആക്രമണത്തിന് വിധേയരാവുന്നുണ്ട്. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ ഭിഷണി നേരിടുന്ന സംസ്ഥാനം ഉത്തര്‍പ്രദേശ് തന്നെ. മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ നിരന്തര ഭീഷണി കണക്കിലെടുത്ത് മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷക്കായി ‘ദേശീയ കര്‍മപരിപാടി’ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് ‘റിപ്പോര്‍ട്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ്’ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടിരിക്കയാണ്.  
*   *   *
മേയ് മൂന്ന് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച്  ചര്‍ച്ച ചെയ്യാനുള്ള ഒരവസരം കൂടിയാണൊരുക്കുന്നത്. ഐക്യരാഷ്ട്ര സംഘടന ‘ലോക മാധ്യമ സ്വാതന്ത്ര്യദിന’മായി, അല്ളെങ്കില്‍ ‘ലോക മാധ്യമ ദിന’മായി പ്രഖ്യാപിച്ചിട്ടുള്ളത് മേയ് മൂന്നാണ്. 1948ലെ മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനത്തിലെ 19ാം വകുപ്പ് ഉറപ്പുനല്‍കുന്ന ‘അഭിപ്രായ സ്വാതന്ത്ര്യ’ത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനും അതിനെ ബഹുമാനിക്കാനും ഊട്ടിയുറപ്പിക്കാനും ഭരണകൂടങ്ങളെ ഓര്‍മപ്പെടുത്താനുമാണ് ഈ ദിനം ആചരിക്കുന്നത്. എന്നാല്‍, മാധ്യമ സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷിതത്വവും അനുദിനം കൂടുതല്‍ അപകടാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണ്. ഭരണകൂടങ്ങളാകട്ടെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരെ വേട്ടയാടി നശിപ്പിക്കുക എന്നതിലേക്കത്തെിയിരിക്കുന്നു.


1992നു ശേഷം 2016വരെ ലോകത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 1178 ആണ്. 2015ല്‍ മാത്രം 110 മാധ്യമ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. യുദ്ധം നടക്കുന്ന ഇറാഖിലും സിറിയയിലുമാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.  ഇറാഖില്‍ 11ഉം സിറിയയില്‍ 10ഉം പേര്‍. 2014ല്‍ യുദ്ധമേഖലയിലാണ് കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതെങ്കില്‍ 2015ല്‍ സമാധാനം പുലരുന്ന രാജ്യങ്ങളിലാണ് മരണങ്ങളേറെയും.
2015ല്‍ ജോലിക്കിടെ കൊല്ലപ്പെട്ടത് 69 പേരാണെന്നാണ് ‘കമ്മിറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ജേണലിസ്റ്റ്സ്’ എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 40 ശതമാനവും (28) കൊല്ലപ്പെട്ടത് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളായ അല്‍ ഖാഇദ, ഐ.എസ് ഗ്രൂപ്പുകളുടെ കരങ്ങളാലാണത്രെ. ഒമ്പതു പേര്‍ കൊല്ലപ്പെട്ടത് ഫ്രാന്‍സിലാണ്. 2015ലെ കണക്കുകളനുസരിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന് മാരക മുറിവേല്‍പ്പിക്കുന്ന രാജ്യം സിറിയയാണ്. രണ്ടാം സ്ഥാനം ഫ്രാന്‍സിനാണ്. 2014ല്‍ ജോലിക്കിടെ കൊല്ലപ്പെട്ടത് 61 പേരാണ്. 199 മാധ്യമപ്രവര്‍ത്തകര്‍ വിവിധ രാഷ്ട്രങ്ങളിലെ ജയിലുകളിലുണ്ട്. ഇതില്‍ 110 പേര്‍ ഭരണകൂടങ്ങളുടെ അതൃപ്തി സമ്പാദിച്ച് ജയിലിലായവരാണ്. കാണാതായ മാധ്യമപ്രവര്‍ത്തകര്‍ വേറെയുമുണ്ട്.

മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ആഫ്രിക്കന്‍ രാജ്യമായ എറിത്രീയയും രണ്ടാം സ്ഥാനത്ത് ഉത്തര കൊറിയയുമാണ്. 23 മാധ്യമപ്രവര്‍ത്തകരാണ് എറിത്രീയ ജയിലുകളിലുള്ളത്. അറബ് വസന്തത്തെ ഭയന്ന എറിത്രീയ 2011ല്‍ പൗരന്മാര്‍ക്ക് മൊബൈല്‍ ഇന്‍റര്‍നെറ്റ് സര്‍വിസ് ലഭ്യമാക്കാനുള്ള തീരുമാനം റദ്ദാക്കിയിരുന്നു. വേഗം കുറഞ്ഞ ഡയല്‍-അപ് സംവിധാനമാണ് അതിന് പകരമായി നല്‍കിയത്. ലോകത്ത് ഏറ്റവും കുറവ് മൊബൈല്‍ ഫോണ്‍ കണക്ഷനുള്ള രാജ്യമാണ് എറിത്രിയ. രാജ്യത്തെ ജനസംഖ്യയില്‍ 5.6 ശതമാനമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുള്ളൂ. ഉത്തര കൊറിയയില്‍ ഇത് 9.7 ശതമാനമാണ്.

എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും ജനാധിപത്യത്തിന്‍െറ നാല് ആണിക്കല്ലുകളില്‍ നാലാമത്തേതാണ് എന്നതിനാല്‍ ആ ദൗത്യം മാധ്യമങ്ങള്‍ ധൈര്യപൂര്‍വം നിര്‍വഹിച്ചുപോരുന്നുണ്ട്. ഏറ്റവുമൊടുവില്‍ ‘ഇന്‍റര്‍നാഷനല്‍ കണ്‍സോര്‍ട്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്’ ആണ് ‘പാനമ പേപ്പേഴ്സ്’ എന്ന പേരില്‍ വിദേശത്ത് അനധികൃത നിക്ഷേപമുള്ള 500 ഇന്ത്യക്കാരുടെയടക്കം പേരുകള്‍ പുറത്തുകൊണ്ടുവന്നത്. ലിസ്റ്റില്‍ പേരുള്ള രാഷ്ട്രനേതാക്കളടക്കം ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവര്‍ക്ക് നിക്ഷേപങ്ങളെ കുറിച്ച് സമ്മതിക്കേണ്ടിവന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തിന്‍െറ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറെ പിറകിലാണെന്നത് നാണിക്കേണ്ട വസ്തുതയാണ്. ഇന്ത്യന്‍ ഭരണഘടന സാധാരണ പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്യമേ മാധ്യമപ്രവര്‍ത്തകനും അനുവദിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭീഷണികള്‍ പൗരന്‍െറ അഭിപ്രായ സ്വാതന്ത്ര്യത്തെക്കൂടി ബാധിക്കുമെന്ന് പറയേണ്ടതില്ലല്ളോ. മറുവശത്ത്, പൗരന്‍െറ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേല്‍ വരുന്ന നിയന്ത്രണം മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്ന് പുതിയ സാഹചര്യങ്ങളില്‍ വിലയിരുത്താനാവും. അമിത ദേശീയവാദം തലക്കു പിടിച്ചവര്‍ ബഹുസ്വര സമൂഹത്തിനുമേല്‍ പുതിയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ദേശവിരുദ്ധമോ സമുദായ വൈരം വളര്‍ത്തുന്നതോ ആയ പരാമര്‍ശങ്ങള്‍ പുസ്തകങ്ങളില്‍ പാടില്ളെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള ‘നാഷനല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉര്‍ദു ലാംഗ്വേജസ്’ ഉര്‍ദു സാഹിത്യകാരന്മാരോട് നിര്‍ദേശിച്ചിരിക്കുന്നു. 22 അംഗീകൃത ഭാഷകളും ആ ഭാഷകളില്‍ സാഹിത്യകൃതികളും പ്രസിദ്ധീകരിക്കപ്പെടുന്ന ഇന്ത്യയില്‍ ഉര്‍ദു സാഹിത്യകാരന്മാര്‍ക്ക് മാത്രം ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതിലെ ഒൗചിത്യമെന്താണ്? ദേശവിരുദ്ധവും സമുദായ വൈരം വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഉര്‍ദു സാഹിത്യകാരന്മാര്‍ മാത്രമാണെന്നാണോ?

സ്വതന്ത്ര അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ പാകിസ്താനിലേക്ക് പോകാനുള്ള ആഹ്വാനങ്ങളും തല ഉടലില്‍ കാണില്ളെന്നതു പോലുള്ള ഭീഷണികളും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഭരണകൂടം കാഴ്ചക്കാരാവുന്നത് അത്യന്തം ആശങ്കയോടെയല്ലാതെ വീക്ഷിക്കാനാവില്ല. ഭരണകര്‍ത്താക്കളെയും അവരുടെ തണലില്‍ വളരുന്ന മാഫിയകളെയും വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ വരെ മര്‍ദനങ്ങള്‍ക്കും ജീവഹാനിക്കും വിധേയരാവുമ്പോള്‍ സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനമുള്ള ഇക്കാലത്ത് സാധാരണ ജനത്തിന്‍െറ സുരക്ഷിതത്വത്തെക്കുറിച്ച് ആരെങ്കിലും ആധി പൂണ്ടാല്‍ അവരെ എങ്ങനെ കുറ്റം പറയാനാവും?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.