ഞാന്‍ ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്?

എന്‍െറ രാഷ്ട്രീയാടിമത്തം തെരഞ്ഞെടുപ്പില്‍ കൈവിരലിലെ കറുത്ത മഷിക്കുത്തായി പുതുക്കിച്ചാര്‍ത്താന്‍ സമയമായി എന്ന് ചാനലുകളും പത്രങ്ങളും നവമാധ്യമങ്ങളും എന്നോട് പറയുന്നു. ഇടതനും വലതനും വലതില്‍ വലതനായി ഫാഷിസ്റ്റ് വലതനും എനിക്കു മുന്നില്‍ വോട്ടിന് കൈനീട്ടി അഭിനയിക്കുന്നു.
എല്ലാവരും പാവങ്ങളില്‍ പാവങ്ങളെകുറിച്ച് ആണയിടുന്നു. പാലങ്ങളെകുറിച്ചും പാതകളെകുറിച്ചും അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും സംസാരിക്കുന്നു. സരിതയും കൈക്കൂലിയും കൊലപാതകങ്ങളും മതേതരത്വവും ബാര്‍കോഴയും പിന്നെയും പിന്നെയും സംഭാഷണങ്ങളില്‍ നിറയുന്നു. ആര്‍ക്ക് വോട്ട് ചെയ്യണം?
എല്ലാ സ്ഥാനാര്‍ഥികളും തടിച്ചുകൊഴുത്തിരിക്കുന്നു. മുമ്പ് ജോലിയൊന്നുമില്ലാത്തവന്‍, തൊഴിലാളി സംഘടനകളിലും മറ്റും മാത്രം പ്രവര്‍ത്തിച്ച് ചെറിയ തുകകൊണ്ട് ജീവിച്ചവന്‍ വലിയ കാറില്‍ ചീറിപ്പായുന്നു. രാഷ്ട്രീയത്തിലിറങ്ങിയവന്‍ നാലോ അഞ്ചോ വര്‍ഷംകൊണ്ട് കോടികളുടെ അധിപനാകുന്നു. അവന്‍െറ ശരീരഭാഷപോലും മാറുന്നു. എല്ലാ ചായവുംതേച്ച തുണിക്കഷണങ്ങളും കൊടികളാക്കി എല്ലാ പാര്‍ട്ടികളുടെയും മുന്നില്‍ നടക്കുന്നതവനാണ്. അവന്‍ കാച്ചിവടിച്ച കള്ളമോന്തയുമായി ചിരിച്ചു നമ്മുടെ തോളില്‍ കൈവെക്കുന്നു. വിളിക്കാതെ വന്ന് കല്യാണ സദ്യയുണ്ണുന്നു, മരിച്ച വീട്ടില്‍ മരിച്ചവരുടെ ബന്ധുക്കളെക്കാള്‍ ദു$ഖവും കരച്ചിലും അവനാണ്. ഓഫറുകളും വാഗ്ദാനങ്ങളും നിറയുന്നു. ഓഫര്‍ മേയ് 16ന് വൈകുന്നേരം അഞ്ചുമണി വരെ മാത്രം. അതുകഴിഞ്ഞ് സാധാരണക്കാരന്‍ അവന്‍െറ കുടിലിലേക്കും രാഷ്ട്രീയ നേതാവ് അവന്‍െറ കൊട്ടാരത്തിലേക്കും മടങ്ങിപ്പോകുന്നു.
ഈ രാഷ്ട്രീയക്കാരന്‍ നമ്മുടെ നാട്ടില്‍ മാത്രം കാണുന്ന ഒരപൂര്‍വയിനമാണ്. വിദേശരാഷ്ട്രങ്ങളിലൊന്നും ഇങ്ങനെയൊന്നിനെ കാണാനാവില്ല. പോളണ്ടില്‍ അധികാരമൊഴിഞ്ഞപ്പോള്‍ ലെക്വലേസ അദ്ദേഹത്തിന്‍െറ ചെറിയ ജോലിയിലേക്ക് തിരിച്ചുപോയി. നമ്മുടെ നാട്ടില്‍ അധികാരമൊഴിയുന്നവന്‍ അഞ്ച് തലമുറക്ക് കഴിയാനുള്ള വക കട്ടുണ്ടാക്കുന്നതുകൊണ്ട് ഒരിക്കലും പഴയ ജോലിയിലേക്ക് തിരിച്ചുപോകേണ്ടി വരുന്നില്ല (അല്ളെങ്കില്‍ അവരോട് ജോലി ചോദിച്ചുനോക്കൂ. പൊതുപ്രവര്‍ത്തനം. സ്വകാര്യമായി സമ്പത്തുണ്ടാക്കാനുള്ള ജോലിയുടെ പേരാണ് കേരളത്തില്‍ പൊതുപ്രവര്‍ത്തനം).
മാധ്യമപ്രവര്‍ത്തനത്തോട് തെല്ലും ആദരവ് പുലര്‍ത്തുന്നവനല്ല ഇന്നത്തെ രാഷ്ട്രീയക്കാരന്‍. പത്രം അവന്‍െറ കളര്‍ ഫോട്ടോ അച്ചടിക്കാനും അവന്‍െറ പ്രസ്താവന ഛര്‍ദിക്കാനുമുള്ള ഇടം. ചാനല്‍ അവന്‍െറ ശരീരഭാഷ പ്രകടിപ്പിക്കാനും അവന്‍െറ വിടുവായത്തങ്ങള്‍ തത്സമയം ജനങ്ങളിലത്തെിക്കാനുമുള്ളയിടം. ചാനലില്‍ അവതാരികയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പണമെന്ന് പറഞ്ഞ മേജര്‍ രവി ഓരോ രാഷ്ട്രീയ നേതാക്കളുടെ ഉള്ളിലുമുണ്ട്. വലതില്‍ വലതായ ഫാഷിസ്റ്റ് രാഷ്ട്രീയകക്ഷി ഇങ്ങനെയൊരു നാലാം തൂണിനെ അംഗീകരിക്കുന്നേയില്ല എന്ന് നമുക്കറിയാം. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‍െറ വിരചിതാവായ തോമസ് ജഫേഴ്സണ്‍ ഒരവസരത്തില്‍ പറഞ്ഞു: ‘പത്രങ്ങളില്ലാതെ ഗവണ്‍മെന്‍േറാ, ഗവണ്‍മെന്‍റില്ലാതെ പത്രങ്ങളോ ഏതുവേണമെന്ന് എന്നോട് തീരുമാനിക്കാനാവശ്യപ്പെട്ടുവെന്നിരിക്കട്ടെ, രണ്ടാമത് മതി എന്ന് ഞാന്‍ നിസ്സംശയം തീര്‍ത്തുപറയും.’ തോമസ് ജഫേഴ്സന്‍െറ അഭിപ്രായം നമ്മള്‍ അംഗീകരിക്കില്ല. ഒരു രാഷ്ട്രീയ നേതാവ് ഇവിടെ വിമര്‍ശാതീതനാണ്!
സിനിമാക്കാരെ മത്സരിപ്പിക്കുന്നത് ഏഴു വന്‍ ദോഷങ്ങളില്‍ പെട്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കെ.പി.എ.സി  ലളിതക്ക് മുട്ടുവേദനയാണെന്നും ആരോഗ്യമില്ളെന്നും പറഞ്ഞ് പിന്മാറി (യഥാര്‍ഥത്തില്‍ സിനിമക്കാര്‍ മത്സരിക്കുന്നതിനെ നമ്മുടെ സീറ്റുമോഹികളായ ‘രാഷ്ട്രീയക്കാര്‍’ എതിര്‍ക്കുന്നതാണ് കാരണം). എം.എല്‍.എ എന്ന് പറയുന്നത് നൂറു മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടുന്ന ആളല്ല. അങ്ങനെയാണെങ്കില്‍ പി.ടി. ഉഷമാരെയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥിയാക്കേണ്ടത്. ക്രിക്കറ്റ് കളിച്ചു നടന്ന പയ്യന്‍ ആരോഗ്യമുള്ള ചെറുപ്പക്കാരനായതുകൊണ്ടുമാത്രം യോഗ്യനാണെന്നും വരുന്നില്ല. സിനിമക്കാര്‍ സ്വന്തം ജോലി ചെയ്തു ജീവിക്കുന്നു എന്ന പേരില്‍ ആദരം അര്‍ഹിക്കുന്നവരാണ്. അഭിനയം അവിടെ അവരുടെ തൊഴിലാണ്. രാഷ്ട്രീയക്കാരന്‍െറ അഭിനയം നമ്മെ കബളിപ്പിക്കാനും. ജയപരാജയമല്ല സ്ഥാനാര്‍ഥിത്വത്തിന്‍െറ മാനദണ്ഡമാക്കേണ്ടത്. ഒ.എന്‍.വി. കുറുപ്പ് തോറ്റതുകൊണ്ട് ഒരെഴുത്തുകാരനും മത്സരിച്ചുകൂടാ എന്നുമില്ല. എസ്.കെ. പൊറ്റെക്കാട്ടും കടമ്മനിട്ടയും എം.കെ. സാനുവുമൊക്കെ ജയിച്ചിട്ടുമുണ്ട്. സാഹിത്യം അലസന്മാരുടെ നേരമ്പോക്കാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഇങ്ങനെ അവര്‍ക്ക് രാഷ്ട്രീയത്തില്‍ എന്തുകാര്യമെന്ന് ചോദിച്ച സുഹൃത്തുസംഘത്തോട് കാര്‍ലൈല്‍ പറഞ്ഞ ഒരു മറുപടിയുണ്ട്: ‘കുറച്ചു കൊല്ലങ്ങള്‍ക്കുമുമ്പ് ഫ്രാന്‍സ് എന്ന ഒരു രാജ്യത്ത് റൂസോ എന്നു പേരായ ഒരാളുണ്ടായിരുന്നു. അദ്ദേഹം പല പുസ്തകങ്ങളുമെഴുതി. അവയുടെ ഒന്നാം പതിപ്പ് പുറത്തിറങ്ങിയപ്പോള്‍ ഫ്രാന്‍സിലെ പ്രഭ്വികളും പ്രഭുക്കളും റൂസോ റൂസോ എന്നു പറയുന്ന മനുഷ്യന്‍ ഒരു കിറുക്കന്‍ മാത്രമാണെന്നുപറഞ്ഞ് പരിഹസിച്ചു. പക്ഷേ, തെല്ലിട നിര്‍ത്തിക്കൊണ്ട് കാര്‍ലൈല്‍ കഥ ഇങ്ങനെ ഉപസംഹരിച്ചു: ‘മഹതികളേ, മഹാന്മാരേ! ആ കളിയാക്കിയ പരിഷയുടെ തോലുകൊണ്ടാണ് റൂസോവിന്‍െറ കൃതികളുടെ രണ്ടാം പതിപ്പ് ബൈന്‍ഡ് ചെയ്തത്.’ അപ്പോഴേക്കും ഫ്രാന്‍സില്‍ വിപ്ളവമുണ്ടായെന്ന് സാരം (ജനാധിപത്യം നമ്മുടെ നാട്ടില്‍ - എം. ഗോവിന്ദന്‍). നമ്മുടെ ജനപ്രതിനിധികളായി രാഷ്ട്രീയം തൊഴിലാക്കിയവര്‍ മാത്രം വന്നാല്‍ മതിയെന്ന് പറയുന്നതില്‍ അര്‍ഥമില്ല.
നടക്കാന്‍ റോഡും ചീറിപ്പായാന്‍ നാലു വരിപ്പാതയും ചികിത്സിക്കാന്‍ പഞ്ചനക്ഷത്ര ആശുപത്രിയും പഠിക്കാന്‍ സൗകര്യങ്ങളോടുകൂടിയ കലാലയവുമൊക്കെ വേണ്ടതുപോലെതന്നെ ഒരു വോട്ടറെന്ന നിലയില്‍ എന്‍െറ അടുക്കളയില്‍ പോത്തിറച്ചി വേവിക്കാനുള്ള സ്വാതന്ത്ര്യവും എനിക്ക് പ്രിയപ്പെട്ടതാണ്. പോത്തിറച്ചി തിന്നണമെങ്കില്‍ പാകിസ്താനിലേക്ക് പോകണമെന്ന് ഇന്ദ്രപ്രസ്ഥത്തിലെ ഭരണാധികാരികള്‍ പറയുമ്പോള്‍ വായ തുന്നിക്കെട്ടിയ കേരളത്തിലെ രാഷ്ട്രീയക്കാര്‍ എന്‍െറയരികില്‍ വോട്ട് ചോദിക്കാന്‍ ദയവുചെയ്ത് വരരുത്.
രാഷ്ട്രീയക്കാരെ കുറ്റംപറയുന്ന ഞാന്‍ ഒരു വോട്ടറെന്ന നിലയില്‍ എവിടെ നില്‍ക്കുന്നുവെന്നുകൂടി നോക്കേണ്ടതുണ്ട്. കണ്ണാടിയുടെ മുന്നില്‍ ചെന്നുനിന്നപ്പോള്‍ എന്‍െറ മുഖമത്ര കേമമൊന്നുമല്ല. അടിയന്തയരാവസ്ഥയെ പിന്തുണച്ച് വോട്ട് ചെയ്തവന്‍ ഞാന്‍. അഴിമതിക്കാര്‍ക്ക് വോട്ട് ചെയ്ത് കറുത്ത മഷിക്കുത്ത് ചാര്‍ത്താന്‍ കൈവിരല്‍ നീട്ടുമ്പോള്‍ ഞാന്‍ പിറുപിറുക്കുന്നതിങ്ങനെ: ‘കൈക്കൂലി കൊടുത്താലെന്താ കാര്യം നടക്കുമല്ളോ.’ അടിപിടി കേസുണ്ടാകുമ്പോള്‍ പൊലീസ് സ്റ്റേഷനിലത്തെി ബലമായി എന്നെ ഇറക്കിക്കൊണ്ടു വരുന്ന രാഷ്ട്രീയ നേതാവാണെന്‍െറ ഹീറോ.
ബിഹാറിലെ നിരക്ഷരനായ വോട്ടറുടെ അത്രയും സാക്ഷരനല്ല പേരിന്‍െറ പിന്നില്‍ കുറേ ഡിഗ്രിയൊക്കെ ഉണ്ടെന്ന് മേനി നടിക്കുന്ന മലയാളിയായ ഞാന്‍.
അതുകൊണ്ട് ഞാന്‍ ആര്‍ക്ക് വോട്ട് ചെയ്താലെന്ത്?
ഒരു ജനതക്ക് അവരര്‍ഹിക്കുന ഭരണകര്‍ത്താക്കളയേ കിട്ടൂ.
ഇന്നലെ ഞാനൊരു സുഹൃത്തിനെ കണ്ടുമുട്ടി. അവനീ രഹസ്യമെന്നോടോതി:
‘സ്നേഹത്തിന്‍െറയും വികാരത്തിന്‍െറയും കാലം കഴിഞ്ഞുപോയി.’
ഭയപ്പാടോടെ ചുറ്റുംനോക്കി അവന്‍ കൂട്ടിച്ചേര്‍ത്തു: ‘നിന്‍െറ സ്നേഹത്തിന്‍െറ പരവതാനി ചുരുട്ടി വെക്കുക. എവിടെ നിന്ന് ലഭിക്കുന്നുവോ, അവിടെ നിന്നൊക്ക പണം സമ്പാദിക്കുക. ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ. അങ്ങനെ സംസ്കാരമുള്ളവനാകുക’ - അഹമ്മദ് നദീം ഖാസ്മിയുടെ ഒരു കവിതയില്‍നിന്ന്.      

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.