സൂഫികള്‍ ബി.ജെ.പിയുമായി കൈകോര്‍ക്കുന്നതെന്തിന്?

ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ സംഘടിപ്പിച്ച ചതുര്‍ദിന സാര്‍വദേശീയ സൂഫി സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ പ്രധാന സന്ദേശം ഇതായിരുന്നു: ‘ഇസ്ലാം ഭീകരത അഭ്യസിപ്പിക്കുന്നില്ല’. ഭീകരതക്കെതിരായ പോരാട്ടത്തെ മതങ്ങള്‍ക്കെതിരായ യുദ്ധമായി ഗണിക്കാന്‍ പാടില്ളെന്ന് മോദി ഉണര്‍ത്തി. മാനവികമൂല്യങ്ങളും മാനവികവിരുദ്ധ ശക്തികളും തമ്മിലുള്ള ഏറ്റുമുട്ടലാണത്. ഭീകരതാവിരുദ്ധ യുദ്ധം സൈനികശക്തികൊണ്ടോ ഇന്‍റലിജന്‍സ്, നയതന്ത്രം എന്നിവവഴിയോ വിജയിക്കാനാകില്ല. മൂല്യങ്ങളുടെ കരുത്തുകൊണ്ടും യഥാര്‍ഥ മതസന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് ഈ യുദ്ധം വിജയിക്കേണ്ടത്. മതത്തിന്‍െറ പേരുപറഞ്ഞ് ഭീകരത വ്യാപിപ്പിക്കുന്നവര്‍ മതവിരുദ്ധരാണെന്നും മോദി അഭിപ്രായപ്പെട്ടു.

അല്ലാഹുവിന്‍െറ 99 വിശിഷ്ട നാമങ്ങളില്‍ ഒന്നുപോലും ഹിംസയെ പ്രോത്സാഹിപ്പിക്കുന്നില്ല. ഗുണനാമങ്ങളില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന റഹ്മാന്‍, റഹീം എന്നിവ കാരുണ്യത്തിന്‍െറയും ദയയുടെയും പ്രാധാന്യമാണ് വിളംബരം ചെയ്യുന്നത്. നമ്മുടെ അതിരുകളില്‍ ഭീകരതയുടെ ഹിംസകള്‍ക്കുപകരം സൂഫിസത്തിന്‍െറ ആത്മീയപ്രവാഹം ഒഴുകുന്നപക്ഷം ഇവിടം പൂവാടിയാകുമെന്നും മോദി ഓര്‍മിപ്പിച്ചു.

മാര്‍ച്ച് 17ന് ആരംഭിച്ച സമ്മേളനത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ധാരാളം പേര്‍ പ്രതിനിധികളായി സംബന്ധിച്ചു. നൂറോളം വിദേശ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു. ‘ഓള്‍ ഇന്ത്യ ഉലമ ആന്‍ഡ് മശാഇഖ് ബോര്‍ഡ്’ എന്ന താരതമ്യേന  പുതിയൊരു സംഘടനയാണ് സമ്മേളനത്തിന്‍െറ സംഘാടകര്‍. ഹസ്റത്ത് സയ്യിദ് മുഹമ്മദ് അശ്റഫ് അശ്റഫി എന്ന ബറേല്‍വി സംഘടനക്ക് നേതൃത്വം നല്‍കുന്നു. ബറേല്‍വി മുസ്ലിം പണ്ഡിതന്മാര്‍ രൂപം നല്‍കിയ ഉലമ ആന്‍ഡ് മശാഇഖ് ബോര്‍ഡിന് പ്രാതിനിധ്യ ദേശീയ സ്വഭാവമുണ്ടെന്നും ഉപഭൂഖണ്ഡത്തിലെ ഭൂരിപക്ഷം മുസ്ലിംകളെയും പ്രതിനിധാനം ചെയ്യുന്നത് തങ്ങളാണെന്നും സംഘടന അവകാശവാദമുന്നയിക്കുന്നുണ്ട്. എന്നാല്‍, ഈ അവകാശവാദത്തില്‍ കഴമ്പില്ളെന്നാണ് ഇതര സംഘടനകളുടെ വിശദീകരണം.
ദാരിദ്ര്യം, നിരക്ഷരത എന്നിവയുടെ ബന്ധനത്തിലമര്‍ന്നതിനാല്‍ പരമ്പരാഗതമായ രാഷ്ട്രീയ അരങ്ങില്‍ ഇടം ലഭിക്കാതെപോയ വിഭാഗമാണ് ബറേല്‍വികള്‍. രാഷ്ട്രീയമോഹങ്ങള്‍ സഫലീകരിക്കാന്‍ ഇന്ത്യയിലെ പുതിയ പശ്ചാത്തലം സഹായകമാകുമെന്ന് ബറേല്‍വികള്‍ പ്രതീക്ഷിക്കുന്നു. ഡല്‍ഹിയിലെ മഹാസമ്മേളനത്തിന് മുന്നോടിയായി രാജ്യമെമ്പാടും കൊച്ചുകൊച്ചു സമ്മേളനങ്ങള്‍ ബോര്‍ഡിന്‍െറ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ക്കുകയുണ്ടായി.

ബറേല്‍വികള്‍
ദയൂബന്ദികളുടേതിന് തുല്യമായി ബറേല്‍വികളും ഹനഫി കര്‍മശാസ്ത്രധാര പിന്‍പറ്റുന്നു. ഭദ്രമായ സംഘടനാസംവിധാനവും പ്രഗല്ഭരായ നേതാക്കളും ദയൂബന്ദികളുടെ ഉന്നമനത്തില്‍ വന്‍ പങ്കുവഹിക്കുകയുണ്ടായി. അതേസമയം, ഇത്തരം നേട്ടങ്ങള്‍ ബറേല്‍വികള്‍ക്ക് അവകാശപ്പെടാനില്ല. പ്രഗല്ഭ പണ്ഡിതനായ ഹസ്റത് അഹ്മദ് റസാ (1856-1921) യാണ് ബറേല്‍വികളുടെ സംഘടിതസഭക്ക് രൂപം നല്‍കിയത്.മുഹമ്മദ് നബിയുടെ പ്രകീര്‍ത്തനങ്ങള്‍ക്ക് സദാ ഊന്നല്‍ നല്‍കുന്ന ബറേല്‍വികള്‍ സൂഫിദര്‍ശനങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. എന്നാല്‍, ദയൂബന്ദി സൂഫികള്‍ ഇത്തരം ദര്‍ഗാസന്ദര്‍ശനങ്ങളോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു.

സജീവ രാഷ്ട്രീയവുമായി ദയൂബന്ദികള്‍ മുന്നോട്ടുനീങ്ങുമ്പോള്‍ പരമ്പരാഗതമായി അരാഷ്ട്രീയ ചിന്താഗതിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ബറേല്‍വികള്‍. സമീപകാലത്ത് ഒരു വിഭാഗം ബറേല്‍വികള്‍ ബി.ജെ.പിയുമായി രാഷ്ട്രീയബന്ധം സ്ഥാപിക്കുന്ന പ്രവണത പ്രകടമാണ്. അതേസമയം, ബറേല്‍വികളില്‍ വലിയവിഭാഗവും ബി.ജെ.പിയെ തീവ്ര ദേശീയവാദികളായും മുസ്ലിംകള്‍ക്കെതിരെ വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരായുംതന്നെ വീക്ഷിക്കുന്നു.
ന്യൂഡല്‍ഹിയില്‍ ബി.ജെ.പിയുടെ ഒത്താശയോടെ അന്താരാഷ്ട്ര സൂഫി സമ്മേളനം ചേരുന്നു എന്ന വാര്‍ത്ത പുറത്തുവന്ന ഉടനെ ഇതുമായി ബന്ധപ്പെട്ട അപകടാവസ്ഥകളെക്കുറിച്ച് പ്രമുഖ മുസ്ലിം നേതാക്കള്‍ സമുദായത്തിന് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. സമുദായത്തിനകത്ത് ഗ്രൂപ്പുവഴക്കുകളും ചേരിതിരിവുകളും മൂര്‍ച്ഛിപ്പിക്കാന്‍ അത് കാരണമാകുമെന്നും നേതാക്കള്‍ വിശദീകരിച്ചു.

മുസ്ലിം/ഹിന്ദു വൈരം മൂര്‍ച്ഛിപ്പിക്കുകയും അത് സൃഷ്ടിക്കുന്ന ധ്രുവീകരണങ്ങള്‍ അധികാരലബ്ധിക്കുവേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന ഗൂഢാലോചനയെ ഗൗരവപൂര്‍വം വീക്ഷിക്കാതിരുന്നാല്‍ പ്രത്യാഘാതങ്ങള്‍ ഗുരുതരമാകാതിരിക്കില്ല. ഇത്തവണ മുസ്ലിംകളെ പരസ്പരം പോരടിപ്പിക്കുക എന്ന ലാക്കോടെയുള്ള ഗൂഢാലോചനകളാണ് അരങ്ങേറിയത്. മുസ്ലിംകളെ പരസ്പരം ധ്രുവീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കിയതായിപ്പോലും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. സമ്മേളനസംഘാടകര്‍ സൂഫിസത്തിന്‍െറ പേരില്‍ വിഭാഗീയതയാണ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് വിവിധ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഭീകരതയുമായി ബന്ധമുള്ളവരാണ് മുസ്ലിം സംഘടനകള്‍ എന്ന് ചിത്രീകരിക്കാനുള്ള ശ്രമവും ഇതിന്‍െറ ഭാഗമായി അരങ്ങേറി.

സര്‍ക്കാര്‍ സഹായം
സൂഫി സമ്മേളനത്തിന് ഗവണ്‍മെന്‍റ് വേണ്ടത്ര സഹായസഹകരണങ്ങള്‍ നല്‍കിവരുന്നതായി മാര്‍ച്ച് എട്ടിന് സംഘാടകര്‍ പരസ്യമായി സമ്മതിച്ചു. ഇത്ര വലിയൊരു ചടങ്ങ് സര്‍ക്കാര്‍സഹായമില്ലാതെ നടത്താനാകില്ളെന്നായിരുന്നു സംഘാടകരുടെ ന്യായീകരണം. അതിനിടെ ബറേല്‍വി വിഭാഗത്തിലെ ചില പ്രമുഖ നേതാക്കള്‍ സമ്മേളനത്തിനെതിരെ കടുത്ത വിമര്‍ശങ്ങളുമായി രംഗപ്രവേശം ചെയ്തു. ഇത്തരമൊരു സമ്മേളനത്തിന്‍െറ ഉദ്ദേശ്യലക്ഷ്യങ്ങളെ അവര്‍ ചോദ്യംചെയ്തു. ഇന്ത്യന്‍ മുസ്ലിംകള്‍ വിഭാഗീയതയുടെ വിപല്‍ഫലങ്ങള്‍ അനുഭവിക്കണമെന്നാഗ്രഹിക്കുന്ന ശക്തികളാണ് സമ്മേളനത്തിന് സഹായം നല്‍കിക്കൊണ്ടിരുന്നതെന്ന് മഹാരാഷ്ട്രയിലെ ജംഇയ്യതുല്‍ ഉലമ, റസാ അക്കാദമി തുടങ്ങിയ വേദികള്‍ പ്രസ്താവനകളിലൂടെ ചൂണ്ടിക്കാട്ടുകയും ചെയ്തു.
മുഖ്യാതിഥിയായി നരേന്ദ്ര മോദിയെ ക്ഷണിച്ചതിനെതിരെയും ശക്തമായ വിമര്‍ശങ്ങള്‍ ഉയര്‍ന്നു. ബറേല്‍വി വിഭാഗത്തിലെ മൂന്ന് സുപ്രധാന സംഘടനകള്‍ സമ്മേളനം ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഹാനി വരുത്താന്‍ കാരണമാകുമെന്നതിനാലാണ് സമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ഈ സംഘടനകള്‍ വിശദീകരണം നല്‍കി.

മുസ്ലിം വോട്ടുബാങ്കുകളില്‍ കണ്ണുനട്ട് ബി.ജെ.പി നടത്തിയ രാഷ്ട്രീയ കൗശലം മാത്രമാണ് സൂഫി സമ്മേളനമെന്ന നിരീക്ഷകരുടെ വിലയിരുത്തല്‍ ശ്രദ്ധേയമാണ്. ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിക്കുന്ന രീതിക്കുപകരം മുസ്ലിംകളെതന്നെ തമ്മിലടിപ്പിച്ച് ഒരു വിഭാഗത്തിന്‍െറ കൈയടിയും വോട്ടുകളും ആര്‍ജിക്കാമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.

സൂഫിസത്തിന്‍െറ മേല്‍വിലാസത്തില്‍ ബി.ജെ.പിയുമായി ചങ്ങാത്തം സ്ഥാപിക്കുന്നതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാമെന്ന സ്വാര്‍ഥമോഹമാണ് ബറേല്‍വി പുരോഹിതന്മാരെ ഇത്തരമൊരു സാഹസത്തിലേക്ക് നയിച്ചത്. സൂഫി മൂടുപടം ഉപേക്ഷിച്ച്, ശുദ്ധരാഷ്ട്രീയമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവം സംഘാടകര്‍ പ്രകടിപ്പിച്ചിരുന്നെങ്കില്‍ ഇത്രയേറെ രൂക്ഷമായ വിമര്‍ശങ്ങള്‍ ഉയരുമായിരുന്നില്ല. ‘സൂഫിസത്തെ മൊത്തമായി സംഘ്പരിവാറിന് പണയംനല്‍കാന്‍ ഈ വിഭാഗത്തിന് അര്‍ഹതയും അവകാശവുമുണ്ടോ?’ വിഖ്യാത ബറേല്‍വി നേതാവ് മൗലാന തൗഖീര്‍ റാസയുടേതാണ് ഈ ചോദ്യം.
‘സമ്മേളനത്തിന് പിറകിലെ കളികള്‍ സര്‍വര്‍ക്കും ബോധ്യപ്പെട്ടുകഴിഞ്ഞു. ഇതുവഴി ആരെയും വിഡ്ഢികളാക്കാന്‍ കഴിയില്ല. സൂഫികള്‍ക്കുമുന്നില്‍ രാജാക്കന്മാര്‍ ശിരസ്സ് നമിച്ച സംഭവങ്ങളാണ് ചരിത്രത്തിലുടനീളം ദര്‍ശിക്കാനാവുക. രാജാവിന്‍െറ കതകുകള്‍ മുട്ടിവിളിക്കാന്‍ സൂഫികള്‍ തയാറാകാറില്ല. സൂഫിസത്തിന്‍െറ പേരില്‍ സര്‍ക്കാറില്‍നിന്ന് പണംപറ്റുന്ന സംഭവം ചരിത്രത്തില്‍ ഇതാദ്യമാണ്. വംശഹത്യയുടെ കറപുരണ്ടതായി ആരോപിക്കപ്പെടുന്ന ഒരു വ്യക്തിക്കുമുന്നില്‍ ഓച്ചാനിച്ചുനില്‍ക്കാന്‍ മന$സാക്ഷി പണയംവെച്ചവര്‍ക്കേ സാധിക്കൂ’ -മൗലാന തൗഖീര്‍ റാസ ബഹിഷ്കരണ തീരുമാനം അറിയിക്കുന്ന പ്രസ്താവനയില്‍ വിശദീകരിച്ചു.

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ഇതുവഴി ചില്ലറ നേട്ടങ്ങള്‍ ലഭിച്ചെന്നിരിക്കാം. എന്നാല്‍, മുസ്ലിംകള്‍ക്കിടയില്‍ അന്തശ്ഛിദ്രവും വിഭാഗീയതയും വളര്‍ത്താനുള്ള തന്ത്രം ജനാധിപത്യ ഇന്ത്യ തിരിച്ചറിയാതിരിക്കില്ല. മുസ്ലിം സംഘടനകള്‍ ഒന്നടങ്കം ഭീകരതയെ അപലപിച്ചതിനുശേഷവും മുസ്ലിംകളെ അതുമായി ബന്ധിപ്പിക്കുന്നുണ്ട്. സമ്മേളന സംഘാടകര്‍ പുറത്തുവിട്ട പരാമര്‍ശം ലജ്ജാകരവും വിവേകശൂന്യവുമാണ്.
മോദി സര്‍ക്കാറുമായി കൈകോര്‍ത്ത് മുസ്ലിംകള്‍ക്കിടയില്‍ വിഭാഗീയ വൈരം മൂര്‍ച്ഛിപ്പിക്കുന്ന ഇത്തരം സമ്മേളനങ്ങള്‍ ഇന്ത്യന്‍ മുസ്ലിംകളുടെ വിശാലതാല്‍പര്യങ്ങളുടെ സംരക്ഷണത്തിന് ഒരുനിലക്കും പ്രയോജനകരമാകില്ളെന്ന് വ്യക്തം.

(ഓള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ മുൻ അധ്യക്ഷനും മില്ലി ഗസറ്റ് പത്രാധിപരുമാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT