സോണി സോറിക്കു വേണ്ടി നാവ് പൊങ്ങാത്തതെന്ത്?

ഇന്ത്യയെന്ന അദ്ഭുതത്തെപ്പറ്റി പലരും വാചാലരാവുന്ന കാലമാണിത്. രാജ്യത്തിന്‍െറ അദ്ഭുതപ്പെടുത്തുന്ന സംസ്കാരവും അതിന് കാവല്‍നില്‍ക്കുന്നവരുടെ അപദാനങ്ങളും തെരുവുകളിലും അന്തിച്ചര്‍ച്ചകളിലും ബ്ളോഗെഴുത്തുകളിലുമൊക്കെ നിരന്തരം ഘോഷിക്കപ്പെടുന്നു. അഭിപ്രായങ്ങളില്‍ വിയോജനം രേഖപ്പെടുത്തുന്നവര്‍ രാജ്യദ്രോഹികളായി മുദ്രകുത്തപ്പെടുന്നു.  കപടദേശീയതയില്‍ അഭിരമിക്കുന്ന ഇന്ത്യന്‍ മധ്യവര്‍ഗവും ഭൂരിപക്ഷം മാധ്യമങ്ങളും ഇതിനിടയില്‍ ബോധപൂര്‍വം അവഗണിക്കുന്ന ഒരു പേരുണ്ട്-സോണി സോറി. ജെ.എന്‍.യു സംഭവങ്ങളെ തുടര്‍ന്ന് രാജ്യത്തിന്‍െറ മഹത്ത്വവത്കരണം കൊടുമ്പിരികൊണ്ടുതുടങ്ങിയ കഴിഞ്ഞ ഫെബ്രുവരി 20ന് രാത്രിയിലാണ് ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ സോണി സോറിയെന്ന ആദിവാസി അധ്യാപിക വീണ്ടും ആക്രമിക്കപ്പെടുന്നത്. ജനനേന്ദ്രിയത്തില്‍ കല്ലുകള്‍ കുത്തിത്തിരുകിയുള്ള പീഡനങ്ങളാണ് അഞ്ചു വര്‍ഷം മുമ്പ് സോണിക്ക് അനുഭവിക്കേണ്ടിവന്നതെങ്കില്‍, ഇത്തവണ ആക്രമികള്‍ മുഖത്തേക്കൊഴിച്ച ആസിഡ് മിശ്രിതത്തിലുരുകി പൊള്ളിപ്പിടയാനായിരുന്നു വിധി. ഫാഷിസ്റ്റ് കുപ്രചാരണങ്ങളില്‍ മയങ്ങി, മക്കള്‍ക്ക് അദ്ഭുതങ്ങളുടെ ഇന്ത്യയെക്കുറിച്ച് പാടിപ്പറഞ്ഞു കൊടുക്കാനൊരുങ്ങുന്നവര്‍ സോണി സോറിയെന്ന ഭാരതനാരിയുടെ ദുരിതകഥകൂടി ഓര്‍മകളില്‍ സൂക്ഷിക്കുന്നത് നന്ന്.
ഛത്തിസ്ഗഢിലെ ദന്തേവാഡ ജില്ലയിലെ ജബേലി ഗ്രാമത്തില്‍ അധ്യാപികയായിരുന്നു സോണി സോറി. ആദിവാസിക്കുട്ടികളെ അക്ഷരം പഠിപ്പിക്കുന്ന ജോലി. നൂറുകണക്കിന് കുട്ടികളുണ്ടായിരുന്നു ഒരുകാലത്ത് അവരുടെ കുടിപ്പള്ളിക്കൂടത്തില്‍. ഗിരിവര്‍ഗമേഖലയിലെ ധാതുനിക്ഷേപങ്ങള്‍ കൊള്ളയടിക്കാന്‍ ഭരണകൂട  കോര്‍പറേറ്റ് മാഫിയ അവതരിച്ച രണ്ടാം യു.പി.എ ഭരണകാലത്താണ് സോണിയുടെ ജീവിതത്തിനുമേല്‍ ദുരിതങ്ങളുടെ തീമഴ പെയ്തുതുടങ്ങിയത്. വനമേഖലയും പൈതൃകവും തകര്‍ക്കാനത്തെിയ വന്‍ശക്തികള്‍ക്കെതിരെ ആദിവാസി ഗോത്രസമൂഹം ഒറ്റക്കെട്ടായി അണിനിരന്നു. ആദിവാസികളെ അക്ഷരവും പ്രതിരോധവും പഠിപ്പിക്കുന്ന അധ്യാപിക, മാഫിയയുടെ കണ്ണിലെ കരടായി. എളുപ്പം കീഴ്പ്പെടുത്താന്‍ അവര്‍ അവള്‍ക്കൊരു പേരിട്ടു. ‘മാവോവാദി’.
2011 ഒക്ടോബര്‍ ആദ്യവാരം അവര്‍ അവളുടെ ജീവിതത്തിലേക്ക് ദുരിതങ്ങളുടെ ആദ്യ വിത്തെറിഞ്ഞു. മാവോവാദി ബന്ധമാരോപിച്ച് വേട്ട തുടങ്ങിയതോടെ രക്ഷതേടി സോണി ഡല്‍ഹിയിലത്തെി. എന്നാല്‍, ഡല്‍ഹി ക്രൈംബ്രാഞ്ച് അവരെ അറസ്റ്റ് ചെയ്ത് ഛത്തിസ്ഗഢ് പൊലീസിന് കൈമാറി. വ്യവസായഗ്രൂപ്പായ എസ്സാറില്‍നിന്ന് മാവോവാദികള്‍ക്കുവേണ്ടി പണം വാങ്ങിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എസ്സാറും മാവോവാദികളും ആരോപണം നിഷേധിച്ചെങ്കിലും സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. ഒക്ടോബര്‍ എട്ട്, ഒമ്പത് തീയതികളില്‍ ദന്തേവാഡ പൊലീസ് സ്റ്റേഷനില്‍ കേട്ടാലറയ്ക്കുന്ന ക്രൂരമായ പീഡനങ്ങള്‍ക്ക് സോണി ഇരയായി. നഗ്നയാക്കി, ശരീരദ്വാരങ്ങളില്‍ കല്ലുകള്‍ കുത്തിത്തിരുകിയും കറണ്ടടിപ്പിച്ചും മേലാളര്‍ക്കുമുന്നില്‍ വീര്യം തെളിയിച്ചു.  മനുഷ്യത്വം മരവിക്കുന്ന ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കിയത് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അങ്കിത് ഗാര്‍ഗ്.
സാമൂഹികപ്രവര്‍ത്തകരുടെ ഇടപെടലുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവിലാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയാറായത്. അപ്പോഴേക്കും വെറും ജീവച്ഛവമായിത്തീര്‍ന്നിരുന്നു അവള്‍. നീരുകെട്ടി വീങ്ങിയ ശരീരവും വിറങ്ങലിച്ച മനസ്സുമായി കൊല്‍ക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടന്ന് അവളനുഭവിച്ച നരകവേദനയൊന്നും ന്യൂജനറേഷന്‍ രാജ്യസ്നേഹികള്‍ക്ക് മനസ്സിലാവില്ല.  
രണ്ടു വര്‍ഷത്തോളം വാദംകേള്‍ക്കലും ജാമ്യവുമില്ലാതെ ജയിലില്‍, നിരപരാധിത്വം തെളിയിക്കാന്‍ മറ്റു വഴികളില്ലാതെ തുടര്‍ച്ചയായ നിരാഹാരസമരങ്ങള്‍, നോം ചോംസ്കി ഉള്‍പ്പെടെയുള്ള പ്രമുഖരുടെയും ദേശീയ മനുഷ്യാവകാശ കമീഷന്‍െറയും ഇടപെടലുകള്‍, ക്രൂരമായി ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടതായി സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന സ്വതന്ത്ര മെഡിക്കല്‍ പരിശോധനയിലെ കണ്ടത്തെല്‍. ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ സോണി ‘മനസ്സാക്ഷിയുടെ തടവുകാരി’ എന്ന് പ്രഖ്യാപിച്ചത് വെറുതെയല്ല.
റായ്പുര്‍ ജയിലില്‍ കിടക്കുമ്പോള്‍, 2011-12 കാലത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും രാജ്യത്തെയും അഭിസംബോധന ചെയ്ത് സോണിയെഴുതിയ രണ്ടു കത്തുകള്‍ സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. രാജ്യസ്നേഹത്തിന്‍െറ മൊത്തക്കച്ചവടക്കാരോടുള്ള ചോദ്യങ്ങളായി പരിണമിക്കുന്ന കത്തിന്‍െറ ചിലഭാഗങ്ങള്‍: ‘എന്‍െറ വസ്ത്രങ്ങള്‍ ഓരോന്നായി ഉരിഞ്ഞുമാറ്റി എന്നെ നഗ്നയാക്കിയതിനുശേഷം പൊലീസ് ഉദ്യോഗസ്ഥനായ അങ്കിത് ഗാര്‍ഗ് പറഞ്ഞു: ‘നീയൊരു അഭിസാരികയാണ്. നീ ആരാണെന്നാണ് നിന്‍െറ വിചാരം? നിന്നെപ്പോലുള്ള ഒരു സാധാരണസ്ത്രീയെ ആര് പിന്തുണക്കാനാണ്...?’ എന്തുകൊണ്ടാണ് ഒരു പൊലീസ് ഓഫിസര്‍ ഇങ്ങനെ സംസാരിക്കുന്നതെന്ന് സോണി ചോദിക്കുന്നു. എന്നെ സഹായിക്കാന്‍ നിങ്ങളാരും വരാതിരിക്കുന്നതെന്താണെന്ന് അവര്‍ ചോദിക്കുമ്പോള്‍ ഉത്തരം പറയേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ട്. സോണി തുടരുന്നു. ‘ആരാണ് ഈ ലോകം സൃഷ്ടിച്ചത്? ശക്തരും ബുദ്ധിമാന്മാരുമായ പോരാളികള്‍ക്ക് ജന്മം നല്‍കിയത് ആരാണ്? സ്ത്രീകള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നോ? ഞാനൊരു സ്ത്രീയാണ്. എന്തു കൊണ്ട് എനിക്കിത് സംഭവിച്ചു. ഉത്തരം പറയുക...’
സോണി തുടരുന്നു: ‘എന്‍െറ വിദ്യാഭ്യാസത്തെ അവര്‍ പരിഹസിക്കുന്നു. ഞാന്‍ പഠിച്ചത് ദിംരിപാലിലെ രുക്മിണി കന്യാ ആശ്രം എന്ന ഗാന്ധിയന്‍ സ്കൂളിലാണ്. ഞാന്‍ എന്‍െറ വിദ്യാഭ്യാസത്തിന്‍െറ കരുത്തില്‍ ശക്തിയായി വിശ്വസിക്കുന്നു. നക്സല്‍ പ്രശ്നമടക്കം എന്തിനേയും നേരിടാനുള്ള കരുത്തെനിക്കുണ്ട്. വിദ്യാഭ്യാസമാണ് എന്‍െറ നിലനില്‍പിന്‍െറ ഉപകരണം. ഞാന്‍ തെരഞ്ഞെടുത്ത ആയുധം പേനയാണ്. എന്നിട്ടും, അവരെന്നെ നക്സലെന്നാരോപിച്ച് ജയിലിലടച്ചു. മഹാത്മാഗാന്ധിയുടെ ആയുധവും ഇതുതന്നെയായിരുന്നു. മഹാത്മാഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തേയും ഇവര്‍ ജയിലിലടക്കുമായിരുന്നില്ളേ? നിങ്ങളില്‍നിന്ന് എനിക്ക് അറിയണം...’ ഗാന്ധിയെ വെടിവെച്ചുകൊന്നവര്‍ക്ക് ലജ്ജയുണ്ടാവില്ല. ഗോദ്സെക്ക് ക്ഷേത്രം പണിയുന്ന തിരക്കിലാണല്ളോ അവര്‍. പക്ഷേ, രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെതിരെ ആയുധമെടുത്തിറങ്ങിയ ഒരു ഭരണകൂടത്തിനുവേണ്ടി ഇന്ത്യയുടെ മഹത്ത്വം വിളമ്പുന്നവര്‍ക്ക് വിദ്യാഭ്യാസത്തിന്‍െറ കരുത്തില്‍ വിശ്വസിക്കുന്ന ഈ സ്ത്രീയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യതയുണ്ട്.
‘ഞങ്ങള്‍ ആദിവാസികള്‍ പലവിധ ചൂഷണത്തിനും ഇരകളാണ്. ഞങ്ങള്‍ നക്സലുകളെ പിന്തുണക്കുന്നതായി അവര്‍ ആരോപിക്കുന്നു. ഞങ്ങളെ കള്ളക്കേസുകളില്‍ കുടുക്കുന്നു. ഒന്നും രണ്ടും കേസുകളില്‍പെട്ടവര്‍പോലും അഞ്ചും ആറും വര്‍ഷം ജയില്‍വാസം അനുഭവിക്കുന്നു. ഒരു വിചാരണയുമില്ല, വിധിയുമില്ല, ജാമ്യമില്ല, കുറ്റവിമുക്തിയുമില്ല. എന്തുകൊണ്ടാണിതെല്ലാം? ഗവണ്‍മെന്‍റിനോട് പൊരുതാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അല്ളെങ്കില്‍, ഗവണ്‍മെന്‍റ് ഞങ്ങള്‍ക്കൊപ്പമല്ല. അല്ളെങ്കില്‍, ആദിവാസികള്‍ വലിയ നേതാക്കന്മാരുടെ മകനോ മകളോ ബന്ധുവോ അല്ല. എത്രകാലം, ആദിവാസികള്‍ ഇങ്ങനെ ചൂഷണത്തിന് ഇരകളായി തുടരും. ഞാന്‍ ഇന്ത്യന്‍ പൗരന്മാരോടാണ് ചോദിക്കുന്നത്, എനിക്ക് ഉത്തരം തരൂ...’ ആരുമറിയാതെ മരിച്ചുവീഴുന്ന ഈ മനുഷ്യരുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഒരു നിമിഷമെങ്കിലും കണ്ണടച്ച് നില്‍ക്കാന്‍ ആരുണ്ടെന്ന് അഭിനവ രാജ്യസ്നേഹികള്‍ വ്യക്തമാക്കണം.
നീണ്ടകാലത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കെട്ടിച്ചമച്ച എട്ടു കേസുകളില്‍ ആറെണ്ണത്തിലും നിരപരാധിത്വം തെളിയിച്ച് 2013ല്‍ സോണി ജയിലില്‍ നിന്നിറങ്ങുമ്പോഴേക്കും അഴിഞ്ഞാടിയ എസ്.പി അങ്കിത് ഗാര്‍ഗ്് രാഷ്്ട്രപതിയുടെ ധീരതാപുരസ്കാരം നേടിയിരുന്നു! ജയില്‍മോചിതയായതിനു ശേഷം ആം ആദ്മി പാര്‍ട്ടിയുടെ ഭാഗമായി പോരാട്ടങ്ങള്‍ തുടര്‍ന്ന സോണി സോറിയെ ഭരണകൂടവും ഖനിമാഫിയയും ഇപ്പോഴും നിരന്തരം വേട്ടയാടുന്നു. ഇതില്‍ ഒടുവിലത്തേതാണ് ഈ ഫെബ്രുവരി 20ന് നടന്ന ആസിഡ് ആക്രമണം. ആദിവാസികള്‍ക്കും ക്ഷേമ പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ തുടരുന്ന അതിക്രമങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തിയതിനു ശേഷം ജഗദല്‍പുരില്‍നിന്ന് ദന്തേവാഡയിലേക്ക് മടങ്ങുകയായിരുന്ന സോണിയെ ബൈക്കിലത്തെിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്.  ആസിഡാക്രമണത്തെ നിസ്സാരവത്കരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.  ഇന്ത്യ മരിക്കുന്നെന്ന് വിലപിക്കുന്നവര്‍ മരിച്ചുജീവിക്കുന്ന സോണിസോറിമാരെ കണ്ടില്ളെന്നു നടിക്കുന്നു. പുരുഷ സവര്‍ണരാഷ്ട്രീയശക്തികളുടെ പ്രാകൃതമായ കടന്നുകയറ്റത്തിന് വിധേയയായി, ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാക്കപ്പെട്ട ഈ സ്ത്രീക്കുവേണ്ടി സംസാരിക്കാന്‍ മുഖ്യധാരാ പൊതുബോധത്തിന്‍െറ നാവു പൊങ്ങാത്തതെന്ത്?  കെട്ടിച്ചമച്ച കുറ്റങ്ങളുടെ ശിക്ഷയുംപേറി ജീവിതത്തിന്‍െറ ഭൂരിഭാഗവും തടവറയില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഭാരതത്തിന്‍െറ ആത്മാവറിയുന്ന ഒരുകൂട്ടം മനുഷ്യര്‍ ഇരുട്ടില്‍ക്കിടന്നു ചോദിക്കുന്നുണ്ട്, പണ്ട് മകനെ അന്വേഷിച്ചലഞ്ഞ ആ അച്ഛന്‍ ചോദിച്ച അതേ ചോദ്യം. എന്തിനാണ് ഞങ്ങളുടെ മകളെ നിങ്ങള്‍ മഴയത്തു നിര്‍ത്തിയിരിക്കുന്നത്?
                                                                        

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.