രാഷ്ട്രീയമേഖലയില്‍ ഉള്‍പ്പെടെ നടപ്പുകാലം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ ഇസ്ലാമിക പ്രത്യയശാസ്ത്രത്തില്‍ ഊന്നിനിന്ന് എങ്ങനെ പരിഹരിക്കാമെന്ന് അഗാധമായി ചിന്തിക്കുകയും അത്തരം ആലോചനകളില്‍നിന്ന് ഗവേഷണപരമായ ഫോര്‍മുലകള്‍ ആവിഷ്കരിച്ച് സാക്ഷാത്കരിക്കുകയും ചെയ്ത വിപ്ളവാചാര്യനായിരുന്നു കഴിഞ്ഞദിവസം സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമിലെ ആശുപത്രിയില്‍ അന്തരിച്ച ഹസന്‍ അബ്ദുല്ല അത്തുറാബി. പാശ്ചാത്യ കൊളോണിയല്‍ ചൂഷണങ്ങള്‍മൂലം ചരിത്രപരമായി ദാരിദ്ര്യം ഏറ്റുവാങ്ങേണ്ടിവന്ന സുഡാനിലെ ക്ഷാമ ബാധിത ഗ്രാമങ്ങളില്‍ കൃഷി പുനരുജ്ജീവിപ്പിച്ചുകൊണ്ട് മന്ത്രിയായിരിക്കെ തുറാബി നടത്തിയ കാര്‍ഷികവിപ്ളവം പിന്നീട് പാശ്ചാത്യ ചിന്തകരുടെപോലും അംഗീകാരം ഏറ്റുവാങ്ങി. ‘ദൈവത്തിന്‍െറ അടിയാളരാവുക; കാര്‍ഷികരംഗം വികസിപ്പിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനങ്ങളെ ഈ വിപ്ളവത്തിന് പ്രചോദിതരാക്കിയ തുറാബി ഭക്ഷ്യധാന്യ സ്വയംപര്യാപ്തതയിലേക്കാണ് രാജ്യത്തെ ഉയര്‍ത്തിയത്.
ഇസ്ലാം എന്നാല്‍ ശിക്ഷകള്‍ക്ക് ഊന്നല്‍നല്‍കുന്ന മധ്യകാലനിയമങ്ങളുടെ സമാഹാരം മാത്രമാണെന്ന പാശ്ചാത്യ ന്യൂനീകരണവാദത്തെ പുസ്തകങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഭരണപാടവത്തിലൂടെയും ഖണ്ഡിച്ചിരുന്ന തുറാബി ഇസ്ലാമിക നിയമസംഹിതയെ (ഫിഖ്ഹ്) നവീകരിക്കുന്നതിനുള്ള (ഇജ്തിഹാദ്) ആഹ്വാനവും നടത്തി. ഇസ്ലാമികസന്ദേശത്തെ പഴയകാലങ്ങളില്‍ തളച്ചിടുന്നതും പ്രമാണവാദപരമായി മാത്രം സമീപിക്കുന്നതും യാഥാസ്ഥിതികത്വമാണെന്ന് അദ്ദേഹം ഉണര്‍ത്തി. ഓരോ തിരിച്ചടിക്കുശേഷവും വിശ്വാസത്തെ പുരോഗമനോന്മുഖമാക്കേണ്ടത് അനിവാര്യമാണെന്നും പരീക്ഷണാത്മകമായ അത്തരം ചരിത്രസന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1932ല്‍ കിഴക്കന്‍ സുഡാനിലെ കസ്സാലയില്‍ പ്രമുഖ പണ്ഡിതകുടുംബത്തിലാണ് തുറാബിയുടെ ജനനം. ഖര്‍ത്തൂം സര്‍വകലാശാല, ലണ്ടന്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്ന് നിയമത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 1964ല്‍ പാരിസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയതോടൊപ്പം ഫ്രഞ്ച്-ഇംഗ്ളീഷ് ഭാഷകളില്‍ അവഗാഹവും നേടി. വിദ്യാര്‍ഥിയായിരിക്കെ ബ്രദര്‍ഹുഡ് പ്രസ്ഥാനം രൂപവത്കരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചുകൊണ്ട് പൊതുപ്രവര്‍ത്തനം ആരംഭിച്ചു. അധ്യാപകന്‍, പ്രഭാഷകന്‍, സാമൂഹികപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, സ്പീക്കര്‍, മന്ത്രി, സാര്‍വദേശീയ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ കോഓഡിനേറ്റര്‍ തുടങ്ങി വിവിധ നിലകളില്‍ കര്‍മനിരതനാവുകയും ആഗോളശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.
ബ്രദര്‍ഹുഡിന്‍െറ താത്ത്വികാടിത്തറയില്‍ ഊന്നി രൂപംകൊണ്ട ഇസ്ലാമിക് ചാര്‍ട്ടര്‍ ഫ്രണ്ടിന്‍െറ സെക്രട്ടറി ജനറല്‍ പദവിയിലിരുന്ന് ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തുറാബി 1969ല്‍ ജഅ്ഫര്‍ നുമൈരി നടത്തിയ സൈനിക അട്ടിമറിയെ തുടര്‍ന്ന് ആറു വര്‍ഷത്തോളം ജയിലിലടക്കപ്പെട്ടു. 1960കളുടെ മധ്യത്തില്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അറ്റോണി ജനറലായി നിയമിതനായി. രാഷ്ട്രീയസംഘടനകള്‍ നിരോധിക്കപ്പെട്ടപ്പോള്‍ ഇതരസംഘടനകളുമായി കൈകോര്‍ത്തുകൊണ്ട് സൈനിക ഭരണകൂടത്തിനെതിരെ പ്രതിരോധമുയര്‍ത്തി. ഇതരനേതാക്കളുമായി ചേര്‍ന്ന് രൂപവത്കരിച്ച നാഷനല്‍ ഇസ്ലാമിക് ഫ്രണ്ടിലൂടെ ഭരണത്തിലത്തെിയ തുറാബി 1989ലെ ഉമറുല്‍ ബശീറിന്‍െറ സൈനിക അട്ടിമറിയത്തെുടര്‍ന്ന് ജയിലിലടക്കപ്പെട്ടു. എന്നാല്‍, ഇസ്ലാമിക ദര്‍ശനത്തിലൂന്നിയ ഭരണപരിഷ്കരണങ്ങള്‍ക്ക് പിന്തുണ അഭ്യര്‍ഥിച്ച ഉമറുല്‍ ബശീറിന് തുറാബി ഉപദേശകനും മാര്‍ഗദര്‍ശിയുമായി മാറി. ബശീറിന്‍െറ നയങ്ങളില്‍ എതിര്‍പ്പുയര്‍ത്തിയതിന്‍െറ പേരില്‍ വീണ്ടും തുറാബി ജയിലിലടക്കപ്പെട്ടു.
സുഡാനെപ്പോലെ ദരിദ്രവും വന്‍തോതില്‍ നിരക്ഷരവുമായ സമൂഹങ്ങളില്‍ ഇസ്ലാമിക നിയമാവലിയുടെ അഭാവത്തില്‍ അഴിമതി അരങ്ങുവാഴുന്നത് തുറാബിയെ അസ്വസ്ഥനാക്കി. ഉത്തരവാദിത്തബോധമില്ലാത്ത ഭരണകൂടം പൊതുവിഭവങ്ങള്‍ ധൂര്‍ത്തടിക്കുന്നതിനെതിരെ അദ്ദേഹം ധീരമായി പ്രതിഷേധസ്വരമുയര്‍ത്തി. ഇസ്ലാമിക ധാര്‍മികചട്ടങ്ങള്‍ ഭരണകര്‍ത്താക്കള്‍ കര്‍ക്കശമായി പാലിക്കണമെന്ന അദ്ദേഹത്തിന്‍െറ നിര്‍ദേശങ്ങള്‍ സ്വീകരിച്ചതോടെ സുഡാനില്‍ വികസനക്കുതിപ്പുതന്നെ സംഭവിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരിതങ്ങള്‍ പെയ്തിറങ്ങിയ ഒരു നാടിന്‍െറ മുന്നേറ്റത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരക്കെ വാഴ്ത്തപ്പെട്ടു.
സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന മുസ്ലിംരാജ്യങ്ങള്‍ പ്രതിലോമ നിലപാടുകള്‍ ഉപേക്ഷിക്കണമെന്ന് വാദിച്ച തുറാബി സുഡാനില്‍ സ്ത്രീകളുടെ വിദ്യാഭ്യാസ-രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള കാമ്പയിനുകള്‍ക്ക് നേതൃത്വമേകുകയും പാര്‍ലമെന്‍റിലും മസ്ജിദിലും ഗൃഹാങ്കണങ്ങളില്‍പോലും നിലനില്‍ക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ വിജയംവരിക്കുകയും ചെയ്തു. വീട്ടകങ്ങള്‍ യന്ത്രവത്കരിക്കപ്പെട്ട വര്‍ത്തമാനയുഗത്തില്‍ സ്ത്രീകള്‍ അടുക്കളക്ക് പകരം അരങ്ങുതന്നെ തെരഞ്ഞെടുക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം.
ലോകത്തുടനീളം ഇസ്ലാമിക നവോത്ഥാന സംഘടനകള്‍ക്ക് രാഷ്ട്രീയദിശ കാട്ടിയ ചിന്താസ്രോതസ്സായിരുന്നു തുറാബി. നെറ്റിത്തടത്തില്‍ വിയര്‍പ്പു കണങ്ങളണിഞ്ഞാകും വിശ്വാസിയുടെ മരണം എന്ന മൊഴിയുടെ സാഫല്യംപോലെ അവസാനനിമിഷം ഓഫിസിലിരുന്ന് ജോലി ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതംമൂലമായിരുന്നു അദ്ദേഹത്തിന്‍െറ മരണം. വിമര്‍ശങ്ങള്‍ ഉണ്ടാകാമെങ്കിലും ലോകത്തിന്‍െറ പ്രശ്നങ്ങള്‍ക്ക് ബദല്‍ പോംവഴികള്‍ ഉണ്ടെന്ന് ദാര്‍ശനിക സമീപനങ്ങളിലൂടെയും പ്രായോഗികതലങ്ങളിലൂടെയും സമര്‍ഥിക്കുന്നതില്‍ ഈ നവോത്ഥാന നായകന്‍െറ യത്നങ്ങള്‍ വലിയ അളവില്‍ വിജയംവരിക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.