തേങ്ങ ഉല്‍പാദനത്തില്‍ കേരളം ‘റണ്ണര്‍ അപ്’!

‘കേരം തിങ്ങും കേരളനാട്’ എന്ന് മേനി പറഞ്ഞിട്ടൊന്നും ഇനി കാര്യമില്ല. തേങ്ങ ഉല്‍പാദനത്തിന്‍െറ കാര്യത്തില്‍ കേരളത്തിന്‍െറ ചാമ്പ്യന്‍ഷിപ് നഷ്ടപ്പെടുകയാണ്. തമിഴ്നാടിന് പിന്നില്‍ റണ്ണര്‍അപ് ആകാനാണ് കേരളത്തിന് വിധിയെന്നാണ് നാളികേര വികസന ബോര്‍ഡ് നടത്തിയ പഠനങ്ങളില്‍ കാണുന്നത്. ഒരു ഹെക്ടര്‍ തെങ്ങിന്‍തോട്ടത്തില്‍നിന്ന് 8118 തേങ്ങ എന്നതാണ് കേരളത്തിന്‍െറ ശരാശരി വാര്‍ഷിക ഉല്‍പാദന നിരക്കെങ്കില്‍ തമിഴ്നാട്ടില്‍ ഇത് 11,537 തേങ്ങയാണ്്. കര്‍ണാടകയില്‍ ഒരു ഹെക്ടര്‍ തെങ്ങിന്‍തോട്ടത്തില്‍നിന്ന് 6968 നാളികേരവും ഉല്‍പാദിപ്പിക്കുന്നുണ്ട്. ഉല്‍പാദനക്ഷമതയുടെ കാര്യത്തില്‍ ആന്ധ്രപ്രദേശും കേരളത്തെ കടത്തിവെട്ടുകയാണ്; ഹെക്ടറില്‍ 9514 നാളികേരം. കേരളത്തില്‍ കാസര്‍കോടും മലപ്പുറത്തുമെല്ലാം ഈ വര്‍ഷം ഉല്‍പാദനം കുറയുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയില്‍ തേങ്ങ ഉല്‍പാദനത്തില്‍ 61 ശതമാനത്തിന്‍െറ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

കേരവൃക്ഷത്തിന്‍െറ പേരില്‍ പ്രശസ്തമായത് കേരളമാണെങ്കിലും ഇന്ത്യയില്‍ മറ്റ് എട്ട് സംസ്ഥാനങ്ങളിലും തെങ്ങുകൃഷി സജീവമാണ്. കേരളത്തെ കൂടാതെ തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് തെങ്ങുകൃഷി സജീവമായുള്ളത്. മാത്രമല്ല, ഗോവയില്‍ തെങ്ങിനെ ആസ്ഥാന വൃക്ഷമാക്കുന്നതിനുവേണ്ടി ജനകീയ പ്രക്ഷോഭം നടന്നുവരുകയുമാണ്. 1984ലെ ദാമന്‍-ദിയു വൃക്ഷസംരക്ഷണ നിയമത്തില്‍ ഭേദഗതിവരുത്തി സംസ്ഥാന സര്‍ക്കാര്‍ 2016 ജനുവരി 14ന് തെങ്ങിന്‍െറ ആസ്ഥാന വൃക്ഷപദവി എടുത്തുകളഞ്ഞിരുന്നു. നേരത്തേയുണ്ടായിരുന്ന നിയമപ്രകാരം സംരക്ഷിത വൃക്ഷ പദവിയുള്ള തെങ്ങ് വെട്ടിനീക്കുന്നതിന് കടുത്ത നിയന്ത്രണവുമുണ്ടായിരുന്നു. തെങ്ങിന് ആസ്ഥാന വൃക്ഷപദവി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധത്തിനൊപ്പം പ്രതിപക്ഷത്തിന്‍െറ നിയമസഭാ ബഹിഷ്കരണം ഉള്‍പ്പെടെയുള്ള പ്രതിഷേധങ്ങളും അരങ്ങേറി. കേരളത്തില്‍ തെങ്ങിനായി ഇത്തരം ഒരു സമരം സ്വപ്നത്തില്‍ മാത്രം. കഴിഞ്ഞ ഫെബ്രുവരിയില്‍ നാളികേര വികസന ബോര്‍ഡ് നടത്തിയ പഠനത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ഈ വര്‍ഷം നാളികേര ഉല്‍പാദനം കുറയുമെന്നാണ് വിലയിരുത്തുന്നത്. മഴയുടെ കുറവ്, രോഗബാധ തുടങ്ങി കാരണങ്ങള്‍ പലതാണ്. കാസര്‍കോട് ജില്ലയില്‍ 16.60 ശതമാനവും മലപ്പുറത്ത് 4.60 ശതമാനവും ഉല്‍പാദനം കുറയുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. രാജ്യത്ത് മൊത്തത്തില്‍ നാളികേര ഉല്‍പാദനത്തില്‍ അഞ്ചുശതമാനത്തിന്‍െറ കുറവാണ് പ്രതീക്ഷിക്കുന്നത്. ബംഗാളികള്‍ അവിടെനിന്ന് കേരളത്തിലത്തെുമ്പോള്‍ കേരകൃഷി കേരളത്തില്‍നിന്ന് ബംഗാളിലേക്ക് കുടിയേറുന്നു എന്ന കൗതുകവുമുണ്ട്. പശ്ചിമബംഗാളില്‍ ഉല്‍പാദനം വര്‍ധിക്കുന്നതായാണ് വിലയിരുത്തല്‍. മുര്‍ഷിദാബാദ്, 24 പാര്‍ഗാനാസ് (തെക്കും, വടക്കും),  കിഴക്കന്‍ മിഡ്നാപ്പൂര്‍ എന്നിവിടങ്ങളില്‍ തെങ്ങ് കൃഷി സജീവമാണ്. ഒരു ഹെക്ടറില്‍ 12,852 നാളികേരമാണ് ഇവിടത്തെ ശരാശരി ഉല്‍പാദനക്ഷമത. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലും തേങ്ങ ഉല്‍പാദനത്തില്‍ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വില്ലനായി എത്തുന്നത് കാലവര്‍ഷംതന്നെ. കഴിഞ്ഞവര്‍ഷം കേരളത്തില്‍ മഴ കുറവായതാണ് ഉല്‍പാദനത്തെ ബാധിച്ചത്.
ആവശ്യക്കാരുണ്ട് വിദേശത്തും, പക്ഷേ ആഭ്യന്തര വിപണിയില്‍ മാത്രമല്ല, വിദേശത്തും നാളികേര ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഇന്ത്യയില്‍നിന്ന് വെര്‍ജിന്‍ വെളിച്ചെണ്ണ, വെളിച്ചെണ്ണ, കൊപ്ര, കൊട്ടത്തേങ്ങ, പച്ചത്തേങ്ങ, ഉത്തേജിത കരി (ആക്ടിവേറ്റഡ് കാര്‍ബണ്‍), കോക്കനട്ട് ഫാറ്റി ആസിഡ് സോപ്പുകള്‍, കോക്കനട്ട് ഹെയര്‍ ക്രീം, കരിക്കിന്‍ വെള്ളം, തേങ്ങവെള്ളം, തൂള്‍ തേങ്ങ, ചിരകിയ തേങ്ങ, ചിരട്ടകൊണ്ടുണ്ടാക്കിയ ഐസ്ക്രീം കപ്പ്, ബേര്‍ഡ് ഫീഡര്‍, ചിരട്ടക്കരി തുടങ്ങിയ ഉല്‍പന്നങ്ങളാണ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ മാത്രം 133 കോടി രൂപയുടെ നാളികേര ഉല്‍പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. പ്രതിവര്‍ഷം ശരാശരി 1500 കോടി രൂപയുടെ ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റിപ്പോകുന്നുണ്ട്.

യു.എ.ഇ, ബ്രിട്ടന്‍, ബഹ്റൈന്‍, ഒമാന്‍, സൗദി, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ പച്ചത്തേങ്ങയുടെ ആവശ്യക്കാരായത്തെുമ്പോള്‍ മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ കോക്കനട്ട് ഫാറ്റി ആസിഡിന്‍െറ ആവശ്യക്കാരായും എത്തുന്നുണ്ട്. ഇറാന്‍, യു.എ.ഇ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് താല്‍പര്യം കൊട്ടത്തേങ്ങയിലാണ്. ഒരു ഡസനിലേറെ രാജ്യങ്ങള്‍ വെളിച്ചെണ്ണയും ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. യു.എ.ഇ, മ്യാന്മര്‍, ശ്രീലങ്ക, സൗദി, ഒമാന്‍, അമേരിക്ക, ഖത്തര്‍, കുവൈത്ത്, പാകിസ്താന്‍, ബ്രിട്ടന്‍, ബഹ്റൈന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് വെളിച്ചെണ്ണ പ്രിയര്‍. കഴിഞ്ഞമാസം ഫിലിപ്പീന്‍സ് ഒരുകോടി രൂപയുടെ ചിരട്ടക്കരി (324 ടണ്‍) ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. ഇങ്ങനെ തേങ്ങയുമായി ബന്ധപ്പെട്ട മുഴുവന്‍ ഉല്‍പന്നങ്ങള്‍ക്കും ലോകവ്യാപകമായി ആവശ്യക്കാരുണ്ട്. പക്ഷേ, ആഭ്യന്തര വിപണിയില്‍ ആനുപാതികമായി വില ഉയരുന്നില്ല എന്നുമാത്രം.

മനോഭാവവും മാറണം

നാളികേര കര്‍ഷകരുടെ ചിന്താഗതിയിലും മാറ്റം ആവശ്യമാണ്. തേങ്ങവിറ്റ് ജീവിതം എന്നതില്‍നിന്ന് മാറി തേങ്ങയുല്‍പന്നങ്ങള്‍ വിറ്റ് ജീവിക്കുന്നതിലേക്കാണ് ചിന്ത മാറേണ്ടത്. പച്ചത്തേങ്ങയും കൊട്ടത്തേങ്ങയും കൊപ്രയും വെളിച്ചെണ്ണയുമൊക്കെയാണ് കേര കര്‍ഷകന് വില്‍ക്കാന്‍ കഴിയുക എന്നതിനപ്പുറം വൈവിധ്യമുള്ള ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. ചിന്തയിലെ  പരിമിതിയാണ് പലപ്പോഴും കേര കര്‍ഷകന്‍െറ ദുരവസ്ഥക്ക് കാരണമാകുന്നത്. ശുദ്ധമായ വെളിച്ചെണ്ണയുണ്ടാക്കുന്ന യൂനിറ്റുകള്‍ സ്ഥാപിക്കുകയും നാളികേര ഉല്‍പാദക ഫെഡറേഷനുകള്‍  ഗുണമേന്മയുള്ള കൊപ്ര ഉല്‍പാദിപ്പിക്കാനുതകുന്ന കൊപ്ര ഡ്രയറുകള്‍ സ്ഥാപിക്കുകയും വേണം.
 
അമേരിക്കയിലെ ‘സോ ഡെലീഷ്യസ് ഡെയറി ഫ്രീ’ എന്ന കമ്പനി തേങ്ങാപ്പാലില്‍നിന്ന് 65ല്‍ അധികം ഉല്‍പന്നങ്ങളാണ് വിപണനം നടത്തുന്നത്. കേരളത്തില്‍തന്നെ നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും  തേങ്ങാ പ്പാലിന് ആവശ്യക്കാര്‍ ഏറിവരുകയാണ്. നാളികേര വികസന ബോര്‍ഡിന്‍െറതന്നെ എറണാകുളം സൗത് വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സാങ്കേതിക ഇന്‍സ്റ്റിറ്റ്യൂട്ട് രുചിയും സൗരഭ്യവുമുള്ള തേങ്ങാപ്പാല്‍ ‘ഫ്ളേവേര്‍ഡ് കോക്കനട്ട് മില്‍ക്’ വികസിപ്പിച്ചിട്ടുണ്ട്. ഒരു ശരാശരി തേങ്ങയില്‍നിന്ന് 800 മി.ലിറ്റര്‍  പാല്‍വരെ ലഭിക്കുന്നതായി പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുമുണ്ട്്. ഉയര്‍ന്ന സാങ്കേതികവിദ്യയോ പരിശീലനമോ വന്‍ മുതല്‍മുടക്കോ ആവശ്യമില്ലാതെ ഇത്തരത്തില്‍ രുചിയുള്ള തേങ്ങാപ്പാല്‍ വിപണിയിലിറക്കാമെന്ന് ബോര്‍ഡ് പറയുന്നു. ഇപ്രകാരം മൂല്യവര്‍ധിത ഉല്‍പന്നം വില്‍ക്കുക വഴി കര്‍ഷകര്‍ക്ക് ഒരു നാളികേരത്തിന് 30-40 രൂപവരെ ലഭിക്കുകയും ചെയ്യും. ശരാശരി നാളികേരത്തില്‍നിന്ന് 200 ഗ്രാം കാമ്പ് ലഭിക്കും. ഇത് പിഴിഞ്ഞാല്‍ 800 മില്ലി പാല്‍ ലഭിക്കും. 200 മില്ലി ബോട്ടിലുകളിലാണ് ഇപ്പോള്‍ വിവിധ കമ്പനികളുടെ പശുവിന്‍ പാലില്‍നിന്നുള്ള സമാന  ഉല്‍പന്നം വിപണിയില്‍ എത്തുന്നത്. അതേ അളവില്‍ വിപണിയില്‍ എത്തിച്ചാല്‍ വിലയില്‍ ഇവ തമ്മില്‍ വലിയ അന്തരമില്ല. ക്ഷീരോല്‍പന്നത്തെക്കാള്‍ എന്തുകൊണ്ടും ആരോഗ്യപ്രദവും സുരക്ഷിതവുമാണ് കോക്കനട്ട് ഫ്ളേവേര്‍ഡ് മില്‍ക് എന്നും  ഇവര്‍ അവകാശപ്പെടുന്നു. ഇതിന്‍െറ സാങ്കേതിക വിവരങ്ങള്‍ അറിയേണ്ടവര്‍ക്ക്  citaluva@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.