ജിഷയുടേത് രാഷ്ട്രീയ കൊലപാതകമാണ്

പെരുമ്പാവൂര്‍ ഒരു തീര്‍ഥാടനകേന്ദ്രം പോലെ ആയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകരുടെ സന്ദര്‍ശനം, വ്യത്യസ്ത സംഘടനകളുടെ പലതരം സമരങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍. കോണ്‍ഗ്രസുകാര്‍ മാത്രം അല്‍പം പിറകോട്ടാണ്. തെരഞ്ഞെടുപ്പിനുമുമ്പ് കേരളത്തിലത്തെിയ എല്ലാ ദേശീയ പാര്‍ട്ടി നേതാക്കളും ജിഷയുടെ അമ്മയെ കാണുകയോ ആ വിഷയം പ്രസംഗത്തില്‍ സൂചിപ്പിക്കുകയോ ചെയ്തിരുന്നു. എന്നാല്‍, കേരളത്തില്‍ വന്ന സോണിയ ഗാന്ധി എന്തുകൊണ്ട് ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചില്ല എന്നത് അദ്ഭുതകരമായിരുന്നു.

ജിഷയുടെ കൊലപാതകത്തോടുള്ള പൊലീസ് നിഗമനം എല്ലാവരും സൂചിപ്പിച്ചതുപോലെ അത്യന്തം സംശയാസ്പദമായിരുന്നു. അതീവമായ രാഷ്ട്രീയ സമ്മര്‍ദം കുറുപ്പുംപടി പൊലീസിന് ഉണ്ടായിട്ടുണ്ടെന്നു വ്യക്തം. അല്ളെങ്കില്‍ പ്രാഥമിക തെളിവുകള്‍ ഇത്തരത്തില്‍ നശിച്ചുപോകില്ലായിരുന്നു.  വാര്‍ഡ്മെംബര്‍ മുതല്‍ എം.എല്‍.എ വരെ സംശയത്തിന്‍െറ നിഴലിലായിരുന്നു. തെരഞ്ഞെടുപ്പില്‍ എം.എല്‍.എ തോല്‍ക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പു ദിവസം മുതല്‍ പ്രതിയെ സംബന്ധിക്കുന്ന ചില മുറുമുറുപ്പുകള്‍ അദ്ഭുതകരമായി പ്രചരിച്ചു. പുതിയ മന്ത്രിസഭ അധികാരമേറ്റശേഷമുള്ള ജോമോന്‍ പുത്തന്‍പുരക്കലിന്‍െറ രംഗപ്രവേശം സംഗതികള്‍ കുറെക്കൂടി സങ്കീര്‍ണമാക്കി. സോഷ്യല്‍ മീഡിയയിലൂടെ ഒരുയര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍െറ പേര് പ്രചരിക്കാനും അദ്ദേഹം ഇടയാക്കി. അതിനിടയില്‍ സന്ധ്യയെന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ പുന$സംഘടിപ്പിച്ചുകൊണ്ട് പുതിയ സര്‍ക്കാറിന്‍െറ ഉത്തരവിറങ്ങി. സന്ധ്യ ജനങ്ങളോടാവശ്യപ്പെട്ടത് ക്ഷമയും സമയവുമായിരുന്നു. അത് ആവശ്യത്തിലേറെയുള്ളവരാണല്ളോ കേരളീയര്‍. അപ്പോള്‍പ്പിന്നെ ഉത്കണ്ഠപ്പെടേണ്ടതുമില്ല.

ജിഷയുടെ അമ്മ ജോലിക്കുനിന്ന വീട്, മുത്തശ്ശി പണിയെടുത്ത വീട്, അവിടെയുള്ള നേതാവ്, നേതാവിന്‍െറ മകന്‍, സഹോദരി ദീപയുടെ ബന്ധങ്ങള്‍, ജിഷയുടെ ധിക്കാരസ്വഭാവം, സൗഹൃദങ്ങള്‍ -ഇങ്ങനെ പലതും ചര്‍ച്ച ചെയ്തു. പൊലീസാകട്ടെ ദാസന്‍- വിജയന്മാരുടെ കേസന്വേഷണംപോലെ ഏതു വാഷിങ്മെഷീനിലും തുമ്പന്വേഷിച്ചു. പലതരം രേഖാചിത്രങ്ങള്‍, ചെരുപ്പു കെട്ടിത്തൂക്കല്‍ തുടങ്ങിയ ഹാസ്യ പരിപാടികളുമായി അന്വേഷണം മുന്നേറുകയാണ്.
രണ്ടുനിലക്ക് ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഇപ്പോള്‍ ഞാന്‍ വിലയിരുത്തുന്നു.

1. ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ പേര് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്നു എന്നതുകൊണ്ട് മാത്രമല്ല അത്. ഒരു പെണ്‍കുട്ടി തലയിണക്കടിയില്‍ വടിവാളും ശരീരത്തില്‍ പെന്‍കാമറയും സൂക്ഷിച്ചുവെക്കുകയെന്നത് അത്ര സാധാരണമല്ല. തനിക്ക് എതിരാളികളുണ്ടെന്ന് അവള്‍ക്കറിയാമായിരുന്നു എന്നാണതിനര്‍ഥം. അതിനെ നേരിടാന്‍ അവള്‍ സദാ സന്നദ്ധയുമായിരുന്നു. നേരത്തെ ഞാന്‍ സൂചിപ്പിച്ചതുപോലെ പ്രതികരണശേഷിയുള്ളവളായിരുന്നു അവള്‍ എന്നുതന്നെയാണ് മനസ്സിലാക്കേണ്ടിവരുന്നത്. അയല്‍ക്കാരുടെ മുന്നില്‍ അവള്‍ സൗമ്യയായിരുന്നു. പക്ഷേ, ഏതോ ചില പ്രതികൂല സന്ദര്‍ഭങ്ങളില്‍ ആ സൗമ്യത അവളുപേക്ഷിച്ചിരുന്നു. ആ സന്ദര്‍ഭത്തെ കണ്ടത്തെിയാല്‍മാത്രമേ അവളെ കൊന്നതാരാണെന്ന് തെളിയുകയുള്ളൂ വെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
അവളുടെ ഈ സ്വയംകരുതല്‍  ലൈംഗികാക്രമണങ്ങളെ ഭയന്നുമാത്രം സംഭവിച്ചതായി തോന്നുന്നില്ല. ചില അവകാശബോധങ്ങളും കണക്കുചോദിക്കലുകളും ചെറുത്തുനില്‍പുമായി അതിന് ബന്ധമുണ്ടാവാം. അവള്‍ പൊലീസ്സ്റ്റേഷനില്‍ നല്‍കിയ പരാതികള്‍ ഇക്കാര്യത്തില്‍ പൊലീസിനെ സഹായിക്കേണ്ടതാണ്.

പെണ്ണിന്‍െറ പ്രതിരോധം ബലാത്സംഗവുമായി മാത്രം ബന്ധപ്പെട്ടു കാണേണ്ടതല്ല. രാഷ്ട്രീയാധികാരത്തിലുള്ള ഏതോ ചില വമ്പന്മാര്‍ക്ക് നിയമംപഠിച്ച ഈ പെണ്‍കുട്ടി ഏതോ നിലക്ക് ഭീഷണിയായിരുന്നുവെന്ന് ഊഹിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഈ പെണ്‍കുട്ടി കൊല്ലപ്പെട്ടതില്‍ ഉന്നതരുടെ ഇടപെടല്‍ സാധ്യത വ്യക്തമാണ്. മാത്രമല്ല, ഈ കൊലപാതകത്തില്‍ ഒരു വാടകക്കൊലയാളിയുടെ മുദ്ര പതിഞ്ഞതായി തോന്നുന്നുമുണ്ട്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കള്‍ തമ്മിലുള്ള സഹകരണം ഈ കേസും തേച്ചുമാച്ചു കളയുന്നതില്‍ ഉണ്ടായിട്ടുണ്ട്.  അല്ളെങ്കില്‍ കേസൊതുക്കിയ പൊലീസിനെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തുകയോ അവരെ സ്ഥലംമാറ്റുകയോ ചെയ്ത് സംരക്ഷിക്കുന്നതെന്തിന്?  ഊഹാപോഹങ്ങളെയും ‘ആരോപണങ്ങ’ളെയും കൂടി കണക്കിലെടുത്തുകൊണ്ടുള്ള അന്വേഷണം ഗുണംചെയ്തേക്കാം, പ്രതിയെ കണ്ടത്തെണമെന്ന ലക്ഷ്യം അന്വേഷണത്തിനുണ്ടെങ്കില്‍.

ജിഷയുടെ ബാങ്ക് അക്കൗണ്ടിന്‍െറ മുഴുവന്‍ വിശദാംശങ്ങളും കേസിന്‍െറ പരിധിയിലേക്കു വരേണ്ടതുണ്ട്. കൊന്നയാള്‍മാത്രമല്ല പ്രതി. അതിനു നിര്‍ദേശം കൊടുത്തവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരും കേസൊതുക്കാന്‍ സഹായിച്ചവരും പ്രതികളാണെന്ന് അന്വേഷണസംഘം പരിഗണിക്കണം. അധികാര രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്ന ഈ പെണ്‍കുട്ടിയുടെ കൊലപാതകം ആ നിലക്ക് ഉയര്‍ത്തുന്ന സ്ത്രീ രാഷ്ട്രീയം പ്രസക്തമാണ്. 2. ജിഷയുടേത് രാഷ്ട്രീയ കൊലപാതകമാകുന്നത് അവളുന്നയിക്കുന്ന വികസനത്തിന്‍െറ രാഷ്ട്രീയം കണക്കിലെടുക്കുമ്പോള്‍ കൂടിയാണ്. എല്ലാവരും അറിയുന്നതുപോലെ പുറമ്പോക്കിലെ ചെറ്റയിലായിരുന്നു അവളുടെയും അമ്മയുടെയും ജീവിതം. ഇവരെങ്ങനെ ഈ പുറമ്പോക്കിലത്തെി? ഏതോ വികസനത്തിന്‍െറ ഇരകളായി കുടിയൊഴിപ്പിക്കപ്പെടുന്നവരാണ് ഇത്തരം പുറമ്പോക്കുകളില്‍ അരക്ഷിതരായി അടിഞ്ഞുകൂടുന്നത്. കേരളത്തിന്‍െറ പല നഗരങ്ങളുടെയും പട്ടണങ്ങളുടെയും പുറമ്പോക്കുകളില്‍ ഇത്തരക്കാര്‍ കൂട്ടമായും ഒറ്റയായും വന്നുകൂടുന്നുണ്ട്.

മൂലമ്പിള്ളിയില്‍നിന്നു കുടിയിറക്കപ്പെട്ടവര്‍, ദേശീയപാതയോരങ്ങളില്‍നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടവര്‍ എന്നിങ്ങനെ കണ്‍മുന്നില്‍ തന്നെയുള്ളവരുടെ ഉദാഹരണം പരിശോധിച്ചാല്‍ മതിയാകും. അവരൊക്കെ എവിടെപ്പോയി? എങ്ങനെ ജീവിക്കുന്നു? ഒരു പറിച്ചുനടല്‍, അതെത്ര അനിവാര്യമാണെങ്കിലും  അതുണ്ടാക്കുന്ന വേദനയും അനാഥത്വവും അനുഭവിച്ചുകൊണ്ട് സര്‍ക്കാറിന്‍െറ  ‘പൊന്നുംവില’ നഷ്ടപരിഹാരവും കൈപ്പറ്റി ഇവരൊക്കെ എങ്ങോട്ടുപോയി? അതിന്‍െറ ദത്താശേഖരണവും കണക്കെടുപ്പും ഒൗദ്യോഗികതലത്തില്‍ നടന്നിട്ടുണ്ടോ? അവരെങ്ങനെ ജീവിക്കുന്നുവെന്ന് അവരെ കുടിയിറക്കിയ വികസനനേട്ടങ്ങളുമായി അഹങ്കരിക്കുന്ന ഏതെങ്കിലും ഭരണാധികാരികള്‍ അന്വേഷിച്ചിട്ടുണ്ടോ? വികസനകാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ളെന്നു മുന്നറിയിപ്പുതരുന്ന പുതിയ മുഖ്യമന്ത്രിയുടെ നയങ്ങളെ എത്ര ജാഗ്രതയോടെ ജനത കാണണമെന്നതിന്‍െറ സൂചകം കൂടിയായി ജിഷയെന്ന പുറമ്പോക്ക് പെണ്‍കുട്ടി മാറുന്നു.

ഇത്തരം പുറമ്പോക്കുകളെ സൃഷ്ടിക്കുന്ന വികസനനായകന്മാര്‍ക്കുനേരെ തിരിഞ്ഞ് എന്താണ് സാര്‍ അങ്ങയുടെ ‘വികസന’മെന്നു ചോദിക്കാന്‍ ശേഷിയും ആര്‍ജവവുമുള്ള പൊതുമണ്ഡലത്തിനുമാത്രമേ, ജിഷ വധക്കേസില്‍ ഒരു സമ്മര്‍ദ ഗ്രൂപ്പായി പ്രവര്‍ത്തിക്കാന്‍ സാധിക്കൂവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഭരണാധികാരികളും നേതാക്കന്മാരും പറയുന്ന ‘വികസന’ത്തെ തൊണ്ടതൊടാതെ വിഴുങ്ങുന്ന കേവല അണികളെകൊണ്ട് ഇനി നാടിനെന്തു കാര്യം? അവരിലൊരാള്‍തന്നെയായിരിക്കാം ജിഷയുടെ വാടകക്കൊലയാളി. ഇനിയഥവാ അതല്ളെങ്കില്‍ ഈ പുറമ്പോക്കിലേക്ക് തള്ളപ്പെട്ട മറ്റേതെങ്കിലും വികസനയിര ആയിരിക്കാം ആ കൊലയാളി.

നാട്ടിലെ ഭൂമിയുടെ അവകാശം പുതിയ രീതിയില്‍ ഉന്നയിക്കുന്നതുകൊണ്ടുമാണ് ജിഷയുടേത് രാഷ്ട്രീയ കൊലപാതകമായിരിക്കുന്നത്. ഭൂമിക്കുവേണ്ടിയുള്ള അവളുടെ അവകാശവാദം പുറമ്പോക്കുകള്‍ പ്രശ്ന വത്കരിക്കുന്ന മുഖ്യധാരാ വികസന രാഷ്ട്രീയമാണ്. ആ നിലക്ക് നാട്ടില്‍ പുറത്താക്കപ്പെട്ടവരുടെ പുതിയ രാഷ്ട്രീയം ഉന്നയിച്ചുകൊണ്ടും നിലനില്‍ക്കുന്ന ഓദ്യോഗിക വികസന അജണ്ടകളെ പ്രശ്ന വത്കരിച്ചുകൊണ്ടുമാണ് ജിഷ വധക്കേസ് കേരള സമൂഹത്തെ ജാഗ്രത്താക്കുന്നത്. നാടിന്‍െറ വികസനസൂചിക നിര്‍ണയിക്കുന്നത് ജിഷമാരുടെ ജീവിതം കൂടിയാകണമെന്നു നിര്‍ബന്ധിക്കുന്നു. രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാന്‍ പുതിയ സംസ്കാരവും രാഷ്ട്രീയബോധവും മലയാളികളും കേരള ഭരണകൂടവും ആര്‍ജിക്കേണ്ടതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.