ഫൗള്‍ ചാട്ടങ്ങള്‍

ലോങ്ജംപും ട്രിപ്ള്‍ജംപും അങ്ങനെയാണ്. മികച്ചതെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന പല ചാട്ടങ്ങളും ഫൗളായിപ്പോകും. എത്ര നന്നായി ചാടിയാലും ചുവപ്പുകൊടി ഉയര്‍ന്നാല്‍പിന്നെ കാര്യമില്ല. ബംഗളൂരുവില്‍നിന്ന് ഇടക്കിടെ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ തലപ്പത്തേക്ക് പറന്നത്തെി ചങ്ങനാശ്ശേരിക്കാരി അഞ്ജു ബോബി ജോര്‍ജ് നടത്തുന്ന ചാട്ടങ്ങള്‍ ലൈനില്‍ തൊട്ടാലും മുമ്പുണ്ടായിരുന്ന റഫറി ചുവപ്പുകൊടി ഉയര്‍ത്താറില്ലായിരുന്നു. കുതിച്ചുചാട്ടങ്ങളാല്‍ ചരിത്രമെഴുതിയ പഴങ്കാലങ്ങളില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ടായിരുന്നു ഈ ചാട്ടങ്ങളൊക്കെ. എന്നാല്‍, പുതുതായത്തെിയ മട്ടന്നൂര്‍ റഫറിക്ക് ആകെ അറിയുന്ന നിറം ചുവപ്പാണ് (ചുവപ്പിന് പകരം കറുപ്പ് നിറം ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് മുഹമ്മദ് അലിയെപ്പോലും അദ്ദേഹത്തിനറിയാതെ പോയതെന്ന് അടുത്ത വൃത്തങ്ങള്‍ അടക്കംപറയുന്നു). അതുകൊണ്ടുതന്നെ ഈ ഫൗള്‍വിളികളില്‍ അലോസരമുയരുന്നത് സ്വാഭാവികം.

എതിരാളികളുടെ അണിയില്‍നിന്നിരുന്ന ഒരാള്‍ ചാടാനത്തെുമ്പോള്‍ സ്വതവേ ഗൗരവക്കാരനായ ഇ.പി. ജയരാജന്‍ റഫറി അല്‍പം ജാഗരൂകനായതില്‍ എന്താണ് തെറ്റ്. പിറ്റില്‍ സര്‍വത്ര ഫൗള്‍ നടക്കുമ്പോള്‍ പ്രത്യേകിച്ചും. ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി മലയാളി താരമാണെന്ന് തെറ്റിദ്ധരിച്ച കായിക സചിവന്‍, പക്ഷേ, കൃത്യമായ ധാരണയോടെയാണ് ‘നിങ്ങളെല്ലാവരും അഴിമതിക്കാരല്ളേ’ എന്ന് അഞ്ജുവിനോട് ചോദിച്ചത്. ഉള്ളം തകര്‍ന്ന് മുഖ്യമന്ത്രിയോട് പരാതി പറയാന്‍ ചെന്നപ്പോള്‍ അദ്ദേഹം ഗൗനിച്ചതുമില്ല. ലോങ്ജംപ് മത്സരത്തിലേതു പോലെ, ഊഴമിട്ട് കേരളത്തിലത്തെുന്ന പ്രസിഡന്‍റിനെ മാറ്റി നന്നായി കളിയറിയാവുന്ന സ്വന്തം നേതാവിനെ അവരോധിക്കാന്‍ ശ്രമം നടക്കുന്നുവെന്നറിഞ്ഞതോടെ മന്ത്രിക്ക് പ്രസിഡന്‍റിന്‍െറ വക ഒന്നാന്തരമൊരു തുറന്ന കത്ത്. കൗണ്‍സിലിലെ അഴിമതികള്‍ തുറന്നുകാട്ടിയും താനടക്കമുള്ളവര്‍ക്കെതിരെ വിജിലന്‍സ് ഡി.ജി.പിയെക്കൊണ്ട് അന്വേഷണം ആവശ്യപ്പെട്ടും പുറത്തിറക്കിയ കത്ത് സൂപ്പര്‍ ഹിറ്റായി.

രാഷ്ട്രീയക്കാര്‍ വാഴുന്ന കേരളത്തിന്‍െറ കായികമണ്ഡലം ഭരിക്കാന്‍ ലക്ഷണമൊത്തൊരു താരമത്തെിയാല്‍ മാറ്റങ്ങളേറെയുണ്ടാകുമെന്ന് ജനത്തിന് പ്രതീക്ഷയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് 2015 നവംബര്‍ 27ന് തിരുവഞ്ചൂരും കൂട്ടരും രാജ്യംകണ്ട ഏറ്റവും വലിയ ചാട്ടക്കാരിയായ അഞ്ജുവിനെ കേരള സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ പ്രസിഡന്‍റ് സ്ഥാനത്ത് അവരോധിച്ചത്. ചീരംചിറയിലെ പാടവും പറമ്പും പുഴയും, പിന്നെ മുത്താറിക്കുറുക്കും പച്ചമുട്ടയും കഴിച്ചുവളര്‍ന്ന കുട്ടിക്കാലവും മനസ്സിലിട്ടാണ് ഉദ്യാനനഗരിയില്‍ ചേക്കേറിയത്. അവിടെ, തനിക്ക് പിടിപ്പത് പണിയുണ്ടെന്നും പ്രസിഡന്‍റ് പദവിയോട് താല്‍പര്യമില്ളെന്നും അഞ്ജു കെഞ്ചിപ്പറഞ്ഞിരുന്നത്രെ. ബംഗളൂരു കസ്റ്റംസിലെ ഉദ്യോഗസ്ഥയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം (ടാസ്പ്) ചെയര്‍പേഴ്സന്‍ പദവി ഡെപ്യൂട്ടേഷനില്‍ കൈയാളുന്നുമുണ്ട്. ഇടക്കിടക്ക് കേരളത്തില്‍ വന്നുപോകാന്‍ കഴിയില്ളെന്ന് പറഞ്ഞുനോക്കിയെങ്കിലും തോന്നുമ്പോഴൊക്കെ വരാന്‍ പ്ളെയിന്‍ ടിക്കറ്റ് വാഗ്ദാനം ചെയ്തതോടെ തീരുമാനം മാറ്റി. പ്രസിഡന്‍റ് പദവി പ്രതീക്ഷിച്ചിരുന്ന കെ.സി.എ പ്രസിഡന്‍റ് ടി.സി. മാത്യു അടക്കമുള്ളവരെ ക്ളീന്‍ബൗള്‍ഡാക്കിയായിരുന്നു ബംഗളൂരുവില്‍നിന്നുള്ള ടേക്കോഫ്. ഈ കളിക്കിടെ, തിരുവഞ്ചൂരിന്‍െറ കളിയറിയാത്ത സഹപാഠി വൈസ് പ്രസിഡന്‍റായി. ചട്ടംലംഘിച്ചത് ചാട്ടക്കാരിയെക്കാള്‍ ഈ പിന്‍സീറ്റ് ഡ്രൈവര്‍മാരാണെന്ന അഭ്യൂഹം ഇപ്പോള്‍ ശക്തമാണ്.

ശമ്പളമില്ലാത്ത ജോലിയില്‍ കേരളത്തിന്‍െറ കായികഭരണമേറ്റെടുത്തതോടെ ആരോപണങ്ങളുമുയര്‍ന്നു. പ്രിയ അനുജന്‍ അജിത് മാര്‍ക്കോസിനെ സ്പോര്‍ട്സ് കൗണ്‍സില്‍ അസി. സെക്രട്ടറി (ടെക്നിക്കല്‍) സ്ഥാനത്തേക്ക് നിയമിച്ചത് കടുത്ത ഫൗള്‍പ്ളേയായി വ്യാഖ്യാനിക്കപ്പെട്ടു. എം.പിഎഡ് യോഗ്യത വേണ്ട സ്ഥാനത്ത് എം.സി.എ ബിരുദമുള്ളയാളെ നിയമിച്ചത് എങ്ങനെയെന്നായിരുന്നു ചോദ്യം. പരിശീലകനായിരുന്ന റോബര്‍ട്ട് ബോബി ജോര്‍ജാണ് നല്ലപാതി. ഇരുവരും ചേര്‍ന്ന് ബംഗളൂരുവില്‍ അഞ്ജു ബോബി സ്പോര്‍ട്സ് ഫൗണ്ടേഷന് രൂപംനല്‍കിയത് ഈയടുത്താണ്. മെഡലുകളിലേക്ക് ചാടിയത്തെുന്നത് ശീലമാക്കിയിരുന്ന താരം, മെഡല്‍പ്രതീക്ഷയുള്ള പുതുതലമുറയെ കന്നടയിലേക്ക് ചാക്കിട്ടുപിടിക്കുന്നുവെന്ന ആരോപണവും പ്രസിഡന്‍റ് പദവിയിലിരിക്കെ ഉയര്‍ന്നു.

ചങ്ങനാശ്ശേരി മല്ലപ്പള്ളി തയ്യേലാത്ത് കുടുംബത്തിലെ കൊച്ചുപറമ്പില്‍ മാര്‍ക്കോസ് മകള്‍ അഞ്ജുവിനെ കുഞ്ഞുപ്രായത്തിലേ കായികതാരമാക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി വീട്ടുമുറ്റത്തൊരു ജംപിങ് പിറ്റ് തന്നെ തയാറാക്കി. പിന്നീട് തോമസ് മാഷിന്‍െറ ശിക്ഷണത്തിനായി കോരുത്തോട് സി.കെ.എം സ്കൂളില്‍ ചേര്‍ത്തു. ആദ്യകാലങ്ങളില്‍ ചാട്ടത്തെക്കാള്‍ മികവ് ഓട്ടത്തിലായിരുന്നു. 1991-92ലെ സ്കൂള്‍ കായികമേളയില്‍ 100 മീ. ഹര്‍ഡ്ല്‍സിലും റിലേയിലും സ്വര്‍ണം നേടിയപ്പോള്‍ ലോങ്ജംപിലും ഹൈജംപിലും രണ്ടാം സ്ഥാനത്തായിരുന്നു. ദേശീയ സ്കൂള്‍ കായികമേളയില്‍ ആ വര്‍ഷം മെഡല്‍ കിട്ടിയതും ഹര്‍ഡ്ല്‍സിലും റിലേയിലും തന്നെ.

ഹെപ്റ്റാത്ലണില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ ജംപിനങ്ങളിലായി ശ്രദ്ധ. 1996ലെ ഡല്‍ഹി ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോംങ്ജംപില്‍ സ്വര്‍ണം നേടി. ദേശീയ മീറ്റുകളില്‍ നിരന്തരം മെഡലുകളിലേക്ക് ചാടിയത്തെിയ അഞ്ജു നേപ്പാള്‍ സാഫ് ഗെയിംസില്‍ വെള്ളി സ്വന്തമാക്കി. 2002ല്‍ മാഞ്ചസ്റ്ററില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയതിന് പിന്നാലെ ആ വര്‍ഷം ബുസാനില്‍ നടന്ന ഏഷ്യാഡില്‍ സ്വര്‍ണം. 2003ല്‍ പാരിസ് വേദിയായ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീ. ചാടി വെങ്കല മെഡല്‍ നേടിയതോടെ ഇന്ത്യന്‍ കായികചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടം കരഗതമാക്കി. 2004 ആതന്‍സ് ഒളിമ്പിക്സില്‍ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 6.83 മീ. പിന്നിട്ടെങ്കിലും അഞ്ചാം സ്ഥാനത്തായിരുന്നു ഫിനിഷിങ്. ഈ പ്രകടനത്തോടെ അഞ്ജു കുറിച്ച ദേശീയ റെക്കോഡ് ഇന്നും ഭദ്രമായി അവരുടെ പേരിലുണ്ട്. എന്നാല്‍, ആ റെക്കോഡ് നിലനിര്‍ത്തുന്നതിനെക്കാള്‍ ശ്രമകരമാണ് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനത്ത് തുടരുകയെന്നത് ഇപ്പോള്‍ അവര്‍ തിരിച്ചറിയുന്നുണ്ടാകണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT