നമ്മുടെ ആണ്‍കുട്ടികള്‍ക്ക് എന്തുപറ്റി?

പതിവുപോലെ ഇക്കൊല്ലവും 10ാം ക്ളാസിലെയും 12ാം ക്ളാസിലെയും പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാനും ജേതാക്കള്‍ക്ക് അവാര്‍ഡ് നല്‍കാനുമായി സംഘടിപ്പിക്കപ്പെട്ട ഏതാനും യോഗങ്ങളില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചു. ആ പരിപാടികളില്‍ പങ്കെടുത്ത ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളില്‍ മഹാഭൂരിപക്ഷവും പെണ്‍കുട്ടികളാണ്-എല്ലാ വിഷയങ്ങളിലും എ പ്ളസ് നേടിയവരില്‍ 80 ശതമാനത്തോളമാണ് പെണ്‍കുട്ടികള്‍. ചില സ്ഥലങ്ങളിലെങ്കിലും ആണ്‍കുട്ടികള്‍ 20 ശതമാനത്തിലും താഴെയാണ്. കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് ഉന്നതവിജയത്തില്‍ ആണ്‍കുട്ടികളുടെ അനുപാതം കൂടുകയല്ല; കുറയുകയാണുണ്ടായത്. നമ്മുടെ ആണ്‍കുട്ടികള്‍ പഠനത്തില്‍ പിറകോട്ടുപോയിക്കൊണ്ടേയിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
സ്വാഭാവികമായും ഉന്നത വിദ്യാഭ്യാസരംഗത്തും ഈ വിടവ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആണ്‍കുട്ടികള്‍ക്ക് വളരെവലിയ മേല്‍ക്കൈയുണ്ടായിരുന്ന മെഡിക്കല്‍ എന്‍ജിനീയറിങ് മേഖലയില്‍പോലും പെണ്‍കുട്ടികളാണ് ഇന്ന് ഏറെ മുന്നില്‍. മിക്ക മെഡിക്കല്‍ കോളജുകളിലും എം.ബി.ബി.എസിന് പഠിക്കുന്നവരില്‍ നാലിലൊന്നു മാത്രമാണ് ആണ്‍കുട്ടികള്‍. ബി.ഡി.എസിനു പഠിക്കുന്നവരില്‍ നാലിലൊന്നുപോലുമില്ളെന്നതാണ് വസ്തുത. എന്‍ജിനീയറിങ് വിദ്യാഭ്യാസരംഗത്തും സ്ത്രീപ്രാതിനിധ്യം കൂടിക്കൊണ്ടേയിരിക്കുകയാണ്. ഹോമിയോ കോളജുകളില്‍ പെണ്‍കുട്ടികള്‍ 90 ശതമാനത്തില്‍ കൂടുതലോ അല്‍പം കുറവോ ആണ്.
ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ബിരുദപഠനത്തിലത്തെുമ്പോള്‍ 70 ശതമാനത്തോളവും ബിരുദാനന്തരബിരുദ പഠനത്തില്‍ 80 ശതമാനത്തോളവും പെണ്‍കുട്ടികളാണ്. അതിനാല്‍ ആണ്‍കുട്ടികള്‍ എവിടെ പോകുന്നുവെന്ന ചോദ്യം ഏറെ പ്രസക്തമാണ്. പലരും 10ാം ക്ളാസോടെയോ 12ാം ക്ളാസോടെയോ പഠനം നിര്‍ത്തുന്നു. മഹാഭൂരിപക്ഷവും ഒന്നോ രണ്ടോ വര്‍ഷത്തെ സാങ്കേതികപഠനത്തിനുശേഷം ഏതെങ്കിലും ജോലിയില്‍ പ്രവേശിക്കുന്നു. അപൂര്‍വം ചിലര്‍മാത്രമാണ് ബിരുദ പഠനത്തിനത്തെുന്നത്. ബിരുദാനന്തരബിരുദം നേടുന്നവര്‍ അത്യപൂര്‍വവും.
ഫലത്തില്‍ വിദ്യാഭ്യാസരംഗത്ത് ആണ്‍കുട്ടികള്‍ പിറകോട്ടാണ് നടക്കുന്നത്. കേരളത്തിലെ പ്രത്യേകിച്ചും മലബാറിലെ വിദ്യാഭ്യാസപുരോഗതിക്ക് വഴിയൊരുക്കിയത് ഗള്‍ഫ് അനുഭവമാണ്. 1970കളിലും ’80കളിലും ഗള്‍ഫ് നാടുകളിലത്തെിയവര്‍ വളരെ കുറഞ്ഞവേതനത്തിന് കഠിനമായജോലി ചെയ്യേണ്ടിവന്നു. അതേസമയം, വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ സുഖകരമായ ജോലി ചെയ്ത് ഉയര്‍ന്നശമ്പളം പറ്റുന്നുണ്ടായിരുന്നു. ഈ തിക്താനുഭവത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ആ തലമുറ തീരുമാനിച്ചു: ഞങ്ങളോ ഇങ്ങനെയായി, ഞങ്ങളുടെ മക്കള്‍ക്ക് എന്തായാലും ഈ ഗതി ഉണ്ടായിക്കൂടാ. അതിനാലവര്‍ എന്തു ത്യാഗംസഹിച്ചും മക്കളെ പഠിപ്പിക്കാന്‍ തീരുമാനിച്ചു. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസവളര്‍ച്ചയില്‍ വലിയൊരളവോളം പങ്കുവഹിച്ചത് അവരുടെ ഈ ദൃഢനിശ്ചയമാണ്. അതുണ്ടാക്കിയ കുതിപ്പ് പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇപ്പോഴും തുടരുന്നുവെന്നത് ഏറെ സന്തോഷകരമാണ്.
നമ്മുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമുന്നേറ്റം ഏറെ ആഹ്ളാദകരവും അഭിമാനകരവുമാണ്. തങ്ങള്‍ക്ക് ബുദ്ധിയും കഴിവും കുറവാണെന്ന പരമ്പരാഗതധാരണയെ അവര്‍ തീര്‍ത്തും തിരുത്തിക്കുറിച്ചിരിക്കുന്നു. പിന്നാക്കമാണെന്ന പ്രചാരണത്തെ കരുത്തോടെ കുടഞ്ഞെറിഞ്ഞിരിക്കുന്നു. എല്ലാ രംഗത്തും അവര്‍ തങ്ങളുടെ സാമര്‍ഥ്യവും മുന്നേറ്റവും തെളിയിച്ചിരിക്കുന്നു. മതവിദ്യാഭ്യാസ രംഗത്തും സ്ഥിതി ഭിന്നമല്ല. വിവിധ മതസംഘടനകള്‍ നടത്തുന്ന ഖുര്‍ആന്‍ പഠനവേദികളിലെ മത്സരങ്ങളിലെല്ലാം റാങ്കുകള്‍ വാരിക്കൂട്ടുന്നത് വനിതകളാണ്. മതസംഘടനകളുടെ കീഴിലുള്ള മദ്റസാ ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷകളില്‍ മികച്ച വിജയം നേടുന്നതും പെണ്‍കുട്ടികള്‍ തന്നെ.
നമ്മുടെ ആണ്‍കുട്ടികള്‍ക്ക് എന്തുപറ്റി? പെണ്‍കുട്ടികളെക്കാള്‍ അവര്‍ക്ക് ബുദ്ധികുറവാണെന്ന് ആരും പറയുകയില്ല. മക്കളുടെ വിദ്യാഭ്യാസത്തിന് ഏതറ്റംപോകാനും രക്ഷിതാക്കള്‍ തയാറുമാണ്. എന്നിട്ടും, ആണ്‍കുട്ടികള്‍ പിറകോട്ടുപോകാന്‍ കാരണം പരതുമ്പോള്‍ ഒരു പരിധിയോളമത് ഗള്‍ഫ് സാന്നിധ്യം സൃഷ്ടിച്ച പ്രശ്നങ്ങള്‍തന്നെയാണെന്ന് ബോധ്യമാകും. മിക്കവീടുകളിലും കുട്ടികളുടെ കാര്യം ശ്രദ്ധിക്കാനും നിയന്ത്രിക്കാനും കുടുംബനാഥന്മാരില്ല. മാതാക്കള്‍ക്ക് ആണ്‍കുട്ടികളെ ഒരു പരിധിക്കപ്പുറം ശ്രദ്ധിക്കാനും നിരീക്ഷിക്കാനും സാധ്യവുമല്ല. അതോടൊപ്പം ആണ്‍കുട്ടികളുടെ വശം അത്യാവശ്യത്തെക്കാള്‍ കൂടുതല്‍ പണം വന്നത്തെുകയും ചെയ്യുന്നു. ഒമ്പതും പത്തും ക്ളാസുകളിലത്തെുമ്പോഴേക്കും ബൈക്കും മൊബൈല്‍ഫോണും അവര്‍ സ്വന്തമാക്കുന്നു. അതുപയോഗിച്ച് രാത്രികളില്‍പോലും കറങ്ങിനടക്കുകയും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ കളിച്ചുല്ലസിച്ച് സമയം കളയുകയും ചെയ്യുന്നു.
മലബാറില്‍ ഡിസംബര്‍ മുതല്‍ പന്തുകളിയുടെ കാലമാണ്. 10ാം ക്ളാസിലും 12ാം ക്ളാസിലും പരീക്ഷകള്‍ നടക്കുമ്പോള്‍പോലും കളിമേളകള്‍ നടക്കുന്നു. ഇത് ആണ്‍കുട്ടികളുടെ ശ്രദ്ധ അതിലേക്ക് തിരിയാനും പഠനത്തില്‍ ആലസ്യംവരാനും ഇടയാക്കുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെങ്കിലും കളിയുത്സവങ്ങള്‍ക്ക് അവധിനല്‍കേണ്ടിയിരിക്കുന്നു.
ആണ്‍കുട്ടികളുടെ പിന്നാക്കാവസ്ഥ നാടിനും സമൂഹത്തിനും വരുത്തുന്ന നഷ്ടവും വിപത്തും വളരെ വലുതാണ്. നാടിന്‍െറ പുരോഗതിക്കും സമുദായത്തിന്‍െറ വളര്‍ച്ചക്കുംവേണ്ടി പണിയെടുക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കാതെപോകുന്നു. സിവില്‍ ഭരണരംഗത്തും നീതിന്യായനടത്തിപ്പു മേഖലയിലും ഉള്‍പ്പെടെ സമൂഹത്തില്‍ സ്വാധീനംചെലുത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍നിന്നെല്ലാം പുറന്തള്ളപ്പെടുന്നു. അധ്യാപനമുള്‍പ്പെടെയുള്ള രംഗങ്ങളില്‍ പുരുഷസാന്നിധ്യം കുറഞ്ഞുകൊണ്ടേയിരിക്കുന്നു.
ആണ്‍കുട്ടികളുടെ പിറകോട്ടുപോക്ക് സൃഷ്ടിക്കുന്ന സാമൂഹികപ്രശ്നങ്ങളും ചെറുതല്ല. പ്രത്യേകിച്ചും വിവാഹരംഗത്തിലും കുടുംബമേഖലകളിലും. വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്ക് അനുയോജ്യരായ ജീവിതപങ്കാളികളെ കിട്ടുന്നില്ളെന്നുതന്നെയാണ് ഗുരുതരമായ പ്രശ്നം. വിദ്യാസമ്പന്നരായ പല പെണ്‍കുട്ടികളും പഠനപരമായി പിറകിലുള്ളവരെ ഇണകളായി സ്വീകരിക്കാന്‍ സന്നദ്ധരല്ല. നിര്‍ബന്ധിതമായി അങ്ങനെ സംഭവിച്ചാല്‍ ദാമ്പത്യത്തില്‍ അവരൊട്ടും സംതൃപ്തരായിരിക്കില്ല. തങ്ങളെക്കാള്‍ വിദ്യാഭ്യാസയോഗ്യതയുള്ള പെണ്‍കുട്ടികളെ കല്യാണം കഴിക്കുന്ന ആണ്‍കുട്ടികള്‍ അപകര്‍ഷബോധമുള്‍പ്പെടെ പല മാനസികപ്രശ്നങ്ങളുമനുഭവിക്കുന്നു. ഇതൊക്കെയും ഇന്ന് ഗുരുതരമായ ദാമ്പത്യപ്രശ്നങ്ങള്‍ക്കും കുടുംബത്തകര്‍ച്ചക്കും ഇടവരുത്തിക്കൊണ്ടേയിരിക്കുന്നു.
ഇതിനുള്ള പരിഹാരം പെണ്‍കുട്ടികളെ പഠിപ്പിക്കാതിരിക്കലോ അവരുടെ വിദ്യാഭ്യാസവളര്‍ച്ചയെ നിരുത്സാഹപ്പെടുത്തലോ അല്ല. ചില രക്ഷിതാക്കളെങ്കിലും അങ്ങനെയും ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് അത്യന്തം അപകടകരവും പെണ്‍കുട്ടികളെ വീണ്ടും പതിതാവസ്ഥയിലേക്ക് പിടിച്ചുതള്ളലുമായിരിക്കും. ആണ്‍കുട്ടികളുടെ പഠനകാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രതപാലിക്കലും ഊന്നല്‍നല്‍കലുമാണ് പരിഹാരം. സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസകാലത്ത് പ്രത്യേകമായ ശ്രദ്ധപതിപ്പിക്കണം. സാമൂഹിക പരിഷ്കര്‍ത്താക്കളും വിദ്യാഭ്യാസപ്രവര്‍ത്തകളും മതപണ്ഡിതന്മാരും സമുദായനേതാക്കളും പൊതുസേവകരും നിലവിലുള്ള സാഹചര്യത്തില്‍ ആണ്‍കുട്ടികളുടെ പഠനകാര്യത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.