ധ്യാനത്തിന്‍െറ കുളിര്‍മ

റമദാന്‍മാസം സമാഗതമായി. ലോകം ഒരുമാസം നീണ്ടുനില്‍ക്കുന്ന വ്രതനാളുകളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ആത്മീയോത്കര്‍ഷത്തിന്‍െറയും ആത്മവിചാരണയുടെയും ജീവിതവിശുദ്ധിയുടെയും ദിനരാത്രങ്ങളാണ് ഓരോ റമദാനും സമ്മാനിക്കുന്നത്. മനുഷ്യനെ ശുദ്ധീകരിക്കുന്നതിനായി കല്‍പിക്കപ്പെട്ട കര്‍മമാണ് ഉപവാസം. വ്യത്യസ്തതകളുണ്ടെങ്കിലും നോമ്പ് അനുശാസിക്കപ്പെടാത്ത ഒരു മതവും ലോകത്തില്ല.  പ്രത്യക്ഷത്തില്‍ ദൃശ്യമായ ശരീരത്തെ ശുദ്ധീകരിച്ചെടുക്കുകയെന്ന പരിമിതമായ അര്‍ഥമല്ല സംസ്കരണത്തിനുള്ളത്. ഗോചരമല്ലാത്ത മനസ്സുകൂടി ശുചീകരിക്കുക എന്ന തലംകൂടി അതിനുണ്ട്. അതായത്, നോമ്പ് ഒരു മലിനീകരണ വിരുദ്ധ പ്രവര്‍ത്തനവും പോരാട്ടവുമാണ്.  മലിനമായ വീടും നാടും, മലിനമായ മണ്ണും വായുവും വെള്ളവുമെല്ലാം ശുദ്ധീകരിക്കുന്നതിനുള്ള യത്നം കൂടിയാണ് വിശാലാര്‍ഥത്തില്‍ നോമ്പ്.

ഖുര്‍ആന്‍ അവതരിച്ച മാസമായതുകൊണ്ട് റമദാനില്‍ നോമ്പനുഷ്ഠിക്കണമെന്ന ദൈവിക കല്‍പന ഖുര്‍ആനില്‍ കാണാം(2:185). അതുകൊണ്ട് ഖുര്‍ആനിന്‍െറ മാസമാണ് റമദാന്‍. ഖുര്‍ആനാവട്ടെ, സ്വയം പരിചയപ്പെടുത്തുന്നത് ‘മുഴുവന്‍ മനുഷ്യസമൂഹത്തിനുമുള്ള സദ്പന്ഥാവെ’ന്നാണ്. ‘ലോകജനതക്കാകമാനമുള്ള ഉദ്ബോധനമെന്നു’മാണ് (81:27). ഇതിനെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി ഇങ്ങനെ വിശദീകരിക്കുന്നു: ‘ഖുര്‍ആന്‍ ഏതെങ്കിലുമൊരു വര്‍ഗത്തിനോ പ്രദേശത്തിനോ വര്‍ണക്കാര്‍ക്കോ സ്വന്തമായിട്ടുള്ളതല്ല. അത് ബുദ്ധിജീവികളുടേതോ വികാരജീവികളുടേതോ മാത്രമല്ല. അത് ആത്മീയവാദികളുടേയോ ഭൗതികവാദികളുടേതോ അല്ല. അത് ആദര്‍ശവാദികളുടേതോ പ്രായോഗിക വാദികളുടേതോ മാത്രമല്ല. അത് വ്യക്തിവാദികളുടേതോ സമൂഹവാദികളുടേതോ അല്ല. അത് ഭരണാധികാരികളുടേതോ ഭരണീയരുടേതോ അല്ല. അത് ധനികരുടേതോ ദരിദ്രരുടേതോ അല്ല. അത് പുരുഷന്മാരുടേതോ സ്ത്രീകളുടേതോ മാത്രമല്ല. അത് എല്ലാവരുടെയും ഗ്രന്ഥമാണ്. എല്ലാവരുടെയും നാഥനില്‍ നിന്നുള്ള എല്ലാവരുടെയും നിയമസംഹിത.’ ഏതെങ്കിലും മതസമൂഹത്തിന്‍െറ മാത്രം വിശുദ്ധ വേദഗ്രന്ഥം എന്ന പരികല്‍പന ഖുര്‍ആനിന്‍േറതല്ല എന്ന് ചുരുക്കം.   

മനുഷ്യാവകാശങ്ങളെ കുറിച്ചും ഖുര്‍ആന്‍ ധാരാളമായി സംസാരിക്കുന്നു. ‘മറ്റൊരാത്മാവിന് പകരമായല്ലാതെയോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍െറയോ പേരിലല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍ അത് മനുഷ്യരാശിയെ ഒന്നടങ്കം ഹനിച്ചതിനു സമാനമാണെന്നാ’(5:32)ണ് ഖുര്‍ആന്‍െറ നിലപാട്. രഹസ്യങ്ങള്‍ ചൂഴ്ന്നന്വേഷിക്കാനോ സ്വകാര്യതയില്‍ ഇടപെടാനോ ആര്‍ക്കും അവകാശമില്ല. ‘മറ്റുള്ളവരുടെ ഭവനങ്ങളില്‍ അവരുടെ സമ്മതവും തൃപ്തിയുമില്ലാതെ പ്രവേശിക്കരുത്’(24:27). ‘ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ പരിഹസിക്കുകയോ അവര്‍ക്ക് മാനഹാനി വരുത്തുകയോ ചെയ്യരുത്’(49:11). ലോകമാസകലമുള്ള അധ$ സ്ഥിത ദുര്‍ബല വിഭാഗങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അവരുടെ സംരക്ഷണം സമൂഹത്തിന്‍െറ മൊത്തം ബാധ്യതയാണെന്നും ഖുര്‍ആന്‍ നിരവധി തവണ ഓര്‍മിപ്പിക്കുന്നുണ്ട്. ‘മതശാസനകളെ കളവാക്കിയവനെ നീ കണ്ടില്ളേ? അനാഥയെ ആട്ടിയകറ്റുന്നവനാണവന്‍, അഗതിക്ക് അന്നം നല്‍കാന്‍ പ്രേരിപ്പിക്കാത്തവനും’ (107:1-3).

മത, ജാതി, വര്‍ഗ, ദേശ ഭേദങ്ങളെ തെല്ലും ഇസ്ലാം പരിഗണിക്കുന്നില്ല. മനുഷ്യന്‍ എന്ന ഏകകത്തിലേക്കാണ് മുഴുവന്‍ ഊന്നലുകളും. ഇങ്ങനെ സഹാനുഭൂതിയുടെയും പരസ്പരസ്നേഹത്തിന്‍െറയും കര്‍ക്കശ നീതിപാലനത്തിന്‍െറയും പരിഗണനകളുടേതുമായ ഒരു ജീവിത ദര്‍ശനത്തെ അക്ഷരാര്‍ഥത്തില്‍ തന്നെ പുന$സൃഷ്ടിക്കുകയാണ് റമദാനിലെ വ്രതാനുഷ്ഠാനം. അതിലെ വിശപ്പും ദാഹവും അശരണരോടുള്ള ഐക്യദാര്‍ഢ്യത്തിന്‍െറ പ്രതീകമാണ്. ദാനധര്‍മങ്ങള്‍ക്ക് അളവറ്റ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട മാസമാണല്ളോ റമദാന്‍. ദൈവവിചാരത്തിലും ദൈവകീര്‍ത്തനത്തിലും കൂടുതല്‍ സമയം ചെലവിടുക, രാത്രികളില്‍ ഉറക്കമൊഴിച്ച് പ്രാര്‍ഥിക്കുകയും ദൈവത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുക, ദൈവത്തെ ഉപാസിക്കുക ഇതൊക്കെയാണ് റമദാന്‍ ഉപവാസത്തിന്‍െറ കാതല്‍. എന്നാല്‍, അവക്കൊപ്പം അശരണരോടും നിരാലംബരോടും അവഗണിക്കപ്പെടുകയും അരികുവത്കരിക്കപ്പെടുകയും ചെയ്യുന്നവരോടുമുള്ള ബാധ്യതകൂടി നിര്‍വഹിക്കപ്പെടുമ്പോഴാണ് വ്രതാനുഷ്ഠാനം പൂര്‍ണ ചൈതന്യം കൈവരിക്കുന്നത്.

കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ നിശിത വിചാരണക്ക് വിധേയമാക്കാനും വീഴ്ചകള്‍ തിരുത്താനും വ്യക്തികള്‍ക്കെന്ന പോലെ സംഘടനകള്‍ക്കും സാധാരണക്കാര്‍ക്കെന്നപോലെ സമുദായത്തിലെ നേതാക്കള്‍ക്കും പണ്ഡിതര്‍ക്കും സാധിക്കണമെന്ന് അനുസ്മരിപ്പിക്കുന്നുണ്ട് റമദാന്‍.
ആത്മീയ വസന്തത്തിന്‍െറ പകലിരവുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള റമദാനിന്‍െറ മധ്യാഹ്നത്തില്‍തന്നെയാണ് ചരിത്രത്തിലെ നിസ്തുല സംഭവമായ ബദ്റ് നടന്നത്. ധ്യാനത്തിന്‍െറ കുളിരു മാത്രമല്ല, നന്മക്കുവേണ്ടിയുള്ള പോരാട്ടത്തിന്‍െറയും അതിജീവനത്തിന്‍െറയും മരുഭൂമികളും താണ്ടി മാത്രമേ ആത്മസാക്ഷാല്‍ക്കാരം സാധ്യമാവൂ എന്നും റമദാന്‍ ഓര്‍മിപ്പിക്കുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ നേതൃത്വത്തില്‍ മക്കാ വിജയം സംഭവിക്കുന്നതും റമദാനിലായിരുന്നു. മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തു മുഹമ്മദ് നബിയും അനുചരന്മാരും. പത്ത് വര്‍ഷങ്ങള്‍ക്കുശേഷമുള്ള തിരിച്ചുവരവാണ് മക്കാ വിജയം. മധുരമായ പ്രതികാരത്തിന്‍െറ മികച്ച സന്ദര്‍ഭമെന്ന രാഷ്ട്രീയ വിശകലന ശാസ്ത്രത്തിന്‍െറ പതിവുകളെ പ്രവാചകന്‍ തിരുത്തി. ‘പോവുക, നിങ്ങളെല്ലാം സ്വതന്ത്രരാണ്’ എന്നായിരുന്നു പ്രവാചകന്‍െറ പ്രഖ്യാപനം. ഭീകരമായ ഹിംസകള്‍ അധികാരത്തിലേക്കുള്ള വഴിയും കീഴടക്കലിന്‍െറ പ്രതീകവുമായി മാറിയ ലോകത്ത് ചരിത്രത്തില്‍നിന്ന് മറുപാഠം ചൊല്ലിത്തരുകയാണ് വിശുദ്ധ റമദാന്‍.                                              

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.