പെരുമാള്‍ മുരുകന് മുന്നില്‍ കനല്‍പാത

ആത്മാര്‍ഥമായ പശ്ചാത്താപം, നിരുപാധികമായ മാപ്പ്...  തന്‍െറ സൃഷ്ടിയെ (മാതൊരു ഭഗന്‍) കൊന്നുകൊണ്ട് പെരുമാള്‍ മുരുകന്‍ എന്ന തമിഴ് സാഹിത്യകാരന് ഈറനണിഞ്ഞ കണ്ണുകളോടെ കരാറില്‍ ഒപ്പുചാര്‍ത്തേണ്ടിവന്നു. സമാധാന ഉടമ്പടി എന്ന ഓമനപ്പേരിട്ട നിര്‍ബന്ധിത ചര്‍ച്ചകളിലാണ് തിരുച്ചെങ്കോട് റവന്യൂ ഓഫിസില്‍ മുരുകന്, സംഘടിത ജാതി മത സംഘടനകള്‍ക്കു മുന്നില്‍ സര്‍വവും സമര്‍പ്പിക്കേണ്ടിവന്നത്.  ജനാധിപത്യത്തിന്‍െറ നാലു തൂണുകളായ ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും ഒരു വിഭാഗം മാധ്യമങ്ങളുംകൂടി ചേര്‍ന്നപ്പോള്‍ മുരുകനിലെ എഴുത്തുകാരന്‍ മരണപ്പെട്ടു. ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍െറ പേരില്‍ വിഖ്യാതമായ പലായനങ്ങളുടെ കൂട്ടത്തില്‍ മുരുകന്‍െറയും പേര് ചേര്‍ക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം ആദ്യത്തോടെ  സ്വദേശമായ നാമക്കല്‍ തിരുച്ചെങ്കോട്ടുനിന്ന് ചെന്നൈയിലേക്ക്.
ആവിഷ്കാരസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തെരുവില്‍നിന്ന് അവസാന പ്രതീക്ഷയായ കോടതിമുറികളിലേക്കത്തെി.  പുരോഗമന ചിന്താഗതിക്കാരുടെയും എഴുത്തുകാരുടെയും സംഘടനയായ തമിഴ്നാട് പ്രോഗ്രസിവ് റൈറ്റേഴ്സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍െറ വാദങ്ങള്‍ ഫലംകണ്ടു.
‘എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും സംരക്ഷണം നല്‍കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് കോടതി ഓര്‍മിപ്പിച്ചു. ഭയത്തിന് അടിമപ്പെടാതെ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് നീതിന്യായ സംവിധാനം മുരുകനോട് ആവശ്യപ്പെട്ടു. പ്രതിഷേധക്കാരുടെ സമ്മര്‍ദത്തത്തെുടര്‍ന്ന് നാമക്കല്‍ ജില്ലാ ഭരണകൂടം ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ കഥാകൃത്തിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ളെന്ന് ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. സമൂഹം നിശ്ചയിക്കുന്ന പാതയിലൂടെ  സാഹിത്യലോകം സഞ്ചരിക്കണമെന്നില്ല. രാജ്യത്തെ പ്രാചീന സാഹിത്യ കൃതികളില്‍ ദുഷ്കാമപ്രവൃത്തികളെക്കുറിച്ച് പ്രതിപാദിക്കുന്നതുകൊണ്ട് ഇതും നിരോധിക്കണമെന്നാണോ എന്ന് കോടതി ചോദിച്ചു. ഒരു വിഭാഗത്തിനോ ഒരുപറ്റം ആളുകള്‍ക്കോ ഇഷ്ടമില്ളെന്നായാല്‍ ഒരു രചനയും കലയും അശ്ളീലമോ അധാര്‍മികമോ ആകുന്നില്ല. എഴുതാന്‍ എഴുത്തുകാരനും വായിക്കാന്‍ വായനക്കാരനും സ്വാതന്ത്ര്യമുണ്ട്. പുസ്തകം വായിക്കണമോ വേണ്ടയോ എന്ന് ആത്യന്തികമായി വായനക്കാരനാണ് തീരുമാനിക്കുന്നത്. നിങ്ങള്‍ക്ക് പുസ്തകം ഇഷ്ടപ്പെടുന്നില്ളെങ്കില്‍ അടച്ചുവെക്കാം, വലിച്ചെറിഞ്ഞോളൂ... വായിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. വംശീയത വളര്‍ത്തുന്നതോ രാജ്യത്തിന്‍െറ നിലനില്‍പിന് ഭീഷണി സൃഷ്ടിക്കുന്നതോ ആയ യാതൊരു വെല്ലുവിളികളും ഇല്ലാത്തതിനാല്‍ ‘മാതൊരു ഭഗന്‍’ വിപണിയില്‍ വില്‍ക്കാം. ക്രിമിനല്‍ കേസ് എടുക്കാനുള്ള തെറ്റ് പെരുമാള്‍ മുരുകന്‍ ചെയ്തിട്ടുമില്ല (മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍,  ജസ്റ്റിസ് പുഷ്പ സത്യനാരായണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍െറ വിധിയില്‍നിന്ന്). വിധി സന്തോഷവും പ്രചോദനവും നല്‍കുന്നതാണെന്നും താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും പെരുമാള്‍ മുരുകന്‍.
2010ല്‍ എഴുതിയ നോവല്‍ മൂലഭാഷയായ തമിഴില്‍നിന്ന് ഇംഗ്ളീഷിലേക്ക് മൊഴിമാറ്റപ്പെട്ട 2013ല്‍ വണ്‍ പാര്‍ട്ട് വുമണ്‍ എന്ന പേരില്‍ പുറത്തിറക്കി മാസങ്ങള്‍ക്കുശേഷമാണ് വംശീയ വിദ്വേഷം, സ്ത്രീകളെ മോശമായി ചിത്രീകരിക്കല്‍, മാനഹാനി തുടങ്ങിയ ആരോപണങ്ങള്‍ ഉടലെടുക്കുന്നത്. നാല് എഡിഷനുകളിലായി 5000 പുസ്തകങ്ങള്‍ വിറ്റുതീര്‍ന്നിട്ടും  അത്രയും നാളും തമിഴ് ഭാഷ അറിയാവുന്നവര്‍ വായിച്ചിട്ടും കണ്ടത്തൊത്ത മാനഹാനി ഉടലെടുത്തത് ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ ചില സവര്‍ണ ബുദ്ധിജീവികളില്‍നിന്നാണ്. തിരുച്ചെങ്കോട്ടെ അര്‍ധനാരീശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പ് നിലനിന്നെന്ന് പറയപ്പെടുന്ന ആചാരത്തെ ഇതിവൃത്തമാക്കിയാണ് രചന പുരോഗമിക്കുന്നത്.  
കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ വീട്ടുകാരുടെ സമ്മതത്തോടെ ക്ഷേത്രത്തിലെ മുഖ്യ ഉത്സവരാത്രിയില്‍ പരപുരുഷന്മാരുടെ കൂടെ ശയിച്ചിരുന്നത്രെ. ഇത്തരം കുഞ്ഞുങ്ങള്‍ സ്വാമി കൊടുത്ത പിള്ള എന്നാണ് അറിയപ്പെടുന്നത്. നോവലിലെ നായിക പൊന്നക്ക് കുഞ്ഞുങ്ങളില്ല. ഭര്‍ത്താവ് കാളിക്ക് താല്‍പര്യങ്ങളില്ളെങ്കിലും സമൂഹത്തിലെ കുത്തുവാക്കുകള്‍ സഹിക്കാനാകാതെ കുഞ്ഞിനെ ലഭിക്കാന്‍ വൈകാശി വിശാഖം രഥോത്സവനാളില്‍ പരപുരുഷനെ പ്രാപിക്കുന്ന അനുഷ്ഠാനത്തില്‍ പങ്കെടുക്കാന്‍ പൊന്ന പോകുന്നതാണ് പ്രമേയം. ദലിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശമുള്ള ഏകനാളും ഈ ദിവസമാണ്. ഉയര്‍ന്ന ജാതിയില്‍പെട്ട പെരുമാള്‍ മുരുകന്‍ വിവാഹം കഴിച്ചതും ദലിത് സ്ത്രീയെയാണ്. ഈ രണ്ടു കാര്യങ്ങളാണ് ജാതിസംഘടനകളെ പ്രകോപിപ്പിച്ചതെന്നാണ് ദലിത് എഴുത്തുകാരുടെ അഭിപ്രായം. യു.എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ജാതി സംഘടനയാണ് പുസ്തകത്തിനെതിരായ പ്രക്ഷോഭത്തിന് ഫണ്ടിങ് നടത്തിയത്. കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍ പ്രവിശ്യകള്‍ ഉള്‍പ്പെട്ട കൊങ്കുമേഖലകളിലെ കൊങ്കു വെള്ളാള സമുദായം തെരുവിലിറങ്ങുകയായിരുന്നു. പ്രക്ഷോഭത്തിനിറങ്ങിയ എട്ട് സംഘടനകളുടെ കൂട്ടത്തില്‍ ലോറി ഉടമകളുടെ സംഘടനയും പെടുമ്പോള്‍ പിന്നിലെ സാമ്പത്തികവശം മറ നീക്കി പുറത്തുവരുന്നുണ്ട്.  വിശ്വാസസംരക്ഷണത്തിനായി ദിവസങ്ങളോളം  പ്രക്ഷോഭവും ബന്ദും നടത്തി ജനജീവിതം സ്തംഭിപ്പിച്ചു. തന്‍െറ സൃഷ്ടി ഒരു പ്രദേശത്തിന്‍െറ സമാധാനാന്തരീക്ഷം തകര്‍ക്കാര്‍ വലിച്ചിഴക്കുന്നതില്‍ മനംനൊന്ത് പെരുമാള്‍ മുരുകന്‍ സംഘടിത ശക്തിക്കു മുന്നില്‍ കീഴടങ്ങി. കോടതിയില്‍നിന്ന് പുറത്തുവന്ന, ആവിഷ്കാരസ്വാതന്ത്ര്യം അടിവരയിട്ട വിധിയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാനിരിക്കുന്ന പെരുമാള്‍ മുരുകന് മുന്നിലെ പാത കല്ലും മുള്ളും നിറഞ്ഞതാണ്. മതേതര ജനകീയ മനസ്സുകള്‍ ജുഡീഷ്യറിയുടെ തീര്‍പ്പില്‍ സംതൃപ്തി രേഖപ്പെടുത്തുമ്പോഴും സംഘ്പരിവാറിന്‍െറ ആശീര്‍വാദത്തോടെ  പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആരോപണത്തിന്‍െറ മൂര്‍ച്ച കുറച്ചിട്ടില്ല.
സമുദായങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ മാനഹാനി ആരോപണം കോടതി തള്ളിയിട്ടും പരാതിയില്‍ ഊന്നി മുന്നോട്ടുപോകാനാണ് ജാതി സംഘടനകളുടെ രഹസ്യ തീരുമാനം. സംഘ്പരിവാര്‍ സഹയാത്രികനും ബുദ്ധിജീവിയുമായ എസ്. ഗുരുമൂര്‍ത്തി കോടതി വിധിയില്‍ ദു$ഖം രേഖപ്പെടുത്തുന്നത് വിഷയത്തില്‍നിന്ന് പിന്മാറ്റമില്ളെന്നതിന്‍െറ വ്യക്തമായ തെളിവാണ്. വിധി സത്യത്തിന് നിരക്കുന്നതല്ളെന്നാണ് ഗുരുമൂര്‍ത്തിയുടെ വാദം. അദ്ദേഹത്തിന്‍െറ അഭിപ്രായത്തില്‍ പുസ്തകത്തിനെതിരെ കേവലം ജാതി സംഘടനകളല്ല പ്രതിഷേധിച്ചതത്രെ.   കൊങ്കു മേഖലയുടെ  ധാര്‍മികതയെ ചോദ്യം ചെയ്യുന്ന പുസ്തകത്തിനെതിരെ ലോറി ഉടമകളെ ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകളുമുണ്ടെന്ന് സമര്‍ഥിക്കുന്നു.  കേസില്‍ ഇവരും കക്ഷിയാണ്. പ്രതിഷേധരംഗത്തുള്ള പ്രബല സമുദായ അംഗങ്ങളാണ് ഭൂരിപക്ഷം ലോറി ഉടമകളും.  അതേസമയം, ദലിത് സംഘടനകളെ സമരരംഗത്ത് കാണാതിരുന്നത് ഇവരെല്ലാം സൗകര്യപൂര്‍വം മറക്കുകയാണ്. ഭരണ-പണ സ്വാധീനമില്ലാത്ത ദലിതരുടെ പിന്തുണ പെരുമാള്‍ മുരുകന്  രക്ഷ നല്‍കുന്നുമില്ല. ഭരണകൂടം നിസ്സംഗ നിലപാടാണ് സ്വീകരിക്കുന്നത്. ഭൂരിപക്ഷം കുറഞ്ഞ ഭരണത്തുടര്‍ച്ച ജയലളിതയെ കടുത്ത തീരുമാനങ്ങളെടുക്കുന്നതില്‍നിന്ന് പിന്നോട്ടടിക്കുകയാണ്. എഴുത്ത് തുടരുമെന്ന് വ്യക്തമാക്കിയ അദ്ദേഹം മാധ്യമങ്ങളെ നേരിട്ട് കാണാനോ അഭിമുഖങ്ങള്‍ അനുവദിക്കുന്നതിനോ മടിച്ചുനില്‍ക്കുകയാണ്.
പുസ്തകനിരോധം കോടതി തള്ളിയിട്ടും അച്ചടിച്ച പുസ്തകങ്ങള്‍ കടകളിലത്തൊതെ ഗോഡൗണുകളില്‍ കെട്ടിക്കിടന്നു. ‘മാതൊരു ഭഗന്‍’ പ്രദര്‍ശിപ്പിക്കാന്‍ പ്രമുഖ പുസ്തകക്കടകള്‍ക്കുപോലും വൈമുഖ്യം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.