പരിസ്ഥിതിദോഷ സൗഹൃദങ്ങള്‍

സാമൂഹിക പ്രവര്‍ത്തനരംഗത്തുനിന്ന് സദാശിവന്‍ മാഷ് ഒൗട്ടായതിനു പിന്നിലെ വില്ലന്‍ ചാള്‍സ് ബാബേജിന്‍െറ ആ കുന്ത്രാണ്ടം തന്നെയാണ്. അതെ, സാക്ഷാല്‍ കമ്പ്യൂട്ടര്‍. സാമൂഹിക പ്രവര്‍ത്തനമാണേലും അല്ലറച്ചില്ലറ കീശയില്‍ വരുന്നതിനാല്‍ മാഷിന്‍െറ ജീവിതവും അന്നൊക്കെ സ്മൂത്തായി കഴിഞ്ഞിരുന്നു. അസംബന്ധം, മാഷായ ഒരാള്‍ സാമൂഹിക പ്രവര്‍ത്തനത്തിന് ചില്ലറ വാങ്ങുകയോ എന്നാവും നിങ്ങളുടെ ഉള്ളില്‍. സംശയിക്കേണ്ട. സദാശിവന്‍ ‘ആ’ മാഷല്ല. പഠിപ്പുണ്ടെന്നത് നേര്. ആര്‍ക്കും ഈ തീയതിവരെ രണ്ടക്ഷരം ട്യൂഷനെടുത്തിട്ടുമില്ല. എന്നാലും നാട്ടുകാര്‍ക്ക് സദാശിവന്‍ ‘മാഷു’തന്നെ. പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ഹരജികള്‍, കറന്‍റുബില്‍, ഫോണ്‍ബില്‍... തുടങ്ങി എന്തിനുമേതിനും പേനയുന്താന്‍ നാട്ടുകാര്‍ക്ക് ഈ മാഷുതന്നെ വേണം. കേവലം കടലാസുപണി മാത്രമല്ല.
ഓഫിസില്‍ കയറി നിരങ്ങി സംഗതി ഒപ്പിക്കാന്‍ മിടുമിടുക്കന്‍. ഇന്നോ, കാര്യം മാറി കഥമാറി. നാട്ടുകാരെല്ലാം ഓണ്‍ലൈനിലായി. പൂഴി, മെറ്റല്‍ എന്തിന് കമ്പിപ്പാരവരെ കിട്ടാന്‍ ഓണ്‍ലൈന്‍, മാഷ് ക്ളീന്‍ ഒൗട്ട്!

****************
തൊഴില്‍രഹിതനായ മാഷിനെ പഴയ റിപ്പയര്‍ ജോലിയിലേക്ക് തിരികെ കൂട്ടിയത് വാര്‍ഡുമെംബറാണ്. ഉദ്ഘാടന നാട മുറിച്ചതും അയാള്‍തന്നെ.
നല്ല തുടക്കം. തിരക്ക്, പാട്ടും പാടി റിപ്പയര്‍ ചെയ്തു.
പക്ഷേ, റിപ്പയര്‍ ചെയ്തുവെച്ചത് വാങ്ങാന്‍ ആരും തിരികെ വന്നില്ല. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ഷോപ്പിനകത്തും പുറത്തും, എന്തിന് റോഡ് സൈഡില്‍പോലും നിന്നും ഇരുന്നും കിടന്നും ഫ്രിഡ്ജുകള്‍, മിക്സികള്‍, അലക്കുപകരണങ്ങള്‍... ‘ഹലോ, നിങ്ങളുടെ വാഷിങ് മെഷീനും ഫ്രിഡ്ജും റിപ്പയര്‍ചെയ്തിട്ടുണ്ട്. ഇന്നുതന്നെ വാങ്ങണേ...’
‘മാഷെ, അതവിടെ കെടന്നോട്ടെ ഞാന്‍ പുതിയതൊരെണ്ണം വാങ്ങീട്ടുണ്ട്’ -ഫോണെടുത്തവരുടെ മറുപടിയെല്ലാം തഥൈവ! നിന്നുതിരിയാന്‍ ഇടമില്ല. കടയടക്കുന്ന രാത്രിനേരങ്ങളില്‍പോലും ഷോപ്പിനുമുന്നില്‍ കേടായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഇറക്കിവിട്ട് നാട്ടുകാര്‍ വല്ലാതെയങ്ങ് സഹായിച്ചു. അഥവാ മാഷോട് സഹകരിച്ചു.
പരിസ്ഥിതി വിഷയങ്ങള്‍ ലോകത്തിന്‍െറ മുഴുവന്‍ ഭരണാധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുക എന്നതാണ് പരിസ്ഥിതി ദിനത്തിന്‍െറ ഉദ്ദേശം എന്നെഴുതിയ പ്ളക്കാര്‍ഡുമേന്തി സ്കൂള്‍ കുട്ടികളുടെ സന്ദേശജാഥ അതുവഴി വന്നു. സദാശിവന്‍ മാഷിന്‍െറ റിപ്പയറിങ് ഷോപ്പിന്‍െറ ചുവരില്‍തൂങ്ങിയ പുതിയ ബോര്‍ഡ് വിദ്യാര്‍ഥികള്‍ കൗതുകത്തോടെ വായിച്ചു. ‘ആക്രിത്തൊട്ടില്‍!’

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.