??????? ??????????, ?????? ?????, ???????

പ്രഹസനങ്ങളുടെ കാലം

ബുദ്ധിശക്തിയിലും കൗശലങ്ങളിലും കാര്യക്ഷമതയിലും പണ്ട് മന്ത്രിമാര്‍ രാജാക്കന്മാരെപ്പോലും കടത്തിവെട്ടിയിരുന്നു. ഇക്കാലത്തോ? വിടുവായത്തത്തിന്‍െറയും പിടിപ്പുകേടിന്‍െറയും പര്യായപദങ്ങളാണവര്‍. അതിനാല്‍, കേന്ദ്രമന്ത്രിസഭയുടെ പുന$സംഘാടന വാര്‍ത്ത നമ്മില്‍ പ്രത്യേകിച്ചൊരു കൗതുകവും ഉണര്‍ത്താനിടയില്ല. ഏതാനും പുതുമുഖങ്ങളെകൂടി ചേര്‍ത്ത് അഴിച്ചുപണിത കാബിനറ്റില്‍ കയറിക്കൂടിയ മന്ത്രിമാരുടെ നീണ്ട ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത്തരമൊരു ജംബോ മന്ത്രിസഭകൊണ്ട് ജനങ്ങള്‍ക്ക് എന്തുകാര്യം? ഇപ്പോള്‍തന്നെ ചെലവുകളുടെ ദുസ്സഹഭാരം വഹിക്കുന്ന പൊതു ഖജനാവിന്‍െറ ചെലവ് ഒന്നുകൂടി വര്‍ധിക്കാന്‍ വഴിയൊരുക്കുമെന്നതല്ലാതെ അവ പൗരജീവിത പുരോഗതിയില്‍ വലിയ പ്രതിഫലനം ഉളവാക്കാനിടയില്ല. ആര്‍.എസ്.എസ് ആസ്ഥാനത്തുനിന്നുള്ള നോമിനികള്‍ക്ക് കാബിനറ്റില്‍ പ്രവേശം ലഭിച്ചിട്ടുണ്ട്. മനുഷ്യവിഭവശേഷി മന്ത്രാലയത്തില്‍നിന്ന് സ്മൃതി ഇറാനിയെ നീക്കിയതില്‍ ചിലര്‍ പരിഭവിക്കുന്നത് കേള്‍ക്കാനിടയായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്മൃതി സൃഷ്ടിച്ച പുകിലുകള്‍ അവര്‍ ഇത്രവേഗം മറന്നിരിക്കുകയാണോ? മനുഷ്യവിഭവശേഷി മന്ത്രാലയം പ്രകാശ് ജാവ്ദേക്കറിന്് ലഭിച്ചതില്‍ ഇത്തരം കാരണങ്ങളുണ്ട്. തനിക്ക് പതിച്ചുകിട്ടിയ പുതിയ മന്ത്രാലയത്തില്‍ (ടെക്സ്റ്റൈല്‍സ്) സ്മൃതി സ്വന്തം ഭാഗം എങ്ങനെ അഭിനയിക്കുമെന്ന് കാത്തിരുന്നുകാണുക.

യു.പി നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തിയ ഗിമ്മിക്ക് മാത്രമാണ് ഇപ്പോഴത്തെ മന്ത്രിസഭാ അഴിച്ചുപണി. അതോടൊപ്പം മറ്റു പ്രഹസനങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നു. മുത്തലാഖിനെക്കുറിച്ചും ഏകസിവില്‍കോഡിനെ സംബന്ധിച്ചും ചാനലുകള്‍ വാതോരാതെ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മുത്തലാഖ് നിരോധിക്കപ്പെടേണ്ടതുതന്നെ. എന്നാല്‍, അവ മുസ്ലിംകളുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ആയുധമായാണ് അവതാരകര്‍ എടുത്തു പ്രയോഗിക്കുന്നത്. ‘ഏക സിവില്‍കോഡ്’ ആകട്ടെ മുസ്ലിം സ്വത്വത്തെതന്നെ ഹനിക്കുന്നതിനുള്ള പദ്ധതിയായി പലരും വിലയിരുത്തുന്നു. നേരത്തേതന്നെ മുസ്ലിം സമുദായത്തെ ശത്രുപാളയത്തില്‍ നിര്‍ത്തുന്ന സംഘ്പരിവാര ശക്തികളുടെ ഏക സിവില്‍കോഡ് ശാഠ്യത്തിനു പിന്നിലെ അജണ്ട സംശയാസ്പദവുമാണ്.
അസഹിഷ്ണുതയും മുന്‍വിധികളും കൈമുതലാക്കിയാണോ രാജ്യത്തിനൊന്നടങ്കം ബാധകമായ നിയമസംഹിതകള്‍ ആവിഷ്കരിക്കേണ്ടതെന്ന ചോദ്യം സമകാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തി കൈവരിക്കുന്നുണ്ട്. മുസ്ലിംകളിലെ അന്യവത്കരണത്തെയും അരക്ഷിതബോധത്തെയും ഒന്നുകൂടി വര്‍ധിപ്പിക്കുകയെന്നതാവും ഇത്തരം വിവേകശൂന്യ നീക്കങ്ങളുടെ പരിണിതഫലം.

വിവിധ കമീഷനുകള്‍ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പോംവഴികള്‍ സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍, പല സംസ്ഥാനങ്ങളും ഇത്തരം നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ മടിച്ചുനില്‍ക്കുന്നു. സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മുസ്ലിം പ്രാതിനിധ്യത്തിന്‍െറ തോത് താഴ്ന്നപടിയില്‍ തന്നെ നില്‍ക്കുന്നു. മുസ്ലിംകളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന മുന്‍വിധികളിലും മാറ്റം പ്രകടമല്ല. എന്നാല്‍, ഇത്തരം വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ക്കോ അഭിപ്രായ രൂപവത്കരണങ്ങള്‍ക്കോ ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ തയാറല്ല. മര്‍മപ്രധാനമായ വിഷയങ്ങളെ പൊതുബോധത്തില്‍നിന്ന് മാറ്റിനിര്‍ത്താനുള്ള പരിശ്രമങ്ങളിലാണ് മുഖ്യധാരാ മാധ്യമങ്ങള്‍ മുഴുകിയിരിക്കുന്നത്. നമുക്കൊരു ന്യൂനപക്ഷ കമീഷന്‍ ഉണ്ടത്രെ. പക്ഷേ, എന്തു പ്രയോജനം? ന്യൂനപക്ഷങ്ങളുടെ അവസ്ഥ സമീപവര്‍ഷങ്ങളില്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്നു. അവര്‍ക്കെതിരായ കൈയേറ്റങ്ങള്‍ പെരുകുന്നു. സാമ്പത്തികമായ വിടവുകള്‍ വര്‍ധിക്കുന്നു. ഇത്തരം വിഷയങ്ങള്‍ക്ക് ചര്‍ച്ചാവേദികളില്‍ പ്രവേശമില്ല. മുസ്ലിംകളുടെ മതനിലപാടുകളെ കേന്ദ്രീകരിച്ചുമാത്രമാണ് എല്ലാ സംവാദങ്ങളും.

******
ബംഗ്ളാദേശ്, തുര്‍ക്കി, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ സമീപദിവസങ്ങളില്‍ അരങ്ങേറിയ സ്ഫോടനങ്ങള്‍ അത്യധികം വേദനയും ആശങ്കകളും ഉളവാക്കുന്നതാണ്. ഈ ക്രൂരതകള്‍ക്ക് പിന്നിലെ യഥാര്‍ഥ ശക്തികള്‍ ആരാണ്? ആരാണ് ഇവ ആസൂത്രണംചെയ്യുന്നത്? ആരാണ് അവര്‍ക്ക് ഫണ്ട് നല്‍കിക്കൊണ്ടിരിക്കുന്നത്? എല്ലാ സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.  ആരാണ് ഐ.എസ് എന്നതുസംബന്ധിച്ച് ആര്‍ക്കും തിട്ടപ്പെടുത്താനാകുന്നില്ല. അവ്യക്തവും ദുരൂഹവുമായ ഒരു പ്രതിഭാസമായി ഐ.എസ് വിരാജിക്കുന്നു. ഇത്ര സൂക്ഷ്മവും കൃത്യവുമായി സ്ഫോടനങ്ങള്‍ നടക്കാനുള്ള തന്ത്രം അവര്‍ എങ്ങനെ സ്വായത്തമാക്കുന്നു? മുസ്ലിം ലോകത്തെ ഐക്യം ശിഥിലമാക്കി, അശാന്തി പടര്‍ത്തുന്ന ഈ ഇരുട്ടിന്‍െറ ആത്മാക്കള്‍ ആരുടെ ചൊല്‍പ്പടിയിലാണിപ്പോള്‍? ഈ ചോദ്യങ്ങള്‍ക്കൊന്നും ഒരു രാജ്യത്തെയും ഇന്‍റലിജന്‍സിന് വ്യക്തമായ ഉത്തരം നല്‍കാനാകാതിരിക്കുന്നത് എന്തുകൊണ്ട്?

മുസ്ലിം ലോകത്തെ പെരുകുന്ന അസ്വാസ്ഥ്യങ്ങളെ സംബന്ധിച്ച് എന്‍െറ ചോദ്യത്തിന് അതിര്‍ത്തിഗാന്ധിയുടെ  പൗത്രന്‍ അസ്ഫന്ദിയാര്‍ വലിഖാന്‍ നല്‍കിയ ഉത്തരം ഉദ്ധരിക്കാം: ‘ഒരു ഗ്രാമത്തില്‍ രണ്ട് റൗഡികള്‍ ഉണ്ടെന്നു സങ്കല്‍പിക്കുക. അവിടെ ഏറ്റുമുട്ടലിനുപകരം സമാധാനാവസ്ഥയാണ് നിലനില്‍ക്കുക. എന്നാല്‍, ഒരു തെമ്മാടി മാത്രമുള്ളിടത്ത് സംഘര്‍ഷങ്ങളും അരാജകത്വവും വളരെ കൂടുതലാകും. അതാണ് സമകാല ലോകാവസ്ഥ. മുസ്ലിംലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്ന നേതൃത്വത്തിന്‍െറ അഭാവമാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമെന്ന് ഞാന്‍ കരുതുന്നു. ഈ അരാജക സാഹചര്യത്തില്‍ ഇസ്ലാമിന്‍െറ യഥാര്‍ഥ പ്രതിനിധാനങ്ങള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. സമാധാനത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്ന മതമാണ് ഇസ്ലാം എന്ന സത്യം വിസ്മരിക്കപ്പെടുകയും ചെയ്യുന്നു.’

******
ആലാപനങ്ങളില്‍ അഭിജിത്തിന്‍െറ സ്വരം ശ്രവണ മധുരമായിരിക്കാം. എന്നാല്‍, സ്ത്രീത്വത്തെ അവമതിക്കുന്ന പ്രസ്താവനകള്‍ നടത്തുമ്പോള്‍ ആ ശബ്ദം അരോചകമാണെന്നു പറയാതെവയ്യ. ചെന്നൈയില്‍ വനിതാ ടെക്കി വധിക്കപ്പെട്ടപ്പോഴും മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദിയുമായി ബന്ധപ്പെട്ട പ്രശ്നത്തിലും അതീവ ജുഗുപ്സാവഹമായ രീതിയിലായിരുന്നു അഭിജിത് അഭിപ്രായങ്ങള്‍ തുറന്നുവിട്ടത്. ഇയാളെ ശാസിക്കാന്‍ വനിതാ കമീഷന്‍ എന്തുകൊണ്ട്  തയാറാകുന്നില്ല?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.