മത്സ്യമേഖലക്ക് പൊടിക്കൈകള്‍ അപര്യാപ്തം

ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ മത്സ്യമേഖലയുടെ കാര്യത്തില്‍ അടങ്കല്‍ 178 കോടി രൂപയില്‍നിന്ന് 463 കോടി രൂപയായി ഉയര്‍ത്തിയെന്നതാണ് പ്രധാന അവകാശവാദം. ശരിയായിരിക്കാം. എന്നാല്‍, ഓരോ വിഭാഗത്തിനും നീക്കിവെച്ചിരിക്കുന്ന തുക പരിശോധിച്ചാല്‍ ഇതില്‍ 300 കോടിയും (63 ശതമാനം) പുലിമുട്ടുകള്‍ നിര്‍മിക്കുന്നതിനുവേണ്ടിയാണെന്ന് അദ്ദേഹത്തിന്‍െറ ഫേസ്ബുക് പോസ്റ്റ് സൂചിപ്പിക്കുന്നു. ഇവിടെ പുലിമുട്ടുകള്‍ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? സാധാരണഗതിയില്‍ കൃത്രിമ തുറമുഖങ്ങള്‍ ഉണ്ടാക്കുന്നതിന്‍െറ ഭാഗമായാണ് പുലിമുട്ടുകള്‍ നിര്‍മിക്കുന്നത്. കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും തുറമുഖത്തിനകത്ത് കൃത്രിമമായി ശാന്തത ഉണ്ടാക്കി സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ഇവയുടെ ധര്‍മം. എന്നാല്‍, ഇവിടെ ബജറ്റില്‍ ഉദ്ദേശിച്ചിരിക്കുന്നത് ആ പുലിമുട്ടുകളല്ളെന്നു വേണം കരുതാന്‍. ‘പുലിമുട്ടുകള്‍’ എന്നുദ്ദേശിക്കുന്നത് കടല്‍ഭിത്തികള്‍ നിര്‍മിച്ച ശേഷവും തീരശോഷണം സംഭവിക്കുന്നിടത്ത് മറ്റൊരു പ്രതിരോധ നടപടി എന്ന നിലയില്‍ കടലിലേക്ക് ലംബമായി നിര്‍മിക്കുന്ന ഗ്രോയിനുകളാണ് എന്നു തോന്നുന്നു. ഇവ തുറമുഖത്തിനു വേണ്ടിയുള്ള പുലിമുട്ടിന്‍െറ അതേ രൂപത്തിലുള്ള ചെറിയ പതിപ്പുകളാണ്. ഇവയിലൂടെ തീരസംരക്ഷണം സാധ്യമാണെന്ന് ഡോ. തോമസ് ഐസക് കരുതുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് തെറ്റുപറ്റിയിരിക്കുന്നു എന്ന് പറയാതെവയ്യ. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ശാസ്ത്രീയ ഉപദേശം നല്‍കിയത് ആരായാലും ഇതേപ്പറ്റി ഒരു പുന$പരിശോധനക്ക് തയാറാകണം.

ഗ്രോയിനുകള്‍ നിര്‍മിക്കുന്നിടത്തും പുലിമുട്ടിലെന്നപോലെ, അതിന്‍െറ വടക്കു വശത്ത് തീരശോഷണവും (Erosion) തെക്കു വശത്ത് മണ്ണടിഞ്ഞുകൂടലും (Accretion) സംഭവിക്കുന്നതായി ഒൗദ്യോഗിക വിദഗ്ധപഠനങ്ങള്‍ കാണിക്കുന്നുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍െറ കീഴില്‍ കേരളത്തിലെ 38 വര്‍ഷത്തെ തീരരേഖാ മാറ്റങ്ങള്‍ പഠനവിധേയമാക്കിയ ഒരു റിപ്പോര്‍ട്ടില്‍ (Shoreline Changes Assessment for Kerala Coast published by NCSCM, SICOM and MoEF 2013) എടുത്തുകാണിക്കുന്ന ചിത്രം ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. പരവൂരില്‍ പണ്ട് തീരശോഷണം ഇല്ലായിരുന്നപ്പോള്‍ നിര്‍മിച്ച ഗ്രോയിനുകളാണ് ഇത്.
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിനായി ഏകദേശം 45 വര്‍ഷം മുമ്പ് വലിയ പുലിമുട്ടുകള്‍ നിര്‍മിച്ച ശേഷം വടക്കന്‍ തീരത്തുള്ള പനത്തുറ, പൂന്തുറ തീരങ്ങളില്‍ വലിയ തീരശോഷണം അനുഭവപ്പെടുകയുണ്ടായി. അവിടെ കടല്‍ഭിത്തികളും തുടര്‍ച്ചയായി തകര്‍ന്നതോടെ ആദ്യം പനത്തുറയിലാണ് ഒരു ഗ്രോയിന്‍ നിര്‍മിക്കുന്നത്. അപ്പോള്‍ പൂന്തുറയില്‍ തീരശോഷണം കൂടുതല്‍ രൂക്ഷമായി. അതിനുശേഷം പൂന്തുറയില്‍ ഏകദേശം 15 വര്‍ഷം മുമ്പ് ഏഴ് ഗ്രോയിനുകള്‍ നിര്‍മിച്ചു. എന്നാല്‍, ഇതിനു ശേഷം തൊട്ടുവടക്കുള്ള ബീമാപള്ളിയില്‍ തീരശോഷണം രൂക്ഷമായി. ഇപ്പോള്‍ ബീമാപള്ളിയില്‍ ഗ്രോയിനുകള്‍ നിര്‍മിക്കുകയാണ്. ഇതിന്‍െറ ഫലമായി തൊട്ടുവടക്കുള്ള ചെറിയതുറ, വലിയതുറ തീരമേഖലയില്‍ തീരശോഷണം വലിയ തോതില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു.

ഈയിടെ മുതലപ്പൊഴിയിലും, ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണശേഷം ഉണ്ടായ തീരശോഷണം തടയാന്‍ നിര്‍മിച്ച കടല്‍ഭിത്തി ഫലപ്രദമാകാതെ ഇത്തരം ഗ്രോയിന്‍ താഴമ്പള്ളി ഭാഗത്ത് നിര്‍മിക്കുകയും തുടര്‍ന്ന് പൂത്തുറ, അഞ്ചുതെങ്ങ് തീരങ്ങളില്‍ തീരശോഷണം ശക്തിപ്പെടുകയും ചെയ്തു. യഥാര്‍ഥത്തില്‍ അവിടെ തീരം സംരക്ഷിക്കാനല്ല; മറിച്ച്, അടുത്തിടെ നിര്‍മിച്ച പെരുമാതുറ പാലത്തിന്‍െറ വടക്കുഭാഗത്തെ അടിത്തൂണുകള്‍ പോലും തീരശോഷണത്താല്‍ അപകടത്തിലാകുമെന്നു കണ്ട് അത് തടയാനാണ് ഗ്രോയിന്‍ നിര്‍മിച്ചത്. മുകളിലെ ചിത്രം വ്യക്തമാക്കുന്ന മറ്റൊരു പ്രധാന കാര്യം ഇവിടെ കടപ്പുറം തീര്‍ത്തും അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ്. മീന്‍പിടിത്തക്കാരുടെ ഉരുക്കള്‍ക്ക് കടലിലേക്ക് പോയിവരാനുള്ള സൗകര്യം തീര്‍ത്തും ഇല്ലാതാക്കുകകൂടിയാണ് ഇത് ചെയ്യുന്നത്. അവരുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കുന്നതിനാലാണ് ഈ തീരങ്ങളിലുള്ളവരും ഇപ്പോള്‍ കൂടുതല്‍ ഫിഷിങ് ഹാര്‍ബറുകള്‍ക്കുവേണ്ടി മുറവിളികൂട്ടുന്നത്. പക്ഷേ, അതും പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്നാണ് മുതലപ്പൊഴി അനുഭവം നമ്മെ പഠിപ്പിക്കുന്നത്. എന്നിട്ടും ബജറ്റില്‍ രണ്ട് പുതിയ ഫിഷിങ് തുറമുഖങ്ങള്‍ക്കായി 31 കോടി വകയിരുത്തിയിട്ടുണ്ട്. ഫിഷിങ് തുറമുഖങ്ങള്‍ കൂടുതല്‍ നിര്‍മിക്കുന്നതിലൂടെ കേരളത്തിലെ മത്സ്യ ഉല്‍പാദനം കൂട്ടാമെന്ന് കരുതുന്നെങ്കില്‍ അതും മൗഢ്യമാണ്. നമ്മുടെ മത്സ്യ ഉല്‍പാദനം കുത്തനെ ഇടിയുകയാണല്ളോ?

ഇങ്ങനെ അനുഭവത്തില്‍നിന്ന് വ്യക്തമാകുന്നത് ഗ്രോയിനുകള്‍ പ്രശ്നപരിഹാരമല്ല; മറിച്ച്, തീരശോഷണ പ്രശ്നത്തിന്‍െറ സ്ഥാനമാറ്റം വരുത്താന്‍ മാത്രമാണ് ഉപകരിക്കുന്നത് എന്നാണ്. ഈ ഗ്രോയിനുകള്‍പോലും കടല്‍ രൂക്ഷമാകുമ്പോള്‍ തകരുന്നതായും കാണുന്നുണ്ട്. പനത്തുറയില്‍ ആദ്യം നിര്‍മിച്ച ഗ്രോയിനുകള്‍ തകരുകയും അടുത്തിടെ പുതിയവ നിര്‍മിക്കുകയും ചെയ്തു. പൂന്തുറയിലും ആദ്യത്തെ ഗ്രോയിനുകള്‍ ഓരോന്നോരോന്നായി ഇല്ലാതാകുന്നുമുണ്ട്. അടിയിലെ മണല്‍ ഊര്‍ന്നുപോകുന്നതോടെ ഇവ കടലിനടിയിലേക്ക് താഴ്ന്നുപോവുകയാണ് ചെയ്യുന്നത്. നമ്മുടെ മലനിരകളില്‍നിന്ന് പാറകള്‍ പൊട്ടിച്ചെടുത്ത് കടലില്‍ താഴ്ത്തുന്ന ഈ നടപടി യഥാര്‍ഥത്തില്‍ തീരസംരക്ഷണത്തിന് പകരം തീരനാശത്തിനു മാത്രമല്ല, വന്‍തോതിലുള്ള പാറഖനനത്തിനും മലകളുടെ നശീകരണത്തിനും ഇടയാക്കുന്നുണ്ട്. സംസ്ഥാന ഖജനാവിലെ പണം ഇങ്ങനെ പാഴാക്കിക്കളയാനുള്ളതല്ല. എന്നാല്‍, ഇത്തരം ‘തീരസംരക്ഷണ’ സമീപനം തുടരുന്നത് കുറച്ച് കോണ്‍ട്രാക്ടര്‍മാരുടെയും ക്വാറി ഉടമകളുടെയും കീശകളിലേക്ക് സംസ്ഥാന ഖജനാവിലെ പണം എത്തിക്കാന്‍ സഹായിക്കുമെന്നുമാത്രം. തീരം സംരക്ഷിക്കുന്നതിന് ഏറ്റവും പ്രധാനം കടപ്പുറങ്ങളെ (മണല്‍ത്തീരങ്ങളെ) നിലനിര്‍ത്തുകയാണ്. ഈ പ്രശ്നം പഠനവിധേയമാക്കിയ ഡോ. എം.എസ്. സ്വാമിനാഥന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും, കടല്‍ഭിത്തി പോലെ കടുത്ത പ്രതിരോധ മാര്‍ഗങ്ങളല്ല വേണ്ടത്; മറിച്ച്, മൃദുവായ തീര ഹരിതവത്കരണം പോലുള്ളവ സ്വീകരിക്കണമെന്നു പറയുന്നുണ്ട്. കടലിനടുത്തായി വസിക്കുന്നവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കണമെന്നും കടലോരത്തെ അതിന്‍െറ സ്വാഭാവിക പ്രതിഭാസങ്ങള്‍ക്ക് തടസ്സം വരുത്താതെ നിലനിര്‍ത്തണമെന്നും നിര്‍ദേശിക്കുന്നു.

ഇവിടെ തോമസ് ഐസക്കിന്‍െറ ബജറ്റില്‍ ‘സി.ആര്‍.ഇസഡ് പരിധിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ നിലവിലുള്ള ഭൂമിയുടെ അവകാശം നിലനിര്‍ത്തിക്കൊണ്ടുതന്നെ സുരക്ഷിതമേഖലയിലേക്ക് മാറിത്താമസിക്കുന്നതിന് 10 ലക്ഷം രൂപ വീതം ധനസഹായം’ പ്രഖ്യാപിച്ചിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. പക്ഷേ, ആകെയുള്ളതിന്‍െറ 63 ശതമാനം തുകയും തീരം കൂടുതല്‍ നശിപ്പിക്കാന്‍ ചെലവിടുകയും വളരെ കുറഞ്ഞ തുക മാത്രം ശരിയായ തീരസംരക്ഷണ നടപടിക്ക് ചെലവിടുകയും ചെയ്യുന്ന സമീപനം തെറ്റാണ്. കടലിനോട് ചേര്‍ന്ന് ഭീഷണി നേരിടുന്ന 10,000ത്തിലധികം വീടുകളെങ്കിലും സംസ്ഥാനത്തുണ്ടാകും. ഇവരെ മാറിത്താമസിക്കാന്‍ സഹായിക്കുന്ന ഐസക്കിന്‍െറ പദ്ധതിക്ക് 1000 കോടി രൂപയെങ്കിലും വേണം. ഇപ്പോഴിതിനായി നീക്കിവെച്ചിരിക്കുന്നത് വെറും 20 കോടി മാത്രമെന്നു തോന്നുന്നു. 300 കോടി രൂപ മുടക്കി നിര്‍മിക്കുന്ന ഗ്രോയിനുകള്‍, ഭീഷണി നേരിടുന്ന സംസ്ഥാനത്തെ കടലോര ഭവനങ്ങളുടെ എണ്ണം ഒരുപക്ഷേ, പതിന്മടങ്ങ് കൂട്ടിയേക്കും. ഈ 300 കോടി രൂപയും അപകടഭീഷണി നേരിടുന്ന കടലോരങ്ങളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനായി വകയിരുത്തണം. അതിനായി ഡോ. തോമസ് ഐസക്കിന് സദ്ബുദ്ധി തോന്നട്ടെ എന്നാശിക്കുന്നു!
(പരിസ്ഥിതി–മത്സ്യബന്ധന മേഖലയിലെ ആക്ടിവിസ്റ്റാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.