കലികയറിയ റിപ്പബ്ലിക്

ചൊവ്വാഴ്ച മറ്റൊരു റിപ്പബ്ളിക് ദിനം കൂടി ആഘോഷിക്കുകയാണ് ഇന്ത്യ. പരമാധികാര റിപ്പബ്ളിക്കിന്‍െറ സൈനിക, സാംസ്കാരിക, നാനാത്വക്കരുത്തിന്‍െറ പ്രകടനങ്ങള്‍ റെയ്സിന കുന്നില്‍നിന്ന് രാജ്പഥിലേക്ക് പതിവുപോലെ ഒഴുകിയിറങ്ങും. വേദനാനിര്‍ഭരവും ദീര്‍ഘവുമായ സ്വാതന്ത്ര്യസമരത്തിലെ കൂട്ടായ്മയുടെ വികാരതീവ്രത പിന്‍പറ്റി, ആ കരുത്ത് ഒരിക്കല്‍കൂടി കാണാന്‍ ആബാലവൃദ്ധം ഇന്ത്യാ ഗേറ്റിന്‍െറ അരികുപുറങ്ങളിലത്തൊന്‍ തിരക്കിട്ടുപോവുന്നത് മഞ്ഞുമൂടിയ റിപ്പബ്ളിക് പുലര്‍കാലത്തെ ഡല്‍ഹി കാഴ്ചയാണ്. ഉച്ചവരെ നീളുന്ന ഉത്സവത്തിമിര്‍പ്പിന് ഏഴുപതിറ്റാണ്ടായിട്ടും ആവേശംചോര്‍ന്നിട്ടില്ല. സുരക്ഷാപരമായി വല്ലാത്ത ഏനക്കേടുകള്‍ വര്‍ധിച്ചുവരുന്നുവെന്നുമാത്രം.

ഇത്തവണ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡാണ് റിപ്പബ്ളിക്ദിന മുഖ്യാതിഥി. ഫ്രഞ്ച് സേന റിപ്പബ്ളിക് ദിന പരേഡില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം ചുവടുവെക്കുന്നെന്ന പ്രത്യേകതയുമുണ്ട്. ഇതാദ്യമായാണ് വിദേശസേന റിപ്പബ്ളിക്്ദിന പരേഡില്‍ സൗഹൃദ മാര്‍ച്ച് നടത്തുന്നത്. ഇന്ത്യയുടെ സൈനിക സഹിഷ്ണുത കൂടിയായി അതിനെകാണാം. സഹിഷ്ണുതയും സൗഹൃദവുമാണ് നാനാത്വം നിറഞ്ഞ ജനാധിപത്യ ഇന്ത്യയുടെ ഊടും പാവും. വിദേശസേനയോടുപോലും നമുക്ക് ഈ സൗഹൃദം കാണിക്കാന്‍ മടിയില്ളെന്നല്ല; രാജ്യത്തിന്‍െറ പരമാധികാരത്തെ ദോഷകരമായി ബാധിക്കുന്ന വിധമുള്ള ചങ്ങാത്തങ്ങള്‍ വര്‍ധിച്ചുവരികയുമാണ്. എന്നാല്‍ സ്വദേശത്ത് ചിത്രം മറ്റൊന്നായി മാറിയിരിക്കുന്നു. സഹിഷ്ണുത നഷ്ടപ്പെട്ട്, കലികയറിയ സാമൂഹികാന്തരീക്ഷത്തിലേക്കാണ് മറ്റൊരു റിപ്പബ്ളിക് ദിനം കടന്നുവരുന്നത്.

ഉന്നത വിദ്യാഭ്യാസത്തിന്‍െറ കലാലയങ്ങളില്‍ ഭാവിയിലേക്ക് വളരുന്ന പുതുതലമുറക്കിടയില്‍പോലും ദലിതനും അല്ലാത്തവനുമായി നിലനില്‍ക്കുന്ന വേര്‍തിരിവിന്‍െറ നീറുന്ന ചിത്രം മാത്രമല്ല, ഹൈദരാബാദിലെ കേന്ദ്രസര്‍വകലാശാല വരഞ്ഞുവെക്കുന്നത്. ഭരണകൂടം അതിനു നല്‍കുന്ന ഒത്താശയുടെകൂടി ചിത്രമാണ്. തുല്യാവകാശങ്ങളുടെയും അവസരങ്ങളുടെയും വിടുവായത്തം പറയുമ്പോള്‍തന്നെയാണ്, കേന്ദ്രമന്ത്രിമാരുടെയും വൈസ് ചാന്‍സലറുടെയും പിന്തുണയോടുകൂടിയ പീഡനങ്ങള്‍ക്കുമുമ്പില്‍ ഗവേഷണ വിദ്യാര്‍ഥിയായ രോഹിത് വെമുല സ്വയം കീഴടങ്ങിയത്. വരേണ്യമായ കലാലയങ്ങളിലെ ജാതീയതയുടെയും അസഹിഷ്ണുതയുടെയും നേര്‍ചിത്രം ദേശീയതലത്തില്‍ ഉയര്‍ത്തിക്കൊണ്ടാണ്, ഒരര്‍ഥത്തില്‍ രോഹിത് ജീവിതം ‘സാര്‍ഥക’മാക്കാന്‍ ശ്രമിച്ചത്.
രാഷ്ട്രീയമായ നിര്‍ബന്ധിതാവസ്ഥക്കു മുന്നില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാനും വിപുലമായ വിശദീകരങ്ങള്‍ നടത്താനുമൊക്കെ, പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന മന്ത്രിമാരോ കലാശാല അധികൃതരോ തയാറായിരിക്കാം. പക്ഷേ, എതിര്‍ശബ്ദങ്ങള്‍ക്ക് മാവോവാദി/ഭീകരമുദ്ര ചാര്‍ത്തിക്കൊണ്ട് കലാലയങ്ങളില്‍ കാവിരാഷ്ട്രീയം നിറക്കുന്ന ആര്‍.എസ്.എസ് അജണ്ട അതിനെല്ലാമിടയില്‍ തെളിഞ്ഞുകിടക്കുന്നു. ഹൈദരാബാദില്‍ മാത്രമല്ല ഡല്‍ഹിയിലും ചെന്നൈയിലും മറ്റ് പലേടത്തുമുള്ള പ്രമുഖമായ വിദ്യാലയങ്ങളില്‍ ഇതേ കാര്യപരിപാടി കേന്ദ്രഭരണത്തിന്‍െറ തണലില്‍ നടപ്പാക്കിവരുന്നുണ്ട്.

സമുദായ സ്പര്‍ധയുടെ രാഷ്ട്രീയം ഒരുവശത്ത്. ഒരേസമുദായത്തില്‍ തന്നെ ചാതുര്‍വര്‍ണ്യത്തിന്‍െറ പഴയ ഫോര്‍മുലകള്‍ വഴി സവര്‍ണ മേധാവിത്തം നിലനിര്‍ത്താനുള്ള അജണ്ട മറുവഴിക്ക്. അതിന്‍െറ കഥ കൂടിയാണ് ഹൈദരാബാദ് പറഞ്ഞുതരുന്നത്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ കാലത്തെ പ്രക്ഷോഭത്തിന്‍െറ മാനസികാവസ്ഥകളില്‍ മാറ്റം ഇനിയും വന്നിട്ടില്ല. സാമൂഹികനീതിയുടെയും ശാക്തീകരണത്തിന്‍െറയും പേരില്‍ ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ സംവരണത്തിന്‍െറ ആനുകൂല്യം പറ്റുന്നത്, സ്വന്തം അവസരങ്ങള്‍ അടിച്ചുമാറ്റുന്നുവെന്ന മനംപുരട്ടലിന്‍െറ അതേവികാരം കാമ്പസുകളില്‍ മുന്തിയ വിദ്യാഭ്യാസം നേടുന്ന സവര്‍ണ വിഭാഗക്കാരായ ചെറുപ്പക്കാര്‍ കൊണ്ടുനടക്കുന്നു. അവര്‍ക്ക് ഭരണകൂടത്തെ നിയന്ത്രിക്കുന്നവര്‍ ഒത്താശ ചെയ്യുന്നു.
ഭരണകര്‍ത്താക്കള്‍ പ്രോത്സാഹിപ്പിക്കുന്ന അസഹിഷ്ണുതയുടെ മറ്റൊരു മുഖം വീണ്ടുമൊരിക്കല്‍കൂടി കാണിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. മോദിയുടെ നാട്ടിലെ വിശ്വപ്രതിഭയായ മൃണാളിനി സാരാഭായി നടനങ്ങളുടെ ലോകത്തുനിന്ന് വിടപറഞ്ഞത് കഴിഞ്ഞദിവസമാണ്. പത്മഭൂഷണ്‍ അടക്കം ദേശീയ ബഹുമതികള്‍ നേടുകയും, രാജ്യത്തിന്‍െറ പെരുമ വര്‍ധിപ്പിക്കുന്നതില്‍ വേറിട്ട സംഭാവന നല്‍കുകയും ചെയ്ത മൃണാളിനിയുടെ വേര്‍പാട് നരേന്ദ്ര മോദിയുടെ മനസ്സിനെ കൊളുത്തിവലിക്കുന്ന വേദനയാകണമെന്ന് നിര്‍ബന്ധമൊന്നുമില്ല. എന്നാല്‍ മികച്ച ഒരു പ്രതിഭയുടെ വേര്‍പാടില്‍ ജനതക്കുള്ള ദു$ഖത്തില്‍ പങ്കുചേരാന്‍ പ്രധാനമന്ത്രിക്കസേരയിലിരിക്കുന്നയാള്‍ ബാധ്യസ്ഥനാണ്. ആ ചുമതലക്കുമുന്നില്‍ അദ്ദേഹം കണ്ണടച്ചുകളഞ്ഞപ്പോള്‍, മൃണാളിനി സാരാഭായ് കൂടുതല്‍ ബഹുമാനിതയാവുകല്ളേ ചെയ്തത്?

ഗുജറാത്ത് കലാപത്തില്‍ മോദിക്കുള്ള പങ്ക് ഉയര്‍ത്തിക്കാട്ടുന്നതിന് മുന്നിട്ടിറങ്ങിയ മകള്‍ മല്ലികാ സാരാഭായിയോടുള്ള വ്യക്തിപരമായ രോഷമാണ് ഈ ഘട്ടത്തില്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. എന്തിനുമേതിനും ട്വീറ്റ് ചെയ്യുന്ന നരേന്ദ്ര മോദിയില്‍നിന്ന് അനുശോചനത്തിന്‍െറ ഒരു വാക്കു പോലും ഉണ്ടായില്ല. രാജ്യത്തിന്‍െറ പ്രഥമ പൗരനായ രാഷ്ട്രപതി അടക്കമുള്ളവരുടെ അനുശോചനപ്രവാഹത്തിനിടയിലാണ് ഈ വിവേചനം തെളിഞ്ഞുനിന്നത്. പ്രധാനമന്ത്രി എല്ലാവരുടേതുമാണെന്ന നിര്‍വചനത്തെ സ്വയം തിരുത്തുകയാണ് അദ്ദേഹം ചെയ്തത്. കാറോടിക്കുമ്പോള്‍ മുന്നില്‍ വന്നുപെടുന്ന നായ്ക്കുട്ടിയോടും, ഡ്രൈവറുടെ ചെയ്തി ചോദ്യം ചെയ്യുന്നവരോടും പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോഴും അസഹിഷ്ണുതക്ക് കുറവില്ല.

കലിപ്പിന്‍െറ മാനസികാവസ്ഥ സമൂഹത്തില്‍ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമത്തിന്‍െറ പുതിയ രൂപങ്ങളാണിവ. സംഘ്പരിവാറിന്‍െറ ഹിഡന്‍ അജണ്ട പേറുന്നവര്‍ ദേശീയവാദികളും മറ്റുള്ളവര്‍ ‘ആന്‍റി നാഷനല്‍’ എന്ന ദേശവിരുദ്ധ ശക്തികളുമായി ചിത്രീകരിക്കപ്പെടുകയാണ്. കാമ്പസുകളില്‍ എ.ബി.വി.പി കടന്നു കയറ്റത്തിന് തടസ്സംനില്‍ക്കുന്നവര്‍ അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷനല്ല, മറ്റേത് സംഘടനയായാലും ദേശവിരുദ്ധ ശക്തിയായി ചിത്രീകരിക്കപ്പെടുന്നു. മല്ലികാ സാരാഭായിയും ടീസ്റ്റ സെറ്റല്‍വാദും അരുന്ധതി റോയിയുമൊക്കെ ‘ദേശവിരുദ്ധത’യുടെ വേറെ കുറെ പതിപ്പുകളായി മാറുന്നു.
സാമുദായികമായ ചേരിതിരിവ് പല സംസ്ഥാനങ്ങളിലും നടപ്പാക്കി 20 മാസം മുമ്പ് നരേന്ദ്ര മോദി അധികാരത്തില്‍വന്ന ശേഷമുള്ള അസഹിഷ്ണുതയുടെ ചെയ്തികള്‍ പുതിയ രൂപവും ഭാവവും ആര്‍ജിച്ചുകൊണ്ടേയിരിക്കുന്നു. ഘര്‍വാപസിയില്‍ തുടങ്ങിയ അസഹിഷ്ണുതയുടെ വേഷപ്പകര്‍ച്ചകള്‍ അനുദിനം രാജ്യത്തിന് കാണേണ്ടിവരുന്നു.

മതപരിവര്‍ത്തനത്തിന്‍െറ പേരിലുള്ള കോലാഹലങ്ങള്‍ക്ക് ഡല്‍ഹിയും യു.പിയും ഹരിയാനയുമൊക്കെ പലവട്ടം സാക്ഷികളായി. സ്വന്തം വിശ്വാസം വെച്ചുപുലര്‍ത്താനുള്ള അവകാശങ്ങള്‍ ചോദ്യംചെയ്യപ്പെട്ടതിനുപിന്നാലെ, നമ്മുടെ ഭക്ഷണശീലങ്ങളെവരെ കടന്നാക്രമിക്കാനുള്ള നീക്കങ്ങള്‍ക്കിടയിലാണ് ദാദ്രിയില്‍ അഖ്ലാഖ് കൊലചെയ്യപ്പെട്ടത്. അതിന് ഇരയായവരെ സാന്ത്വനിപ്പിക്കാന്‍ കൂട്ടാക്കാതിരിക്കുന്ന ഭരണകൂടത്തിന്‍െറ തണല്‍ അക്രമിക്കൂട്ടങ്ങള്‍ക്ക് ലഭിക്കുന്നേടത്താണ് നമ്മുടെ പരമാധികാര റിപ്പബ്ളിക് എത്തിനില്‍ക്കുന്നത്.

പ്രബുദ്ധതയുടെ മേലങ്കിയിട്ട കേരളത്തിലും കലിപ്പിന്‍െറ വിളവെടുപ്പിനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരുന്നത് പുതിയ കാര്യമല്ല. എന്നാല്‍ അത്തരം അജണ്ടകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നവര്‍ വെള്ളാപ്പള്ളിമാര്‍ മാത്രമല്ല. ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം അനുപാതം ഏകദേശം 50:25:25 ആയിനില്‍ക്കുന്ന കേരളത്തില്‍ ഹൈന്ദവ ഏകീകരണ ശ്രമങ്ങള്‍ കൊണ്ടുമാത്രം ലക്ഷ്യംനേടാന്‍ കഴിയില്ളെന്ന തിരിച്ചറിവിലാണ് ബി.ജെ.പിയും സംഘ്പരിവാറും. അജണ്ടകളുടെ സാക്ഷാത്കാരത്തിന് ക്രൈസ്തവ മത-രാഷ്ട്രീയ വിഭാഗങ്ങളില്‍നിന്ന് അടര്‍ത്തിയെടുക്കല്‍ എത്രത്തോളം സാധ്യമാണെന്ന പരീക്ഷണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
നിലക്കല്‍, കരുനെച്ചി, മാറാട് വിഷയങ്ങളിലെല്ലാം പ്രമുഖപുരുഷനായി നിന്ന ബി.ജെ.പി നേതാവ് ഒരു അഭിവന്ദ്യപിതാവിനു മുമ്പില്‍ അസാധാരണമാംവിധം കുനിഞ്ഞുകിടന്നതില്‍ ആ രാഷ്ട്രീയമുണ്ട്. ജോസ് കെ. മാണിയെ കേന്ദ്രത്തില്‍ സഹമന്ത്രിയാക്കണമെന്ന നിര്‍ദേശം മറ്റൊരു അഭിവന്ദ്യപിതാവ്  ആര്‍.എസ്.എസ്് ദൂതനെ കൂടിക്കാഴ്ചയില്‍ അറിയിച്ചതില്‍, അധികാരത്തെ പ്രണയിച്ചുനില്‍ക്കാനുള്ള താല്‍പര്യവുമുണ്ട്. അസഹിഷ്ണുത ആട്ടിന്‍തോലിട്ടുവരുമ്പോള്‍ ഇടയന്മാര്‍ക്കും അബദ്ധം പിണയുന്നുവെന്നോ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.