ത്യജിച്ചും പുണര്‍ന്നും മുംബൈ തെരുവുകള്‍

മൂന്നു വയസ്സുകാരി സോനം മുംബൈ തെരുവിന്‍െറ വേദനകളില്‍ ഒന്നാണ്. തെരുവില്‍ കിടന്നുറങ്ങിയ അവള്‍ കൊടുംതണുപ്പേറ്റ് പനിപിടിച്ചാണ് മരിച്ചത്. ഉത്തര്‍പ്രദേശുകാരനായ അസ്ലം ഷായുടെ നാലുമക്കളില്‍ ഒരാള്‍. ഓട്ടോ ഡ്രൈവറായിരുന്ന അസ്ലം ഷാ അര്‍ബുദ ബാധിതനാണ്. ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സക്കായി എത്തിയ നിര്‍ധനനായ അദ്ദേഹത്തിനും കുടുംബത്തിനും തെരുവായിരുന്നു ആശ്രയം. ഹോസ്പിറ്റല്‍ പരിസരത്തെ തെരുവില്‍, നടപ്പാതയില്‍ ടാര്‍പോളിന്‍ മേല്‍ക്കൂരയാക്കി കഴിയുകയാണ്. ഇവരെപ്പോലെ 250 കുടുംബങ്ങള്‍ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പരിസരത്തെ തെരുവുകളിലുള്ള നടപ്പാതകളില്‍ കഴിയുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചികിത്സതേടി എത്തിയവരാണിവര്‍. ചികിത്സാ ചെലവും നഗരത്തിലെ വാടകനിരക്കും താങ്ങാനാകാത്തവരുടെ ആശ്രയം തെരുവുമാത്രമാണ്. കൈക്കുഞ്ഞുങ്ങളുമായാണ് ചില കുടുംബങ്ങള്‍ തെരുവില്‍ കഴിയുന്നത്. ടാര്‍പോളിന്‍ കൊണ്ടുള്ള മേല്‍ക്കൂര പേരിനുമാത്രം. മഞ്ഞും മഴയും വെയിലും വന്നുവീഴും. അര്‍ബുദ ചികിത്സക്കായി എത്തുന്ന നിര്‍ധനര്‍ക്കായി നിസ്സാര വാടകക്ക് സന്നദ്ധസംഘടനകളുടെ ലോഡ്ജുണ്ട്. നിസ്സാര വാടകപോലും താങ്ങാനാവാത്തവരാണ് തെരുവിലത്തെുന്നത്. പലര്‍ക്കും ഭക്ഷണവും മരുന്നും നല്‍കുന്നത് സന്നദ്ധസംഘടനകളാണ്.

ആര്‍ക്കും വേണ്ടാത്തവരുടെതും വഴിതെറ്റി എത്തിയവരുടെതും ജീവിതം വഴിമുട്ടിപ്പോയവരുടെതുമാണ് ഈ തെരുവുകള്‍. നഗരത്തിലെ മണിമാളികയില്‍ വാണവരും ജീവിതം അടിതെറ്റി തെരുവിലടിയപ്പെട്ടവരുമുണ്ട് അക്കൂട്ടത്തില്‍. അങ്ങനെ ഒരാളെ വര്‍സോവ, ജെ.പി റോഡിലുള്ള ഗുരുദ്വാരക്കുമുന്നില്‍ കാണാം. സുനിത നായിക്. വയസ്സ് 67. തന്‍െറ പോമറേനിയന്‍ നായക്കൊപ്പമാണ് സുനിത ഗുരുദ്വാരക്കുമുന്നില്‍ അവരുടെ ദയയില്‍ കഴിയുന്നത്.  അഞ്ചുഭാഷകള്‍ അറിയാവുന്ന അവര്‍ മറാത്തി പ്രസിദ്ധീകരണമായിരുന്ന ‘ഗൃഹലക്ഷ്മി’യുടെ പത്രാധിപരായിരുന്നു. പുണെയില്‍ കുടുംബസ്വത്തായ ബംഗ്ളാവ്, മുംബൈയിലെ കണ്ണായ വര്‍ളിയില്‍ രണ്ട് ഫ്ളാറ്റുകള്‍, സഞ്ചാരത്തിനായി രണ്ടു കാറുകളും. ഒറ്റക്കായിരുന്നു ബാല്യത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അവരുടെ ജീവിതം. ‘ഗൃഹലക്ഷ്മി’ ഇന്നില്ല. 1984ല്‍ പുണെയിലെ ബംഗ്ളാവും 2007ല്‍ മുംബൈയിലെ ഫ്ളാറ്റുകളും കാറുകളും വിറ്റ് പണം ബാങ്കില്‍നിക്ഷേപിച്ച് താണെയില്‍ വാടക വീട്ടിലേക്ക് താമസംമാറി. പിന്നീട് സ്വന്തമായി വീടുവാങ്ങാന്‍ വര്‍സോവയില്‍ എത്തിയപ്പോഴേക്കും ബാങ്ക് ബാലന്‍സ് വട്ടപ്പൂജ്യമാണെന്നത് ഞെട്ടിച്ചു. 12 വര്‍ഷത്തോളം കൂടപ്പിറപ്പായിക്കണ്ട സഹായി ചതിച്ചതാണെന്ന സംശയത്തിലാണ്. അവരായിരുന്നു ബാങ്കു അക്കൗണ്ടുകള്‍ കൈകാര്യംചെയ്തിരുന്നതെന്ന് സുനിത പറയുന്നു. കഥകേട്ട് പലരും വീട്ടിലേക്ക് ക്ഷണിക്കാനത്തെിയിട്ടും സുനിത പോയില്ല. ക്ഷണിക്കാനത്തെിയവര്‍ക്കാര്‍ക്കും അവരുടെ പോമറേനിയന്‍ നായയെ ഇഷ്ടമായിരുന്നില്ല. അവനെ തെരുവില്‍വിട്ട് പോകാന്‍ മനസ്സില്ളെന്ന് സുനിത പറയുന്നു. ജീവിതം തെരുവില്‍ സുഖകരമാണെന്ന് അവരുടെ പക്ഷം. രണ്ടുനേരം ഭക്ഷണം ഗുരുദ്വാര നല്‍കും.
ബ്രൂസ്ലി മൂസയുടെ കഥ
80കളിലും 90കളിലും ദക്ഷിണ മുംബൈയില്‍ കച്ചവടത്തിലേര്‍പ്പെട്ട മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് ബ്രൂസ്ലി മൂസ. കാണാന്‍ ചന്തമുള്ള പൂച്ചക്കണ്ണന്‍. ചെറുപ്പത്തില്‍ മാഹിയില്‍നിന്ന് കള്ളവണ്ടി കയറി മുംബൈയിലത്തെിയ മൂസ വളര്‍ന്നത് പാഴ്സി കുടുംബത്തില്‍. കൂട്ട് നടന്‍ സഞ്ജയ് ദത്തുമായിട്ട്. എന്നിട്ടും ബ്രൂസ്ലി മൂസയുടെ ജീവിതമൊടുങ്ങിയത് മുംബൈ തെരുവിലാണ്. മുടിയനായ പുത്രനായി അച്ഛന്‍ സുനില്‍ ദത്തിന് സഞ്ജയ് ദത്ത് വേദനകള്‍ നല്‍കിയ കാലമുണ്ടായിരുന്നു. അന്ന് ലഹരികളില്‍ ദത്തിന്‍െറ കൂട്ടിലൊന്ന് ബ്രൂസ്ലി മൂസയായിരുന്നു. നാടുവിട്ടത്തെിയപ്പോള്‍ സംരക്ഷണവും ജീവിതവും വിദ്യാഭ്യാസവും നല്‍കിയ പാഴ്സി കുടുംബം പ്രണയത്തിന്‍െറ പേരില്‍ മൂസയെ കൈവിട്ടു. ടൂറിസ്റ്റ് ഗൈഡ് അടക്കമുള്ള ജോലികള്‍ചെയ്ത മൂസ പിന്നീട് തെരുവിലായി. ദക്ഷിണ മുംബൈയിലെ ഡി.എന്‍ റോഡില്‍നിന്ന് വഴിതിരിയുന്ന ജെ.ഡി ലൈനിലെ കുമുദ് മില്‍ ഗോഡൗണിന്‍െറ തിണ്ണയായിരുന്നു മൂസയുടെ താവളം. അവിടെ ചരസിന്‍െറ ലഹരിയില്‍ നിര്‍ജീവിയായി ഇരിക്കുന്ന മൂസയെക്കാണാത്ത മുംബൈ മലയാളികളുണ്ടാവില്ല. വായനയും ചിന്തയുമുണ്ടായിരുന്ന മൂസ പിന്നീട് പൂര്‍ണമായും ലഹരിയിലേക്ക് ആണ്ടുപോയി. മൂസയെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ സഞ്ജയ് ദത്ത് ശ്രമിച്ചിരുന്നുവത്രെ. എന്നാല്‍, മൂസയുടെ ജീവിതം ആ തെരുവില്‍തന്നെ അണഞ്ഞു.

നഗരസഭാ ഉദ്യോഗത്തില്‍നിന്ന് വിരമിച്ചതോടെ മക്കള്‍ കൈയൊഴിഞ്ഞ ഗാഡ്കിയാകും ദക്ഷിണ മുംബൈയിലെ മലയാളി കച്ചവടക്കാര്‍ ഓര്‍ക്കുന്ന മറ്റൊരു പേര്. ഡി.എന്‍ റോഡിലെ തെരുവായിരുന്നു ഗാഡ്കിയുടെയും ആശ്രയം. ഗാഡ്കിയെ അവിടത്തെ കച്ചവടക്കാര്‍ക്ക് വിശ്വാസമായിരുന്നു. എത്രവലിയ തുകയുംനല്‍കി  ഗാഡ്കിയെ പറഞ്ഞുവിടാന്‍ ധൈര്യമായിരുന്നു. ചാരായത്തിനും വടാ പാവിനുമുള്ളത് കിട്ടിയാല്‍ ഗാഡ്കി ഹാപ്പിയാണ്. ഇന്ന് ഗാഡ്കിയെ തെരുവില്‍ കാണാനില്ല. എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല.

ഏക്കറുകണക്കിന് കൃഷിയിടങ്ങളുണ്ടായിട്ടും ജീവിതംവഴിമുട്ടി നാടുവിട്ടു പോന്ന കുടുംബങ്ങളുടെ ആശ്രയവും മുംബൈയിലെ തെരുവോരമാണ്. നരിമാന്‍പോയന്‍റില്‍ കഴിയുന്ന അനില്‍രാമ ചവാന്‍ പിറന്നതും വളര്‍ന്നതും വിവാഹിതനായതും ഇപ്പോള്‍ നാലുവയസ്സുകാരന്‍െറ അച്ഛനായതുമെല്ലാം തെരുവിലാണ്. സെലാപുര്‍ ജില്ലയില്‍ ബൊറമാണി ഗ്രാമത്തിലെ കര്‍ഷകനായിരുന്നു അച്ഛന്‍. കടക്കെണിയും വരള്‍ച്ചയും പ്രതിസന്ധി തീര്‍ത്തപ്പോള്‍ 40 വര്‍ഷം മുമ്പ് നാടുവിട്ട് പോന്നതാണ്. നഗരത്തിലത്തെിയ അച്ഛനും അമ്മയും പിന്നെ ജീവിച്ചത് മഹാരാഷ്ട്ര നിയമസഭാമന്ദിരത്തിന് എതിര്‍വശത്തെ വഴിയോരത്തായിരുന്നു. ദിവസക്കൂലിക്ക് ജോലിചെയ്ത് ജീവിതം നെയ്തുതുടങ്ങി. തന്‍െറ പിറവി നിയമസഭാമന്ദിരത്തിനു എതിര്‍വശത്തെ വഴിയോരത്തായിരുന്നുവെന്ന് 32 കാരനായ അനില്‍രാമ ചവാന്‍ പറയുന്നു. തെരുവില്‍ ജനിച്ചുവളര്‍ന്ന 23 കാരിയായ ഭാമയെയാണ് അനില്‍രാമ ചവാന്‍ വിവാഹംചെയ്തത്.

അവരുടെ കുഞ്ഞും പിറന്നത് വഴിയോരത്ത്. അനില്‍ ഡ്രൈവറാണ്. ഭാമ, നരിമാന്‍പോയന്‍റില്‍ കാഴ്ചകാണാനത്തെുന്നവര്‍ക്കിടയില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നു. അനിലിന്‍െറ മൂന്നു സഹോദരങ്ങളും സഹോദരിയും അവരുടെ കുടുംബങ്ങളും കഴിയുന്നതും തെരുവില്‍. ഒരു വേദനമാത്രമേ അവരെ അലട്ടുന്നുള്ളൂ. 12ാം വയസ്സില്‍ കണ്‍മുന്നില്‍വെച്ച് ജ്യേഷ്ഠന്‍ വണ്ടിയിടിച്ച് മരിച്ചതാണത്. 1984ല്‍ സര്‍ക്കാര്‍ അനുവദിച്ചുതന്ന കുടില്‍, വാടകക്ക് താമസിച്ചയാള്‍ തട്ടിയെടുത്തതായിരുന്നു മറ്റൊരു ദുരന്തം. കുപ്രസിദ്ധിയുള്ള വര്‍സോവ തടാകത്തിനടുത്ത് രണ്ടു ചെറിയ കുടിലുകളായിരുന്നു സര്‍ക്കാര്‍ നല്‍കിയത്. ഒന്നില്‍ കഴിഞ്ഞും മറ്റത് വാടകക്ക് കൊടുത്തും പുതിയജീവിതത്തിന് തുടക്കമിടുകയും ചെയ്തു. വാടക കരാറെന്ന വ്യാജേന നിരക്ഷരനായ അച്ഛനെക്കൊണ്ട് വാടകക്കാരന്‍ ഒപ്പിടുവിച്ചത് വീടുവില്‍പന ആധാരത്തിലായിരുന്നു. ഒരുവര്‍ഷം കഴിഞ്ഞ് വാടകക്കാരന്‍ വീട്ടുടമയായി ഒഴിപ്പിക്കാന്‍ വന്നപ്പോഴാണ് കാര്യംപിടികിട്ടിയത്. സര്‍ക്കാര്‍ നല്‍കിയ വീടും നഷ്ടമായതോടെ ചങ്കുപൊട്ടി അച്ഛന്‍ മരിച്ചെന്ന് അനില്‍രാമ ചവാന്‍ പറഞ്ഞു.

മുംബൈ തെരുവില്‍ 37,059 കുട്ടികള്‍ കഴിയുന്നുണ്ടെന്നാണ് ആക്റ്റിവ് എയ്ഡ് ഇന്ത്യ നടത്തിയ സര്‍വേയില്‍ കണ്ടത്തെിയത്. പട്ടിണിമൂലം വീടുവിട്ടവര്‍, രക്ഷിതാക്കള്‍ കൈയൊഴിഞ്ഞവര്‍, കുടുംബത്തോടൊപ്പം ജീവിതം തേടിയത്തെിയവര്‍, മാതാപിതാക്കള്‍ക്കൊപ്പമുള്ള യാത്രക്കിടെ ഒറ്റപ്പെട്ടുപോയവരുമൊക്കെയാണ് ഇവര്‍. 50 ശതമാനത്തിലേറെയും ഒറ്റക്കു കഴിയുന്നവരാണ്. യാചിച്ചും കച്ചറപെറുക്കി വിറ്റും പൂക്കച്ചവടം നടത്തിയും പത്രവിതരണം ചെയ്തുമാണ് ഇവരുടെ ജീവിതം. തെരുവില്‍കഴിയുന്ന കുടുംബങ്ങളില്‍ ശൈശവവിവാഹം പതിവാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരിലേറെയും തെരുവുകുട്ടികളാണെന്നും പഠനം വ്യക്തമാക്കുന്നു.
സഹായ ഹസ്തങ്ങള്‍
തെരുവില്‍ കഴിയുന്നവരോട് ദയകാട്ടാനുള്ള മനസ്സ് നഗരവാസികളിലുണ്ട്. അതിന്‍െറ അടയാളങ്ങളിലൊന്ന് അഗതികള്‍ക്ക് ഭക്ഷണംവിളമ്പുന്ന ചെറിയ ഹോട്ടലുകളാണ്. ഉദാരശീലരായ കച്ചവടക്കാരും മറ്റും ഈ ഹോട്ടലുകളെ സമീപിച്ച് പാവങ്ങള്‍ക്ക് ഭക്ഷണംനല്‍കാനായി പണം നല്‍കും. അതനുസരിച്ച് ഹോട്ടലുകള്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണംനല്‍കും. ഇത്തരം ഹോട്ടലുകള്‍ക്കുമുന്നില്‍ നിലത്തിരുന്നു ഭക്ഷണംകഴിക്കുന്നവരുടെ ചിത്രം പതിവാണ്. എന്നാല്‍, ആര്‍ക്കും കയറിച്ചെന്ന് അക്കൂട്ടത്തിലിരിക്കാമെന്ന് ധരിക്കരുത്. അവിടെയൊരു നേതാവുണ്ടാകും അയാളറിയാത്ത ഒരാള്‍ക്കും അക്കൂട്ടത്തിലിരിക്കാനാവില്ല. തണുപ്പുകാലത്ത് അര്‍ധരാത്രികളില്‍ കമ്പിളിപുതപ്പുമായത്തെി തെരുവിലുറങ്ങുന്നവരെ പുതപ്പിക്കുന്ന ധനികന്മാരും നഗരത്തിലുണ്ട്. വഴിയോരങ്ങളില്‍നിന്ന് ആളുകളെ കുടിയൊഴുപ്പിക്കാന്‍ നഗരസഭയുടെ ശ്രമമുണ്ട്.

എന്നാല്‍, നടപ്പാക്കാന്‍ അവര്‍ക്കുകഴിയുന്നില്ല. ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പരിസരത്തെ വഴിയോരങ്ങളിലുള്ളവരെ കുടിയൊഴിപ്പിക്കാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, അതും വിജയിച്ചില്ല. തെരുവില്‍ കഴിയുന്ന രോഗികള്‍ക്കായി കെട്ടിടപദ്ധതി തയാറാക്കപ്പെട്ടുകഴിഞ്ഞു. എന്നാല്‍, കാലങ്ങളായി അത് കടലാസില്‍തന്നെയാണ്. തെരുവുജീവിതം കെട്ടിടങ്ങളിലേക്ക് പറിച്ചുനടുക എളുപ്പവുമല്ല. കൊടുംതണുപ്പേറ്റുള്ള സോനം എന്ന മൂന്നു വയസ്സുകാരിയുടെ മരണം മുംബൈ തെരുവിലെ ആദ്യത്തെ സംഭവമല്ല. അത് അവസാനത്തേതുമാകാനിടയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.