സ്നേഹ സേവനങ്ങളുടെ മാതൃക

സ്നേഹസമ്പന്നനായ ആ സഹപ്രവര്‍ത്തകനും യാത്രയായി. ജനസേവന രംഗത്തും പ്രബോധന പ്രവര്‍ത്തനങ്ങളിലും  നാലു ദശകത്തിലേറെക്കാലം അദ്ദേഹത്തോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചപ്പോഴൊക്കെ വലിയ മനസ്സിന്‍െറ പ്രഭാപൂരമായിരുന്നു ആ കുറിയ വ്യക്തിയില്‍ ദര്‍ശിക്കാനായത്. പി.കെ. അബ്ദുറഹീം എന്ന വ്യക്തി മാധ്യമം പ്രസാധകസംഘമായ ഐഡിയല്‍ പബ്ളിക്കേഷന്‍ ട്രസ്റ്റിന്‍െറ സെക്രട്ടറിയെന്ന നിലക്ക് നിര്‍വഹിച്ച ദൗത്യത്തെക്കാളേറെ അദ്ദേഹത്തെ ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചത് ജനസേവനരംഗത്ത് നിര്‍വഹിച്ച സേവനങ്ങളായിരുന്നു. കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളില്‍ അദ്ദേഹത്തിന്‍െറ ആത്മാര്‍ഥമായ  സഹകരണവും മേല്‍നോട്ടവുമുണ്ടായിരുന്നു. തൃശൂരിലെ സ്വന്തം സ്ഥാപനമായ  വി.എം.വി അനാഥരും അവശരുമായ നൂറുകണക്കിന് ആളുകളുടെ അഭയകേന്ദ്രമാണ്. ഇന്നും തൃശൂരിന്‍െറ തെരുവുകളില്‍ അവശരായിക്കഴിയുന്ന വൃദ്ധരെ കണ്ടത്തെിയാല്‍ പൊലീസുകാര്‍പോലും അവരെ വി.എം.വിയുടെ സംരക്ഷണത്തിലാക്കാറാണ് പതിവ്. ജാതിമതഭേദമന്യേ അവിടെ കഴിഞ്ഞുകൂടുന്ന ആബാലവൃദ്ധം അശരണര്‍ക്കും അഭയംനല്‍കി സംരക്ഷിച്ചുപോരുന്നത് അദ്ദേഹത്തിന്‍െറ മേല്‍നോട്ടത്തില്‍ ഭാര്യ റുഖിയാബീയും സംഘവുമാണ്.

‘മാധ്യമം’ പത്രം ആരംഭിച്ചതുമുതല്‍ അതിന്‍െറ അക്കൗണ്ടുകള്‍ യഥാവിധി പരിശോധിച്ചും ആവശ്യമായ മേഖലകളില്‍ മാധ്യമത്തെ പ്രതിനിധാനംചെയ്തും അദ്ദേഹം കൂടെയുണ്ടായിരുന്നു. സ്വകാര്യ കമ്പനിയിലെ നല്ല ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം മാധ്യമസംരംഭത്തില്‍  പങ്കാളിയായത്. പ്രസ്ഥാനപ്രവര്‍ത്തനത്തില്‍ തല്‍പരനായിരുന്ന അദ്ദേഹത്തിന് ദൈവിക സന്ദേശമത്തെിക്കുന്നതില്‍ അപാരമായ പ്രാവീണ്യംതന്നെയായിരുന്നു. തൃശൂരിലെ കലാസാംസ്കാരിക മേഖലകളുമായെല്ലാം  അദ്ദേഹം ബന്ധപ്പെട്ടു. സ്നേഹോഷ്മളമായ പെരുമാറ്റവും വിട്ടുവീഴ്ചാ മന$സ്ഥിതിയും ഉള്‍ക്കാഴ്ചയുള്ള ഉപദേശവും അദ്ദേഹത്തോടുള്ള ആദരം വര്‍ധിപ്പിക്കുന്നതായിരുന്നു. കേരളത്തിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിരുന്ന റഹീം സാഹിബ് കണക്കുകളുടെ ഓഡിറ്റിങ്ങിലൂടെ അവയുടെ സാമ്പത്തിക ഘടന ഭദ്രമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ മേഖലയിലെ നവീകരണങ്ങളെക്കുറിച്ച് സ്ഥാപന ഭാരവാഹികളെ ബോധവത്കരിക്കാനും അദ്ദേഹം ശ്രമിച്ചു.

‘മാധ്യമം’ ഹെല്‍ത്ത് കെയറിന് ഒരര്‍ഥത്തില്‍ തുടക്കംകുറിച്ചത് റഹീം സാഹിബാണ്. കോഴിക്കോട് നഴ്സിങ് സ്കൂളിലെ ഒരു വിദ്യാര്‍ഥി തന്‍െറ മാരകരോഗത്തെക്കുറിച്ച് സഹപാഠിക്കെഴുതിയ കത്ത് തന്‍െറ കൈയിലത്തെിയ ഉടന്‍ റഹീം സാഹിബ് മാധ്യമത്തിന്‍െറ മേല്‍നോട്ടത്തില്‍ സഹായ ഫണ്ട് രൂപവത്കരിക്കാന്‍  ട്രസ്റ്റംഗങ്ങളെ പ്രേരിപ്പിക്കുകയും കിഡ്നി രോഗിയായ ആ വിദ്യാര്‍ഥിനിയുടെ കിഡ്നി മാറ്റത്തിന് സഹായം സ്വീകരിച്ച് ചികിത്സിക്കുകയും ചെയ്തതിലൂടെയാണ് ‘മാധ്യമം ഹെല്‍ത്ത് കെയര്‍’ എന്ന ആശയംതന്നെ തുടങ്ങിയത്.

ജീവിതലാളിത്യത്തിന്‍െറ മാതൃകകൂടിയായിരുന്നു അദ്ദേഹം. മാധ്യമത്തിന്‍െറ തുടക്കത്തില്‍ അദ്ദേഹം അക്കൗണ്ട്സ് മാനേജറായി ജോലിചെയ്തിരുന്നപ്പോള്‍ രാവും പകലും മാധ്യമത്തിന്‍െറ ഇടുങ്ങിയ കണക്കുമുറിയില്‍ അദ്ദേഹമുണ്ടാകും. വിശ്രമവും അനുബന്ധമുറിയില്‍തന്നെ. എന്നും ഒരു ഗൃഹനാഥന്‍െറ സാന്നിധ്യവും സംരക്ഷണവുമായിരുന്നു മാധ്യമം ജീവനക്കാര്‍ക്ക് അനുഭവപ്പെട്ടിരുന്നത്. ഞങ്ങളോട് പറയാന്‍ മടിക്കുന്ന പല പരാതികളും റഹീം സാഹിബുമായാണ് അവര്‍ പങ്കുവെച്ചിരുന്നത്. അവ പരിഹരിക്കാന്‍ അദ്ദേഹത്തിന് ചതുരുപായങ്ങളും അറിയാം. കണക്കിലുള്ള കണിശതപോലെ കൃത്യതയുള്ളതായിരുന്നു  ദിനചര്യയും. മാതൃകാപരമായിരുന്നു അദ്ദേഹത്തിന്‍െറ ഓരോ പ്രവര്‍ത്തനവും.

മാരകരോഗത്തിന്‍െറ പിടിയിലമര്‍ന്നപ്പോഴും ബോധം തെളിയുമ്പോഴൊക്കെ സന്ദര്‍ശകരെ ഉപദേശിക്കുകയും ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. വീഴ്ചയില്‍ പറ്റിയ ശാരീരിക അവശത അവഗണിച്ച് പരിപാടികളില്‍ പങ്കെടുക്കുകയും സഹപ്രവര്‍ത്തകര്‍ക്ക് ആവേശം പകരുകയും ചെയ്ത അദ്ദേഹം   തന്‍െറ മാതൃകാപരമായ ജീവിതത്തിന്‍െറ അന്ത്യവും മാതൃകാപരമാക്കി അല്ലാഹുവിലേക്ക് യാത്രയായി. സന്ദര്‍ശകരോട് പരിഭവലേശമന്യേ പെരുമാറാന്‍ രോഗശയ്യയിലും  ശ്രമിച്ചു.

റഹീം സാഹിബിന്‍െറ കുടുംബത്തിനും കുടുംബത്തെക്കാളേറെ അദ്ദേഹം സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത വി.എം.വി, പെരുമ്പിലാവിലെ അന്‍സാര്‍ സ്ഥാപനങ്ങള്‍, വാടാനപ്പള്ളിയിലെ സ്ഥാപനങ്ങള്‍ തുടങ്ങിയ അന്തേവാസികള്‍ക്കും ഭാരവാഹികള്‍ക്കും മാത്രമുള്ള നഷ്ടമല്ല അദ്ദേഹത്തിന്‍െറ വിയോഗം. നിരവധി സ്ഥാപനങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ആ മഹാ വ്യക്തിത്വത്തിന്‍െറ നഷ്ടം വളരെ വലുതാണ്. അദ്ദേഹത്തിന്‍െറ പരലോക മോക്ഷത്തിനും സ്വര്‍ഗപ്രാപ്തിക്കും ജഗന്നിയന്താവിനോട് പ്രാര്‍ഥിക്കുന്നതോടൊപ്പം സന്തപ്ത കുടുംബത്തിന്‍െറ ദു$ഖത്തില്‍ പങ്കുചേരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.