നിതാന്ത ജാഗ്രത; ബോധവത്കരണം 

കുട്ടികളെ കൊല ചെയ്യുന്നതും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമവും മറ്റേതൊരു സമൂഹത്തെക്കാളും വ്യാപകമായ തോതില്‍ കേരളത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍,  ശിശുമരണനിരക്ക്, ഭ്രൂണഹത്യ, ശൈശവവിവാഹം തുടങ്ങിയവയില്‍ കാര്യമായ കുറവ് ഈ കാലയളവില്‍ പ്രകടമാണ്. നിരന്തരമായ ബോധവത്കരണമാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ചുരുങ്ങിയ ചില ഭ്രൂണഹത്യാ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തില്‍ വന്‍വര്‍ധനയാണുണ്ടായത്. 2013നുശേഷം 3526 ബലാത്സംഗക്കേസുകളാണ് കുട്ടികള്‍ക്കെതിരെ നടന്നത്. വിദ്യാഭ്യാസപരമായി ഏറ്റവും മുന്നിലുള്ള ജില്ലകളാണ് കുട്ടികള്‍ക്കെതിരായ ക്രൂരതകളിലും മുന്നില്‍. സാമൂഹികചുറ്റുപാടില്‍ വന്ന മാറ്റം എന്നതിനപ്പുറം അണുകുടുംബങ്ങളിലെ ഇടുങ്ങിയ മന$സ്ഥിതിയും ഇതിന് കാരണമാകുന്നതായി വിദഗ്ധര്‍ പറയുന്നു. മാറിയ സാമൂഹിക ചുറ്റുപാട് കുട്ടികളെ കൂടുതല്‍ അരക്ഷിതരാക്കിയെന്നാണ് ചൈല്‍ഡ് റൈറ്റ്സ് കമീഷന്‍ അംഗം നസീറിന്‍െറ വിലയിരുത്തല്‍. ചില വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പോലും നിരവധി കുട്ടികള്‍ പ്രതികളായുണ്ട്. കുട്ടികളെ രാഷ്ട്രീയമായി  ദുരുപയോഗം ചെയ്യുന്നു എന്നതിന്‍െറ തെളിവാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

കേരളത്തിന്‍െറ  ഭാവിയെ സങ്കീര്‍ണതകളിലേക്ക് തള്ളിവീഴ്ത്താനിടയാക്കുന്ന വിഷമവൃത്തത്തില്‍നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ കൂടിയേ തീരൂ എന്ന്  ചൈല്‍ഡ് റൈറ്റ്സ് കമീഷന്‍ സീനിയര്‍ കണ്‍സല്‍ട്ടന്‍റും സൈക്കോ തെറപ്പിസ്റ്റുമായ ഡോ. സുശീല മാത്യു അഭിപ്രായപ്പെടുന്നു. അവര്‍ ഉന്നയിക്കുന്ന പ്രസക്തമായ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുക:

1. കുട്ടികളുടെ അവകാശത്തെ സംബന്ധിച്ച് മതിയായ ബോധവത്കരണം രക്ഷിതാക്കള്‍ക്കിടയിലുംസമൂഹത്തിലും നടത്തണം. നിലവില്‍ അത് പരിമിതമാണ്.
2.  പൊലീസ്, ഡോക്ടര്‍മാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാവരും കുട്ടികളുടെ വിഷയത്തില്‍ ജാഗ്രത പാലിക്കണം. ഉദാഹരണത്തിന്, പോക്സോ (ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന ചട്ടം) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത വിഷയത്തില്‍ ഇരയായ കുട്ടിയെ പരിശോധിക്കാന്‍ പലപ്പോഴും സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ തയാറാകാറില്ല. ഇവര്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് കുട്ടികളെ അയക്കാറാണ് പതിവ്. ഇത്  കൃത്യവിലോപമാണ്. അതത് ഡിപ്പാര്‍ട്മെന്‍റുകള്‍ ഇവര്‍ക്ക് വേണ്ട ബോധവത്കരണം നടത്തിയാല്‍ തീര്‍ക്കാവുന്ന പ്രശ്നമാണിത്. പൊലീസിനും പലപ്പോഴും വിഷയത്തില്‍ വേണ്ടത്ര ഇടപെടാന്‍ കഴിയാറില്ല. ഇരയാക്കപ്പെട്ട കുട്ടികള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ യൂനിഫോം ഉപയോഗിക്കരുത്, പൊലീസ് വാഹനത്തില്‍ കുട്ടികളെ കയറ്റരുത് എന്നീ നിബന്ധനകള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നു.
3. മാതാപിതാക്കള്‍ക്ക് നിര്‍ബന്ധമായും രക്ഷാകര്‍തൃ പരിശീലനം നല്‍കണം. മാറിയ ജീവിതസാഹചര്യത്തില്‍ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ പകച്ചുനില്‍ക്കുകയാണ് രക്ഷിതാക്കള്‍. ജീവിതത്തിരക്കുകളുടെ പേരുപറഞ്ഞ് പലപ്പോഴും അവര്‍ ബോധവത്കരണങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുന്നു. 
4. ലോകാരോഗ്യ സംഘടന എണ്ണിപ്പറയുന്ന ജീവിതനിപുണതകളില്‍ പത്തെണ്ണമെങ്കിലും എത്തണം. ഇതിനു മുന്‍കൈയെടുക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരുമാണ്. 
5. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട നമ്മുടെ പല സ്ഥാപനങ്ങളിലും ഉള്ളത് വേണ്ടത്ര പരിശീലനമോ അറിവോ ഉള്ളവരല്ല. മികച്ച മാനസികാരോഗ്യ വിദഗ്ധരുടെ അഭാവം മേഖലയില്‍ വന്‍ പോരായ്മ സൃഷ്ടിക്കുന്നു. നിലവിലെ സ്റ്റാഫിന്  നല്ല ട്രെയ്നിങ് കൊടുത്താല്‍ അവസ്ഥക്ക് മാറ്റം വരുത്താനാകും. 
6. ഗ്രാമീണ മേഖലയിലെ കുട്ടികളുടെ സാമൂഹികസുരക്ഷക്കും  ഉന്നമനത്തിനുമായി നൂതന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കണം. കുടുംബശ്രീകളെ ഇതിനായി ഉപയോഗപ്പെടുത്താം. 
7. പ്രതിരോധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പരിശീലനം കുട്ടികള്‍ക്ക് നല്‍കണം. ഏതു പ്രതിസന്ധിയെയും തരണംചെയ്യാനുള്ള മനക്കരുത്ത് ഉള്ളവരായി വളര്‍ത്തണം. അതോടൊപ്പം ജീവിതനൈതികതയുള്ളവരായും വളര്‍ത്തണം. 
8. കുട്ടികളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍തന്നെ അവരുടെ ശിക്ഷണവും വേണ്ട രീതിയില്‍ ചര്‍ച്ചയാകണം. കുട്ടിക്കുറ്റവാളികള്‍ക്ക് ഏതുതരം ശിക്ഷണം നല്‍കണം എന്നത് ഈ മേഖലയിലുള്ളവരെ ഇന്നും കുഴക്കുന്ന ചോദ്യമാണ്. കുട്ടികളുടെ അവകാശംപോലെതന്നെ പ്രധാനമാണ് അവരുടെ തെറ്റുകള്‍ക്ക്  ഗുണപരമായ ശിക്ഷണം നല്‍കുക എന്നതും. 
(അവസാനിച്ചു)

കൊല്ലാം പട്ടിണിക്കിട്ട്
കോഴിക്കോട്, ബിലാത്തിക്കുളം ശിവക്ഷേത്രത്തിന് സമീപം വാടകക്കു താമസിക്കുന്ന തിരുവമ്പാടി തട്ടേക്കാട്ട് കോട്ടിവട്ടത്ത് ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി (മനോജ് നമ്പൂതിരി-38) യുടെ മകള്‍ അദിതി എസ്. നമ്പൂതിരിയാണ് രണ്ടാനമ്മയുടെ പീഡനത്തെ തുടര്‍ന്ന്  മരിച്ചത്. 
ഇയാളുടെ രണ്ടാം ഭാര്യ ഷൊര്‍ണൂര്‍ കൊളപ്പുള്ളി പടിഞ്ഞാറെപാട്ട് മനയിലെ ദേവികയെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡനത്തിന്‍െറ കഥ പുറത്തുവന്നത്. കുട്ടിയുടെ ഗുഹ്യഭാഗത്തും ഇടുപ്പിലും തിളച്ചവെള്ളം വീണ് പൊള്ളിയതും ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റതും ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ പീഡനം സംബന്ധിച്ച് പൊലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടിയുടെ ഇടുപ്പിന്‍െറ ഇടതുഭാഗത്തെ ആഴത്തിലുള്ള ചതവും അണുബാധയുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. പട്ടിണിയും തിളച്ച വെള്ളം വീണ് പൊള്ളലേറ്റതും കുട്ടിയുടെ ആരോഗ്യനില വഷളാക്കി. തലയില്‍ രണ്ട് സെന്‍റിമീറ്റര്‍ ആഴമുള്ള മുറിവേറ്റിട്ടുമുണ്ട്. 
ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷെര്‍ളി വാസുവിന്‍െറ മേല്‍നോട്ടത്തില്‍ ഡോ. പ്രജിത്താണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. കുട്ടി ആറു ദിവസമായി ഒന്നും കഴിച്ചിരുന്നില്ളെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്.

ഇരകളായി കൈക്കുഞ്ഞുങ്ങള്‍
കിളിമാനൂരില്‍ രണ്ടുവയസ്സുള്ള കൈക്കുഞ്ഞുമായി മാതാവ് കിണറ്റില്‍ചാടി കുഞ്ഞ് മരിച്ചത് 2013 നവംബര്‍ രണ്ടിന്. കൊടുവഴന്നൂര്‍, ശീമവിള ഉദയകുന്നം സജീഷ്ഭവനില്‍ സജീഷിന്‍െറ ഭാര്യ ഐശ്വര്യയാണ് മകന്‍ സൗരവുമായി കുടുംബപ്രശ്നത്തെ തുടര്‍ന്ന് കിണറ്റില്‍ ചാടിയത്. 
ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് ഐശ്വര്യയെ രക്ഷിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ഒരുനിമിഷത്തെ വികാരം കവര്‍ന്നത് ഒരു കുഞ്ഞുജീവനെയാണ്. കൊലപാതകം എന്നതിനപ്പുറം ആത്മഹത്യ എന്ന ഗണത്തില്‍പെടുത്തിയാണ് പലപ്പോഴും പരിഗണിക്കുന്നത്.  വലിയ ശിക്ഷയില്ലാത്തതും കുട്ടികള്‍ക്കെതിരെയുള്ള അക്രമം വര്‍ധിപ്പിക്കുന്നതിന് ഇടയാക്കുന്നു. ഭര്‍ത്താവിനോട് പിണങ്ങി ഒമ്പതുമാസമുള്ള കുട്ടിയെ വാഷിങ് മെഷീനിലെ വെള്ളത്തില്‍ മുക്കിക്കൊന്ന സംഭവം അരങ്ങേറിയത് ആലപ്പുഴ ജില്ലയിലാണ്. ഈ അമ്മ പിന്നീട് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. ആശങ്ക വളര്‍ത്തുംവിധമാണ് കേരളത്തിലെ ബാലകൊലപാതകങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT