സഖാവേ, വന്നത് ഫാഷിസം തന്നെയാണോ?

കര്‍ട്ടന്‍ ഉയരുമ്പോള്‍ ഒരു വീട്ടിലെ സ്വീകരണമുറി. പൊടിപടലങ്ങള്‍കൊണ്ട് ആരുടെയും മുഖം കാണാനാവുന്നില്ല.
കാരണം, പൊടിപാറുന്ന ചര്‍ച്ചയാണ്.
എ.സിയും ഫാനുമുണ്ടെങ്കിലും നല്ല ചൂട്.
ചൂടുപിടിച്ച ചര്‍ച്ചയാണ്.
വിഷയം: ഫാഷിസം വന്നോ ഇല്ലയോ? ഇപ്പോ ഉള്ളതിനെ ഫാഷിസം എന്നു വിളിക്കാമോ?
മാനവസംഗമത്തില്‍ സ്വത്വവാദികളെ ഒഴിവാക്കിയത് ശരിയാണോ? ഇരയെ മാറ്റിനിര്‍ത്തിക്കൊണ്ട് എന്തു സംഗമം?
കോഴിക്കോട്ടെ അമാനവസംഗമത്തിന് ഐ.എസിന്‍െറ സഹായം ലഭിച്ചിട്ടുണ്ടോ?
സ്വീകരണമുറിയിലിരുന്ന അയാള്‍ തകര്‍ത്തു പെയ്യുകയാണ്.
ജെ.എന്‍.യുവിലും എഡിന്‍ബറയിലും പഠിച്ച പഴയ തടിച്ച പുസ്തകങ്ങളിലെ ഉദ്ധരണികളത്രയും അയാള്‍ ഛര്‍ദിച്ചു.
ഒടുവില്‍ സമര്‍ഥിച്ചതിങ്ങനെ:
ഇന്ത്യയില്‍ ഇപ്പോഴുള്ള അവസ്ഥയെ ഫാഷിസം എന്നു വിളിക്കാനാവില്ല. ജര്‍മനിയില്‍... ഇറ്റലിയില്‍... ഇടതടവില്ലാതെ വാക്കുകളുടെ വയറിളക്കം.
വീട്ടുകാരി കൊണ്ടുവെച്ച ബീഫ് ഫ്രൈയുടെ പ്ളേറ്റുകളും ചായഗ്ളാസുകളും കാലിയായിക്കൊണ്ടേയിരുന്നു.
ചര്‍ച്ച പൊടിപൊടിക്കുകയാണ്. ഹിറ്റ്ലര്‍, മുസോളിനി, സ്റ്റാലിന്‍ എന്നെല്ലാമുള്ള ശബ്ദങ്ങള്‍ അടുക്കളവരെ ഒലിച്ചത്തെുന്നുണ്ട്.
പൊടിപാറിയ ചര്‍ച്ചയായതിനാല്‍ ആരുടെയും മുഖം കാണാനില്ല.
ടക്... ടക്... ടക്... വാതിലിന് ആഞ്ഞുമുട്ടുന്ന ശബ്ദം. പിന്നെ വാതില്‍ ചവിട്ടിപ്പൊളിക്കുന്ന ശബ്ദം.
അകത്തു കയറിയ അവര്‍ക്കും മുഖങ്ങളുണ്ടായിരുന്നില്ല. മുഖംമൂടികള്‍ മാത്രം.
കൈകളില്‍ ത്രിശൂലങ്ങള്‍.
ത്രിശൂലങ്ങള്‍ നെഞ്ചിലും വയറ്റിലും ആഴ്ത്തുമ്പോള്‍ അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
‘ഇതിനെ ഫാഷിസമെന്ന് വിളിക്കാനാവില്ല... വിളിക്കാന്‍... വി... വി...’
സ്വീകരണമുറി നിറയെ ഇപ്പോള്‍ രക്തം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.