മുഫ്തി സാഹിബ് എന്ന നിര്‍ഭയ നേതാവ്

അതിര്‍ത്തി സംസ്ഥാനമായ ജമ്മു-കശ്മീരിലെ അതികായനായ നേതാവായിരുന്നു അന്തരിച്ച മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ്. രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും കശ്മീരുകാര്‍ക്ക്, പ്രത്യേകിച്ച് താഴ്വരയിലെ ജനങ്ങള്‍ക്ക് അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. എനിക്ക് അദ്ദേഹവുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്. അദ്ദേഹം പി.സി.സി പ്രസിഡന്‍റാകുന്ന കാലം മുതലാണ് എന്‍െറ സൗഹൃദം ആരംഭിക്കുന്നത്. അന്ന് ഞാന്‍ കേരളത്തിലെ പി.സി.സി പ്രസിഡന്‍റാണ്. അദ്ദേഹത്തില്‍ ഞാന്‍ കണ്ട ഒരു ഗുണം നിര്‍ഭയത്വമായിരുന്നു. തനിക്ക് പറയാനുള്ളത് എന്തും ഒരുപേടിയും കൂടാതെ ആരുടെ മുഖത്തുനോക്കിയും തുറന്നടിച്ചിരുന്നു. അഭിപ്രായത്തോട് യോജിക്കാം വിയോജിക്കാം. പക്ഷേ, സത്യം വിളിച്ചുപറയുന്നതില്‍ ആരെയും പേടിക്കേണ്ട എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്‍േറത്.

ഈയൊരു നിലപാടിന്‍െറ പേരില്‍ വ്യക്തിപരമായും കുടുംബപരമായും ഏറെ വേട്ടയാടപ്പെട്ട വ്യക്തിയാണ് സാഹിബ്. പലരില്‍നിന്നും വധഭീഷണിയും നേരിടേണ്ടിവന്നു. അദ്ദേഹം കേന്ദ്രആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് മകളെ തട്ടിക്കൊണ്ടുപോയി ഭീകരവാദികള്‍ വിലപേശിയതുപോലും അദ്ദേഹത്തിന്‍െറ നിലപാടുകളുടെ പശ്ചാത്തലത്തിലായിരുന്നെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

കശ്മീര്‍ കലുഷിതമായ കാലത്തുപോലും വിഘടനവാദികളുടെ പോര്‍വിളികള്‍ മുഴങ്ങുമ്പോഴും അദ്ദേഹം ധൈര്യമായി പിടിച്ചുനിന്നു. കശ്മീര്‍ ജനതക്ക് കുറച്ചുകൂടി സ്വയംഭരണം വേണമെന്ന് വാദിക്കുമ്പോഴും കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിച്ചിരുന്നു. കശ്മീര്‍ താഴ്വരയിലെ ഓരോ പുല്‍ക്കൊടിയുടെ പ്രശ്നങ്ങള്‍പോലും സാഹിബ് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ജനകീയനായി മാറിയത്. ജമ്മു-കശ്മീരില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് ജനകീയ അടിത്തറ ഉണ്ടാക്കുന്നതില്‍ പ്രധാനികളിലൊരാളാണ് മുഫ്തി മുഹമ്മദ് സഈദ്.

പക്ഷേ, പില്‍ക്കാലത്ത് അദ്ദേഹത്തിന്‍െറ പ്രധാന രാഷ്ട്രീയ എതിരാളികളായി കോണ്‍ഗ്രസ് മാറിയെന്നതും മറ്റൊരു രാഷ്ട്രീയ വിരോധാഭാസം. ഫാറൂഖ് അബ്ദുല്ലയെ കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് മുഖ്യമന്ത്രിയാക്കിയത് അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അദ്ദേഹം പാര്‍ട്ടിവിട്ട് പിന്നീട് പല രാഷ്ട്രീയ ബന്ധങ്ങളിലേക്കും പോയി. കശ്മീരിനെക്കുറിച്ചും അവിടത്തെ വികസനത്തെക്കുറിച്ചും ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു മുഫ്തി സാഹിബ്. രാഷ്ട്രീയമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഞങ്ങളുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് കശ്മീരില്‍ പോയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്‍െറ സ്വരം കേള്‍ക്കാതെ ഞാന്‍ മടങ്ങാറില്ലായിരുന്നു. 

പക്ഷേ, അവസാനകാലത്ത് കശ്മീര്‍ ഭരിക്കാന്‍ അദ്ദേഹം ബി.ജെ.പിയുമായി കൈകോര്‍ത്തത് എനിക്ക് അംഗീകരിക്കാന്‍ സാധിച്ചില്ല. ഈ ഒരു സഖ്യത്തിലൂടെ കശ്മീരിനെ കൂടുതല്‍ ശാന്തമാക്കാം എന്ന കണക്കുകൂട്ടല്‍ അദ്ദേഹത്തിനുണ്ടായിരിക്കാം. പക്ഷേ, ആ കണക്കുകൂട്ടലൊക്കെ പാളിയതായാണ് അടുത്തകാലത്ത് അവിടെനിന്ന് പുറത്തുവരുന്ന വാര്‍ത്തകളില്‍നിന്ന് മനസ്സിലാകുന്നത്. ഏതായാലും മുഫ്തി സാഹിബിന്‍െറ വിയോഗം കശ്മീര്‍ ജനതക്കും ഭാരതത്തിനും നികത്താനാവാത്ത നഷ്ടമാണ്. മുഫ്തി സാഹിബിന്‍െറ ആത്മാവിന് നിത്യശാന്തി നേരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.