അജ്ഞേയവും ദുരൂഹവുമായ ഭാവിയാണ് ഒരുപക്ഷേ ഭൂമിയിലെ ഈ ഹ്രസ്വകാല വാസത്തെ ഇത്രമേല്‍ പ്രിയതരമാക്കുന്നത്. ആകാംക്ഷാഭരിതമാക്കുന്നതും ഉദ്വിഗ്നമാക്കുന്നതും അതുതന്നെ. അടുത്ത ദിവസം, അല്ല അടുത്ത നിമിഷത്തില്‍ എന്തു സംഭവിക്കും എന്നതിന്‍െറ പ്രവചനാതീതത്വമാണ് ജീവിതത്തിന്‍െറ ഊര്‍ജം എന്നും പറയാം. ആരണ്യകങ്ങളിലെ അന്ധയുഗങ്ങളിലോ പില്‍ക്കാലത്തെ നാഗരികതയുടെ പരിണാമവഴികളിലോ ഒന്നുംതന്നെ മനുഷ്യന്‍െറ ചോരവീഴാത്ത ദിനങ്ങള്‍ ഉണ്ടായിട്ടേ ഇല്ല എന്നുതന്നെ പറയേണ്ടിവരും. സമാധാനപരമായ ഒരു ജീവിതം എന്തുകൊണ്ട് മനുഷ്യരാശിക്ക് ഇത്രമേല്‍ പ്രയാസകരമായിരിക്കുന്നു എന്നത് ഉത്തരം കിട്ടാത്ത ഒരു സമസ്യയാകുന്നു. ഒറ്റക്കൊറ്റക്കെടുത്താല്‍ നല്ലവരായ മനുഷ്യര്‍ സംഘങ്ങളാകുമ്പോഴാണോ അക്രാമകമായ ഇരുട്ടുകളിലേക്ക് വീണുപോകുന്നത്? അതേസമയം, സംഘംചേരുക എന്നത് ഒരു വര്‍ഗമെന്നനിലയില്‍ മനുഷ്യന്‍െറ ജൈവവാസനയുമാണല്ളോ.

ഓരോ വര്‍ഷവും വീണുമറയുമ്പോള്‍ നാം പുതിയ പ്രതീക്ഷകളോടെ പുതിയ കാലത്തെ വരവേല്‍ക്കുന്നു. അതും പഴയതുപോലെ കെട്ട് അഴുകിപ്പോകുമ്പോള്‍ വീണ്ടും നല്ല ഒരു ഭാവിയെ കാത്തിരിക്കുന്നു. പടിയടച്ച് പിണ്ഡംവെച്ചവ വീണ്ടും പുതിയ രൂപഭാവങ്ങളില്‍ അരങ്ങിലത്തെുന്നു. ദാരുണമായ വിധത്തില്‍ മൗഢ്യങ്ങളുടെ കീറമാറാപ്പുകള്‍ തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ഓരോരുത്തരും അന്യനെ ചൂണ്ടി അതാ പോകുന്നു ഫാഷിസ്റ്റ് എന്ന് മുറവിളികൂട്ടുന്നു. ബാക്കിയുള്ള വിരലുകള്‍ സ്വന്തം നെഞ്ചിനുനേരെ നീളുന്നത് മറ്റാരാനും കാണാതിരിക്കാന്‍ മറച്ചുപിടിക്കുന്നു. ഉണ്ട് വയറു നിറഞ്ഞിരിക്കുമ്പോഴാണ് ജാതിയുടെ വിളി നമ്മെ വര്‍ഗീയതയുടെ കാട്ടിലേക്ക് ആനയിക്കുന്നത്. സ്വയം നവീകരിക്കപ്പെടാന്‍ ഒരിറ്റുപോലും താല്‍പര്യമില്ലാതെ നാം മറ്റവന്‍ മാറണം എന്ന് ശഠിച്ചുകൊണ്ടേയിരിക്കുന്നു.
വിസ്മയകരമാംവിധം വികസ്വരമാകുന്ന ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചക്രവാളങ്ങള്‍ക്കു കീഴെ ലോകം അതിദ്രുതം മാറിക്കൊണ്ടിരിക്കുകയാണ്. ഈ അതിശയവേഗങ്ങളെ ശരിയായവിധം അഭിമുഖീകരിക്കാന്‍, യുക്തിയുക്തമായി അഭിസംബോധന ചെയ്യാന്‍ നിലവിലുള്ള രാഷ്ട്രീയത്തിനോ മതങ്ങള്‍ക്കോ ധര്‍മമീമാംസകള്‍ക്കോ തത്ത്വശാസ്ത്രങ്ങള്‍ക്കോ ആകുന്നുണ്ടോ? ഇന്നു കാണുന്ന ഈ അശാന്തി ഒരുപക്ഷേ ഈയൊരു അരക്ഷിതത്വത്തില്‍നിന്നുകൂടി ആകുമോ?

ഒരു വര്‍ഗം എന്ന നിലയില്‍ മനുഷ്യര്‍ക്ക് അതിജീവിക്കാന്‍, ഈ ഭൂമുഖത്തെ ജീവചലനങ്ങള്‍ തുടര്‍ന്നുപോകാന്‍ ഇനിമേല്‍ നിസ്സംഗമായ മൂകസാക്ഷിത്വം മതിയാവില്ല. ആള്‍ബലത്തിന്‍െറ, ആയുധബലത്തിന്‍െറ, സമ്പത്തിന്‍െറ ആധിപത്യംതന്നെയായിരുന്നു എക്കാലത്തും ലോകത്തെ നയിച്ചിരുന്നതെങ്കിലും ബുദ്ധിയുടെയും വെളിവിന്‍െറയും പ്രജ്ഞയുടെയും പ്രകാശത്തെ അവഗണിക്കാന്‍ അതിന് കഴിഞ്ഞിരുന്നില്ല. വര്‍ത്തമാനകാലം ബൗദ്ധികവും സര്‍ഗാത്മകവുമായ ഒരു വലിയ ശൂന്യതയെ നേരിടുന്നുണ്ട്. അതിനെ അതിജീവിക്കാനുതകുന്ന എന്തെങ്കിലുമൊക്കെ ഉണ്ടായെങ്കില്‍ എന്ന പ്രതീക്ഷയോടെ പുതുവര്‍ഷത്തിലേക്ക് ഞാനും ഉറ്റുനോക്കുന്നു.
l

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.