വിവരാവകാശി

വിവരം കിട്ടാനുള്ള പൗരന്‍െറ അവകാശമാണല്ളോ വിവരാവകാശം. അത് എല്ലാ പൗരന്മാര്‍ക്കും കിട്ടുന്നുണ്ട് എന്നുറപ്പുവരുത്താനാണ് വിവരാവകാശ കമീഷന്‍ എന്ന ഭരണഘടനാ സ്ഥാപനം. അതിന്‍െറ തലപ്പത്തിരിക്കുന്നവര്‍ വിവരദോഷികളായിരിക്കരുത് എന്ന് പൊതുജനം ആഗ്രഹിക്കും. നിയമവും ഭരണഘടനയുമൊക്കെ നന്നായി അറിയുന്നവര്‍ വേണം അത് നയിക്കാന്‍. എന്നാലേ ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടക്കുന്ന വിവരം ജനങ്ങളിലേക്ക് പ്രവഹിക്കൂ. നല്ല വിവരമുള്ളവരത്തെന്നെയാണ് ഇപ്പോള്‍ കമീഷന്‍െറ തലപ്പത്ത് നിയമിച്ചിരിക്കുന്നത്. രാഷ്ട്രീയക്കാരായിപ്പോയി എന്നേയുള്ളൂ. വിവരത്തിന് ഒരു കുറവുമില്ല. മുന്നണിയെപ്പറ്റിയും അതിന്‍െറ ഉള്ളുകള്ളികളെപ്പറ്റിയും ആഴത്തിലുള്ള വിവരമുണ്ട്. ഭരണഘടനാ സ്ഥാപനം സര്‍ക്കാര്‍ വകുപ്പായി എന്നത് കാര്യമാക്കാനില്ല. മുന്നണിയിലെ ഘടകകക്ഷികളില്‍പ്പെട്ടവര്‍ക്ക് ലക്ഷത്തിനടുത്ത് ശമ്പളം. ഒൗദ്യോഗിക വാഹനം, യാത്രപ്പടി, യഥേഷ്ടം എഴുതിയെടുക്കാവുന്ന സിറ്റിങ് ഫീസ്. അങ്ങനെയുള്ള വിവരാവകാശ സംരക്ഷകരുടെ ഒരു പടയെ നയിക്കാന്‍ നിയുക്തനായിരിക്കുകയാണ് വിന്‍സന്‍ എം. പോള്‍.
മുഖ്യ വിവരാവകാശ കമീഷണറായി നിയമിക്കപ്പെട്ടത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണെന്ന് ചില ദോഷൈകദൃക്കുകള്‍ പറയുന്നുണ്ട്. സര്‍ക്കാറിന്‍െറ ഇഷ്ടക്കാരനായിരുന്നതുകൊണ്ടാണ് പദവി കിട്ടിയതെന്ന് അടക്കം പറയുന്നവരും കുറവല്ല. സര്‍ക്കാറിന്‍െറ കാലാവധി തീരുന്നതിനുമുമ്പ് ഇഷ്ടക്കാരെ ഉന്നത തസ്തികകളില്‍ നിയമിക്കുമല്ളോ. ഈയടുത്ത കാലത്തായി ഉമ്മന്‍ ചാണ്ടിക്കും മുന്നണിയിലുള്ളവര്‍ക്കുമൊക്കെ വല്ലാത്ത സ്നേഹം തോന്നിയ പൊലീസുകാരനാണ് വിന്‍സന്‍ എം. പോള്‍. 33 കൊല്ലമായി പൊലീസ് യൂനിഫോമില്‍ കറപുരളാതെ അലക്കിത്തേച്ച് കൊണ്ടുനടക്കുകയായിരുന്നു. വിരമിക്കാന്‍ കാലത്താണ് ചളി തെറിച്ചത്. അതിനിടയാക്കിയത് ബാര്‍കോഴ കേസ്. കഷ്ടകാലത്തിന് ആ സമയത്ത് വിജിലന്‍സ് മേധാവിയായിരുന്നു. സാധാരണഗതിയില്‍ ആര്‍ക്കും വഴങ്ങുന്ന സ്വഭാവക്കാരനല്ല. എന്നാല്‍, പൊലീസ് മേധാവിക്ക് വഴങ്ങാതിരിക്കാന്‍ പറ്റുമോ? സര്‍ക്കാറിനുവേണ്ടി വിജിലന്‍സ് മേധാവിയുടെ പദവി ദുരുപയോഗപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍െറ കണ്ടത്തെലുകളെ തിരുത്തിയെന്ന് ആരോപണമുയര്‍ന്നു. കോടതിയില്‍നിന്ന് എതിരെ പരാമര്‍ശങ്ങളുണ്ടായി. വിജിലന്‍സ് കോടതിവിധി എതിരായപ്പോള്‍ അവധിയില്‍ പ്രവേശിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ എന്ന മഹത്തായ സ്ഥാപനത്തിന് എതിരാവരുത് എന്നായിരുന്നു വിചാരം. അത് മഹാമനസ്കത. അന്വേഷണം നന്നായി നടക്കട്ടെ എന്നുപറഞ്ഞ് സ്ഥാനമൊഴിഞ്ഞു. സര്‍വിസില്‍ മികച്ച ട്രാക് റെക്കോഡ് ഉണ്ടായിരുന്നിട്ടും നാണംകെട്ട് ഇറങ്ങിപ്പോരേണ്ടിവന്നു. വെറുതെ വീട്ടിലിരിക്കുമ്പോഴാണ് വിളിവരുന്നത്. അങ്ങനെ വിവരാവകാശ സംരക്ഷകരെ നയിച്ചുകളയാം എന്നു തീരുമാനിച്ചു. കൂടെ അഞ്ച് അംഗങ്ങളുണ്ട്. അഞ്ചുപേരെയും ഭരണമുന്നണിയിലെ അംഗങ്ങള്‍ വീതംവെച്ചെടുത്തതാണ്. വിവരാവകാശ നിയമത്തിന്‍െറ അന്തസ്സത്ത തകര്‍ത്ത രാഷ്ട്രീയ വീതംവെപ്പ്. കമീഷന്‍ അംഗങ്ങളായി രാഷ്ട്രീയകക്ഷി അംഗങ്ങള്‍ക്ക് വിലക്ക് കല്‍പിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. അംഗങ്ങളെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ച് നമിത് ശര്‍മ കേന്ദ്രസര്‍ക്കാറിനെതിരെ നല്‍കിയ കേസിലായിരുന്നു ഈ ഉത്തരവ്. അത് ഇവിടെ പാലിക്കപ്പെട്ടില്ല. അവര്‍ക്കൊപ്പമാണിനി ഒൗദ്യോഗിക ജീവിതം.
കരിയറിലെ കറുത്ത ഏടായി കിടപ്പുണ്ട് കോഴക്കേസ്. നിഷ്പക്ഷമായി ജോലിചെയ്യാന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല. എങ്ങനെയെങ്കിലും ദുഷ്പേര് വിളിച്ചുവരുത്തിത്തരും. തങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ രാഷ്ട്രീയ നേതൃത്വം ഡി.ജി.പി വഴി വിന്‍സന്‍ എം. പോളിനോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഉപശാലാ സംസാരം. വിജിലന്‍സ് മേധാവി എന്നനിലയിലുള്ള വിശ്വാസ്യതയെ തെല്ളൊന്നുമല്ല അത് ബാധിച്ചത്. വിന്‍സന്‍ എം. പോളിനെ മുഖ്യവിവരാവകാശ കമീഷണറായി നിയമിക്കാമെന്ന് സര്‍ക്കാര്‍ നേരത്തേ വാഗ്ദാനംചെയ്തിരുന്നുവെന്ന് ഒരു ശ്രുതിയുണ്ട്. പോള്‍ കമീഷണറാവുമെന്ന് മൂന്നു മാസം മുമ്പേ തന്നെ ബിജു രമേശ് പ്രവചിച്ചിരുന്നു. ബാര്‍കോഴയിലെ ആദ്യ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയത് ആ വാഗ്ദാനത്തെ തുടര്‍ന്നായിരുന്നുവെന്നാണ് ആരോപണം. മാണിസാറിനെപ്പോലെ തന്നെ ദു$ഖിതനാണ്. മാണിസാറ് പത്തമ്പതുകൊല്ലം കോഴയുടെയും അഴിമതിയുടെയും നിഴലിലല്ലാതെ ജീവിച്ചു. അഞ്ചു പതിറ്റാണ്ടുകള്‍ക്കുശേഷമാണ് വെള്ളക്കുപ്പായത്തില്‍ ചളി വീഴുന്നത്. അതുപോലെ നല്ലനടപ്പു നടന്ന് മൂന്നു പതിറ്റാണ്ട് നല്ല പേരു കേള്‍പ്പിച്ചിട്ടെന്താ കാര്യം. അതൊക്കെ ഓര്‍ക്കുമ്പോള്‍ വിതുമ്പിപ്പോവും. അതുകൊണ്ടാണ് വിരമിക്കല്‍ ചടങ്ങില്‍ വിങ്ങിപ്പൊട്ടിയത്. ഈ കാക്കിക്കുപ്പായത്തിനുള്ളില്‍ കാരിരുമ്പോ കരിങ്കല്ളോ അല്ല. പാവം ലോലമായ മാനവഹൃദയമാണ്. അതൊക്കെ കണ്ടിട്ടല്ളേ ഐ.പി.എസ് അസോസിയേഷന്‍െറ കേരള ചാപ്റ്റര്‍ പിന്തുണ തന്നത്.
1955 നവംബര്‍ 22ന് ജനനം. മൂവാറ്റുപുഴ നിര്‍മല കോളജില്‍ പഠിച്ചു. 1984 ആഗസ്റ്റ് 28നാണ് ഇന്ത്യന്‍ പൊലീസ് സര്‍വിസില്‍ ചേര്‍ന്നത്. ക്രൈംബ്രാഞ്ച് മേധാവി, കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡി തുടങ്ങിയ പദവികളില്‍ സേവനമനുഷ്ഠിച്ചു. കേസന്വേഷിക്കുന്നതില്‍ മിടുക്കനായിരുന്നു എന്നും.  പ്രമാദമായ പല കേസുകളും അന്വേഷിച്ചിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ്, മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസ്, വയനാട് നിയമനത്തട്ടിപ്പ്, ടി.ഒ. സൂരജിന്‍െറ അഴിമതിക്കേസ്, ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് തുടങ്ങിയവ. കേസന്വേഷണത്തിനിടയില്‍ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. പോള്‍ മുത്തൂറ്റ് വധക്കേസില്‍ കാരി സതീശന്‍െറ ചങ്ങനാശ്ശേരിയിലെ വീട്ടില്‍ പോയി എടുത്ത എസ് കത്തിയുമായി വാര്‍ത്താസമ്മേളനം നടത്തിയിരുന്നല്ളോ. ആ കത്തിയല്ല കൊലക്ക് ഉപയോഗിച്ചതെന്ന് സി.ബി.ഐ പിന്നീട് കണ്ടത്തെി. സതീശന്‍െറ വീട്ടില്‍ കത്തി പൊലീസ് കൊണ്ടുവെച്ചതാണ് എന്ന ആരോപണമുയര്‍ന്നു. പൊലീസിന്‍െറ ആവശ്യപ്രകാരം കത്തി പണിതുകൊടുത്തതാണെന്ന് കൊല്ലന്‍ പറഞ്ഞതും വിവാദമായി. കത്തി കണ്ടെടുക്കുന്നതിനുമുമ്പ് ആകൃതി എങ്ങനെ അറിഞ്ഞുവെന്ന ചോദ്യവും ആ വളഞ്ഞ കത്തിയും ദുരൂഹതയായി തുടരുമ്പോള്‍ വിന്‍സന്‍ എം. പോളിന്‍െറ വിശ്വാസ്യത കൂടിയാണ് ചോദ്യംചെയ്യപ്പെട്ടത്. ഇടതുസര്‍ക്കാറിന്‍െറ കാലത്ത് ചക്കിട്ടപാറയില്‍ ഖനനം നടത്തുന്നതിന് അനുമതി നല്‍കാന്‍ മുന്‍ വ്യവസായ മന്ത്രി എളമരം കരീം അഞ്ചുകോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം തള്ളിയ റിപ്പോര്‍ട്ട് അംഗീകരിച്ചത് വിജിലന്‍സ് മേധാവിയായിരിക്കെയാണ്. ശിഖണ്ഡിയെന്നു വിളിച്ചത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. നീതിമാന്‍, സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാത്തവന്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്തതാണ്. രാഷ്ട്രീയ സമ്മര്‍ദമുള്ള, ഭരണകൂടം കൈകടത്തുന്ന കേസുകളില്‍ വിന്‍സന്‍ എം. പോള്‍ വഴിപ്പെട്ടിരുന്നുവെന്നാണ് സുരേന്ദ്രന്‍െറ ആരോപണം. വി.എസിന്‍െറ എതിര്‍പ്പിനെ മറികടന്നാണ് ഇപ്പോള്‍ വിവരാവകാശ കമീഷണറായിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.