സ്തംഭിക്കാത്ത പാര്‍ലമെന്‍റ് സ്വപ്നമാകരുത്

പാര്‍ലമെന്‍റിന്‍െറ ബജറ്റ് സെഷന്‍ ദിവസങ്ങള്‍ക്കകം ആരംഭിക്കാനിരിക്കെ സഭ പ്രക്ഷുബ്ധമാകുമെന്നതില്‍ തര്‍ക്കമില്ല. മാത്രമല്ല, പ്രതിപക്ഷത്തിന്‍െറ വാക്കൗട്ട്, നടുത്തളത്തില്‍ ഇരുന്ന് നടത്തുന്ന ബഹളംവെക്കല്‍, പ്രചാരണപരമായ വായ്ത്താരികള്‍ തുടങ്ങി നിരവധി നാടകങ്ങള്‍ അരങ്ങേറുമെന്നതിന്‍െറ അശുഭസൂചനകള്‍ പ്രത്യക്ഷമാകാനും തുടങ്ങിയിരിക്കുന്നു. ഒടുവില്‍ നിയമനിര്‍മാണങ്ങളൊന്നും നടത്താനാകാതെ സഭ പിരിഞ്ഞുപോകും. വിലപ്പെട്ട മണിക്കൂറുകളും അധ്വാനവും സന്നാഹങ്ങളും പാഴാക്കുന്ന ഈ ഏര്‍പ്പാടിനെതിരെയായിരുന്നു ഇയ്യിടെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി വേദനയോടെ സംസാരിച്ചത്. ‘സഭയുടെ പദവിയും അന്തസ്സും കളഞ്ഞുകുളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുക’ എന്നായിരുന്നു അന്‍സാരിയുടെ അഭ്യര്‍ഥന. എന്നാല്‍, പാര്‍ലമെന്‍റിന്‍െറ അടുത്ത സെഷനിലും ഈ അഭ്യര്‍ഥന ധിക്കരിക്കപ്പെടാന്‍ തന്നെയാണ് സാധ്യത.
കഴിഞ്ഞ തവണ 20 ദിവസം രാജ്യസഭ സമ്മേളിച്ചെങ്കിലും കോണ്‍ഗ്രസ് അംഗങ്ങളുടെ ബഹളംമൂലം 46 മണിക്കൂറാണ് നടപടികള്‍ തടസ്സപ്പെട്ടത്. അതിനുമുമ്പ് 44 കോണ്‍ഗ്രസ് എം.പിമാരെ പുറത്താക്കാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനായി. രാജ്യസഭയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ളെന്ന് നിര്‍ലജ്ജം ഭീഷണി മുഴക്കാന്‍പോലും കോണ്‍ഗ്രസ് അംഗങ്ങള്‍ ഉദ്യുക്തരാവുകയുണ്ടായി. തന്‍െറ വ്യാജ ഒൗന്നത്യബോധം വെടിഞ്ഞ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ജി.എസ്.ടി ബില്‍ പാസാക്കാന്‍ കോണ്‍ഗ്രസിന്‍െറ സഹകരണം അഭ്യര്‍ഥിക്കുകയുണ്ടായി. ബില്ലിന്‍െറ ഉപജ്ഞാതാക്കള്‍ യഥാര്‍ഥത്തില്‍ കോണ്‍ഗ്രസാണെന്ന് അംഗീകരിക്കാനും അദ്ദേഹം തയാറാവുകയുണ്ടായി. ഇതിനുമുമ്പ് സഭാബഹളങ്ങള്‍ അതിന്‍െറ പാരമ്യതയിലേക്കുയര്‍ന്നത് 2007ലായിരുന്നു. കരുത്തനായ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിപോലും പ്രതിപക്ഷബഹളത്തിനുമുന്നില്‍ അസ്ത്രപ്രജ്ഞനായി. സഭാനടപടികള്‍ക്ക് വിഘാതം സൃഷ്ടിച്ച് സഭ നിര്‍ത്തിവെക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്ന അംഗങ്ങളുടെ വേതനവും ആനുകൂല്യങ്ങളും റദ്ദാക്കണമെന്ന ശ്രദ്ധേയമായൊരു നിര്‍ദേശം സോമനാഥ് ചാറ്റര്‍ജി അക്കാലത്ത് ഉന്നയിച്ചിരുന്നു.
‘ജോലി ചെയ്യാത്തവര്‍ക്ക് കൂലി നല്‍കരുത്’ എന്ന ആശയം തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബാധകമായിരിക്കെ, പാര്‍ലമെന്‍റംഗങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കാനാവും. വിശേഷാധികാരാവകാശങ്ങള്‍ക്ക് തങ്ങള്‍ അര്‍ഹരാണ് എന്നാണ് എം.പിമാരുടെ വാദം. ഇത്തരം വാദം സമ്മതിദായകര്‍ക്കിടയില്‍ അവരെ പരിഹാസ്യരാക്കാനേ ഉതകൂ. അതിനാല്‍ യുക്തിദീക്ഷയില്ലാതെ സഭയെ ബന്ദിയാക്കുന്ന എം.പിമാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഞാന്‍ കരുതുന്നു. 13ാം ലോക്സഭക്ക് തടസ്സപ്പെട്ടത് മൂലം 22.4 ശതമാനം സമയനഷ്ടം സംഭവിച്ചതായി സര്‍വേകള്‍ വ്യക്തമാക്കുന്നു. 14ാം ലോക്സഭക്കാകട്ടെ, 26 ശതമാനം സമയനഷ്ടമാണ് ഉണ്ടായത്. പഴയ കണക്കുപ്രകാരം ഒരു മിനിറ്റ് നേരത്തേക്ക് പാര്‍ലമെന്‍റ് സമ്മേളിക്കാന്‍ 26.035 ലക്ഷം രൂപയുടെ ചെലവ് വരും. പ്രതിഫലം, ആനുകൂല്യം, ഓണറേറിയം എന്നീ വകകളില്‍ ഓരോ അംഗത്തിനും ഭീമമായ തുകയാണ് ലഭിക്കാറുള്ളത്. അഞ്ചു മണിക്കൂര്‍ ഇരിക്കേണ്ട സഭയില്‍ അഞ്ച് മിനിറ്റ് മാത്രം സന്നിഹിതനാകുന്ന എം.പിമാര്‍ക്കും പ്രതിഫല, ആനുകൂല്യത്തുകകളില്‍ ഒട്ടും കുറവ് ഉണ്ടാകാറില്ല.
കൃത്യവിലോപം കാട്ടുന്ന പാര്‍ലമെന്‍റംഗത്തിനെതിരെ നടപടിയെടുക്കാന്‍ നിയമങ്ങളുണ്ട്. എന്നാല്‍, അംഗങ്ങള്‍ കൂട്ടത്തോടെ പ്രതിഷേധമോ ബഹിഷ്കരണമോ പ്രഖ്യാപിക്കുന്ന ഘട്ടങ്ങളില്‍ വിധിതീര്‍പ്പുകള്‍ ദുഷ്കരമാകുന്നു. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ സഭ നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ച് സ്പീക്കര്‍ താല്‍ക്കാലികമായി രക്ഷപ്പെടുന്നു. ഇത്തരം നടപടികള്‍ സഭയുടെയും രാജ്യത്തിന്‍െറയും അന്തസ്സിന് ഏല്‍പിക്കുന്ന ആഘാതം കനത്തതാണെന്ന് ഓര്‍മിക്കുക. എന്നാല്‍, ഈ സന്ദര്‍ഭത്തിലും എം.പിമാരുടെ പ്രതിഫലത്തുകയില്‍ ഒരു കുറവും സംഭവിക്കാറില്ല. നിയമം ആവിഷ്കരിക്കപ്പെട്ടിട്ടില്ളെങ്കിലും ഇത്തരം ഘട്ടങ്ങളില്‍ അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറക്കാന്‍ സ്പീക്കര്‍ തയാറാകണം. ബ്രിട്ടീഷ് പൊതുസഭയിലെ സ്പീക്കര്‍ക്ക് അത്തരം അധികാരങ്ങളുള്ളതായി പാര്‍ലമെന്‍റ് കീഴ്വഴക്കങ്ങള്‍ വ്യക്തമാക്കുന്നു. അംഗത്തെ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമുള്ള സ്പീക്കര്‍, എം.പിമാര്‍ ഹാജരാകാത്ത ദിനങ്ങളിലെ വേതനം വെട്ടിക്കുറക്കുന്ന തീരുമാനം കൈക്കൊള്ളാന്‍ തയാറാകണമെന്നത് യുക്തിഭദ്രമായ ആവശ്യം മാത്രമാണ്.
‘ഗാന്ധിയന്‍ മുറ’ എന്ന് വിശേഷിപ്പിക്കാവുന്ന മറ്റൊരു രീതിയും അവലംബിക്കാവുന്നതാണ്. നടപടികള്‍ പൂര്‍ത്തീകരിക്കാനാകാതെ സഭ നിര്‍ത്തിവെക്കാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനാകുന്ന ഘട്ടങ്ങളില്‍ വേതനം സ്വീകരിക്കില്ളെന്ന് പ്രതിജ്ഞ ചെയ്യാനുള്ള ആര്‍ജവം ഭരണകക്ഷി അംഗങ്ങളും മന്ത്രിമാരും കാണിക്കണം. പ്രതിപക്ഷ ബഹളം മൂലമുണ്ടായ പ്രശ്നത്തില്‍ ഭരണകക്ഷി ഇത്തരമൊരു വേതനബഹിഷ്കരണനയം സ്വീകരിക്കുന്നത് പ്രതിപക്ഷത്തിന് നാണക്കേടാകും. സമ്മതിദായകരുടെ രോഷവും സ്വന്തം ജാള്യവും കണക്കിലെടുത്ത് പ്രതിപക്ഷം ക്രമേണ സഭാസ്തംഭന നീക്കങ്ങള്‍ ഉപേക്ഷിച്ചുതുടങ്ങും.
പാര്‍ലമെന്‍റ് സെഷനുകള്‍ സുഗമമായി നടത്താനുള്ള മറ്റൊരു നടപടിയും സ്പീക്കര്‍ക്ക് സ്വീകരിക്കാം. ബഹളവും ഒച്ചപ്പാടും പ്രതിഷേധങ്ങളും എത്ര കവിഞ്ഞ അളവില്‍ രൂക്ഷമായാലും നിര്‍ത്തിവെക്കാതെ സഭാനടപടികളുമായി മുന്നേറുക. ഈ സാഹചര്യത്തില്‍ പ്രതിപക്ഷം വാക്കൗട്ട് നടത്തിയേക്കാം. തുടര്‍ച്ചയായ വാക്കൗട്ടുകള്‍ സമ്മതിദായകരില്‍നിന്ന് കടുത്ത അമര്‍ഷത്തിന് ഹേതുവാകുമെന്നതിനാല്‍ പ്രകോപനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പ്രതിപക്ഷം സ്വയം നിര്‍ബന്ധിതരാകും. കേവല സാമ്പത്തികനഷ്ട ഭീതി എന്നതിനേക്കാള്‍ സഭയോടും രാജ്യത്തോടും തുടര്‍ച്ചയായി കാട്ടുന്നത് അനീതിയാണെന്ന ധര്‍മബോധം പ്രതിപക്ഷ എം.പിമാര്‍ക്കു മാത്രമല്ല, ഭരണപക്ഷത്തിനും ചുമതലാബോധത്തോടെയും സംയമനത്തോടെയും പെരുമാറാന്‍ പ്രേരണയരുളും. എന്‍െറ നിര്‍ദേശങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതായി വിലയിരുത്തപ്പെട്ടേക്കാം. വര്‍ത്തമാനകാലത്ത് നമ്മുടെ സഭകളില്‍ അരങ്ങേറുന്ന വിവേകശൂന്യമായ പെരുമാറ്റങ്ങളും ഹീനമായ പ്രവണതകളും കാണുമ്പോള്‍ അനുഭവപ്പെടുന്ന വേദനയാണ് എന്‍െറ നിര്‍ദേശങ്ങളുടെ പ്രേരകം. ഏതുവിധേനയും ഇന്നത്തെ പ്രതിസന്ധി തരണം ചെയ്യേണ്ടതുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.