സുകേശഭാരം

സത്യംപറഞ്ഞാല്‍ ആത്മഹത്യയെക്കുറിച്ചുവരെ ചിന്തിച്ചിട്ടുണ്ട്. മാസങ്ങളോളം ഊണും ഉറക്കവുമില്ലാതെ രാത്രി പത്തുപതിനൊന്നുമണിവരെ കേസുമായി കെട്ടിമറിഞ്ഞിട്ടുണ്ട്. നാടും വീടും സ്വന്തം ആരോഗ്യവുമൊക്കെ മറന്ന് എന്തിനാണിങ്ങനെ ആത്മത്യാഗംചെയ്യുന്നത് എന്ന് ചോദിച്ചിരുന്ന ദോഷൈകദൃക്കുകളുണ്ടായിരുന്നു. അവരോടു പറയട്ടെ, സത്യം തെളിയിക്കാനായിരുന്നു ആ കഷ്ടപ്പാടുകളൊക്കെയും. ഏത് കുറ്റവാളിയും ഒരു തെളിവെങ്കിലും അവശേഷിപ്പിക്കും എന്നാണല്ളോ കുറ്റാന്വേഷണത്തിന്‍െറ ശാസ്ത്രം പറയുന്നത്. കുറ്റവാളി എത്രതന്നെ സമര്‍ഥനായിരുന്നാലും ദൈവം കാത്തുവെച്ച ആ തെളിവിനെ കണ്ടത്തെുകയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍െറ കര്‍ത്തവ്യം. പക്ഷേ, മനുഷ്യരാശി ചെയ്ത കുറ്റകൃത്യങ്ങളുടെ നാളിതുവരെയുള്ള ചരിത്രത്തില്‍ കേരളത്തില്‍നിന്നുള്ള ഒരു കേസ് മാത്രമാണ് തെളിവിന്‍െറ ഒരു കണികപോലുമില്ലാതെ പോയത്. അത് കണ്ടത്തെുക അത്ര എളുപ്പമല്ല. വാലും തുമ്പുമില്ലാത്ത ബാര്‍കോഴ കേസ് സാക്ഷാല്‍ ഷെര്‍ലക് ഹോംസിനെപ്പോലും വലച്ചേനെ. അവിടെയാണ് വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ മിടുക്കുകാണിച്ചത്. മാണിക്കെതിരെ സാഹചര്യത്തെളിവുകള്‍ കണ്ടത്തെിയതാണ്. അതനുസരിച്ച് ദ്രുതപരിശോധനാ റിപ്പോര്‍ട്ട് കൊടുക്കുകയും ചെയ്തു. പിന്നെ വിജിലന്‍സിന്‍െറ തലപ്പത്തുനിന്നുതന്നെയുള്ള സമ്മര്‍ദം താങ്ങാനാവാതെ വന്നപ്പോള്‍ മാണിക്ക് ക്ളീന്‍ചിറ്റ് നല്‍കി. അതോടെ പോയത് സ്വന്തം ക്ളീന്‍ ഇമേജ്. അന്വേഷിച്ചന്വേഷിച്ച് അവസാനം അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതിയായി.  സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ ഒരുകേസില്‍ സര്‍ക്കാറിനെതിരെ നിലപാട് സ്വീകരിച്ചാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നറിയാനുള്ള കേസ് സ്റ്റഡിയാണ് സുകേശന്‍െറ കഥ.

നാളിതുവരെ മോശക്കാരനെന്ന പേരു കേള്‍പ്പിച്ചിട്ടില്ല. സര്‍വിസില്‍ കയറി ഇന്നുവരെ ആരും അഴിമതി ആരോപണമുന്നയിച്ചിട്ടില്ല. അങ്ങനെയിരിക്കെ ഇതാ വരുന്നു, ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍െറ ഉത്തരവ്. അത് ഒരു ആന്‍റി കൈ്ളമാക്സായി. തെളിവിനായി രാപ്പകല്‍ ഉറക്കമിളച്ച് പരതിയവന്‍ കുറ്റവാളിയായി. മന്ത്രിമാരെ പ്രതിയാക്കാന്‍ പരാതിക്കാരനുമായി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. അധികം വൈകാതെ സസ്പെന്‍ഷന്‍ കടലാസ് കൈയില്‍ കിട്ടും. വിജിലന്‍സില്‍നിന്ന് പുറത്തേക്കുള്ള വാതില്‍ തുറന്നുകാണിച്ചുതരുകയും ചെയ്യും. സര്‍ക്കാറിനോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും. ബാഹ്യസമ്മര്‍ദങ്ങളൊന്നും അന്വേഷണത്തിനിടയില്‍ ഉണ്ടായിരുന്നില്ളെന്ന് പറഞ്ഞത് കളവാണ്. സമ്മര്‍ദങ്ങളുടെ ഭാരം എന്നുമുണ്ടായിരുന്നു. ഇപ്പോള്‍ കുറ്റാരോപണത്തിന്‍െറ ഭാരവും പേറേണ്ടിവന്നിരിക്കുന്നു. കേശഭാരം കൊണ്ട് ശരീരംമറഞ്ഞ കേരളീയസുന്ദരിയെപ്പോലെ കഷ്ടപ്പെടുന്നുണ്ട് സുകേശന്‍. അത്രക്കുണ്ട് ശിരസ്സിലെ ഭാരം.

ജനങ്ങള്‍ക്കുമുന്നില്‍ ഇപ്പോള്‍ ഇരട്ടറോളിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വില്ലന്‍െറയും ബലിയാടിന്‍െറയും റോളുകളാണവ. നാലു മന്ത്രിമാരുടെ പേരുപറയാന്‍ ബിജു രമേശിനെ നിര്‍ബന്ധിച്ചും സര്‍ക്കാറിനെ കുറച്ചുകൂടി പ്രതിസന്ധിയിലാക്കി മുന്നോട്ടുപോവാമെന്ന് ഉറപ്പുകൊടുത്തും രണ്ടു തട്ടകത്തില്‍ ഒരേസമയം കളിച്ച വില്ലന്‍. സര്‍ക്കാറിന്‍െറ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡിയുടെ ഗണ്‍പോയന്‍റില്‍ ബലിക്കല്ലില്‍ തലവെച്ചുകിടക്കുന്ന പാവം കുഞ്ഞാട്. പ്രതിയോഗിയുടെയും ബലിയാടിന്‍െറയും റോളില്‍ തിളങ്ങുമ്പോള്‍ നഷ്ടംവന്ന ഒരു സ്വഭാവഗുണമുണ്ട്, വിശ്വാസ്യത. മാണി പണംകൊടുത്തതിനും വാങ്ങിയതിനും തെളിവില്ളെന്ന് പറഞ്ഞപ്പോള്‍ സകലതും വിഴുങ്ങിക്കളഞ്ഞ ഒരാള്‍ക്ക് എന്തു വിശ്വാസ്യത? ആദ്യം വിശ്വാസത്തിലെടുത്ത മൊഴികള്‍ പിന്നീട് കളവെന്ന് ബോധ്യപ്പെട്ടുവെന്നാണ് സുകേശന്‍ പറയുന്നത്. മൊഴികള്‍ വിശ്വാസത്തിലെടുക്കുന്നത് എന്തിന്‍െറ അടിസ്ഥാനത്തിലാണ്. മൊഴിനല്‍കുന്നയാളുടെ മെയ്യഴകും മുഖശ്രീയും നോക്കിയിട്ടാണോ? അല്ലല്ളോ. ശാസ്ത്രീയമായ അന്വേഷണമാണെങ്കില്‍ ആരും കള്ളമൊഴികള്‍ വിശ്വാസത്തിലെടുക്കില്ല. എസ്.ഐ ആയിരിക്കുന്ന കാലം മുഴുവന്‍ തനിക്കറിയാവുന്ന ആളാണ് സുകേശനെന്ന ബിജു രമേശിന്‍െറ മൊഴിയും ശബ്ദരേഖയിലെ മായ്ച്ചുകളഞ്ഞ ഭാഗവും മറ്റൊരു ദുരൂഹതയായി തുടരുന്നു. എന്തായാലും, വേലിതന്നെ വിളവു തിന്നാതിരിക്കാന്‍ ഈ വില്ലനെ ബലിയാടാക്കി കുരുതിച്ചോര തര്‍പ്പണം ചെയ്തെടുക്കണമെന്നാണ് സര്‍ക്കാറിന്‍െറ ആഗ്രഹം.

ഇടത് അനുഭാവിയായാണ് പുറത്തറിയപ്പെടുന്നത്. ചക്കിട്ടപാറയിലെ ഇരുമ്പയിര് ഖനന ഇടപാടില്‍ മുന്‍മന്ത്രി എളമരം കരീം അഞ്ചുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ തെളിവില്ളെന്നുപറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയ ആളാണ്. കൈക്കൂലി ആരോപണം രാഷ്ട്രീയപ്രേരിതമാണെന്ന സുകേശന്‍െറ റിപ്പോര്‍ട്ട് വിജിലന്‍സ് ശരിവെക്കുകയായിരുന്നു. ബാര്‍കോഴ അന്വേഷണത്തിനിടെ മാണിക്കെതിരെ വന്ന മൊഴികള്‍ തല്‍ക്ഷണം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തതും ഈ അനുഭാവത്തിന്‍െറ സൂചനയാണെന്ന് കരുതുന്നവരുണ്ട്. മാണിക്കെതിരെ തെളിവുനല്‍കാന്‍ സുകേശന്‍ സാക്ഷികളോട് ആവശ്യപ്പെട്ട രീതിയിലുമുണ്ട് ഭരണകക്ഷിയോടുള്ള എതിര്‍പ്പ്. ‘കേസന്വേഷണം പൂര്‍ത്തിയാക്കുമ്പോള്‍ എന്‍െറ പേര് ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടും; എന്നോട് സഹകരിച്ചാല്‍ നിങ്ങളുടേതും’. അന്വേഷണത്തിന്‍െറ കാര്യത്തില്‍ ചില ദുര്‍വാശികള്‍ കാണിച്ചിട്ടുണ്ട്. പ്രതികളുടെയും വാദികളുടെയും മൊഴിയെടുക്കാന്‍ തനിച്ചാണ് പോയിരുന്നത്.

മാണിക്ക് ക്ളീന്‍ചിറ്റ് നല്‍കിയ സുകേശന് സര്‍ക്കാര്‍ പ്രത്യുപകാരം നല്‍കിയ കാര്യം ദോഷൈകദൃക്കുകളായ പത്രക്കാര്‍ കണ്ടത്തെിയിട്ടുണ്ട്. ഭാര്യ എസ്. സുമത്തിന് ഒന്നാം ഗ്രേഡ് വില്ളേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തസ്തികയില്‍നിന്ന് വനിതാക്ഷേമ എക്സ്റ്റന്‍ഷന്‍ ഓഫിസറായി സ്ഥാനക്കയറ്റം നല്‍കി. തൊട്ടുപിന്നാലെ വീടിനടുത്തുള്ള സ്ഥലമായ പോത്തന്‍കോട്ടേക്ക് പ്രത്യേക ഉത്തരവുപ്രകാരം സ്ഥലംമാറ്റിക്കൊടുക്കുകയും ചെയ്തു. അതും 2015 ജൂണ്‍ ഒന്നിന് അരുവിക്കര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരുന്ന സമയത്ത്. ഉപകാരസ്മരണ പ്രകടിപ്പിക്കാന്‍ പുറത്തിറക്കിയത് അസാധാരണമായ ഉത്തരവ്. പോത്തന്‍കോട് വനിതാക്ഷേമ എക്സ്റ്റന്‍ഷന്‍ ഓഫിസറായിരുന്ന എം.കെ. നാദിറയെ വെള്ളനാട്ട് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറാക്കി മാറ്റിയാണ് സുമത്തിന് നാട്ടിലേക്ക് സ്ഥലംമാറ്റം നല്‍കിയത്.

സുകേശനെതിരെ ഒരു വര്‍ഷം മുമ്പുതന്നെ ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് കൊടുത്തിരുന്നു. സുകേശന് ബിജു രമേശുമായി ബന്ധമുണ്ടെന്നു കാണിക്കുന്ന മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് ഒരു വര്‍ഷത്തോളം പൂഴ്ത്തിവെക്കപ്പെട്ടത്. മാണി രാജിവെക്കുംവരെ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ഇപ്പോള്‍ പൊടിതട്ടിയെടുത്തതിന് പിന്നില്‍ ഒരു കാരണമുണ്ട്. ആഭ്യന്തരമന്ത്രിക്കും അതേ ഗ്രൂപ്പുകാരനായ ആരോഗ്യമന്ത്രിക്കുമെതിരെ കോഴയാരോപണം ഉന്നയിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ സുകേശന്‍െറ അന്വേഷണത്തിന്‍െറ വിശ്വാസ്യതയെയും സാധുതയെയും ചോദ്യംചെയ്യേണ്ടത് ആഭ്യന്തരവകുപ്പിന്‍െറ ആവശ്യമാണ്.  ഈ റിപ്പോര്‍ട്ടുംകൂടിയാവുമ്പോള്‍ സുകേശനെതിരായ കേസുകളുടെ ഭാരം കൂടുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.