ഗ്രേസ്മാര്‍ക്ക്: മന്ത്രിയുടെ നീക്കം കാലോചിതം

ഗ്രേസ്മാര്‍ക്കിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രിയുടെ വിമര്‍ശവും പുതിയ നിര്‍ദേശവും കാലികപ്രസക്തിയുള്ളതും തുറന്ന ചര്‍ച്ച ആവശ്യപ്പെടുന്നതുമാണ്. കേന്ദ്രസര്‍ക്കാര്‍ സ്കീമായി സംസ്ഥാനങ്ങളുടെ സഹകരണത്തോടെ തുടങ്ങിയ എന്‍.സി.സിയിലെ കാഡറ്റുകള്‍ക്കും നാഷനല്‍ സര്‍വിസ് സ്കീം വളന്‍റിയര്‍മാര്‍ക്കും ഗ്രേസ്മാര്‍ക്ക് ഏര്‍പ്പെടുത്തപ്പെട്ടു. സ്കൗട്ട് ആന്‍ഡ് ഗൈഡ്സിനും കുട്ടി പൊലീസിനും ശാസ്ത്ര/കലാ/സാഹിത്യ പ്രതിഭകള്‍ക്കും സ്പോര്‍ട്സ് താരങ്ങള്‍ക്കും സംരംഭകര്‍ക്കും എന്തിനേറെ ഫിസിക്കല്‍ ഫിറ്റ്നസിന്‍െറ പേരില്‍പോലും ‘മാര്‍ക്ക്ദാനം’ സമ്പ്രദായമായി. നാളെ ‘യോഗ’ ചെയ്യുന്നവര്‍ക്കുവരെ ഗ്രേസ്മാര്‍ക്ക് എന്ന നിയമംവന്നാല്‍ അത് നമ്മുടെയൊക്കെ ‘ഒരു യോഗം’ എന്നല്ലാതെ മറ്റെന്തുപറയാന്‍. അര്‍ഹതകള്‍ തീര്‍ച്ചയായും അംഗീകരിക്കപ്പെടണം. അവ തരപ്പെടുത്തലായി തരംതാഴ്ന്നു കൂടാ.

വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാര്‍ക്കുകള്‍ക്കും ഗ്രേഡുകള്‍ക്കും വന്‍ വിലയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയോ പ്രസിഡന്‍േറാ വിചാരിച്ചാലും കാല്‍ മാര്‍ക്കുപോലും വെറുതെ കൊടുക്കാനാവില്ല. കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് ഐകകണ്ഠ്യേന മെഡിക്കല്‍ പ്രവേശവുമായി ബന്ധപ്പെട്ട് രണ്ടുമൂന്നു വിദ്യാര്‍ഥികള്‍ക്ക് മൂന്നു മാര്‍ക്ക് കൂട്ടിനല്‍കാന്‍ തീരുമാനിച്ചത് നാളുകള്‍ക്കുമുമ്പ് വിവാദമായിരുന്നു.

ഗ്രേസ്മാര്‍ക്ക് ഒരാനുകൂല്യവും പേര് സൂചിപ്പിക്കുന്നതുപോലെ അനുഗ്രഹവുമാണ്. സേവനം ചെയ്യുന്നവര്‍ക്കും പ്രതിഭകള്‍ക്കും അവരുടെ അധ്യയനദിനങ്ങള്‍, ട്രെയ്നിങ്ങിനും കോച്ചിങ്ങിനും ക്യാമ്പുകള്‍ക്കുംവേണ്ടി നഷ്ടപ്പെടുമെന്നും അതുകൊണ്ട് അവര്‍ അക്കാദമിക കാര്യത്തില്‍ പിന്നിലാകാനിടയുണ്ടെന്നും മനസ്സിലാക്കി അത്തരക്കാര്‍ക്കുള്ള ആനുകൂല്യമായാണ് ഗ്രേസ്മാര്‍ക്ക്/ഗ്രേസ് രീതിക്ക് തുടക്കമിട്ടത്. സ്വാഭാവികമായും ജയത്തിന്‍െറ വക്കിലത്തെി തോറ്റുനില്‍ക്കുന്നവര്‍ക്ക് അത് അനുഗ്രഹമായിരുന്നു. കാണാക്കാണെയാണ് ഈ ആനുകൂല്യത്തിന്‍െറ നിറവും ഗുണവും മാറുന്നത്. അത്തരക്കാരുടെ എണ്ണവും വണ്ണവും കൂടിക്കൂടിവന്നു. എസ്.സിയുടെയും ഒ.ബി.സിയുടെയും പട്ടിക വികസിപ്പിച്ചതുപോലെ ,
എന്‍.സി.സിയും സ്കൗട്ടും ഗെയിംസും ഒക്കെ വിട്ട് ഇന്ന് ‘ഓരോ കലാലയത്തിന്‍െറയും ഏതാണ്ടെല്ലാ വിദ്യാര്‍ഥികള്‍ക്കും വ്യത്യസ്ത ബ്രാന്‍ഡുകളില്‍ ഗ്രേസ്മാര്‍ക്ക് നല്‍കുകയെന്നായിരിക്കുന്നു സ്ഥിതി’.

ഫുള്‍ എ പ്ളസ് നേടുന്ന സ്കൂളുകളുടെയും കുട്ടികളുടെയും കണക്കെടുത്താല്‍ മന്ത്രിയുടെ നിരീക്ഷണത്തിന്‍െറയും തീരുമാനത്തിന്‍െറയും പ്രസക്തി മനസ്സിലാകും. ആരെയും പ്രകോപിപ്പിക്കുവാനോ ഗ്രേസ് മാര്‍ക്ക് നേടുന്നവരെ തരംതാഴ്ത്തുവാനോ അല്ല ഉദ്ദേശ്യം. അതേസമയം, നമ്മുടെ കലോത്സവങ്ങളും അത്ലറ്റിക് മീറ്റുകളും ഇത്രക്ക് രണോത്സുകമാകുന്നതിലും മാതാപിതാക്കളുടെ കൂട്ട തല്ലിലുമൊക്കെ എത്തുന്നതിലും ഗ്രേസ്മാര്‍ക്കിന് വലിയ പങ്കുണ്ടെന്നു തീര്‍ച്ച. നാഷനല്‍ സര്‍വിസ്  സ്കീമിന്‍െറ ‘സെല്‍ഫ് ഫിനാന്‍സിങ്’ യൂനിറ്റ് തുടങ്ങാന്‍ ‘വന്‍ ക്യൂ’ അനുഭവപ്പെടുന്നതിന്‍െറ കാരണം രാഷ്ട്ര സേവന ത്വരയല്ളെന്നു മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധിമാത്രം മതി. സ്കൗട്ട് ആന്‍ഡ് ഗൈഡ്സും കുട്ടിപ്പൊലീസും റെഡ്ക്രോസുമൊക്കെ സര്‍ക്കാര്‍ സ്ഥാപനങ്ങളേക്കാള്‍ പ്രൈവറ്റ് സ്ഥാപനങ്ങളില്‍ പടര്‍ന്നുപിടിക്കുന്നതും ഗ്രേസ്മാര്‍ക്കിന്‍െറ മോഹവലയത്തിലാണത്രെ. ഗ്രേസ്മാര്‍ക്ക് പോലെയല്ളെങ്കിലും സമാനമായ മറ്റൊരാനുകൂല്യമാണ് ‘വെയ്റ്റേജ്’. വെയ്റ്റേജ്, ജയിച്ച വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠന പ്രവേശത്തില്‍ കിട്ടുന്ന ആനുകൂല്യമാണെന്നുമാത്രം. ഗ്രേസ്മാര്‍ക്ക്/ഗ്രേസ് അക്കാദമിക നിലവാരത്തില്‍ വെള്ളം ചേര്‍ക്കുന്ന ഇടപാടാണെന്നതില്‍ കഴമ്പില്ലാതില്ല. തോറ്റ ഒരു വിദ്യാര്‍ഥി 30, 40 മാര്‍ക്ക് വരെ ഗ്രേസ്മാര്‍ക്ക് കിട്ടി ജയിക്കുമ്പോള്‍ മറ്റൊരു വിദ്യാര്‍ഥി അതേ ആനുകൂല്യം നേടി ഫുള്‍ എ പ്ളസോ മറ്റു ഗ്രേസ് മാറ്റങ്ങളോ നേടുമ്പോള്‍ പഠിച്ച് മാര്‍ക്ക്/ഗ്രേസ് നേടുന്നവന്‍െറ ‘അവകാശത്തെയും അധ്വാനത്തെയും അറിയാതെ അവമതിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യത്തിനുനേരെയും കണ്ണടക്കാനാവില്ല.

മറ്റൊരു കാര്യംകൂടി പറഞ്ഞുവെക്കട്ടെ, ചിലപ്പോള്‍ ഒരേസമയം, ഗ്രേസ്മാര്‍ക്കിന്‍െറയും ഗ്രേഡിന്‍െറയും വെയ്റ്റേജിന്‍െറയും ഇരട്ട ആനുകൂല്യം ലഭിക്കുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. പഠനത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നവരെ അവഗണിക്കുന്നതിനു തുല്യമാണിത്. ഗ്രേസ്മാര്‍ക്ക് കിട്ടിയാലെ ഇതൊക്കെ ആകാവൂവെന്ന മനസ്സാണ് മാറേണ്ടത്. രണ്ടു കാരണങ്ങളാല്‍ ഗ്രേസ്മാര്‍ക്ക് നിര്‍ത്തുന്നതിന് പ്രസക്തിയേറെയാണ്. ഒന്ന്, ഇന്ന് ജയിക്കാനല്ല തോല്‍ക്കാനാണ് ബുദ്ധിമുട്ട്. അതിനാല്‍ ‘വിജയ’ത്തിനുവേണ്ടിയുള്ള ഗ്രേസ്മാര്‍ക്ക് അപ്രസക്തം. രണ്ട്, അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് ആനുകൂല്യങ്ങള്‍ നല്‍കപ്പെടാറുള്ളത്. ‘എല്ലാവര്‍ക്കും’ ഗ്രേസ്മാര്‍ക്ക് എന്ന ഉദാരനിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുമ്പോള്‍ അതിന്‍െറ ആവശ്യം സ്വയമേവ ഇല്ലാതായിത്തീരുന്നു. അതിനാല്‍ ‘ഗ്രേസ്മാര്‍ക്കിന്‍െറ കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ നിരീക്ഷണവും തീരുമാനവും കാലോചിതംമാത്രം. വര്‍ഷങ്ങളായി അനുഭവിക്കുന്ന ‘ഒരാനുകൂല്യം’ ഇല്ലാതാക്കണമോ എന്നതാണ് പ്രശ്നം. അത് തീരുമാനിക്കേണ്ടത് അധികാരികളാണ്. പക്ഷേ, ആ തീരുമാനം സാമൂഹിക രാഷ്ട്രീയ അക്കാദമിക യാഥാര്‍ഥ്യങ്ങളെ പരിഗണിക്കുന്നതായിരിക്കണമെന്ന് മാത്രം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.