ജാതി ചോദിക്കുന്നു ഞാന്‍ സോദരീ...

അങ്ങകലെ റിയോയില്‍ ബാഡ്മിന്‍റണ്‍ താരം പി.വി. സിന്ധു സ്വര്‍ണത്തിളക്കമുള്ള  വെള്ളി നേടിയപ്പോള്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളും ആഹ്ളാദം കൊണ്ട് ആനന്ദനൃത്തമാടി എന്നാണോ നിങ്ങള്‍ വിചാരിച്ചത്? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അവര്‍ക്ക് പണവും ഫ്ളാറ്റും കാറുകളും വാഗ്ദാനം ചെയ്തപ്പോഴും മറ്റൊന്ന് അധികമാരും അറിയാതെ പോയി. 2016 ആഗസ്റ്റ് 20ന് ഗൂഗ്ളില്‍  ഇന്ത്യയില്‍നിന്ന് പലരും തിരക്കിയത് സിന്ധുവിന്‍െറ ജാതിയായിരുന്നു. ആന്ധ്രയില്‍നിന്നും തെലങ്കാനയില്‍നിന്നും ഹരിയാനയില്‍നിന്നുമായിരുന്നു തിരക്കിയവരില്‍ വലിയ ശതമാനം. അതിന് തൊട്ടുമുമ്പ് മെഡല്‍ നേടിയ സാക്ഷി മാലികിന്‍െറയും ജാതി തിരക്കിയിരുന്നുവത്രെ.  സാക്ഷിയുടെ ജാതി അറിയേണ്ടവരിലേറെയും രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലുള്ളവരായിരുന്നു.

ജാതി ചോദിക്കുന്നു ഞാന്‍ സോദരീ എന്ന് കവി മാറ്റി പാടട്ടേ. ജാതിയറിഞ്ഞിട്ടുവേണം സന്തോഷിക്കണോ ദു$ഖിക്കണോ എന്ന് തീരുമാനിക്കാന്‍. പുരോഗമനവും ജാതി ഉന്മൂലനവും നമുക്ക് മൈക്കിനു മുന്നില്‍ ഛര്‍ദിക്കാനുള്ള വിഷയങ്ങള്‍മാത്രം. സൂക്ഷിച്ചു നോക്കൂ. കുടുമയും പൂണൂലും ഇപ്പോഴും നമ്മുടെ ഉള്ളില്‍തന്നെയുണ്ട്. ജാതിമാറി കല്യാണം കഴിച്ചാല്‍ അഭിമാനക്കൊല. മതം മാറി കല്യാണം കഴിച്ചാല്‍ ലവ് ജിഹാദ്. താണ ജാതിക്കാരന്‍ അടുത്തൂണ്‍ പറ്റിയാലും അവന്‍െറ കസേരയില്‍ ഇരിക്കണമെങ്കില്‍ ചാണകം തളിച്ചു ശുദ്ധീകരിക്കണം. ജാതി ഇവിടെ ഒരു സത്യമാണ്.

പഴയ സര്‍ക്കാര്‍ സ്കൂളിലെ പൊടിപിടിച്ച ബെഞ്ചിലിരുന്ന് കളിച്ചു തിമിര്‍ത്താടിയ ഉണ്ണിയും രമേഷും വിനോദും ഗോവിന്ദനും ഇപ്പോഴും ഒന്നിച്ചു കൂടുമ്പോള്‍ പഴയ കാര്യങ്ങളൊക്കെ പറയാറുണ്ട്. ഫേസ്ബുക്കില്‍ അവരുടെ പേരുകള്‍ മാറിയിട്ടുണ്ട്. ഉണ്ണി നമ്പൂതിരിയും രമേഷ് നായരും വിനോദ് കുറുപ്പും ഗോവിന്ദ പിഷാരടിയും പണ്ടത്തെ കാര്യങ്ങള്‍ അയവിറക്കാറുണ്ട്, നവ മാധ്യമത്തിലൂടെ. അവരുടെ ചെറുപ്പം ചെറുതായിട്ടേയില്ല. അവര്‍ പണ്ട് അഴിച്ചിട്ടുപേക്ഷിച്ച ജാതിയുടെ വസ്ത്രങ്ങള്‍ അവര്‍ വീണ്ടും എടുത്തണിഞ്ഞിട്ടേയുള്ളൂ.

സ്കൂളില്‍ ചേരുമ്പോള്‍ മാത്രമല്ല ജീവിതത്തിലെ സകല നിമിഷങ്ങളിലും നിങ്ങളുടെ ജാതി അടയാളപ്പെടുത്തിയ കോളം സൂം ചെയ്ത് വലുതാക്കി എല്ലാരും കാണാന്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടേയിരിക്കുക. ആധാറിനേക്കാള്‍ പ്രധാനമാണ് ഓരോ ഇന്ത്യക്കാരനും/ഇന്ത്യക്കാരിക്കും അത് എന്നതാണ് നേര്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.