അഴിമതി @ 24 ഫ്രെയിംസ്

ചലച്ചിത്രമേഖലയുടെ സമഗ്രവികസനവും ബൗദ്ധിക- സാങ്കേതിക മേഖലകളിലെ വളര്‍ച്ചയും ലക്ഷ്യമാക്കിയാണ് 1998 ജൂണില്‍ സാംസ്കാരികവകുപ്പിന് കീഴില്‍ ചലച്ചിത്ര അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാല്‍, അക്കാദമിക്ക് 18 വയസ്സാകുമ്പോള്‍ അഴിമതിയും കെടുകാര്യസ്ഥതയും രാഷ്ട്രീയവും 24 ഫ്രയിമിലും നിറഞ്ഞുകളിക്കുകയാണ്. കാഴ്ചയുടെ പുതിയ സംസ്കാരമാണ്  കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) മലയാളിക്ക് നല്‍കിയത്. എന്നാല്‍, അത് മലയാള സിനിമക്ക്  ഗുണപരമായ എന്ത് സംഭാവന നല്‍കി എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. കലാമൂല്യമുള്ള മലയാളസിനിമകളുടെ നിര്‍മാണത്തിനും  പ്രോത്സാഹനത്തിനും അന്തര്‍ദേശീയ വിപണിസാധ്യതകള്‍ക്കും ചലച്ചിത്രമേള എത്രമാത്രം സഹായിച്ചിട്ടുണ്ട്? നിരാശജനകമായിരിക്കും ഉത്തരം.

തദ്ദേശീയ സിനിമകളുടെ വിപണനത്തിന് ഫിലിം മാര്‍ക്കറ്റ് എന്ന സംവിധാനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ചലച്ചിത്രമേളയെന്നാല്‍ സിനിമ കാണുക, കാണിക്കുക, പുരസ്കാരങ്ങള്‍ നല്‍കുക എന്ന ഫോര്‍മാറ്റിലേക്ക് മാറിയിട്ട് കാലമേറെയായി.  ഒരു വിദേശ പ്രതിനിധിപോലും  നാളിതുവരെ ഒരൊറ്റ മലയാളം ചിത്രം പോലും ഇവിടെനിന്ന് അവരുടെ നാടുകളിലേക്ക് കൊണ്ടുപോയിട്ടില്ല. കഴിഞ്ഞവര്‍ഷം സുവര്‍ണ ചകോരം നേടിയ ജയരാജിന്‍െറ ‘ഒറ്റാലി’നുപോലും അവര്‍ വേദി നല്‍കിയില്ല. കോടികള്‍ മറിയുമ്പോഴും 18 വര്‍ഷമായി സ്വന്തമായി കെട്ടിടം അക്കാദമിക്ക് ഇല്ല. തിരുവനന്തപുരം ശാസ്തമംഗലത്തെ ഒരു വീട്ടില്‍ 42,000രൂപ വാടകക്കാണ് മലയാള സിനിമയും അതിന്‍െറ ഭാവിയും അതിന് ചുക്കാന്‍ പിടിക്കുന്നവരും ഉരുണ്ടുകളിക്കുന്നത്.

അക്കാദമിയെ പുറത്താക്കി കലാഭവന്‍ തിയറ്ററിന്‍െറ ഒരു ഭാഗം സ്വകാര്യ കോഴിക്കടക്ക് വാടകക്ക് നല്‍കി അന്നത്തെ സിനിമാമന്ത്രി ഗണേഷ്കുമാര്‍തന്നെ തന്‍െറ സിനിമാപ്രേമം തെളിയിച്ചു. ഇതിനായി താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സെന്‍സര്‍ ബോര്‍ഡിനെ ചിത്രാഞ്ജലിയിലേക്കും പറിച്ചുനട്ടു. ഇതിനെതിരെ പ്രതിഷേധമുയര്‍ത്തിയവരോട് ഗണേഷ്കുമാര്‍ പറഞ്ഞത് ചലച്ചിത്ര അക്കാദമി തരുന്നതിനെക്കാള്‍ നല്ല വാടക കോഴിക്കടക്കാര്‍ തരുമെന്നായിരുന്നു. സിനിമാ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും മികച്ച ദൃശ്യ-ശ്രാവ്യ ലൈബ്രറി  സിനിമയെ സ്നേഹിക്കുന്ന ആരുടെയും സ്വപ്നമാണ്. 3000ത്തോളം സിനിമാ പുസ്തകങ്ങളും 6000ത്തോളം സിനിമ ക്ളാസിക്കുകളുടെ ഡി.വി.ഡിയും നൂറോളം സിനിമാ ഗവേഷണ പ്രബന്ധങ്ങളുമടക്കം വിപുലമായ ലൈബ്രറിയാണ് അക്കാദമിക്കുള്ളത്. മിനി തിയറ്ററും ലൈബ്രറിയിലുണ്ട്. ആദ്യഘട്ടത്തില്‍ മൂന്നുപേര്‍ക്ക് ഒരു സിനിമ കാണുന്നതിന് 90 രൂപയായിരുന്നെങ്കില്‍ പിന്നീട് അക്കാദമി ഈ പാക്കേജ് വേണ്ടെന്നുവെക്കുകയും പകരം അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഒരു സിനിമ കാണുന്നതിന് 1000 മുതല്‍ 2000 രൂപവരെയാക്കുകയും ചെയ്തു. ഇതോടെ ഒരാള്‍പോലും ലൈബ്രറിയിലേക്ക്  തിരിഞ്ഞുനോക്കാതെയായി. ഇപ്പോള്‍ ലക്ഷങ്ങള്‍ പൊടിച്ച് നിര്‍മിച്ച തിയറ്ററില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ 10 താഴെ പേര്‍ മാത്രമേ സിനിമ കാണാന്‍ എത്തിയിട്ടുള്ളൂ.

നേരത്തെ ശാസ്തമംഗലത്തെ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ലൈബ്രറി 2014 ഏപ്രിലില്‍, ഒരു സുപ്രഭാതത്തില്‍ പനവിളയിലെ  മൂന്ന് നില കെട്ടിടത്തിലേക്ക് മാറ്റി. അതും മാസം 65,000 രൂപ വാടകയില്‍. ഇതിനെതിരെ അന്നത്തെ ജനറല്‍ കൗണ്‍സില്‍ തന്നെ അഴിമതി ആരോപണമുയര്‍ന്നിരുന്നു. കമല്‍ അക്കാദമി ചെയര്‍മാനായതോടെ ലൈബ്രറി വീണ്ടും അക്കാദമി ഓഫീസിലേക്കുമാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാന ചലച്ചിത്ര -ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയ സമയം അക്കാദമിയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് ചാകരക്കാലമാണ്. എന്‍ട്രികള്‍ ക്ഷണിക്കുന്നതു മുതലേ ലേലം വിളി തുടങ്ങും. ലേലം വിളികള്‍ നീളുമ്പോഴാണ് 2014ലേത് 2015ലും 2015ലേത് 2016ലും പ്രഖ്യാപിക്കേണ്ട അവസ്ഥ വരുന്നത്.

2015ലെ ചലച്ചിത്ര -ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തിനെതിരെയും വ്യാപക കോഴ ആരോപണം ഉയര്‍ന്നിരുന്നു. അന്നത്തെ അക്കാദമി ഭരണസമിതി അംഗമായിരുന്ന നടന് അവാര്‍ഡ് നല്‍കാനായി പ്രമുഖ നടന്മാരെ വെട്ടിയൊതുക്കിയെന്നായിരുന്നു ആക്ഷേപം.
നടന്‍ ജയസൂര്യയെ  ജൂറി പരാമര്‍ശത്തില്‍ ഒതുക്കിയതും കള്ളക്കളികളിലെ ഒരു ഭാഗം മാത്രമാണ്. ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയത്തില്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ മാന്വല്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും  ഈ മാന്വലില്‍ പോലും ഇല്ലാത്ത വിഭാഗങ്ങള്‍ സൃഷ്ടിച്ചാണ് ഇത്തവണ ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.
അഞ്ചുവര്‍ഷത്തിനിടിയില്‍ ചലച്ചിത്ര അക്കാദമിയില്‍ നടന്ന നിയമനങ്ങള്‍ സംബന്ധിച്ച തര്‍ക്കം ഹൈകോടതി പരിഗണനയിലാണ്.  ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) ജയന്തി നരേന്ദ്രനാഥിന്‍െറ നിയമന വിവാദം തെല്ളൊന്നുമല്ല അക്കാദമിയെ ഉലച്ചത്. തര്‍ക്കം ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

2012ല്‍ കരാറടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച ജയന്തിക്ക് ഈ സ്ഥാനത്തേക്ക് മതിയായ യോഗ്യതയില്ളെന്നുകണ്ട് സാംസ്കാരിക വകുപ്പ് മൂന്നുതവണ ഇവരെ പുറത്താക്കാന്‍ ഉത്തരവിട്ടെങ്കിലും മുന്‍ ചെയര്‍മാനടക്കമുള്ളവരുടെ ഒത്താശയോടെ ഇവര്‍ തുടരുകയായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് ഇവരുടെ കരാര്‍ അവസാനിപ്പിച്ചത്.

ചലച്ചിത്ര വികസനം നടക്കും, ഇരിക്കേണ്ടവര്‍ ഇരുന്നാല്‍

മലയാള സിനിമയെ കോടമ്പാക്കത്തുനിന്ന് തിരികെ കൊണ്ടുവരാനാണ് 1975ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ രൂപവത്കൃതമാകുന്നത്. സിനിമാരംഗത്തെ സാമൂഹികവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുന്നതില്‍ നിര്‍ണായക പ്രേരകശക്തിയാകാന്‍ ഈ പ്രസ്ഥാനത്തിന് കഴിഞ്ഞു. വ്യവസായം എന്നതിനപ്പുറം കലാമൂല്യമുള്ള സര്‍ഗസൃഷ്ടിയായി സിനിമയെ വളര്‍ത്തിയെടുക്കുന്നതില്‍ കെ.എസ്.എഫ്.ഡി.സി നടത്തിയ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു. എന്നാല്‍, ഭൗതിക-സാങ്കേതിക വിപ്ളവങ്ങള്‍ക്കുനേരെ സര്‍ക്കാറുകളും കെ.എസ്.എഫ്.ഡി.സിയിലത്തെിയ രാഷ്ട്രീയ കപ്പിത്താന്മാരും മുഖംതിരിച്ചതോടെ സ്റ്റുഡിയോയുടെ പ്രൗഢി ഫ്ളാഷ്ബാക് ആയി മാറി. കാലപ്പഴക്കം ചെന്ന സാങ്കേതികവിദ്യയും കണ്ടുപഴകിച്ച സെറ്റും സംവിധായകരും നിര്‍മാതാക്കളും കൈവിട്ടു. സാമ്പത്തിക ബാധ്യത ലക്ഷങ്ങളില്‍നിന്ന് കോടികളായി. ജീവനക്കാരുടെ ശമ്പളവും അലവന്‍സും കൊടുക്കാനില്ലാതെ സ്റ്റുഡിയോതന്നെ അടച്ചിടേണ്ട അവസ്ഥയില്‍ നിന്നാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ചിത്രാഞ്ജലിയെ ഫിലിം സിറ്റിയാക്കുമെന്ന് പ്രഖ്യാപിച്ച് ജീവവായു നല്‍കുന്നത്.

ഇതിന്‍െറ ആദ്യപടിയായി അഞ്ചുകോടിയുടെ വികസന പ്രവര്‍ത്തനങ്ങളും നടത്തി സ്റ്റുഡിയോ നവീകരിച്ചതോടെ ചിത്രാഞ്ജലി തിരിച്ചുവരവിന്‍െറ പാതയിലാണ്. സര്‍ക്കാറുകള്‍ കെ.എസ്.എഫ്.ഡി.സി കസേരക്ക് രാഷ്ട്രീയ നിറം നല്‍കിയപ്പോള്‍ ലാഭക്കണക്ക് കോടികളുടെ നഷ്ടങ്ങളായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. യൂനിയനുകളുടെ അമിത ഇടപെടലും ഭരണസമിതിയിലത്തെിയവരുടെ  വികലമായ കാഴ്ചപ്പാടുകളും മഹത്തായ സ്ഥാപനത്തെ കട്ടപ്പുറത്താക്കി. ആന്ധ്രപ്രദേശിലെ റാമോജി റാവു ഫിലിം സിറ്റിയെപ്പോലെ ചിത്രാഞ്ജലി സ്റ്റുഡിയോയും വര്‍ഷങ്ങള്‍ക്കുമുമ്പേ ഫിലിം സിറ്റി ആയേനെ. പക്ഷേ, 75 ഏക്കര്‍ വരുന്ന ചിത്രാഞ്ജലിയുടെ 45 ഏക്കറും കാടുകയറിയ നിലയിലാണ്.

10 വര്‍ഷം മുമ്പുവരെ കെ.എസ്.എഫ്.ഡി.സി തിയറ്ററുകളില്‍ ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മൂന്നുകോടിയോളം രൂപയായിരുന്നു ജീവനക്കാരുടെ ശമ്പളകുടിശ്ശിക. തിയറ്റര്‍ നവീകരണത്തിന്‍െറ പേരില്‍ ഹഡ്കോയില്‍നിന്നെടുത്ത രണ്ടരകോടി പലിശയടക്കം  ഒമ്പതര കോടിയായും വളര്‍ന്നിരുന്നു. ജീവനക്കാര്‍ക്ക് 40 ലക്ഷം രൂപ മാസം ശമ്പളമായും നല്‍കണം. ബാധ്യതകളെ വെല്ലുവിളിയായി ഏറ്റെടുക്കാന്‍ അന്നത്തെ സിനിമാ മന്ത്രി ഗണേശ് കുമാര്‍ തയാറായി. സര്‍ക്കാര്‍ തിയറ്ററുകള്‍ നവീകരിച്ചു. തിരുവനന്തപുരം കൈരളി തിയറ്ററിനെ മൂന്നാക്കി. നഷ്ടത്തില്‍ ഓടിക്കൊണ്ടിരുന്ന കലാഭവനെയും നവീകരിച്ചു. ഇതോടെ, സര്‍ക്കാര്‍ തിയറ്ററുകളിലും പുത്തന്‍ പടങ്ങള്‍ റീലിസിനത്തെി.കലാമൂല്യ സിനിമകളെ വാണിജ്യ സിനിമകളുടെ മറവില്‍ തള്ളിക്കളയുന്ന നിലപാടാണ്  കെ.എസ്.എഫ്.ഡി.സി തലപ്പത്തിരുന്ന ചിലര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, റിലീസില്‍ മലയാളം ചിത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയത് രാജ്മോഹന്‍ ഉണ്ണിത്താന്‍ ചെയര്‍മാന്‍ ആയിരുന്ന കാലത്താണ്.

2011ല്‍ 22 ലക്ഷമായിരുന്നു കൈരളി തിയറ്ററിന്‍െറ ലാഭമെങ്കില്‍ 2015ഓടെ അത് ഒന്നര കോടിയോളം രൂപയായി.  2012ല്‍ 7.5 ലക്ഷം നഷ്ടത്തിലോടിയിരുന്ന കലാഭവന്‍ തിയറ്ററില്‍നിന്ന് 2015ല്‍ ലാഭമായി കിട്ടിയത് 46 ലക്ഷം രൂപ. 2013ല്‍ 12 തിയറ്ററുകളില്‍നിന്ന് കെ.എസ്.എഫ്.ഡി.സിയുടെ മൊത്തം വരുമാനം 5.01 കോടിയായിരുന്നെങ്കില്‍ 2015ല്‍ 14 തിയറ്ററുകളില്‍നിന്ന് ലഭിച്ചത് 10.67 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷം സ്ഥാപനത്തിന് തിയറ്റര്‍ വഴിലഭിച്ച ലാഭം മാത്രം അഞ്ചര കോടി രൂപക്കും മുകളിലാണ്.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭപ്പട്ടികയില്‍  2010-11 കണക്കുപ്രകാരം 76ാം സ്ഥാനമായിരുന്നു കെ.എസ്.എഫ്.ഡി.സിയുടേത്. 2013-14ല്‍ 29ാം സ്ഥാനത്തായി. 2010, 11, 12 വര്‍ഷങ്ങളില്‍ 30 സിനിമകളാണ് ചിത്രാഞ്ജലിയുടെ പാക്കേജില്‍ ചെയ്തതെങ്കില്‍ 2014-15ല്‍  56ഉം  2015 ഏപ്രില്‍ 10 മുതല്‍ 2016 മാര്‍ച്ച് 11 വരെ 62 സിനിമകളുമാണ് ചിത്രാഞ്ജലിയില്‍ നിര്‍മിച്ചത്. 1980ലാണ് തിരുവല്ലത്ത് 75 ഏക്കറില്‍ ചിത്രാഞ്ജലി സ്ഥാപിച്ചത്. മുന്‍ ഭരണസമിതികള്‍ പലതും ചിത്രാഞ്ജലിയെ മിനി ഫിലിംസിറ്റി ആക്കുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും രാജ്മോഹന്‍ ഉണ്ണിത്താന്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ആയിരുന്ന കാലത്താണ് അന്തിമരൂപരേഖ സര്‍ക്കാറിന് സമര്‍പ്പിച്ചത്.   ചിത്രാഞ്ജലിയെ ലോകനിലവാരത്തിലുള്ള മീഡിയ സിറ്റിയായി ഉയര്‍ത്താന്‍ സന്നദ്ധത അറിയിച്ച് വിദേശ കമ്പനികളും രംഗത്തത്തെിയിട്ടുണ്ട്. 3350 കോടിയുടെ പദ്ധതികളാണ് വിദേശ കമ്പനികള്‍ സമര്‍പ്പിച്ചത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ചിത്രാഞ്ജലിയെ മിനി ഫിലിം സിറ്റിയാക്കുമെന്ന നിലപാടിലാണ് എല്‍.ഡി.എഫ് സര്‍ക്കാറും.
(അവസാനിച്ചു)

പരമ്പര തയാറാക്കിയത്: കെ. പരമേശ്വരന്‍, ആര്‍. സുനില്‍, വൈ. ബഷീര്‍, അനിരു അശോകന്‍, ജമാല്‍ ചേന്നര, അബ്ദുല്‍ റഊഫ്

സങ്കലനം: കെ. കണ്ണന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.