മുലപ്പാല്‍ കുഞ്ഞിന്‍െറ ജന്മാവകാശം

എല്ലാവര്‍ഷവും ആഗസ്റ്റ് ഒന്നുമുതല്‍ ഒരാഴ്ച ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. ‘മുലയൂട്ടല്‍ കുട്ടിയുടെ ശാരീരിക-മാനസിക ആരോഗ്യം നിലനിര്‍ത്താന്‍’ എന്നതാണ് ഇക്കൊല്ലത്തെ പ്രമേയവാക്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുലയൂട്ടുന്ന അമ്മമാരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്ന് കാണുന്നു. അതുപോലെതന്നെ അധികകാലം (ഒന്ന്/ഒന്നര വയസ്സുവരെ) മുലയൂട്ടുന്ന അമ്മമാരുടെ എണ്ണവും കുറഞ്ഞുവരുന്നു. ആറുമാസം വരെയുള്ള കുട്ടികള്‍ക്കുള്ള സമ്പൂര്‍ണ ആഹാരമാണ് മുലപ്പാല്‍. ആറുമാസം വരെ മുലപ്പാലിന് പുറമെ വേറെയൊന്നും കൊടുക്കണ്ട എന്നര്‍ഥം.

ഓരോ മൃഗത്തിന്‍െറയും മുലപ്പാല്‍ അതിന്‍െറ കുട്ടിക്ക് അനുയോജ്യമായതാണ്. പശുക്കുട്ടിക്ക് പശുവിന്‍ പാല്‍, മനുഷ്യക്കുട്ടിക്ക് അമ്മയുടെ പാല്‍. അതുപോലെ  പ്രായംകുറവായ കുട്ടിക്ക്  അനുയോജ്യമായ പാലാണ് അതിന്‍െറ അമ്മക്ക് ഉണ്ടാവുക. പല അവസരങ്ങളിലും അമ്മമാര്‍ അവരുടെ പാലിന് കട്ടിക്കുറവ്, കട്ടിക്കൂടുതല്‍ എന്നൊക്കെയുള്ള സംശയം ഉന്നയിക്കാറുണ്ട്. ഇതില്‍ വാസ്തവമില്ല.
പ്രസവിച്ചയുടനെതന്നെ മുലയൂട്ടാം. ഇത് സിസേറിയനാണെങ്കില്‍ ഒന്നര-രണ്ട് മണിക്കൂറിനുള്ളില്‍ കൊടുക്കാം. പ്രസവിച്ചയുടനെ ഉണ്ടാകുന്ന മഞ്ഞനിറത്തിലുള്ള പാല്‍ (കഞ്ഞിപ്പാല്‍) വളരെയധികം രോഗപ്രതിരോധ പദാര്‍ഥങ്ങളുള്ളതും ഒരിക്കലും പിഴിഞ്ഞ് കളയാന്‍ പാടില്ലാത്തതുമാണ്. കൂട്ടുകുടുംബ വ്യവസ്ഥയുടെ അഭാവം, അമ്മക്ക് ജോലിക്ക് പോകേണ്ട സാഹചര്യം, പാല്‍പ്പൊടികളുടെ അമിതപ്രചാരണം, ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി മുലയൂട്ടലിനെക്കുറിച്ച് തെറ്റായി പഠിക്കുന്ന അമ്മമാര്‍ ഇവയെല്ലാം മുലയൂട്ടലിനെ നിരുത്സാഹപ്പെടുത്തുന്ന കാരണങ്ങളാണ്.
ആറുമാസം കഴിഞ്ഞാല്‍ കുറുക്ക് കൊടുത്തുതുടങ്ങാം. ഒരു കാരണവശാലും കുപ്പിയില്‍ പാലുകൊടുക്കരുത്. കുറുക്കു ഭക്ഷണങ്ങള്‍ ശരിയായ രീതിയിലുണ്ടാക്കണം. അമിതമായി വെള്ളം ചേര്‍ത്തുണ്ടാക്കിയാലത് ഗുരുതര പോഷകാഹാരക്കുറവിന്  കാരണമാകും. മുലയൂട്ടലിന്‍െറ രീതി അമ്മമാര്‍ അവരുടെ അമ്മമാരില്‍ നിന്ന് പഠിക്കണം. മനസ്സിന് സന്തോഷം കിട്ടുന്ന അന്തരീക്ഷത്തില്‍ വേണം മുലയൂട്ടേണ്ടത്.

അമ്മ കുട്ടിയുടെ മുഖത്തുനോക്കി വര്‍ത്തമാനം പറഞ്ഞ്, കാലും ശരീരവും ഇക്കിളിപ്പെടുത്തി കുട്ടിക്ക് ഉത്തേജനം നല്‍കണം. മാനസിക സംഘര്‍ഷം നിറഞ്ഞ ടി.വി സീരിയല്‍ കാണുന്നത് മുലപ്പാലിന്‍െറ അളവിനെ ബാധിക്കാം.  ജോലിക്കുപോകുന്ന അമ്മമാര്‍ കൈയും പാത്രവും നന്നായി കഴുകി പാല്‍ പിഴിഞ്ഞെടുത്താല്‍ സാധാരണ ഊഷ്മാവില്‍ (Room temperature) ആറ്-എട്ട് മണിക്കൂറും ഫ്രിഡ്ജില്‍ 18-24 മണിക്കൂറും മുലപ്പാല്‍ കേടുകൂടാതെ സൂക്ഷിക്കാം. മുലപ്പാല്‍ കൊടുത്തതിനുശേഷം കുട്ടിയെ തോളിലിട്ട് എട്ട്-പത്ത് മിനിറ്റ്  പുറത്തുതട്ടണം (Burping). ഇതു കുട്ടി ഛര്‍ദിക്കുന്നത് തടയും. രാത്രിയിലും മുലയൂട്ടണം. രാത്രിയില്‍ മുലപ്പാല്‍ കൊടുത്ത് പുറത്തുതട്ടാന്‍ മറക്കരുത്.

മുലയൂട്ടുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍

കുഞ്ഞിന്  
ഒരു സമ്പൂര്‍ണ ഭക്ഷണം.
മതിയായ അളവില്‍, ശരിയായ സമയത്ത്, ശരിയായ ഊഷ്മാവില്‍ ലഭിക്കുന്നു.
നന്നായി ദഹിക്കുന്നു.
പരിശുദ്ധമാണ് (കലര്‍പ്പില്ലാത്ത്).
പലതരത്തിലുള്ള രോഗപ്രതിരോധ വസ്തുക്കളും വളര്‍ച്ചക്കു സഹായിക്കുന്ന ഘടകങ്ങളും  അടങ്ങിയതുകൊണ്ട് അണുബാധയില്‍നിന്ന് സംരക്ഷണം ലഭിക്കും.
മാനസികവും ശാരീരികവുമായ വളര്‍ച്ച അധികമായി ഉണ്ടാകുന്നു.
വയറിളക്കം, ചെവിയില്‍ പഴുപ്പ്, മൂത്രത്തില്‍ പഴുപ്പ്, അണുബാധ തുടങ്ങിയവ മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ കുറവാണ്.
പ്രമേഹം, കാന്‍സര്‍, അലര്‍ജിരോഗങ്ങള്‍ (ആസ്ത്മ, തൊലിക്കുള്ള അലര്‍ജി) എന്നിവ വരാനുള്ള സാധ്യതയും കുറവാണ്.

അമ്മക്ക്
കുട്ടിയും അമ്മയും തമ്മിലുള്ള മാനസികബന്ധം ദൃഢമാകുന്നു.
പ്രസവാനന്തരമുള്ള രക്തസ്രാവം കുറയുന്നു.
മുലയൂട്ടുന്ന ആദ്യമാസങ്ങളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറവാണ്.
അമ്മക്ക് ഗര്‍ഭധാരണത്തിന് മുമ്പുള്ള ശരീര പ്രകൃതം തിരിച്ചുകിട്ടുന്നതിന് മുലയൂട്ടല്‍ സഹായിക്കുന്നു.
സ്തനങ്ങള്‍ക്കും അണ്ഡാശയങ്ങള്‍ക്കും ഉണ്ടാകുന്ന അര്‍ബുദത്തില്‍ നിന്ന് ഒരുപരിധിവരെ സംരക്ഷണം നല്‍കുന്നു.
രാത്രിഭക്ഷണം, യാത്രക്കിടയിലുള്ള ഭക്ഷണം തുടങ്ങിയവ എളുപ്പമാക്കുന്നു.
ഓരോ അമ്മയുടെയും കര്‍ത്തവ്യമാണ് കുട്ടിക്ക് മുലപ്പാല്‍ കൊടുക്കുക എന്നത്. മുലപ്പാല്‍ കുഞ്ഞിന്‍െറ ജന്മാവകാശമാണ്. അതു നിഷേധിക്കരുത്. മാനസികമായും ശാരീരികമായും സാമൂഹികമായും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാകട്ടെ നമ്മുടെ കുട്ടികള്‍.

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ശിശുരോഗ വിദഗ്ധനാണ് ലേഖകന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.