കേരളത്തിലെ പ്രഫഷനൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ‘കീം’ (KEAM) അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ച സർക്കാറിന്റെയും പ്രവേശന പരീക്ഷാ കമീഷണറേറ്റിന്റെയും നടപടി വിദ്യാർഥി വിരുദ്ധവും പ്രതിഷേധാർഹവുമാണ്.
ഇത്തവണത്തെ ഫീസ് വർധന കേവലം ചെറിയൊരു മാറ്റമല്ല. എൻജിനീയറിങ് പരീക്ഷാ ഫീസ് 875 രൂപയിൽ നിന്ന് 925 ആയും മെഡിക്കൽ/ആർക്കിടെക്ചർ ഫീസ് 625ൽ നിന്ന് 650 ആയും ഉയർത്തിയിരിക്കുന്നു. എന്നാൽ, ഇതിനേക്കാൾ വലിയ കൊള്ള നടക്കുന്നത് ‘കോംബോ’ പാക്കേജ് നിർത്തലാക്കിയതിലാണ്. കഴിഞ്ഞ വർഷം വരെ എൻജിനീയറിങ്, മെഡിക്കൽ സ്ട്രീമുകളിലേക്ക് ഒരുമിച്ച് അപേക്ഷിക്കുന്നവർക്ക് 1125 രൂപ നൽകിയാൽ മതിയായിരുന്നു. എന്നാൽ, ഇത്തവണ മുതൽ ഈ സൗകര്യം നിർത്തലാക്കി. ഫലത്തിൽ രണ്ടു സ്ട്രീമുകൾക്കും കൂടി അപേക്ഷിക്കുന്ന ഒരു ജനറൽ വിഭാഗം വിദ്യാർഥി 1575 രൂപ നൽകണം. ഇത് ഏകദേശം 40 ശതമാനത്തോളം വർധനവാണ് സൂചിപ്പിക്കുന്നത്.
ഈ വിഷയത്തിലെ ഏറ്റവും വലിയ അനീതി അനുഭവിക്കുന്നത് നീറ്റ് (NEET) പരീക്ഷ മാത്രം എഴുതുന്നവരും ആർക്കിടെക്ചർ (NATA) പഠിക്കാൻ ആഗ്രഹിക്കുന്നവരുമായ വിദ്യാർഥികളാണ്. ഇവർ കേരളത്തിലെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെടാൻ വേണ്ടി മാത്രം ‘കീം’ പോർട്ടൽ വഴി അപേക്ഷിക്കേണ്ടതുണ്ട്. ഇവർ കേരളത്തിന്റെ പ്രവേശന പരീക്ഷ എഴുതുന്നില്ല. കേവലം രജിസ്ട്രേഷൻ നടപടിക്കുവേണ്ടി മാത്രം എൻജിനീയറിങ് വിദ്യാർഥികൾ അടക്കുന്ന അതേ ഫീസിനും മുകളിൽ തുക നൽകേണ്ടി വരുന്നത് ഏത് നീതിയുടെ അടിസ്ഥാനത്തിലാണ്?
പരീക്ഷ എഴുതാത്തവരിൽ നിന്ന് നാമമാത്രമായ പ്രോസസിങ് ഫീ ഈടാക്കുന്നതിനുപകരം മുഴുവൻ തുക തന്നെ വാങ്ങുന്നത് പിടിച്ചുപറിയാണ്. പഴയകാലങ്ങളിൽ വിദ്യാഭ്യാസ രംഗത്തെ ഇത്തരം പകൽക്കൊള്ളകൾക്കെതിരെ കാമ്പസുകൾ ഇളകിമറിയാറുള്ളതായിരുന്നു. എന്നാൽ, ഇന്ന് ഈ ഫീസ് വർധനക്കെതിരെ ശബ്ദമുയർത്താൻ വിദ്യാർഥി സംഘടനകൾ മടികാണിക്കുന്നുവെന്നത് അമ്പരപ്പിക്കുന്നു.
വിദ്യാഭ്യാസം എന്നത് ഒരു കച്ചവടമല്ല, മറിച്ച് ഒരു സമൂഹത്തിന്റെ അവകാശമാണ്. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി പുനർചിന്തനം നടത്തണം. വർധിപ്പിച്ച അപേക്ഷാ ഫീസ് ഉടൻ പിൻവലിക്കാനും, കോംബോ സ്ട്രീമുകൾക്ക് പഴയപടി ഒറ്റ ഫീസ് നിശ്ചയിക്കാനും അധികൃതർ തയാറാകണം. അതോടൊപ്പം, പ്രവേശന പരീക്ഷ എഴുതാതെ കേവലം റാങ്ക് ലിസ്റ്റിൽ മാത്രം ഉൾപ്പെടേണ്ട വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ സൗജന്യമാക്കുകയോ നൂറു രൂപയിൽ താഴെയുള്ള ചെറിയൊരു തുക മാത്രം ഈടാക്കുകയോ ചെയ്തുകൊണ്ട് ഈ ചൂഷണത്തിന് അറുതി വരുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.