പാർട്ടിയോടും പാർട്ടി നേതൃത്വത്തോടും എന്നും അച്ചടക്കത്തോടെ ഇടപെടുകയും ഏൽപ്പിച്ച ഉത്തരവാദിത്തം മികച്ച നിലയിൽ നിർഹിക്കുകയും ചെയ്ത നേതാവായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ്. മുസ്ലിം ലീഗിന്‍റെ ചരിത്രത്തിൽ പുതിയ അധ്യായം തുന്നിച്ചേർത്താണ് എറണാകുളം ജില്ലയിൽ നിന്ന് ദീർഘകാലം ജനപ്രതിനിധിയും മന്ത്രിയുമൊക്കെയായത്. കേരള രാഷ്ട്രീയത്തിൽ എന്നും സ്മരിക്കപ്പെടുന്ന ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിനായി. ‘എഫിഷ്യന്‍റായ മന്ത്രി’ എന്ന് വിശേഷണം പ്രവർത്തക മികവിലൂടെ ഇബ്രാഹിംകുഞ്ഞ് സ്വന്തമാക്കി.
പാർട്ടി പ്രവർത്തനങ്ങളിൽ നേതൃഗുണത്തോടെ അദ്ദേഹം നടത്തി ഇടപെടലുകൾ എന്നും ഓർമിക്കപ്പെടും. കേരളത്തിന്‍റെ വികസന പ്രക്രിയയിൽ ഇബ്രാഹിംകുഞ്ഞ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. യു.ഡി.എഫ് നേതാക്കൾ എപ്പോഴും എടുത്തുപറയുന്നകാര്യം, അദ്ദേഹം ‘പ്രാക്ടിക്കലായിരുന്നു’ എന്നതാണ്. കാര്യങ്ങൾ സമയബന്ധിതമായി ചെയ്യാനുള്ള നല്ല കഴിവ് ഇബ്രാഹിംകുഞ്ഞിന്‍റെ പ്രത്യേകതായിരുന്നു. മുഖ്യമന്ത്രിമാരടക്കം അദ്ദേഹത്തെ ഇക്കാര്യത്തിൽ പ്രശംസിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ റോഡുകൾ മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ എല്ലവരുടേയും ഓർമയിലുണ്ട്.
നിരവധി പാലങ്ങളും റോഡുകളും നല്ല നിലയിൽ നിർമാണം നടത്താൻ അദ്ദേഹത്തിന്‍റെ ഭരണ നേതൃത്വത്തിൽ കഴിഞ്ഞു. പ്രശ്നങ്ങൾ പരാതി കൂടാതെ പരിഹരിക്കാൻ കഴിഞ്ഞുവെന്നതും എടുത്തുപറയേണ്ടതാണ്. പാർട്ടിയെ സംബന്ധിച്ചടുത്തോളം മധ്യകേരളത്തിലെ ‘പൊളിറ്റിക്കൽ ലീഡർ’ എന്ന നിലയിൽ ഇബ്രാഹിംകുഞ്ഞ് വഹിച്ച പങ്ക് ചെറുതല്ല. പാണക്കാട് കുടുംബത്തോടൊപ്പം ചേർന്നുനിന്ന്, നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകാനും അദ്ദേഹത്തിന് സാധിച്ചു. ഉയർച്ചയും താഴ്ചയും വിവാദവുമൊക്കെ പൊതുജീവിതത്തിൽ ഉണ്ടാകും. അത് സാധാരണമാണ്. അതെല്ലാം എളിമയോടെ കൈകാര്യം ചെയ്യാനും തന്‍റെ നന്മകൊണ്ട് നിഷ്പ്രഭമാക്കാൻ സാധിച്ചുവെന്നതും പ്രധാനമാണ്.
കുറച്ചുകാലമായി രോഗം മൂലം പൊതുപ്രവർത്തനത്തിന് സാധിക്കാത്ത അവസ്ഥയായിരുന്നു. അപ്പോഴും സേവന പ്രവർത്തനങ്ങൾ തുടരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഡയാലിസിസ് സെന്‍റർ യാഥാർഥ്യമാക്കാൻ അവസാനകാലത്ത് നടത്തിയ ഇടപെടലുകളും ഹൃദയവിശാലത എടുത്തുകാട്ടുന്നു. ദക്ഷിണ കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടു തന്നെ ചാരിറ്റി പ്രവർത്തനങ്ങൾ ശ്രദ്ധയോടെ നടത്താനും ഇബ്രാഹിം കുഞ്ഞിന് സാധിച്ചു. ഏറെ വേദനിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വേർപാട്.
കഴിഞ്ഞ ദിവസം കോഴിക്കോട് പാർട്ടി കമ്മിറ്റി ചേർന്നുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്‍റെ രോഗാവസ്ഥ മൂർഛിച്ചതായി വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിക്കുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്ത ശേഷമാണ് തിരുവനന്തപുരത്തേക്ക് വന്നത്. ആശുപത്രിയിൽ സന്ദർശിച്ച സമയത്ത് അദ്ദേഹത്തിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിരുന്നു. അക്കാര്യം ഞാൻ വാർത്താമാധ്യമങ്ങളോട് പറയുകയും ചെയ്തു. ഉച്ചകഴിഞ്ഞാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ വിയോഗവാർത്ത എത്തുന്നത്. അദ്ദേഹത്തിന് നല്ല പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകട്ടെയെന്ന് പ്രാർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.