ദലിതുകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കണം 

ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ബി.ആര്‍. അംബേദ്കറുടെ 125ാം ജന്മദിനം ഒരുവര്‍ഷം ദീര്‍ഘിക്കുന്ന പരിപാടികളോടെ ആഘോഷിക്കപ്പെട്ടുവരുകയാണിപ്പോള്‍. സര്‍വ രാഷ്ട്രീയ പാര്‍ട്ടികളും ഇതില്‍ പങ്കുചേരുന്നു എന്നത് ജീവിതകാലത്ത് അനേകം നീതിനിഷേധങ്ങള്‍ക്കിരയായ അംബേദ്കര്‍ക്ക് മരണാനന്തരം ലഭിക്കുന്ന അത്യുചിതമായ അംഗീകാരംകൂടിയാകുന്നു. എന്നാല്‍, ഒരുകാലത്ത് അദ്ദേഹത്തെ ദ്രോഹിച്ച സമീപന രീതികള്‍ പിന്തുടരുന്നവര്‍ ഇപ്പോള്‍ കാട്ടുന്ന ഈ സ്നേഹപ്രകടനങ്ങള്‍ ആത്മാര്‍ഥവും സത്യസന്ധവുമാണോ എന്ന സന്ദേഹം അവശേഷിക്കുന്നു. കാരിരുമ്പിന്‍െറ മനക്കരുത്തുമായി ജാതീയ വ്യവസ്ഥക്കെതിരെ അതിശക്തമായി പോരാടിയ ധീരാത്മാവായിരുന്നു അംബേദ്കര്‍. 

‘ഞാന്‍ ബ്രാഹ്മണര്‍ക്ക് എതിരല്ല. ജാതിവ്യവസ്ഥയോടാണ് എന്‍െറ എതിര്‍പ്പ്. ജാതീയതയെ എതിര്‍ക്കാതിരിക്കുക എന്നാല്‍ ഇന്ത്യയിലെ ഏറ്റവും കൊടിയ യാഥാര്‍ഥ്യത്തെ കണ്ടില്ളെന്ന് നടിക്കുക എന്നാണര്‍ഥം’ -ഈ വാക്കുകള്‍കൊണ്ടാണ് സ്വന്തം നിലപാട് അദ്ദേഹം വിശദീകരിച്ചത്.  ഭാഗ്യവശാല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന രാം മനോഹര്‍  ലോഹ്യ അംബേദ്കറുടെ മഹത്ത്വത്തിന് പൂര്‍ണാംഗീകാരം നല്‍കി. ഒരിക്കല്‍ ലോഹ്യ ഇപ്രകാരം എഴുതി: ‘എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹദ്വ്യക്തിയാണ് അംബേദ്കര്‍. ഗാന്ധിജിപോലും ജാതീയ ചിന്തയുടെ പിടിയിലാണ്. ഹിന്ദുയിസത്തിലെ ജാതിസമ്പ്രദായത്തിന് ഒരുനാള്‍ അറുതിയുണ്ടാകുമെന്ന പ്രതീക്ഷക്ക് ശക്തിപകരുന്നതാണ് അംബേദ്കറുടെ പ്രവര്‍ത്തനങ്ങള്‍. ജാതീയതക്കെതിരായ എന്‍െറ നിലപാടുകള്‍ കീഴാള വിഭാഗവുമായി ഞാന്‍ സദാ പങ്കുവെച്ചുകൊണ്ടിരിക്കുന്നു.’

സമാന നിലപാടുകള്‍ ഉള്ളതുകൊണ്ടായിരുന്നു ലോഹ്യ അംബേദ്കറുമായി  കത്തിടപാടുകള്‍ നടത്തിയതും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും അംബേദ്കറുടെ പാര്‍ട്ടിയും കൈകോര്‍ത്ത് മത്സരിക്കാന്‍ ധാരണ ഉണ്ടാക്കിയതും. നിര്‍ഭാഗ്യവശാല്‍ കൂടുതല്‍ ധാരണകളിലത്തെുന്നതിനു മുമ്പേ അംബേദ്കര്‍ മരണമടഞ്ഞു. ജാതീയതയുടെ ഉച്ചാടനത്തിനായി അംബേദ്കര്‍  മുന്നോട്ടുവെച്ച ആശയപദ്ധതികള്‍ക്ക് ലോഹ്യ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ലോഹ്യയുടെ വാക്കുകള്‍ ഒരിക്കല്‍കൂടി ഉദ്ധരിക്കാം: ‘ഇന്ത്യന്‍ സാമൂഹിക ജീവിതത്തില്‍ മേല്‍ക്കൈ നേടിയ മുഖ്യ ഘടകമാകുന്നു ജാതീയത. തത്ത്വത്തില്‍ അതിനെ എതിര്‍ക്കുന്നവര്‍പോലും അതിനെ വര്‍ജിക്കുന്നതില്‍ പ്രായോഗികതലത്തില്‍ പരാജയപ്പെടുന്നു. ജാതീയതയുടെ ചട്ടക്കൂട്ടിലാണ് ജീവിതം ചുറ്റിത്തിരിയുന്നത്. സംസ്കാരസമ്പന്നരെന്ന് കരുതപ്പെടുന്നവര്‍ മൃദുപദങ്ങള്‍കൊണ്ട് ജാതീയതയെ എതിര്‍ക്കുന്നതായി കാണുന്നു. എന്നാല്‍, കര്‍മപഥത്തില്‍ അതിനെ നിരാകരിക്കണമെന്ന ആശയം അവര്‍ക്കും ദഹിക്കുന്നില്ല.’

ജീവിതത്തിന്‍െറ സര്‍വതുറകളിലും നൂറ്റാണ്ടുകളായി വിവേചനങ്ങള്‍ക്കിരകളായ കീഴാളവിഭാഗങ്ങള്‍ക്ക് പ്രത്യേകാവസരങ്ങള്‍ ലഭ്യമാക്കണമെന്ന വാദമാണ് ജീവിതത്തിലുടനീളം അംബേദ്കര്‍ ശക്തമായി ഉന്നയിച്ചുകൊണ്ടിരുന്നത്.എന്നാല്‍, ഇക്കാലത്ത് ദലിതുകളെ അവരുടെ കപട സുഹൃത്തുക്കള്‍ തന്ത്രപരമായി കബളിപ്പിക്കുന്നു എന്ന യാഥാര്‍ഥ്യം കാണാതിരുന്നുകൂടാ. സാമ്പത്തിക സംവരണം, സര്‍വര്‍ക്കും അവസരം, അവസരസമത്വം തുടങ്ങിയ പദാവലികളിലൂടെ ദലിത് അവകാശങ്ങളില്‍ മായംചേര്‍ക്കുന്ന തന്ത്രമാണ് വ്യാപകമായി പ്രയോഗിക്കപ്പെട്ടുവരുന്നത്. ദലിതുകള്‍ അങ്ങിങ്ങായി കൈവരിച്ച ജീവിതനിലവാര ഉയര്‍ച്ചയും അവര്‍ക്ക് ലഭിച്ച മികച്ച അവസരങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ഈ വ്യാജ സുഹൃത്തുക്കള്‍ ജാതീയത ഇല്ലാതാക്കാന്‍ സാമ്പത്തിക സംവരണമെന്ന ആശയം ഉന്നയിക്കുന്നത്. നൂറ്റാണ്ടുകളായി പിന്നാക്കംനിന്ന ജനവിഭാഗങ്ങളില്‍ ഏതാനും ചിലര്‍  -അവരില്‍ പലരും വ്യക്തിഗതമായ പ്രതിഭാവിലാസം ഉപയോഗിച്ച്- കൈവരിച്ച നേട്ടങ്ങളെ തെറ്റായി വ്യാഖ്യാനിക്കാതിരിക്കാന്‍ നയരൂപകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

ജാതിവ്യവസ്ഥയെ എതിര്‍ക്കുന്ന ചില മതേതര കക്ഷികളും അവസര സമത്വം മുതല്‍ യോഗ്യത മാനദണ്ഡമാക്കുന്ന സംവരണ രീതിവരെ പോംവഴിയായി അവതരിപ്പിച്ചുകൊണ്ട് അവരറിയാതത്തെന്നെ സ്വന്തം അവകാശാധികാരങ്ങളുടെ സംരക്ഷകരായി മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം വികല കാഴ്ചപ്പാടുകള്‍ തിരുത്തുന്നതിന് അംബേദ്കര്‍ മുന്നോട്ടുവെച്ച നയസമീപനങ്ങളില്‍ ഊന്നിയുള്ള പ്രയോഗപദ്ധതികള്‍ അനിവാര്യവുമായിരിക്കുന്നു. അംബേദ്കറുടെ കാഴ്ചപ്പാടുകള്‍ ആഗോളതലത്തില്‍ കൂടുതല്‍ സ്വീകാര്യത നേടി എന്നത് യാഥാര്‍ഥ്യമാണ്. അതേസമയം, സാമ്പത്തിക വികസനമേഖലകളില്‍ ദലിത് കീഴാള വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന അദ്ദേഹത്തിന്‍െറ നിര്‍ദേശം ഫലപ്രദമായി നടപ്പാക്കാന്‍ നാളിതുവരെ ഒരു ഭരണകൂടവും തയാറായില്ല എന്ന ദു$ഖസത്യം ഇതോടൊപ്പം അനുസ്മരിക്കേണ്ടതുണ്ട്. ഇത്തരമൊരു നിര്‍ദേശം പ്രയോഗവത്കരിക്കാതിരുന്നാല്‍ ജാതീയമായ തരംതിരിവുകള്‍ അതേപടി തുടരുകയാകും ഫലം. വിഭവ ദാരിദ്ര്യം അനുഭവിക്കുന്ന ഏതു രാജ്യവും മുന്‍ഗണനകള്‍ നിശ്ചയിച്ചാകണം വിഭവ വിനിയോഗം നിര്‍വഹിക്കേണ്ടത്. ഊന്നല്‍ നല്‍കേണ്ട മേഖലകള്‍ക്ക് ഊന്നല്‍ ലഭിച്ചിരിക്കണം. ഈ യുക്തിഭദ്രമായ വീക്ഷണവുമായി ബന്ധപ്പെട്ടാണ് നൂറ്റാണ്ടുകളോളം അവകാശ ഹനനങ്ങള്‍ക്കിരയായ ഭൂരിപക്ഷം വരുന്ന ദലിത് ജനവിഭാഗങ്ങളുടെ മേഖലയും ഉയര്‍ന്നുവരേണ്ടത്. ഈ മേഖലയുടെ ഉന്നമനത്തിന് വിദ്യാഭ്യാസ രംഗത്തും സര്‍ക്കാര്‍ നിയമനതലത്തിലുമുള്ള സംവരണങ്ങള്‍ അപര്യാപ്തമാണ്. സാമ്പത്തിക വികസന മേഖലയില്‍ പങ്കാളികളാകാന്‍ നിയമംവഴി അവര്‍ക്ക് അവസരം നല്‍കണം.

കറുത്ത വര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക ന്യൂനപക്ഷങ്ങള്‍ക്കും പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ അമേരിക്ക 1977ല്‍ പബ്ളിക് വര്‍ക്സ് എംപ്ളോയ്മെന്‍റ് ആക്ട് നടപ്പാക്കുകയുണ്ടായി. ഈ ചട്ടപ്രകാരം ഈ വിഭാഗങ്ങള്‍ക്ക് പ്രത്യേക സര്‍ക്കാര്‍ ഗ്രാന്‍റുകള്‍ ലഭ്യമാകുന്നു. ഈ ചട്ടത്തെ ചോദ്യംചെയ്ത് നല്‍കിയ ഹരജി സുപ്രീംകോടതി തള്ളുകയാണുണ്ടായത്. ഇത്തരമൊരു ചട്ടം നിലനില്‍ക്കുന്നതില്‍ ഭൂരിപക്ഷ വിഭാഗം നിരാശപ്പെടേണ്ടതില്ളെന്നും മുന്‍കാലത്ത് കറുത്ത വര്‍ഗക്കാര്‍ അനുഭവിച്ച വിവേചനങ്ങളുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന പരിഹാര നടപടി മാത്രമാണിതെന്നും കോടതി വിധിന്യായത്തില്‍ വിശദീകരിച്ചു.
ഇത്തരമൊരു നടപടി അടിയന്തരമായി സ്വീകരിക്കാന്‍ ഇന്ത്യയും തയാറാകേണ്ടതുണ്ട്. അല്ലാത്തപക്ഷം അംബേദ്കര്‍ ചൂണ്ടിക്കാട്ടിയ ദുരന്തത്തിലേക്കാകും രാജ്യം എത്തിച്ചേരുക. അംബേദ്കറുടെ മുന്നറിയിപ്പ് ഉദ്ധരിക്കാം:‘വൈരുധ്യങ്ങളിലാണ് ഇന്ത്യ പുലരുന്നത്. രാഷ്ട്രീയത്തില്‍ ഇവിടെ സമത്വം നിലനില്‍ക്കുന്നു. എന്നാല്‍, സാമ്പത്തിക-സാമൂഹിക ജീവിതത്തില്‍ കടുത്ത അസമത്വങ്ങളാണ് നിലനില്‍ക്കുന്നത്. ഈ വൈരുധ്യത്തിന് അറുതിവരുത്താന്‍ നാം തയാറാകാത്തപക്ഷം അസമത്വത്തിന്‍െറ ഇരകളില്‍നിന്ന് ഒരു പൊട്ടിത്തെറിതന്നെ സംഭവിച്ചേക്കാം. അത് നമ്മുടെ ജനാധിപത്യ സംവിധാനങ്ങളത്തെന്നെ തരിപ്പണമാക്കും.’ഭരണഘടനാ നിര്‍മാണ വേളയില്‍ അംബേദ്കര്‍ ഉന്നയിച്ച ഈ ആവശ്യത്തിന്‍െറ പ്രസക്തിക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല എന്ന് ഞാന്‍ വിനയപൂര്‍വം ഉണര്‍ത്തുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.