പരീക്ഷാഹാളിലെ വസ്ത്രധാരണ നിയന്ത്രണവും വിവേചന നിലപാടും

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശപരീക്ഷയില്‍ കോപ്പിയടി തടയാനായി സി.ബി.എസ്.ഇ നല്‍കിയ കര്‍ശന മാര്‍ഗനിര്‍ദേശത്തില്‍ മതവിശ്വാസപ്രകാരമുള്ള വസ്ത്രധാരണത്തിന് വിലക്കേര്‍പ്പെടുത്തിയത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഏറെ വിവാദമാവുകയും സുപ്രീംകോടതി കയറുകയുംചെയ്ത വിഷയമാണിത്. അന്ന് പ്രവേശപരീക്ഷയില്‍ കോപ്പിയടി കണ്ടത്തെിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി വീണ്ടും നടത്താന്‍ സുപ്രീംകോടതി സി.ബി.എസ്.ഇയോട് നിര്‍ദേശിച്ചിരുന്നു. രണ്ടാമത് നടത്തിയ പരീക്ഷയില്‍ കോപ്പിയടി തടയാനെന്ന പേരില്‍ കര്‍ശന നിര്‍ദേശങ്ങളാണ് പരീക്ഷാനടത്തിപ്പിന് സി.ബി.എസ്.ഇ നല്‍കിയത്. വിദ്യാര്‍ഥിനികള്‍ കാതില്‍ കമ്മലിടരുത് തുടങ്ങി പരീക്ഷക്കുള്ള പേന സി.ബി.എസ്.ഇ നല്‍കുമെന്നുവരെ ഉത്തരവിലുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈ ഒമ്പതിന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലെ ശിരോവസ്ത്രം ധരിക്കരുത്, ഫുള്‍ സ്ളീവ് ധരിക്കരുത് എന്നീ നിര്‍ദേശങ്ങള്‍ ക്രിസ്ത്യന്‍, മുസ്ലിം, സിഖ് മതവിശ്വാസ പ്രകാരമുള്ള വസ്ത്രധാരണത്തെ തടയുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളുയര്‍ന്നെങ്കിലും സര്‍ക്കുലര്‍ തിരുത്താന്‍ സി.ബി.എസ്.ഇ തയാറായില്ല.

ഒടുവില്‍ തലമറച്ചോ മറ്റോ ഉള്ള മതപരമായ വസ്ത്രധാരണത്തിന് പരീക്ഷാഹാളില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ളെന്നും സുരക്ഷാപരിശോധനക്ക് വിധേയമായി പരീക്ഷയെഴുതാമെന്ന തരത്തിലുള്ള  തീയതിയോ ഒപ്പോ ഇല്ലാത്ത സര്‍ക്കുലര്‍ പരീക്ഷയുടെ തലേന്നിറക്കി തടിയൂരുകയാണ് സി.ബി.എസ്.ഇ അന്നുചെയ്തത്. അതേസമയം, മതവിശ്വാസപ്രകാരം പര്‍ദ ധരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് കേരള ഹൈകോടതിയെ സമീപിച്ച രണ്ടു വിദ്യാര്‍ഥിനികള്‍ക്ക് അന്ന് കേരള ഹൈകോടതി അനുമതിനല്‍കിയിരുന്നു. കേരള ഹൈകോടതിയില്‍ കേസിനുപോയ മുസ്ലിം വിദ്യാര്‍ഥിനികളുടെയും സുപ്രീംകോടതിയെ സമീപിച്ച എസ്.ഐ.ഒ അടക്കമുള്ള മുസ്ലിം വിദ്യാര്‍ഥിസംഘടനകളുടെയും പോരാട്ടം കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും അവഗണിക്കുകയായിരുന്നു. ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാന്‍ തിരുവനന്തപുരം ജവഹര്‍ സ്കൂളിലത്തെിയ കന്യാസ്ത്രീയെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് വിഷയത്തിന് പൊതുശ്രദ്ധ ലഭിച്ചത്. സി.ബി.എസ്.ഇ അവസാനനിമിഷം ഇറക്കിയ സര്‍ക്കുലറിനെപ്പറ്റി അറിഞ്ഞിട്ടില്ളെന്ന നിലപാടുമായി പല പരീക്ഷാകേന്ദ്രങ്ങളിലും  മഫ്ത ധരിച്ച വിദ്യാര്‍ഥിനികളെ പരീക്ഷാഹാളില്‍ കയറ്റാതിരുന്ന സംഭവങ്ങള്‍ കഴിഞ്ഞവര്‍ഷം കേരളത്തിലുണ്ടായി.

കഴിഞ്ഞവര്‍ഷത്തെ അനുഭവത്തിന്‍െറ വെളിച്ചത്തില്‍ ഇക്കുറി പരീക്ഷയുടെ വിജ്ഞാപനം ഇറങ്ങുംമുമ്പേ മുസ്ലിം വിദ്യാര്‍ഥിസംഘടനകള്‍ ഒരുമിച്ച് ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഹിജാബ് റൈറ്റ്സ് എന്ന സംയുക്ത വേദി രൂപവത്കരിച്ച് കഴിഞ്ഞമാസം 16ന് കേരള സെക്രട്ടേറിയറ്റിനുമുന്നില്‍ വസ്ത്രാവകാശ സദസ്സും മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ദിവസം കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ സി.ബി.എസ്.ഇ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി അറസ്റ്റു വരിച്ചു.
നിയമപരമായ അവകാശങ്ങള്‍ക്ക് തെരുവിലും  കോടതിയിലും പോരാട്ടം തുടരുകയാണെങ്കിലും കൃത്യമായ നിലപാടെടുക്കാതെ ഒളിച്ചുകളിക്കുന്ന സി.ബി.എസ്.ഇയുടെ നിലപാടും വിഷയത്തില്‍ മതേതരസമൂഹത്തിന്‍െറ മൗനവും ഒരുപോലെ അപലപനീയമാണ്. കഴിഞ്ഞവര്‍ഷം സുപ്രീംകോടതിയില്‍ ഈ വിഷയത്തില്‍ കേസിനുപോയ എസ്.ഐ.ഒയുടെ അഭിഭാഷകനോട് മൂന്നുമണിക്കൂര്‍ ഹിജാബ് ധരിക്കാതിരുന്നാല്‍ മതവിശ്വാസം ഇല്ലാതാകുമോയെന്നും ഇതൊരു ചെറിയ പ്രശ്നമാണെന്നും ഹരജിക്കാര്‍ക്ക് ഈഗോ ആണെന്നും കോടതി പറഞ്ഞത് ഏറെ വിവാദമുയര്‍ത്തിയിരുന്നു.

ഇത്തവണ എന്‍ട്രന്‍സ് പരീക്ഷയുടെ പ്രോസ്പെക്ടസില്‍ വസ്ത്രധാരണത്തെ പരാമര്‍ശിക്കുന്ന 10, 11 അധ്യായങ്ങളിലെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട പരാമര്‍ശത്തെ ചോദ്യംചെയ്ത് ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് കേരള ഹൈകോടതിയില്‍ ഒരു വിദ്യാര്‍ഥിനിയുടെ പേരില്‍ അഡ്വ. ശമീം അഹ്മദ് റിട്ട് ഫയല്‍ ചെയ്തത്. പ്രസ്തുത റിട്ട് ഹരജിക്കെതിരെ കൗണ്ടര്‍ അഫിഡവിറ്റ് ഫയല്‍ ചെയ്യാന്‍ ഒന്നരമാസത്തോളം സമയമെടുത്ത സി.ബി.എസ്.ഇ ഇക്കുറിയും കൃത്യമായ നിലപാടെടുക്കാതെ ഒളിച്ചുകളി തുടരുകയാണ്.

ഒടുവില്‍ ഈ മാസാദ്യം വാദംകേട്ട ജഡ്ജി കേസ് ഫയല്‍ ചെയ്ത വിദ്യാര്‍ഥിനിക്കുമാത്രമായി  വിധി പരിമിതപ്പെടുത്തണമെന്ന് വാക്കാല്‍ നിര്‍ദേശിച്ചു. കഴിഞ്ഞവര്‍ഷവും കേസ് കൊടുത്ത വിദ്യാര്‍ഥിനികള്‍ക്കുമാത്രമായി വിധി പരിമിതപ്പെടുത്തുകയാണ് കോടതി ചെയ്തത്. ഐക്യരാഷ്ട്രസഭയുടെ ബാലാവകാശ കണ്‍വെന്‍ഷന്‍ ചാര്‍ട്ടര്‍ 14ാം വകുപ്പുപ്രകാരം ഒരു കുട്ടിയുടെ മതപരമായ അവകാശങ്ങളെ ബഹുമാനിക്കണമെന്നും മതപരമായ അവകാശങ്ങള്‍ വകവെച്ചുനല്‍കണമെന്നും അനുശാസിച്ചിരിക്കുന്നുവെന്ന് വാദിച്ച ഹരജിക്കാരിയുടെ അഭിഭാഷകന്‍, ഇന്ത്യ  പ്രസ്തുത ചാര്‍ട്ടറില്‍ ഒപ്പുവെച്ച രാജ്യമായതിനാല്‍ ഡ്രസ് കോഡ് സര്‍ക്കുലറിലെ ബാലാവകാശങ്ങള്‍ക്ക്  വിരുദ്ധമായ ഭാഗങ്ങള്‍ തിരുത്താന്‍ ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കി. വാദംകേട്ട ഹൈകോടതി സര്‍ക്കുലറിനെതിരെ, സ്വന്തം ഇഷ്ടപ്രകാരം ഹിജാബും ഫുള്‍സ്ളീവും ധരിച്ചു പരീക്ഷയെഴുതണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരും സി.ബി.എസ്.ഇക്ക് നിവേദനം നല്‍കുകയോ അല്ളെങ്കില്‍ കോടതിയെ സമീപിക്കുകയോ ചെയ്യണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. 1982ലെ എസ്.പി. ഗുപ്ത കേസിലെ  (ജഡ്ജസ് ട്രാന്‍സ്ഫര്‍ കേസ്) സുപ്രീംകോടതി വിധി അടിസ്ഥാനമാക്കി ആന്ധ്ര ഹൈകോടതി ഒരു കേസിലെ വിധി സമാനമായ അവകാശലംഘനമോ അവസ്ഥയോ നേരിടുന്ന എല്ലാവര്‍ക്കും ബാധകമാവുമെന്ന് എം. പീരാന്‍ സാഹിബ് വേഴ്സസ് സ്പെഷല്‍ ഓഫിസര്‍, പുനഗൂര്‍ മുനിസിപ്പാലിറ്റി കേസില്‍ വിധി ച്ചത് ഹരജിക്കാരിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ആ വാദം അംഗീകരിച്ച് ശിരോവസ്ത്രവും (ഹിജാബും) ഫുള്‍സ്ളീവും  ധരിച്ച് പരീക്ഷയെഴുതാന്‍ താല്‍പര്യപ്പെടുന്ന മുഴുവന്‍ വിദ്യാര്‍ഥിനികള്‍ക്കും ബാധകമാവുന്ന തരത്തിലുള്ള  വിധി കേരള ഹൈകോടതിയും പുറപ്പെടുവിക്കുമെന്നുതന്നെ പ്രതീക്ഷിക്കാം. ഭരണഘടന വകവെച്ചുനല്‍കുന്ന അവകാശം ലഭ്യമാവാന്‍ ഓരോ വിദ്യാര്‍ഥിനിയും പ്രത്യേകമായി കേസ് കൊടുക്കണമെന്ന് പറയുന്നത് അപ്രായോഗികമാണ്.

കഴിഞ്ഞ എത്രയോ കാലമായി മുസ്ലിം വിദ്യാര്‍ഥിനികള്‍ ശിരോവസ്ത്രത്തിന്‍െറയും ഫുള്‍സ്ളീവ് വസ്ത്രത്തിന്‍െറയും പേരില്‍ കേരളത്തിലെ  സ്കൂളുകളിലും കോളജുകളില്‍ വിവേചനം നേരിടുന്നുണ്ട്. കേരളത്തിനുപുറത്ത് വിവേചനത്തിന്‍െറ കടുപ്പം പിന്നെയും കൂടുന്നു. ഈ വിഷയത്തില്‍ അത്രയേറെ ശ്രദ്ധിക്കപ്പെടാതിരുന്ന, എന്നാല്‍ സുപ്രധാനമായ ഒരു വിധി കഴിഞ്ഞവര്‍ഷം ഡിസംബറില്‍ കേരള സംസ്ഥാന ബാലാവകാശ കമീഷനില്‍നിന്ന്ഉണ്ടായി. തളിപ്പറമ്പ് ചിന്മയ സ്കൂളിലെ ഒരു വിദ്യാര്‍ഥിനി തന്നെ സ്കൂള്‍ കോമ്പൗണ്ടിനകത്ത് ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നില്ളെന്നു പരാതിപ്പെട്ടതിന്‍െറ അടിസ്ഥാനത്തില്‍ കമീഷന്‍ കേസെടുത്തു.

കേസില്‍ സ്കൂളില്‍ മഫ്ത ധരിക്കാന്‍ പരാതികാരിക്ക് ഒരു തടസ്സവുമില്ളെന്ന് സ്കൂള്‍ അധികൃതര്‍ ബോധിപ്പിച്ചെങ്കിലും  വിധി പറയവെ കേരള സര്‍ക്കാറിനോടും വിദ്യാഭ്യാസവകുപ്പിനോടും  ചില നടപടികളെടുക്കാന്‍ കമീഷന്‍ ആവശ്യപ്പെട്ടിരുന്നു. 2005 ലെ ബാലാവകാശ സംരക്ഷണ നിയമത്തിലെ 15ാം വകുപ്പുപ്രകാരം പുറപ്പെടുവിച്ച ഉത്തരവില്‍ കേരളത്തിലെ സ്കൂളുകളില്‍ മുസ്ലിം മതവിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥിനികള്‍ക്ക് അവരുടെ സ്ഥാപനത്തിന്‍െറ യൂനിഫോമിനോടുചേര്‍ന്ന നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, സെക്രട്ടറി എന്നിവരോട് പ്രസ്തുത വിധിയില്‍ നിര്‍ദേശിച്ചു.

കുട്ടികളുടെ മതപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ളെ ന്ന് ഉറപ്പുവരുത്താന്‍ പറഞ്ഞ കമീഷന്‍ 60 ദിവസത്തിനകം മേല്‍ പുറപ്പെടുവിച്ച ഉത്തരവിന്മേല്‍ എടുത്ത നടപടികള്‍ കമീഷനെ അറിയിക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഈ വിധിയില്‍ കേരള വിദ്യാഭ്യാസവകുപ്പ് തുടര്‍നടപടികളെടുക്കേണ്ടതും കാലങ്ങളായി സ്കൂളുകളില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ നേരിടുന്ന അവകാശധ്വംസനത്തിനും വിവേചനത്തിനും  അറുതിവരുത്തേണ്ടതുമാണ്.

നിലവിലുള്ള കേസില്‍ സി.ബി.എസ്.ഇയുടെ ദുരൂഹമായ നിലപാടുകള്‍ പരീക്ഷയെഴുതാനിരിക്കുന്ന വിദ്യാര്‍ഥിനികളെ മാനസികമായി തളര്‍ത്തുന്നതാണ്. മുമ്പ് മതപരമായ കാരണത്താല്‍ ശനിയാഴ്ച പകല്‍ പരീക്ഷയെഴുതാന്‍ കഴിയാത്ത യഹോവ സാക്ഷി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് രാത്രി പരീക്ഷയെഴുതാന്‍ അനുവദിച്ച കോടതി ഉത്തരവിനെ ജനാധിപത്യത്തിന്‍െറയും മതേതരത്വത്തിന്‍െറയും  വിജയമായിക്കണ്ട നാട്ടില്‍ രാജ്യത്തിലെ പ്രബല ന്യൂനപക്ഷത്തിലെ വിദ്യാര്‍ഥിനികള്‍ ഉന്നയിക്കുന്ന ഒരാവശ്യത്തോട് മുഖംതിരിക്കുന്ന മതേതരസമൂഹത്തിന്‍െറ നിലപാട് ആശാവഹമല്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.