ഉമ്മന്‍ചാണ്ടി വിരല്‍ചൂണ്ടാന്‍ വരട്ടെ

യു.ഡി.എഫ് ഭരണത്തിന്‍െറ തിരശ്ശീല വീഴുന്നതിന് തൊട്ടുമുമ്പ് കേരളത്തില്‍ നടന്ന നിയമവിരുദ്ധ ഭൂദാനങ്ങളെ വെള്ളപൂശാന്‍വേണ്ടിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏപ്രില്‍ അഞ്ചിന് പത്രങ്ങളില്‍ ലേഖനം എഴുതിയത്. മെത്രാന്‍ കായലും കരുണ എസ്റ്റേറ്റും സന്തോഷ് മാധവന്‍ എന്ന വ്യാജ സന്യാസിയുടെ ഹൈടെക് ഐ.ടി പാര്‍ക്കും ഹോപ് പ്ളാന്‍േറഷനും കടമക്കുടി മെഡിക്കല്‍ ടൂറിസം പദ്ധതിയും എല്ലാം അതില്‍ സ്ഥലംപിടിക്കുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടായതുപോലെയാണ് ലേഖനം കലാശിക്കുന്നത്.

ഓരോ ഇടപാടിലും നിയമവിരുദ്ധ ഭൂമിദാനത്തിന് കച്ചകെട്ടിയിറങ്ങിയ സര്‍ക്കാറിന്, ആ കച്ച അഴിക്കുംമുമ്പ് ഉത്തരവുകള്‍ പിന്‍വലിക്കേണ്ടിവന്നുവെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കുന്നു. മാര്‍ച്ച് ഒന്നിനും രണ്ടിനും ചേര്‍ന്ന മന്ത്രിസഭാ യോഗങ്ങളിലൂടെ 110 തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുത്തതെന്ന് മുഖ്യമന്ത്രി സമര്‍ഥിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ ലേഖനം രണ്ടു തവണ വായിക്കുന്ന യു.ഡി.എഫ് പ്രവര്‍ത്തകര്‍പോലും ഒരു ചോദ്യം ചോദിക്കും: പിന്‍വലിക്കാന്‍ വേണ്ടിമാത്രം ഇറക്കേണ്ടിവന്ന ഈ നിയമവിരുദ്ധ ഉത്തരവുകളുടെയെല്ലാം പിന്നില്‍ ആരുടെ കൈകളാണ്? ആ സമ്മര്‍ദത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കണക്കറ്റ പണം എങ്ങോട്ടാണ് ഒഴുകിയത്? മുഖ്യമന്ത്രി അവകാശപ്പെടുംപോലെ നിയമാനുസൃത വികസനത്തിനും തൊഴിലവസരത്തിനും വേണ്ടിയാണ് ഈ ഭൂദാനപരമ്പര എങ്കില്‍, കോഴികൂകുംമുമ്പ് അവ പിന്‍വലിച്ച് തടിതപ്പേണ്ട ഗതികേട് എങ്ങനെയുണ്ടായി?

പശ്ചിമഘട്ട മലനിരകളിലെ തോട്ടങ്ങളുടെ അഞ്ചു ശതമാനം തോട്ടം ഇതര ആവശ്യങ്ങള്‍ക്കായി മാറ്റിമറിക്കാന്‍ മുന്‍കൈയെടുത്തത് ഉമ്മന്‍ചാണ്ടിയാണ്. കേരളത്തിലെ സമ്പന്ന തോട്ടം മുതലാളിമാര്‍ക്ക് മുന്നില്‍ ഒരു ലക്ഷത്തില്‍പരം ഏക്കര്‍ ഭൂമിയാണ് അതിലൂടെ യു.ഡി.എഫ് സര്‍ക്കാര്‍ കാണിക്ക വെച്ചത്. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തെ കഴുത്തു ഞെരിക്കാന്‍ കരുനീക്കിയത് ഉമ്മന്‍ചാണ്ടിയുടെ കാര്‍മികത്വത്തിലാണ്. ദാഹജലം കിട്ടാതെ തൊണ്ടവരളുന്ന കേരളത്തിന്‍െറ പ്രകൃതിയെയും ജലലഭ്യതയെയും ഈ തീരുമാനങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ചിന്തിച്ചില്ല.
പോകുന്ന പോക്കില്‍ വര്‍ഗബന്ധുക്കള്‍ കണ്ണുവെച്ച ബാക്കിയുള്ള ഭൂമികൂടി നല്‍കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തിടുക്കപ്പെട്ടത്. ഇടതുപക്ഷം സ്വാഭാവികമായും അതിനെ എതിര്‍ത്തു. ജനങ്ങളും മാധ്യമങ്ങളും രംഗത്തുവന്നു. സ്വന്തം പാര്‍ട്ടിയുടെ പ്രസിഡന്‍റിനുപോലും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ ദുര്‍നയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവരേണ്ടിവന്നു.

തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ‘സീറ്റ്തര്‍ക്ക ബലപരീക്ഷണ’ത്തില്‍ ഉമ്മന്‍ ചാണ്ടി എടുത്ത കടുത്ത നിലപാടിന്‍െറ ഉള്ളുകള്ളികളിലേക്ക് നോക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരത്തെന്നെ പ്രചോദിപ്പിക്കുന്നതാണ് പ്രസ്തുത ലേഖനം. ഭൂദാനത്തിന് മുന്നില്‍ നിന്ന അടൂര്‍ പ്രകാശിനും ബാര്‍കോഴയുടെ വീരനായകന്‍ കെ. ബാബുവിനും സീറ്റുറപ്പിക്കാന്‍വേണ്ടിയാണല്ളോ ഉമ്മന്‍ചാണ്ടി ഹൈകമാന്‍ഡിന് മുന്നില്‍ കൊത്തുകോഴിയെപ്പോലെ പൊരുതിയത്.
സ്വന്തം പാര്‍ട്ടി പ്രസിഡന്‍റിനാല്‍പോലും തുറന്നുകാണിക്കപ്പെട്ടതിന്‍െറ ജാള്യം മൂടിവെക്കാന്‍ എല്‍.ഡി.എഫിനുനേര്‍ക്ക് നടത്തിയ ആക്രമണത്തിന് അദ്ദേഹം തെരഞ്ഞെടുത്ത ഒരു വിഷയം എനിക്ക് നേരിട്ട് ബന്ധമുള്ളതാണ്- മെര്‍ക്കിസ്റ്റണ്‍ ഇടപാട്. ആ ഇടപാടിനെക്കുറിച്ച് ഉമ്മന്‍ചാണ്ടി എഴുതിയ ഓരോ അക്ഷരവും കല്ലുവെച്ച കള്ളമാണ്. എല്‍.ഡി.എഫ് ഭരണകാലത്തുനിന്ന് (2006-2011) പാടുപെട്ട് ചികഞ്ഞെടുത്ത് ഉമ്മന്‍ചാണ്ടി നിരത്തുന്ന ഒരു സംഭവത്തിലും ഒരിഞ്ചു ഭൂമിപോലും ഇടതുസര്‍ക്കാര്‍ ആര്‍ക്കും ദാനം കൊടുത്തിട്ടില്ല.

അഞ്ചുവര്‍ഷം മുമ്പത്തെ മെര്‍ക്കിസ്റ്റണ്‍ ഇടപാട് ഓര്‍മയുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി മുനയൊടിഞ്ഞ അമ്പുകളില്‍ വിഷം പുരട്ടുന്നത്. ഉണ്ട്, എനിക്ക് നല്ലവണ്ണം ഓര്‍മയുണ്ട്. നാടിന്‍െറ സമ്പത്തായ ആ പരിസ്ഥിതി ദുര്‍ബലഭൂമി സംരക്ഷിക്കാന്‍ ശ്രമിച്ചതിന്‍െറ പേരില്‍ കടന്നാക്രമിക്കപ്പെട്ട അന്നത്തെ വനംമന്ത്രിയാണല്ളോ ഞാന്‍. എല്ലാ ഇടതുപക്ഷ വിരുദ്ധരെയും അണിനിരത്തി സത്യത്തിനും നീതിക്കുമെതിരായി അന്ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അഴിച്ചുവിട്ട ആ ആക്രമണം എങ്ങനെ മറക്കാന്‍ കഴിയും? ‘പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ നിക്ഷിപ്തമാക്കല്‍ ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാര്‍ ഏറ്റെടുത്ത 707 ഏക്കര്‍ ഭൂമി ഡീനോട്ടിഫൈ ചെയ്ത് സ്വകാര്യവ്യക്തിക്ക് കൈമാറിയത് വെറും 27 ദിവസം’കൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടി എഴുതി.

ശരിയാണ്! ആ ഭൂമി 27 ദിവസംകൊണ്ട് സ്വകാര്യവ്യക്തിക്ക് കൈമാറാന്‍ അന്ന് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നു. രാജ്യം ആദരവോടെ കാണുന്ന ഐ.എസ്.ആര്‍.ഒയുടെ മറവിലാണ് അത് നടന്നത്. കോണ്‍ഗ്രസ് നേതാവായ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറ ഓഫിസ് അതില്‍ നേരിട്ട് പങ്കുവഹിച്ചു.
എന്നാല്‍, ആ സമ്മര്‍ദങ്ങളെയും നിഗൂഢമായ കരുനീക്കങ്ങളെയും ചെറുത്തുനില്‍ക്കാന്‍ ചങ്കുറപ്പുള്ള ഒരു ഗവണ്‍മെന്‍റ് അന്ന് കേരളത്തിലുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാറും ഭൂമാഫിയയും ചില ഉദ്യോഗസ്ഥ മേധാവികളും ചേര്‍ന്ന് 27 ദിവസംകൊണ്ട് കരുപ്പിടിപ്പിച്ച ഭൂദാനപദ്ധതി അതുകൊണ്ട് നടന്നില്ല, പരിസ്ഥിതി ദുര്‍ബല ഭൂമിയായ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ ഒരു തരിമണ്ണുപോലും അന്ന് ‘ഡീനോട്ടിഫൈ’ ചെയ്യപ്പെട്ടില്ല. സങ്കല്‍പിക്കാനാകാത്തത്ര കോടികള്‍ പലരിലൂടെയും കൈമാറിയിരുന്ന ‘മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് കൈമാറ്റം’ തകര്‍ത്തതിന്‍െറ പേരില്‍ ഭയരഹിതമായി ആക്രമിക്കപ്പെട്ടവനാണ് ഞാന്‍. ആ ആക്രമണത്തിന്‍െറ നായകനായിരുന്നു, അന്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി. അദ്ദേഹം പിന്നീട് മുഖ്യമന്ത്രിയായി അഞ്ചുകൊല്ലം പൂര്‍ത്തിയാക്കുമ്പോള്‍ കേരളത്തിന്‍െറ വനങ്ങളും കായലും വയലും തണ്ണീര്‍ത്തടങ്ങളും സര്‍ക്കാര്‍ ഭൂമികളുമെല്ലാം സമ്പന്നര്‍ക്ക് കൈമാറ്റംചെയ്യപ്പെട്ടു.

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിനെക്കുറിച്ച് മുതലക്കണ്ണീര്‍ പൊഴിക്കുന്ന ഉമ്മന്‍ചാണ്ടി എന്തിനാണ് സത്യങ്ങള്‍ മറച്ചുവെക്കുന്നത്? എസ്റ്റേറ്റ് സ്വകാര്യ വ്യക്തിക്ക് കൈമാറാന്‍ തകൃതിയായ ശ്രമങ്ങള്‍ നടക്കുന്നത് ഇപ്പോള്‍ താങ്കളുടെ കാര്‍മികത്വത്തിലല്ളേ? അതിനുള്ള കസ്റ്റോഡിയന്‍െറ ഉത്തരവ് 2016 ജനുവരി അഞ്ചിനല്ളേ പുറത്തിറങ്ങിയത്? റിട്ടയര്‍മെന്‍റിന്‍െറ തലേന്ന് ആ ഉദ്യോഗസ്ഥനെക്കൊണ്ട് നിയമവിരുദ്ധമായ ഉത്തരവ് ഇറക്കിച്ചത് ആരുടെ താല്‍പര്യപ്രകാരമാണ്? അത് റദ്ദുചെയ്യിക്കാന്‍ താങ്കള്‍ക്ക് ആര്‍ജവമുണ്ടോ? ഇതിനുത്തരം പറഞ്ഞിട്ടുമതി താങ്കള്‍ ഞങ്ങള്‍ക്കുനേരെ വിരല്‍ചൂണ്ടാന്‍ എന്ന് വിനയപൂര്‍വം അറിയിക്കട്ടെ. എന്‍െറ വാദങ്ങള്‍ ഓരോന്നും സമര്‍ഥിക്കാനുള്ള രേഖകള്‍ കസ്റ്റോഡിയന്‍െറ ഓഫിസിലെ പൂട്ടിവെച്ച ലോക്കറിനുള്ളില്‍ ഉണ്ടാകും. താങ്കളുടെ വാദങ്ങള്‍ക്കുള്ള രേഖകള്‍ കാടും വയലും ഭൂമിയും വിഴുങ്ങാന്‍ നില്‍ക്കുന്ന ഏതു ഭൂമാഫിയയുടെ നിലവറയിലാണുള്ളത്?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.