മൂല്യാധിഷ്ഠിത ഭരണത്തിന്‍റെ വീണ്ടെടുപ്പിന്

ഈ വർഷം മുതൽ നവംബർ 26 ഭരണഘടനദിനമായി ആചരിക്കുകയാണ്. 1949 നവംബർ 26നാണ് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടത്. ഭരണഘടനയുടെ ആമുഖത്തിൽ (Preamble) പറയുന്ന ഏക ദിവസവും ഇതുതന്നെയാണ്. ഇതിെൻറ ഓർമക്കാണ് ഭരണഘടനദിനം ആചരിക്കുന്നത്. ബിഹാർ തെരഞ്ഞെടുപ്പ് വേളയിലാണ് നരേന്ദ്ര മോദി ഇതേക്കുറിച്ച് പരാമർശിച്ചത്. ഭരണഘടനയിൽ പറയുന്ന മൂല്യങ്ങളും തത്ത്വങ്ങളും ആശയങ്ങളും ഏറ്റവും കൂടുതൽ തൃണവദ്ഗണിക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നവർ തന്നെയാണ് ഭരണഘടനദിനം ആരംഭിക്കാൻ തീരുമാനിച്ചതെന്നതാണ് ഇതിലെ വൈരുധ്യം. ഒരു രാജ്യത്തിെൻറ സാമൂഹികക്രമം രൂപവത്കരിക്കുന്നതിൽ ഭരണഘടനക്ക് അതിേൻറതായ പ്രാധാന്യമുണ്ട്. രാജ്യത്തെ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധം, ഭരണകൂടത്തിെൻറ അധികാരങ്ങൾ–പരിമിതികൾ, ജനങ്ങളുടെ അവകാശങ്ങൾ–കർത്തവ്യങ്ങൾ എന്നിവയെല്ലാം നല്ല ഭരണഘടനയുടെ പ്രത്യേകതകളാണ്. അടുത്ത കാലത്തായി ഭരണഘടനവാദം (Constitutionalism) എന്ന പ്രയോഗമാണ് ഉപയോഗിച്ചുവരുന്നത്. ഇതുകൊണ്ട് അർഥമാക്കുന്നത് ഭരണാധികാരികളുടെ ഇംഗിതമനുസരിച്ചല്ല മറിച്ച്, രാജ്യത്തെ നിയമത്തിലധിഷ്ഠിതമായ ഭരണമെന്നാണ്. ഭരണകർത്താവ് ആരായാലും അതത് രാജ്യത്ത് നിലനിൽക്കുന്ന ഭരണഘടനയിൽ അധിഷ്ഠിതമായി മാത്രമേ അധികാരം കൈയാളാനാവൂ. ഇതിലൂടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഭരണാധികാരികളുടെ ഏകാധിപത്യ പ്രവണതകളെ പരിമിതപ്പെടുത്താനും സാധിക്കുന്നു.  

ഓരോ രാജ്യത്തിെൻറയും ഭരണഘടനയുടെ നിലനിൽപ്, ആരാണ് ഇത് നിർമിച്ചതെന്നതിനെയും അതിലെ പ്രധാന തത്ത്വങ്ങൾ ഏതെല്ലാമാണെന്നതിനെയും ആശ്രയിച്ചാണ്. ലോകത്തിന് മഹത്തായ മൂന്ന് ആശയങ്ങൾ സമ്മാനിച്ച (സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം) ഫ്രഞ്ച് വിപ്ലവാനന്തര ജനങ്ങളുടെ സമ്മതത്തോടെയുള്ള ഒരു ഭരണഘടനക്ക് രൂപംനൽകുന്നതിൽ ഫ്രാൻസ് പരാജയപ്പെടുകയാണുണ്ടായത്. 1790നും 1958നും ഇടയിൽ നാല് ഭരണഘടനകളാണ് അവിടെ പരീക്ഷിക്കപ്പെട്ടതും പരാജയപ്പെട്ടതും. ഇപ്പോൾ 1958ൽ ജനറൽ ഡിഗാളിെൻറ നേതൃത്വത്തിൽ വന്ന അഞ്ചാം റിപ്പബ്ലിക്കൻ ഭരണഘടനയാണ് ഫ്രാൻസിലുള്ളത്. ഇവിടെയാണ് ഇന്ത്യൻ ഭരണഘടന വ്യത്യസ്തമാകുന്നത്. കാബിനറ്റ് മിഷെൻറ നിർദേശപ്രകാരം 1946ൽ ഡോ. രാജേന്ദ്രപ്രസാദിെൻറ അധ്യക്ഷതയിൽ ജനങ്ങളുടെ സമ്മതത്തോടുകൂടി രൂപവത്കരിക്കപ്പെട്ട ഭരണഘടന നിർമാണ സമിതിയാണ് ഇന്ത്യൻ ഭരണഘടനക്ക് രൂപംനൽകിയത്. ഡോ. ബി.ആർ. അംബേദ്കർ ആയിരുന്നു മുഖ്യശിൽപി. ജവഹർലാൽ നെഹ്റു, മൗലാന അബുൽ കലാം ആസാദ്, സർദാർ വല്ലഭഭായ് പട്ടേൽ, കെ.എം. മുൻഷി, സരോജിനി നായിഡു തുടങ്ങിയ  പ്രമുഖരെല്ലാം നിർമാണ സമിതിയിൽ അംഗങ്ങളായിരുന്നു. അന്ന് ലോകത്ത് നിലവിലുണ്ടായിരുന്ന ഭരണഘടനകളെല്ലാം കീറിമുറിച്ച് പരിശോധിച്ച് അതിലെ നല്ലമൂല്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് സ്വാംശീകരിക്കുകയാണുണ്ടായത്.

നമ്മുടെ ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് 66 വർഷമാകുന്നു. ഇന്ന് അതിെൻറ പ്രാധാന്യം കുറയുകയല്ല. മറിച്ച് നരേന്ദ്ര മോദിയെപ്പോലുള്ള ഭരണാധികാരികളുടെ പ്രവർത്തനങ്ങൾക്ക് ഒരു ചെക് ആയി നിൽക്കുന്നുവെന്നതാണ് യാഥാർഥ്യം. ലോകത്തിലെ പല രാഷ്ട്രങ്ങളും മതരാഷ്ട്രവും രാജഭരണവുമൊക്കെയായി നിൽക്കുമ്പോൾ ഭാരതം ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് ഭരണഘടന പ്രഖ്യാപിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ‘നീതി’യും ചിന്തക്കും അഭിപ്രായപ്രകടനത്തിനും വിശ്വാസത്തിനും ആരാധനക്കുമുള്ള ‘സ്വാതന്ത്ര്യ’വും പദവിക്കും അവസരത്തിനുമുള്ള ‘സമത്വ’വും മനുഷ്യത്വത്തെ ബഹുമാനിക്കുന്ന ‘സഹോദര്യവും’ ഉറപ്പുനൽകുന്നു. രാഷ്ട്രത്തിലെ ഭരണകൂടത്തിെൻറ കർത്തവ്യം മേൽപറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുകയും മൂല്യങ്ങൾക്കധിഷ്ഠിതമായി നിലകൊള്ളുകയും ചെയ്യുകയെന്നതാണ്. പലരാജ്യങ്ങളും സ്വാതന്ത്ര്യം നേടി സ്വന്തമായി ഭരണഘടനക്ക് രൂപംനൽകി വർഷങ്ങൾക്കു ശേഷമാണ് സ്ത്രീകൾക്ക് വോട്ടവകാശം നൽകിയതെങ്കിൽ ഭരണഘടനയുടെ രൂപവത്കരണത്തോടെ തന്നെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും രാഷ്ട്രീയാധികാരംവും സാമൂഹികനീതി കൈവരിക്കുന്നതിന് അധ$സ്ഥിതർക്ക് സംവരണവും ഭാഷാ–മത ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണനയും ഭരണഘടന ഉറപ്പുനൽകുകയുണ്ടായി. കാലഘട്ടത്തിെൻറ ആവശ്യങ്ങൾക്കനുസരിച്ച് പുതിയതിനെ ഉൾക്കൊള്ളാനും കാലഹരണപ്പെട്ടത് നീക്കംചെയ്യാനും ഭരണഘടന ഭേദഗതികളിലൂടെ സ്വയം വികസിക്കാനും ഇന്ത്യൻ ഭരണഘടനക്ക് കഴിഞ്ഞിട്ടുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നത് ഭരണഘടനയെയും ഭരണഘടനാ തത്ത്വങ്ങളെയും ആരൊക്കെ ലംഘിക്കാൻ ശ്രമിച്ചിട്ടുണ്ടോ അവരൊക്കെ എത്ര നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരെയൊക്കെ ജനങ്ങൾ ഓരോ കാലഘട്ടത്തിലും പാഠം പഠിപ്പിച്ചിട്ടുണ്ടെന്നാണ്. ബാങ്ക് ദേശസാത്കരണം, ഹരിതവിപ്ലവം പോലുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടും 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരഗാന്ധി ഭരണഘടനയിലെ മൂല്യങ്ങൾ തമസ്കരിച്ചപ്പോൾ തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ അവരെയും കോൺഗ്രസ് പാർട്ടിയെയും പരാജയപ്പെടുത്തിയാണ് ജനങ്ങൾ പ്രതിഷേധിച്ചത്. അഭിപ്രായ,ആവിഷ്കാരസ്വാതന്ത്ര്യത്തിനും ഭക്ഷണ സ്വാതന്ത്ര്യത്തിനും മതേതര പാരമ്പര്യത്തിനുമെല്ലാം ഇന്ന് പോറലുകൾ വന്നുതുടങ്ങിയിരിക്കുന്നു. ഇത്തരം ഭരണഘടനാ തത്ത്വങ്ങൾ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ഭരണകൂടംതന്നെ ഇന്ത്യയുടെ മതേതര പാരമ്പര്യത്തെയും മറ്റും തകർക്കുന്ന സംഘടിത നീക്കങ്ങൾക്ക് രഹസ്യവും പരസ്യവുമായ പിന്തുണ നൽകുകയാണ്. സ്വതന്ത്രാഭിപ്രായ പ്രകടനത്തിെൻറ പേരിൽ നരേന്ദ്ര ദാഭോൽകർ, ഗോവിന്ദ് പൻസാരെ, പ്രഫ. കൽബുർഗി തുടങ്ങിയവർ നിഷ്കാസനം ചെയ്യപ്പെട്ടു. കെ.എസ്. ഭഗവാൻ, ഷാറൂഖ്ഖാൻ, ഗീരിഷ് കർണാട് പോലുള്ളവർക്കുനേരെ ഭീഷണികൾ ഉയർന്നുവരുന്നു. ഇവരൊക്കെ അറിയപ്പെടുന്നവരായതുകൊണ്ട് സമൂഹം അറിയുന്നു. എത്രയോ സാധാരണക്കാർ ഇതിലൊന്നും പെടാതെ അഭിപ്രായപ്രകടനത്തിെൻറ പേരിൽ നിഷ്കാസനം ചെയ്യപ്പെടുകയോ ഭീഷണികൾ നേരിടേണ്ടിവരുകയോ ചെയ്തിട്ടുണ്ട്.

സാമൂഹികനീതി ഉറപ്പുവരുത്താൻ കൊണ്ടുവന്ന സംവരണംതന്നെ ഇല്ലാതാക്കുമെന്ന് വോട്ടുബാങ്ക് രാഷ്ട്രീയത്തിെൻറ ഭാഗമായി ഭരണകൂടത്തെ പിന്തുണക്കുന്നവരും നിയന്ത്രിക്കുന്നവരും ഓരോ തെരഞ്ഞെടുപ്പിലും ആവർത്തിച്ചുരുവിടുന്നു. മതിയായ വിദ്യാഭ്യാസവും ആവോളം യോഗ്യതകളുമുണ്ടായിട്ടും തനിക്കുണ്ടായ അവഗണന വരുംതലമുറക്കുണ്ടാകരുതെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഡോ. അംബേദ്കർ ഭരണഘടനയുടെ പരമപ്രധാനമായ ലക്ഷ്യമായി സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ നീതിയെ ആമുഖത്തിൽ തന്നെ പ്രതിപാദിച്ചത്. സാമൂഹികനീതി ഉറപ്പുവരുത്തുന്നതിന് കൊണ്ടുവന്ന സംവരണം പ്രീണന രാഷ്ട്രീയത്തിെൻറ ഭാഗമായി ചില വിഭാഗത്തിൽപ്പെട്ടയാളുകളുടെ എണ്ണം നോക്കി നൽകുക വഴി യഥാർഥ ഉദ്ദേശ്യത്തിെൻറ അന്ത$സത്തയെ തന്നെ ഇല്ലാതാക്കുന്ന തരത്തിലേക്ക് ചെന്നെത്തിക്കുകയാണ് ചെയ്തത്. ബിഹാർ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഉണ്ടായ കനത്ത പരാജയം 1975ൽ ഇന്ദിര ഗാന്ധിക്കുണ്ടായ അതേ തിരിച്ചടിയുടെ പുനരാവർത്തനമാണ്. ഭരണഘടനയുടെ അന്ത$സത്തക്ക് ഭംഗംവരുത്താൻ ആരുതന്നെ ശ്രമിച്ചാലും അത് ഒടുവിൽ പരാജയപ്പെടുകതന്നെ ചെയ്യും.

വൈവിധ്യത്തെ നിലനിർത്താനും രാജ്യത്തെ ഐക്യത്തിലേക്ക് നയിക്കാനുമാണ് ഭരണഘടന ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ വൈവിധ്യത്തെ വിഭജിക്കുകയല്ല, അംഗീകരിക്കുകയും അവർക്കിടയിൽ ഐക്യവും ക്ഷേമവും ഉറപ്പുവരുത്തുകയുമാണ് ഭരണകൂടം ചെയ്യേണ്ടത്. വൈവിധ്യത്തെ ഉൾക്കൊള്ളുന്ന സ്ഥായിയായ ഒരു ഭരണഘടനക്ക് രൂപംനൽകിയ ഭരണഘടന നിർമാണ സമിതി അംഗങ്ങളേ, നിങ്ങൾക്ക് പ്രണാമം. നിലവിലെ ഭരണ കൂടത്തിന് ഭരണഘടനയുടെ മൂല്യങ്ങൾ എന്തെന്ന് വിലയിരുത്താനുള്ള അവസരമാകട്ടെ ഈ ദിനം.
തൃശൂർ കേരള വർമ കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ് ലേഖകൻ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.