തദ്ദേശ കൂറുമാറ്റ നിയമം ജനാധിപത്യ വിരുദ്ധമോ?

കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റ നിരോധം) നിയമം 1999, ഗ്രാമസ്വരാജ് എന്ന സങ്കൽപത്തിന് നിരക്കുന്നതാണോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പുരാതനകാലം മുതൽക്കേ ഭാരതം, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിലനിന്നിരുന്ന, ഗ്രാമത്തിലെ അഞ്ചു പ്രധാന വ്യക്തികൾ ചേർന്നുള്ള സ്വയംഭരണ സംവിധാനമാണ് പഞ്ചായത്ത് എന്നപേരിൽ അറിയപ്പെട്ടത്. ആ സംവിധാനത്തിന് നിയമപരിരക്ഷ ലഭിക്കുകയും ചെയ്തു. ബൽവന്ത് റായ് മേത്ത കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് 1958ൽ വിവിധ സംസ്ഥാനങ്ങളിൽ പഞ്ചായത്തീരാജ് നിയമം പാസാക്കി. അങ്ങനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയമപരിരക്ഷയോടെ നിലവിൽവരുകയും ചെയ്തു. ഗാന്ധിജി വിഭാവനംചെയ്ത ഗ്രാമസ്വരാജ് സങ്കൽപത്തിന് സ്വതന്ത്ര ഇന്ത്യയിൽ അങ്ങനെ തുടക്കമായി. എങ്കിലും അധികാരവികേന്ദ്രീകരണം താഴേത്തട്ടിലെ ജനാധിപത്യത്തിലേക്ക് എത്തിച്ചേരാൻ കൂടുതൽ കാലം എടുത്തു.
1992ൽ ഭരണഘടനയുടെ 73ാം ഭേദഗതിയിലൂടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാപദവി ലഭിച്ചു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ പഞ്ചായത്തീരാജ് നിയമവും നഗരപാലിക നിയമങ്ങളും നിലവിൽവന്നു. കേരള പഞ്ചായത്തീരാജ് നിയമം (1994) കേരള മുനിസിപ്പാലിറ്റി നിയമം (1994) എന്നിവ 73ാം ഭരണഘടനാഭേദഗതിയുടെ അടിസ്ഥാനത്തിൽ നിലവിൽവരുകയും ചെയ്തു. ഭരണഘടനയുടെ അനുച്ഛേദം 243 വില്ലേജിനെയാണ് പരമാധികാര സഭയായ ‘ഗ്രാമസഭ’ എന്നു വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും കേരള പഞ്ചായത്തീരാജ് ആക്ടിൽ പഞ്ചായത്തിലെ വാർഡിനെയാണ് ‘ഗ്രാമസഭ’യായി നിർദ്ദേശിച്ചിരിക്കുന്നത്. വാർഡ് മെംബറാണ് ഗ്രാമസഭയുടെ കൺവീനർ.  മൂന്നുമാസത്തിലൊരിക്കലെങ്കിലും ‘ഗ്രാമസഭ’ വിളിച്ചുകൂട്ടണമെന്നും നിഷ്കർഷിച്ചിരിക്കുന്നു. തദ്ദേശത്തിെൻറ വികസനകാര്യത്തിലും ഭരണനിർവഹണത്തിലുമെല്ലാം ഗ്രാമസഭക്കാണ് പരമാധികാരം. സൂക്ഷ്മമായി പരിശോധിച്ചാൽ കക്ഷിരാഷ്ട്രീയത്തിനതീതമായ ജനകീയ കൂട്ടായ്മയാണ് ‘ഗ്രാമസഭ’യിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. ബാഹ്യശക്തികളുടെ പ്രേരണയോ ഇടപെടലുകളോ കൂടാതെ, ജനങ്ങളൊരുമിച്ചിരുന്ന് പരമാധികാരികളായി സ്വയംനിർണയം നടത്തുന്ന പ്രക്രിയയാണ് ‘ഗ്രാമ സ്വരാജ്’.

എന്നാൽ, ദൗർഭാഗ്യവശാൽ ആ ലക്ഷ്യത്തിൽനിന്നും വ്യതിചലിച്ച്, കക്ഷി രാഷ്ട്രീയ വടംവലിക്കുള്ള സ്ഥാപനങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാറുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇതിന് പ്രധാനകാരണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രക്രിയ രാഷ്ട്രീയ അടിസ്ഥാനത്തിലായതുകൊണ്ടാണ്. ഭരണഘടനാ തത്ത്വങ്ങളും പഞ്ചായത്തീരാജ് നിയമവും പരിശോധിച്ചാൽ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലുള്ള പ്രക്രിയയായിട്ടല്ല. ഭരണഘടനയുടെ 73ാം ഭേദഗതിയോ കേരള പഞ്ചായത്തീരാജ് നിയമമോ മുനിസിപ്പാലിറ്റി നിയമമോ രാഷ്ട്രീയകക്ഷികളെ അംഗീകരിക്കുകയോ അതിെൻറ അടിസ്ഥാനത്തിലുള്ള പങ്കാളിത്തം അനുവദിക്കുകയോ ചെയ്യുന്നില്ല. കേരള പഞ്ചായത്ത് (തെരഞ്ഞെടുപ്പ്) ചട്ടങ്ങൾ റൂൾ 12ൽ മാത്രമേ രാഷ്ട്രീയപാർട്ടിയുടെ സാന്നിധ്യത്തിനെ സംബന്ധിച്ച സൂചനയുള്ളൂ. തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുമ്പോൾ ഇലക്ഷൻ കമീഷൻ അംഗീകരിച്ച രാഷ്ട്രീയപാർട്ടികൾക്ക് അതേ ചിഹ്നം നൽകുന്നതിന് മേൽ പ്രസ്താവിച്ച ചട്ടം നിഷ്കർഷിക്കുന്നുണ്ട്. നേരെമറിച്ച്, പാർലമെൻറിലെ ഇരു സഭകളിലെയും സംസ്ഥാന നിയമസഭകളിലെയും തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള വിശദമായ നിയമമായ ജനപ്രാതിനിധ്യനിയമം 1951ൽ രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അംഗീകരിച്ചിട്ടുണ്ട്. സെക്ഷൻ 29എ ഒരു രാഷ്ട്രീയപാർട്ടി തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർചെയ്ത് അംഗീകാരം നേടുന്നതിനുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്നു. സെക്ഷൻ 33 പ്രകാരം അംഗീകാരമുള്ള രാഷ്ട്രീയപാർട്ടികളുടെ സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ഒരു നിർദേശകൻമാത്രം മതിയെന്നും എന്നാൽ, മറ്റുള്ളവർ സമർപ്പിക്കുമ്പോൾ ഏറ്റവുംകുറഞ്ഞത് 10 വോട്ടർമാരുടെ പിന്തുണവേണമെന്നും നിഷ്കർഷിക്കുന്നു. അതുപോലെ, അംഗീകൃത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഇടയിൽ മരിച്ചാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ജനപ്രാതിനിധ്യനിയമം അനുശാസിക്കുന്നു. സമാനമായ ഒരുവകുപ്പും ഭരണഘടനയുടെ 73ാം ഭേദഗതിയിലോ തുടർന്നുണ്ടായ കേരള പഞ്ചായത്തീരാജ് നിയമത്തിലോ മുനിസിപ്പാലിറ്റി നിയമത്തിലോ കണ്ടെത്താൻ കഴിയില്ല. പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ഒരുതരത്തിലും കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലല്ല വിവക്ഷ ചെയ്തിരിക്കുന്നതെന്നർഥം.  രാജ്യത്തിെൻറയോ സംസ്ഥാനങ്ങളുടെയോ പൊതുതാൽപര്യങ്ങളും നയങ്ങളും മാനിഫെസ്റ്റോ ആയി രൂപവത്കൃതമാകുന്നുവെന്നു കരുതപ്പെടുന്ന രാഷ്ട്രീയപാർട്ടികൾ ഗ്രാമങ്ങളുടെ സ്വയം നിർണയാവകാശങ്ങളിൽ ഒരുതരത്തിലും ഇടപെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെങ്കിൽ കക്ഷിരാഷ്ട്രീയത്തെ അകറ്റിനിർത്തിയേ മതിയാവൂ. അതല്ലെങ്കിൽ, വ്യക്തമായ നേതൃതലങ്ങളുള്ള രാഷ്ട്രീയപാർട്ടികൾ ബാഹ്യശക്തിയായി പ്രവർത്തിച്ച് ഗ്രാമസഭകളുടെ നിയന്ത്രണം കൈയിലെടുക്കുകയും അത് അധികാരവികേന്ദ്രീകരണ പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.

കേരളത്തിലെ പഞ്ചായത്തീരാജ് പ്രസ്ഥാനങ്ങളുടെ പ്രവർത്തനം പരിശോധിച്ചാൽതന്നെ ഒരുകാര്യം വ്യക്തമാകും. വർധിച്ചുവരുന്ന രാഷ്ട്രീയ ഇടപെടലുകളിലൂടെയും അതിെൻറ ഭാഗമായുള്ള ഗ്രൂപ് വഴക്കുംകാരണം, പഞ്ചായത്ത് ഭരണംതന്നെ മലീമസമായിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുവരുന്ന വർധിച്ചതോതിലുള്ള ഫണ്ട് ബാഹ്യശക്തികൾക്ക് ഭരണനിയന്ത്രണത്തിനുള്ള താൽപര്യം വർധിപ്പിക്കുന്നു. രാഷ്ട്രീയക്കാരുടെ ആജ്ഞാനുവർത്തികളായി പഞ്ചായത്ത് ഭരണകർത്താക്കൾ മാറുന്നു. ഗ്രാമസഭകൾ നോക്കുകുത്തികളായിത്തീരുന്നു. വികേന്ദ്രീകരണത്തിനുപകരം കേന്ദ്രീകൃതഭരണത്തിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാറുന്നു. ഈ കേന്ദ്രീകരണ പ്രക്രിയക്ക് കൂടുതൽ ഉറപ്പുവരുത്തുവാനായി തദ്ദേശ സ്വയംഭരണ കൂറുമാറ്റനിയമം (1999) സഹായകമായി തീരുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിയമസാധുതയില്ലാതെ കടന്നുവരുന്ന രാഷ്ട്രീയപാർട്ടികൾ കൂറുമാറ്റ നിരോധ നിയമത്തിലൂടെ അവരുടെ പിടിമുറുക്കിയിരിക്കുന്നു. ഭരണഘടനയുടെ 10ാം ഷെഡ്യൂൾ പ്രകാരം പാർലമെൻറിലെയും നിയമസഭകളിലേയും അംഗങ്ങളുടെ കൂറുമാറ്റം നിരോധിച്ചിരിക്കുന്നതും കൂറുമാറിയാൽ അയോഗ്യരാകുന്നതും യുക്തിക്ക് നിരക്കുന്നതാണ്.

കാരണം, പാർലമെൻറിലേക്കും നിയമസഭയിലേക്കും ഒരാൾ രാഷ്ട്രീയപാർട്ടിയുടെ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടാൽ, ആ തെരഞ്ഞെടുപ്പ് ആ രാഷ്ട്രീയപാർട്ടിയുടെ പൊതുപ്രകടനപത്രികക്കും നയപരിപാടികൾക്കുമുള്ള അംഗീകാരമായി കണക്കാക്കപ്പെടേണ്ടതാണ്. സ്ഥാനാർഥിയുടെ വ്യക്തിത്വം കുറച്ചൊക്കെ സ്വാധീനം ചെലുത്തുന്നുണ്ടാവാം. പക്ഷേ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനാർഥിയുടെ വിജയത്തെ കൂടുതലും സ്വാധീനിക്കുന്നത് അദ്ദേഹത്തിെൻറ വ്യക്തിഗതമികവും മറ്റു ഘടകങ്ങളുമാണ്. രാഷ്ട്രീയപാർട്ടികൾ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തുന്നത് അതതു പഞ്ചായത്തുകൾക്കുവേണ്ടി രാഷ്ട്രീയപാർട്ടികൾ രൂപവത്കരിച്ച മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിലല്ല. പാർട്ടികൾ നിർദേശിക്കുന്ന ആൾതന്നെ പഞ്ചായത്തിെൻറ ഭരണത്തലവൻ ആകണമെന്നും പാർട്ടി നിർദേശിക്കാതെ അദ്ദേഹത്തെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ പിന്താങ്ങരുതെന്നും മറ്റുമുള്ള നിബന്ധനകൾ ഗ്രാമസഭകളുടെ സ്വയംനിർണയാവകാശത്തിലുള്ള കടന്നുകയറ്റമാണ്. ഒരു പഞ്ചായത്തിലെ ഭൂരിപക്ഷം ഗ്രാമസഭകളും (വാർഡുകൾ) ഒരു പ്രമേയത്തിലൂടെ തങ്ങളുടെ പ്രതിനിധികൾ (വാർഡ് മെംബർമാർ) ഗ്രാമപഞ്ചായത്തിെൻറ പ്രസിഡൻറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാൽപോലും അവരവരുടെ പാർട്ടികൾ ആ തീരുമാനത്തിനെതിരാണെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല. ഗ്രാമസഭകളുടെ സ്വയംനിർണയാവകാശം പൂർണമായും കൂറുമാറ്റ നിരോധനിയമം ഇല്ലാതാക്കും. അങ്ങനെ കൂറുമാറ്റ നിരോധനിയമം വികേന്ദ്രീകരണപ്രക്രിയയെ തടസ്സപ്പെടുത്തി പാർട്ടിമേലാളന്മാർ അധികാരം കൈയടക്കുന്നതിന് സഹായകമായിമാറുകയാണ്.

തദ്ദേശ സ്വയംഭരണ (കൂറുമാറ്റ നിരോധ) നിയമം അതിെൻറ അന്ത$സത്തയിൽ ജനാധിപത്യവിരുദ്ധമാണ്. കേന്ദ്ര കൂറുമാറ്റനിയമം (10ാം ഷെഡ്യുൾ) പോലും വിഭാവനം ചെയ്യാത്ത വകുപ്പുകളാണ് അതിലുള്ളത്. മുന്നണി സംവിധാനത്തിനുപോലും തദ്ദേശ സ്വയംഭരണ കൂറുമാറ്റനിയമം അംഗീകാരംനൽകുന്നു. ഒരു സ്വതന്ത്രൻ മുന്നണിയുടെയോ പാർട്ടിയുടെയോ പിന്തുണതേടിയിട്ടുണ്ടെങ്കിൽ പാർട്ടി അംഗമായി കണക്കാക്കി വിപ്പിനു വിധേയമാക്കുന്നു. പാർട്ടിക്കൂറ് വ്യക്തമാക്കുന്നതിനായി രജിസ്റ്റർ നിലനിർത്തുന്നു. വകുപ്പുകളെല്ലാംതന്നെ തദ്ദേശഭരണത്തിൽ രാഷ്ട്രീയപാർട്ടികളുടെ നിയന്ത്രണം ഉറപ്പുവരുത്തുന്നു. സൂക്ഷ്മപരിശോധനയിൽ തദ്ദേശ സ്വയംഭരണ (കൂറുമാറ്റ നിരോധ) നിയമം ജനാധിപത്യ വിരുദ്ധവും അധികാരവികേന്ദ്രീകരണത്തിന് തുരങ്കംവെക്കുന്നതും തദ്വാര ഭരണഘടനാ വിരുദ്ധവുമാണ്െ മനസ്സിലാക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.