ബാബരി ധ്വംസനവും വര്‍ഗീയ അജണ്ടയും

ദേശപാരമ്പര്യങ്ങളേയും മതേതര ജനാധിപത്യ മൂല്യങ്ങളെയും വെല്ലുവിളിച്ച് വര്‍ഗീയ ശക്തികള്‍ ബാബരി മസ്ജിദ് തരിപ്പണമാക്കിയതിന്‍െറ 23ാം വാര്‍ഷികത്തിലൂടെ കടന്നുപോകുകയാണ് ഇന്ത്യ. സംവത്സരങ്ങള്‍ പഴക്കമുള്ള ഒരു ദേവാലയത്തിന്‍െറ തകര്‍ച്ചക്കും വര്‍ഗീയലഹളകള്‍ക്കും ഉത്തരവാദികളായവര്‍ ശരിയായവിധം നീതിക്കുമുന്നില്‍ ഹാജരാക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല.
പ്രതികളില്‍ പലരും വ്യക്തിപരമായും രാഷ്ട്രീയതലത്തിലും കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനാണ് രാഷ്ട്രം സാക്ഷിയായത്


ബാബരി മസ്ജിദ് ധ്വംസനസംഭവത്തിന് കാല്‍നൂറ്റാണ്ട് തികയാന്‍ ഇനി രണ്ടുവര്‍ഷം മാത്രമാണ് ബാക്കി. 1992 ഡിസംബര്‍ ആറിന് അരങ്ങേറിയ ആ ദുരന്തം ഇന്ത്യയുടെ മതേതരത്വത്തിനും പ്രഖ്യാതമായ ബഹുസ്വരതക്കും ഏറ്റ കനത്ത പ്രഹരമായിരുന്നു. സംഘപരിവാരശക്തികള്‍ ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയായിരുന്നു പള്ളി തകര്‍ക്കല്‍. അന്ന് അധികാര സിംഹാസനത്തില്‍ വാണിരുന്ന പ്രധാനമന്ത്രി പി.വി. നരസിംഹറാവു വര്‍ഗീയശക്തികള്‍ക്ക് പിന്നാമ്പുറ ഒത്താശകള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന്, മുംബൈ, ഭോപാല്‍, സൂറത്ത് തുടങ്ങിയ വന്‍നഗരങ്ങള്‍ കലാപങ്ങളുടെയും മനുഷ്യക്കുരുതികളുടെയും രംഗഭൂമിയായി. അന്തരീക്ഷം കൂടുതല്‍ വിഷലിപ്തമാക്കപ്പെട്ടു. സാമുദായികമൈത്രി തകര്‍ന്നു.
പരസ്പരവിശ്വാസം നഷ്ടപ്പെട്ട് ജനങ്ങള്‍ അരക്ഷിതരായിമാറി. നിര്‍ഭാഗ്യവശാല്‍ സംവത്സരങ്ങള്‍ പഴക്കമുള്ള ഒരു ദേവാലയത്തിന്‍െറ തകര്‍ച്ചക്കും വര്‍ഗീയലഹളകള്‍ക്കും ഉത്തരവാദികളായവര്‍ ശരിയായവിധം നീതിക്കുമുന്നില്‍ ഹാജരാക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തില്ല. പ്രതികളില്‍ പലരും വ്യക്തിപരമായും രാഷ്ട്രീയതലത്തിലും കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനാണ് രാഷ്ട്രം സാക്ഷിയായത്. പള്ളിതകര്‍ക്കാന്‍ പ്രോത്സാഹനമരുളുന്ന രഥയാത്രകള്‍ നടത്തിയ ബി.ജെ.പി ധ്വംസനാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ പ്രബല കക്ഷിയായി മാറി അധികാരമേറി. ഭാവിയിലും രാജ്യം ഭരിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ തങ്ങള്‍ മാത്രമാണെന്ന ഭാവമാണ് ഇപ്പോള്‍ ഈ പാര്‍ട്ടിയുടേത്.  ആവശ്യത്തിലേറെ സമയം ചെലവിട്ട്-14 വര്‍ഷം-നടത്തിയ അന്വേഷണത്തിലൂടെ ലിബര്‍ഹാന്‍ കമീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട്, വൈകുന്നനീതി നിഷേധിക്കപ്പെടുന്ന നീതിയാണെന്ന ചൊല്ലിന്‍െറകൂടി സാധൂകരണമായി കലാശിച്ചു. ലിബര്‍ഹാന്‍ കുറ്റക്കാരെന്ന് ചൂണ്ടിക്കാട്ടിയ പ്രമുഖരില്‍ ഭൂരിപക്ഷവും ഇപ്പോഴും സജീവ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ വിഹരിക്കുന്നു. കടുത്ത വര്‍ഗീയ ധ്രുവീകരണമായിരുന്നു പള്ളിതകര്‍ക്കപ്പെട്ടതിന്‍െറ സുപ്രധാന പരിണതി. അത് ദേശവ്യാപകമായ വിഭാഗീയതകള്‍ക്ക് വഴിമരുന്നായി. ബാബരി മസ്ജിദ് ധ്വംസനവും രാമക്ഷേത്രനിര്‍മാണ പ്രചാരണവുമായിരുന്നു ജനങ്ങളെ വര്‍ഗീയാടിസ്ഥാനത്തില്‍ ധ്രുവീകരിച്ചുകൊണ്ട് ബി.ജെ.പിയുടെ അധികാരലബ്ധിക്ക് പശ്ചാത്തലമൊരുക്കിയത് എന്നത് അനിഷേധ്യമായ വസ്തുത മാത്രമാണ്.
ബാബരി മസ്ജിദ് നിലകൊണ്ട ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട കോടതിവ്യവഹാരങ്ങള്‍ ഇഴഞ്ഞാണ് നീങ്ങിയത്. ഒടുവില്‍, അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് 2010 സെപ്റ്റംബര്‍ 30ന് പുറത്തുവിട്ട വിധിയും വിവാദമായിരുന്നു. നിര്‍മോഹി അഖാറ സന്യാസി ട്രസ്റ്റ്, രാംലല്ല എന്നീ ഹിന്ദുവിഭാഗങ്ങള്‍ക്കും സുന്നി വഖഫ് ബോര്‍ഡിനും തുല്യമായി വീതംവെക്കാനായിരുന്നു കോടതിവിധി.
വിധിക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയില്‍ തീര്‍പ്പാകാതെ കിടക്കുന്നു. ലഖ്നോ ബെഞ്ചിന്‍െറ വിധിവന്ന ഉടന്‍ പള്ളിക്കുമേലുള്ള അവകാശവാദം മുസ്ലിംകള്‍ ഉപേക്ഷിച്ച് ഭൂരിപക്ഷവികാരം മാനിക്കാന്‍ തയാറാകണമെന്ന ആഹ്വാനവുമായാണ് ആര്‍.എസ്.എസ് അധ്യക്ഷന്‍ ഭാഗവത് രംഗപ്രവേശം ചെയ്തത്. തന്‍െറ ആയുഷ്കാലത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് ഭാഗവതിന്‍െറ പുതിയ പ്രഖ്യാപനം.അധികാരപീഠമേറുന്നതിനുള്ള വാഹനമായി പ്രശ്നത്തെ ദുരുപയോഗപ്പെടുത്തുകയാണ് ആര്‍.എസ്.എസ്. ബിഹാര്‍ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാമക്ഷേത്രവിഷയം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സംഘപരിവാരം. ബീഫ് നിരോധ വിവാദത്തിനുപിറകേ രാമക്ഷേത്ര കാര്‍ഡിറക്കി രാഷ്ട്രീയനേട്ടങ്ങള്‍ കൈവരിക്കാമെന്ന ദുഷ്ടബുദ്ധിയാണ് വര്‍ഗീയശക്തികളുടേത്. അതേസമയം, ഭക്ഷണം, തൊഴില്‍, വിലക്കയറ്റം തുടങ്ങിയ യഥാര്‍ഥ ജനകീയപ്രശ്നങ്ങള്‍ തമസ്കരിക്കപ്പെടാന്‍ ഇത്തരം തന്ത്രങ്ങള്‍വഴി സാധ്യമാകും. വൈകാരിക പ്രശ്നങ്ങളാണ് അധികാരലബ്ധിയുടെ പാത സുഗമമാക്കുകയെന്ന് വര്‍ഗീയശക്തികള്‍ കണക്കുകൂട്ടുന്നു. വൈകാരികവിഷയങ്ങള്‍ക്ക് അഗ്നിപകരുന്ന പ്രചാരണങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ പ്രഭാവം ഉളവാക്കുമെന്ന ധാരണയോടെയാണ് വര്‍ഗീയത അതിന്‍െറ അജണ്ടകള്‍ നിര്‍ണയിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.