സീഡി മാന്‍

കള്ളനും കാവല്‍ക്കാരനും ഒന്നാണെങ്കില്‍ കൊമ്പത്തെ ചക്ക കടയ്ക്കല്‍ എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് അതുപോലെയാണ് കേരളത്തിലെ കാര്യങ്ങള്‍. വെളുക്കുംവരെ കക്കാന്‍ ഇതിനോളം പറ്റിയ ഒരു നാട് ഈ ഭൂമിയിലൊരിടത്തും ഉണ്ടാവില്ല. നാട്ടിലെ രാഷ്ട്രീയക്കാര്‍ പൊതുവെ പാവങ്ങളാണ് എന്നതാണ് പ്രശ്നം. ഒക്കെ വികാര ജീവികളാണ്. വിവേകത്തേക്കാള്‍ കൂടുതല്‍ വികാരമാണ് അവരെ നയിക്കുന്നത്. അതുകൊണ്ടുതന്നെ കള്ളന്മാര്‍ക്ക് പൊതുമുതലിന്‍െറ കാവല്‍ക്കാരെ പറ്റിക്കാന്‍ എളുപ്പമാണ്. ലോലഹൃദയരും ദുര്‍ബലരുമായ രാഷ്ട്രീയ നേതാക്കളെ കീഴ്പ്പെടുത്താനുപയോഗിക്കുന്ന കല ബ്ളാക്മെയ്ലിങ് എന്നാണ് അറിയപ്പെടുന്നത്. ഈ കല അവതരിപ്പിക്കാന്‍ അവശ്യം വേണ്ട പ്രോപര്‍ട്ടി സീഡിയാണ്. വിവരസാങ്കേതികത ഇത്രയും വൈകിവന്നതുകൊണ്ട് ചരിത്രത്തില്‍ എത്രയെത്ര അപരാധികള്‍ രക്ഷപ്പെട്ടു എന്ന് ആലോചിച്ച് നാമെല്ലാം അന്തിച്ചുപോവാറുണ്ടല്ളോ. ഏതായാലും ഇനിയങ്ങനെ ഉണ്ടാവില്ല. ബ്ളാക്മെയ്ലിങ് എന്ന കല കേരളരാഷ്ട്രീയത്തില്‍ ഉഗ്രപ്രഹരശേഷിയുള്ള ആയുധമായി മാറ്റുകയാണ് പ്രസിദ്ധ കലാകാരനായ ബിജു രാധാകൃഷ്ണന്‍. 72 വയസ്സുള്ള മുഖ്യമന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ബിജു രാധാകൃഷ്ണന്‍ ഈ കലാരംഗത്ത് ദേശീയ ബഹുമതി അര്‍ഹിക്കുന്ന കലാകാരനാണ് എന്നതില്‍ ആര്‍ക്കുമില്ല തര്‍ക്കം. പത്താംതീയതി സീഡിയുമായി അദ്ദേഹം വരും എന്ന പ്രതീക്ഷയിലാണ് മാലോകര്‍. വരും വരാതിരിക്കില്ല.
ബിജുവിനെപ്പോലുള്ള ബ്ളാക്മെയ്ലിങ് കലാകാരന്മാരില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന കലാസ്വാദകരും കേരളത്തിലുണ്ടെന്ന് കാലം തെളിയിച്ചു. നാട്ടിലെ രാഷ്ട്രീയക്കാര്‍ വികാരജീവികളാണ് എന്നു പറഞ്ഞല്ളോ. ലോലവികാരങ്ങളെ ഉദ്ദീപിപ്പിക്കുന്ന എന്തു വാര്‍ത്ത കേട്ടാലും ചാടിവീഴുന്ന രാഷ്ട്രീയ വികാരികള്‍ ബിജുവിന്‍െറ ആരോപണങ്ങള്‍ ഏറ്റുപിടിച്ചിരിക്കുകയാണ്. അറുപതോളം കേസുകളിലെ പ്രതിയാണ്. ഭാര്യയെ കൊന്നതിന് ജയില്‍ശിക്ഷ അനുഭവിക്കുന്നയാളാണ്. അയാളുടെ ആരോപണങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങാനാവില്ല എന്നൊന്നും അവര്‍ ചിന്തിക്കുന്നില്ല. ഇത്രയും നാള്‍ മുഖ്യമന്ത്രി രക്ഷിക്കും എന്നു വിചാരിച്ച് മിണ്ടാതിരുന്ന് നിയമസഭാ തെരഞ്ഞെടുപ്പു അടുത്തുവരുമ്പോള്‍ പൊട്ടിക്കുന്ന ബോംബ് നുണബോംബല്ല എന്നുറപ്പാക്കാനുള്ള സാവകാശമെങ്കിലും തേടണമായിരുന്നു. ബിജു രാധാകൃഷ്ണന്‍െറ ആരോപണങ്ങള്‍ ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍പോലും ഒലിച്ചുപോവാതെ പത്രങ്ങളുടെ തിളങ്ങുന്ന ഉപരിതലങ്ങളില്‍ തെളിയുന്നുണ്ടെങ്കില്‍ അതില്‍ നമ്മുടെ രാഷ്ട്രീയവും മാധ്യമധര്‍മവും ചെന്നുപെട്ടിരിക്കുന്ന ദുരന്തത്തിന്‍െറ ആഴമുണ്ട്.
ബിജു രമേശ് ഉയര്‍ത്തിയ കോഴക്കാറ്റിന്‍െറ അലയൊലികള്‍ ഒതുങ്ങിയിട്ടില്ല. ഇക്കിളിപ്പെടുത്തുന്ന മഞ്ഞവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതോടെ രക്ഷപ്പെടുന്നത് കോഴക്കേസും സോളാര്‍ കേസും ഉള്‍പ്പെടെയുള്ള അഴിമതികളില്‍പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. ബിജുവിന്‍െറ ആരോപണം ഫലത്തില്‍ ഗുണംചെയ്യുക യു.ഡി.എഫിനുതന്നെ. ഉണ്ടെന്ന് അവകാശപ്പെട്ട സീഡി കിട്ടാതിരുന്നാലോ കമീഷനു മുന്നില്‍ ഹാജരാക്കാതിരുന്നാലോ സോളാര്‍ കേസില്‍ ആരോപിതരായവര്‍ക്ക് ആശ്വസിക്കാം. ജനസമക്ഷം അവര്‍ ഒന്നുകൂടി മാന്യന്മാരാവുന്നു. സോളാര്‍ കേസിലെ അധികാരദുര്‍വിനിയോഗങ്ങള്‍ മറ(യ്)ക്കപ്പെടുകയും  മറ്റൊരു സദാചാര ധാര്‍മികപ്രശ്നം ഉയര്‍ത്തപ്പെടുകയും ചെയ്യുന്നതുവഴി യഥാര്‍ഥപ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ അകലുന്നു. ശാരീരികബന്ധത്തിന്‍െറ സീഡിയുണ്ടാക്കി ബ്ളാക്മെയില്‍ ചെയ്യുന്നതില്‍ അഭിമാനംകൊള്ളുന്ന ഒരു മൂന്നാംകിട ക്രിമിനലിന്‍െറ ആരോപണങ്ങള്‍ ഏറ്റുപിടിക്കുമ്പോള്‍ പ്രതിപക്ഷം വല്ലാതെ ചെറുതാവുന്നുണ്ട്.
തട്ടിപ്പ് എങ്ങനെ നടത്താം എന്ന് ആലോചിച്ചുനടക്കുന്നവര്‍ക്ക് ശിഷ്യപ്പെടാവുന്ന ആളാണ്. 2003-2005 കാലത്ത് കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്‍െറ കൊല്ലത്തെ ബ്രാഞ്ച് മാനേജറായിരുന്നു. പേരുകേട്ടു തെറ്റിദ്ധരിക്കേണ്ട. ആളു സര്‍ക്കാറുദ്യോഗസ്ഥനൊന്നുമായിരുന്നില്ല. സംഗതി സ്വകാര്യസ്ഥാപനം തന്നെ. അന്നുമുതലേ ചെക്കുകേസുകള്‍ എമ്പാടുമുണ്ടായിരുന്നു. സ്വര്‍ണക്കടകളില്‍നിന്ന് സ്വര്‍ണം വാങ്ങി പകരം ചെക്കു കൊടുക്കും. ബാങ്കില്‍ പണമില്ലാതെ കൊടുത്ത ചെക്കുകള്‍ക്കു പിന്നാലെ കേസുകള്‍ കുന്നുകൂടി. അത് പിന്നീട് വീട് ജപ്തിചെയ്ത് ലേലത്തിനു വെക്കുന്ന ഘട്ടംവരെയത്തെി.  ഹൗസിങ് ഫിനാന്‍സ് സ്ഥാപനത്തിലേക്ക് അസിസ്റ്റന്‍റ് മാനേജര്‍ ട്രെയിനിയായി വന്നു കയറിയതാണ് സരിത നായര്‍.  സരിതയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം വഷളായ കാലം. ഇരുവരും അടുപ്പത്തിലായി. പിന്നീട് 2005ല്‍ ബിജു കവടിയാറില്‍ ഫിനാന്‍ഷ്യല്‍ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥാപിച്ചപ്പോള്‍ അവിടെ മാനേജറായി വളര്‍ന്നു സരിത നായര്‍. ചങ്കരനൊത്ത ചക്കി തന്നെയായിരുന്നു സരിത. സ്ത്രീയെ ഉപയോഗിച്ച് ബിസിനസ് വളര്‍ത്താമെന്ന ബുദ്ധി ബിജുവിന്‍േറതാണ്. തെല്ലുമില്ല ധാര്‍മികതയും സദാചാരവും. സരിതയോടൊത്തു കഴിയാനാണ് ഭാര്യ രശ്മിയെ കൊന്നത്. എന്നിട്ടിപ്പോള്‍ സരിതയുടെ വിഡിയോ ക്ളിപ്പിങ് വെച്ചു വിലപേശുന്നു. അതും തനിക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കാന്‍. പണവും പെണ്ണും അരാജകജീവിതവുമാണ് എന്നും ജീവിതത്തെ മുന്നോട്ടുനയിച്ചത്. ആഡംബരസൗകര്യങ്ങള്‍ എത്തിപ്പിടിക്കാനുള്ള നെട്ടോട്ടത്തില്‍ ചവുട്ടിയരച്ചുകളഞ്ഞത് രശ്മി എന്ന പാവം സ്ത്രീയെ. ഒരു പെണ്ണില്‍ മാത്രം ഒതുങ്ങുന്ന ശീലമില്ല. പ്രണയമോ സ്നേഹമോ മനസ്സിലില്ല.  
2010ല്‍ എ.ഡി.ബി വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് സരിതക്കൊപ്പം അറസ്റ്റു ചെയ്യപ്പെട്ടു. സമാന്തരമായി നടത്തിയ മറ്റൊരു തട്ടിപ്പ് കാറ്റാടിപ്പാടത്തിന്‍െറ പേരില്‍ അങ്ങ് കോയമ്പത്തൂരില്‍ നടക്കുന്നുണ്ടായിരുന്നു. ആറുമാസം ജയിലില്‍. പുറത്തിറങ്ങി 2011ല്‍ ടീം സോളാര്‍ എന്ന തട്ടിപ്പു കമ്പനിക്ക് തുടക്കമിട്ടു. എല്ലാ സംരംഭങ്ങളുടെയും പ്രാരംഭമൂലധനം വായിലെ നാക്കും നുണകളും പെണ്ണുടലിന്‍െറ പ്രലോഭനങ്ങളും മാത്രം. പ്രവര്‍ത്തനമൂലധനം ബ്ളാക്മെയ്ലിങ് തന്നെ.  
സൗരോര്‍ജ ഫാമുകള്‍ നിര്‍മിച്ചുകൊടുക്കാമെന്ന് പറഞ്ഞ് നൂറോളം പേരില്‍നിന്ന് അരലക്ഷം മുതല്‍ അരക്കോടിവരെ കൈപ്പറ്റി. സരിതയുടെ വാക്കിലും നോക്കിലും മയങ്ങിയവര്‍ ഏറെ. കിട്ടുന്ന പണം മുഴുവന്‍ ധൂര്‍ത്തടിച്ചു ചെലവഴിച്ചു. കോടികളുടെ ബിസിനസ് നടത്തുന്നവര്‍ ചമഞ്ഞു. കെട്ടും മട്ടും കാണിച്ച് കൂടുതല്‍ കൂടുതല്‍ ഇരകളെ വീഴ്ത്തി. മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളായ ജിക്കുമോന്‍ ജേക്കബ്, ടെന്നി ജോപ്പന്‍, ഗണ്‍മാന്‍ സലിംരാജ് എന്നിവരുടെ സഹായത്തോടെ ഭരണസിരാകേന്ദ്രങ്ങളില്‍ കയറിയിറങ്ങാനും സ്വാധീനിക്കാനും ഇവര്‍ക്കു സാധിച്ചു. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇത്രയേയുള്ളൂ എന്ന് കാണിച്ചു തന്നതിന് പ്രബുദ്ധകേരളം ബിജു രാധാകൃഷ്ണനോടും സരിതയോടും കടപ്പെട്ടിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.