കൃഷ്ണയ്യര്‍ എന്ന മാര്‍ഗദീപം

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ നമ്മോട് വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. നിയമലോകത്തെ ഭീഷ്മാചാര്യന്‍, മനുഷ്യാവകാശങ്ങളുടെ ശക്തനായ വക്താവ്, ഉജ്ജ്വല വാഗ്മി, സര്‍ഗധനനായ ഗ്രന്ഥകാരന്‍, കഴിവുറ്റ ഭരണകര്‍ത്താവ് എന്നീ നിലകളില്‍ ജ്വലിച്ച ആ വ്യക്തിത്വത്തിന്‍െറ വേര്‍പാട് നികത്താനാകുന്നതല്ല.
നിയമത്തില്‍ അഗാധമായ പാണ്ഡിത്യമുള്ള ഒട്ടേറെ വ്യക്തികള്‍ ഉന്നത നീതിപീഠങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. അവരില്‍ മിക്കവരും നിയമപുസ്തകത്തിന്‍െറ അക്ഷരങ്ങളിലൂന്നിനിന്നുകൊണ്ട് വിധിയെഴുതിയവരാണ്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ കാര്യത്തിലാകട്ടെ, സാങ്കേതികത്വത്തില്‍ തൂങ്ങിനില്‍ക്കാതെ നിയമങ്ങളുടെ ആത്മാവിലേക്കിറങ്ങിച്ചെന്ന് പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും സാമൂഹിക നീതി ഉറപ്പാക്കാനുള്ള അദമ്യമായ വ്യഗ്രതയാണ് അദ്ദേഹത്തിന്‍െറ ഓരോ വിധിയിലും നമുക്ക് തെളിഞ്ഞുകാണാന്‍ കഴിയുന്നത്.
ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ച 1973 മുതല്‍ 1980 വരെയുള്ള ഏഴു വര്‍ഷം സുപ്രീംകോടതിയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ട ഒരു നിശ്ശബ്ദ വിപ്ളവത്തിന്‍െറ കാലഘട്ടമായിരുന്നു. ആ വിപ്ളവത്തിന് തിരികൊളുത്തിയത് വി.ആര്‍. കൃഷ്ണയ്യരാണെങ്കില്‍ ആ വിപ്ളവത്തെ സജീവമായി നിലനിര്‍ത്താന്‍ സഹ ജഡ്ജിമാരായ ജസ്റ്റിസ് ചിന്നപ്പ റെഡ്ഡി, ജസ്റ്റിസ് ഡി.എ. ദേശായി, ജസ്റ്റിസ് പി.എന്‍. ഭഗവതി എന്നീ പ്രശസ്ത ജഡ്ജിമാരും കൂടെ ഉണ്ടായിരുന്നു.
പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും അപ്രാപ്യമായിരുന്നു സുപ്രീംകോടതി. ഒരു കോര്‍ട്ട്ഫീയും ഒടുക്കാതെയും മറ്റു സാങ്കേതിക നടപടികള്‍ കൂടാതെയുമാണ് പൊതുതാല്‍പര്യ ഹരജികള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കും സര്‍ക്കാറേതര സന്നദ്ധസംഘടനകള്‍ക്കും അവകാശമുണ്ടെന്ന് വിധിച്ചുകൊണ്ടും സുപ്രീംകോടതിയുടെ വാതിലുകള്‍ അവര്‍ക്കായി തുറന്നുകൊടുത്തത്. പൊതുതാല്‍പര്യങ്ങള്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശങ്ങളും മാര്‍ഗനിര്‍ദേശകതത്ത്വങ്ങളും സാമൂഹിക നീതിയും ജുഡീഷ്യല്‍ സക്രിയത്വത്തിലൂടെ നടപ്പാക്കാനുള്ള ശക്തമായ ഉപകരണങ്ങളാക്കിമാറ്റി. അന്തസ്സോടും മാന്യതയോടുംകൂടി ജീവിക്കാനുള്ള അവകാശമാണ് ഭരണഘടനയുടെ 21ാം അനുച്ഛേദം വിഭാവനചെയ്യുന്നതെന്ന് വ്യക്തമാക്കപ്പെട്ടു. നീതിനിഷേധിക്കപ്പെട്ടവര്‍ക്കും ചൂഷിതര്‍ക്കും പീഡനമനുഭവിക്കുന്നവര്‍ക്കും വേണ്ടിയുള്ള ശബ്ദം ആ വിധിന്യായങ്ങളില്‍ മുഴങ്ങിക്കേട്ടു.
സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ശേഷം അദ്ദേഹം വിശ്രമിക്കുകയല്ല ചെയ്തത്. പാവപ്പെട്ടവരുടെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറി. അവര്‍ക്കുവേണ്ടി തന്‍െറ ശക്തമായ തൂലിക ചലിപ്പിച്ചു. അനീതിക്കെതിരെ നിരന്തരമായി പോരാടി. നന്മ കാണുന്നിടത്ത് അതിനെ പുകഴ്ത്തുന്നതിനും അദ്ദേഹം പിശുക്ക് കാണിച്ചില്ല. അന്താരാഷ്ട്രതലത്തില്‍തന്നെ സമകാലിക സംഭവങ്ങളെക്കുറിച്ച് നീതിയുടെ ഭാഗത്തുനിന്ന് പ്രതികരിക്കുന്ന ഒരു വിശ്വപൗരനായി അദ്ദേഹം വളര്‍ന്നു. ലോകത്തുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ അദ്ദേഹത്തിന്‍െറ വാക്കുകള്‍ക്കായി കാതോര്‍ത്തു. കക്ഷിഭേദമന്യേ എല്ലാവരും ‘സദ്ഗമയ’യിലേക്ക് അദ്ദേഹത്തിന്‍െറ ഉപദേശങ്ങളും അഭിപ്രായങ്ങളും തേടിപ്പോയി.
മതമൈത്രി വളര്‍ത്താനും മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രൂപംകൊണ്ട എഫ്.ഡി.സി.എക്ക് (ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി) നേതൃത്വം നല്‍കി സംഘര്‍ഷബാധിത മേഖലകളില്‍ പര്യടനം നടത്തിയ കൃഷ്ണയ്യരുടെ സേവനങ്ങള്‍ ചിരസ്മരണീയമാണ്. 1994 മേയില്‍ അദ്ദേഹത്തിന്‍െറ അധ്യക്ഷതയിലായിരുന്നു എഫ്.ഡി.സി.എയുടെ കേരള ചാപ്റ്റര്‍ രൂപംകൊണ്ടത്. മാറാട് കലാപഭൂമിയിലും നാദാപുരം സംഘര്‍ഷമേഖലയിലും എഫ്.ഡി.സി.എ ദൗത്യസംഘത്തെ നയിച്ചുകൊണ്ട് കൃഷ്ണയ്യര്‍ സമാധാനത്തിന്‍െറ സന്ദേശം നല്‍കി. മലങ്കര ക്രൈസ്തവ സഭയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടത്തൊനും എഫ്.ഡി.സി.എ നടത്തിയ ശ്രമങ്ങള്‍ ശ്ളാഘനീയമായിരുന്നു. സോഷ്യലിസത്തിന്‍െറയും മതേതരത്വത്തിന്‍േറയും ശക്തനായ വക്താവായിരുന്ന അദ്ദേഹം മതദര്‍ശനങ്ങളുയര്‍ത്തിപ്പിടിക്കുന്ന സദാചാര ധാര്‍മിക മൂല്യങ്ങളും ആത്മീയമൂല്യങ്ങളും മാനവപുരോഗതിക്ക് അനുപേക്ഷണീയമാണെന്ന് കരുതി. സര്‍വ ധര്‍മങ്ങളെയും സമഭാവനയോടെ കാണുന്ന ഒരു സമീപനമായിരുന്നു അദ്ദേഹത്തിന്‍േറത്. ഒരു ബഹുസ്വര സമൂഹത്തില്‍ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ച് അദ്ദേഹം അതീവ ബോധവാനായിരുന്നു. ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റിയുടെ കേരള ചാപ്റ്ററിന്‍െറ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചതും ഇക്കാരണംകൊണ്ടുതന്നെ.
ഗാന്ധിയന്‍ ദര്‍ശനങ്ങളോട് അദ്ദേഹം ഏറെ ആദരവ് പുലര്‍ത്തിയിരുന്നു. മദ്യവും മയക്കുമരുന്നും രാജ്യത്തെ മുച്ചൂടും നശിപ്പിക്കുന്നുവെന്ന് കണ്ട അദ്ദേഹം സമ്പൂര്‍ണ മദ്യനിരോധം നടപ്പാക്കണമെന്ന് ശക്തിയായി വാദിച്ചു.
അനാരോഗ്യവും വാര്‍ധക്യവും അവസാനനാളുകളില്‍ അദ്ദേഹത്തെ ഏറെ അലട്ടിയിരുന്നുവെങ്കിലും ഒരു യുവാവിന്‍െറ ചുറുചുറുക്കോടെ അവസാന നിമിഷംവരെ അനീതികള്‍ക്കും ജീര്‍ണതകള്‍ക്കുമെതിരെ അദ്ദേഹം നിലകൊണ്ടു. അദ്ദേഹവുമായി വളരെയടുത്ത ബന്ധം സ്ഥാപിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍െറ വിയോഗം എന്നെസംബന്ധിച്ചിടത്തോളം വ്യക്തിപരമായ നഷ്ടംകൂടിയാണ്. അദ്ദേഹത്തിന്‍െറ സ്മരണക്കുമുന്നില്‍ ആദരാഞ്ജലികള്‍.
എഫ്.ഡി.സി.എ കേരള ചാപ്റ്റര്‍ വൈസ് ചെയര്‍മാനാണ് ലേഖകന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.